ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും ബോളിവുഡ് നടി കരീന കപൂർ. ആർക്കൊക്കെയാണോ ഏറ്റവും പ്രിയപ്പെട്ടയാളായത്, അവർക്കു വേണ്ടിയാണ് താൻ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അവർ പറഞ്ഞു. ഈയിടെ പുറത്തിറങ്ങിയ തന്‍റെ 'പ്രഗ്നൻസി ബൈബിൾ എന്ന പുസ്‌തകവും ബോളിവുഡും തന്‍റെ സിനിമാ യാത്രയും സംബന്ധിച്ച് ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ബാൾ റൂമിൽ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
തന്‍റെ ആരാധകരാണ് ആത്മവിശ്വാസത്തിന്‍റെ നിദാനം. എന്നെ സ്നേഹിക്കുന്ന, പ്രോൽസാഹിപ്പിക്കുന്ന ജനങ്ങളെ ഞാനേറെ വിലമതിക്കുന്നുവെന്നും കരീന പറഞ്ഞു. നാൽപത്തി രണ്ടാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കാനായതിൽ അതിയായ ആഹ്ളാദമുണ്ട്.. രണ്ട് ദശകങ്ങളായി ഈ കരിയറിൽ നിലകൊള്ളുന്നു. ആരാധകർ എപ്പോഴും ആവേശം പകരുന്നതാണ്. ഈ പുസ്തകം മാതൃത്വത്തിലേക്കുള്ള തന്‍റെ യാത്ര വിവരിക്കുന്നതാണ്. യഥാർത്ഥ ജീവിതമാണ് ഇതിലൂടെ പറയാൻ ശ്രമിച്ചത്. രണ്ടാം തവണയാണ് താനൊരു കുഞ്ഞിന് ജൻമം നൽകുന്നത്. തന്‍റെ ഏറ്റവും വലിയ അനുഭവമെന്ന നിലയിൽ ആദ്യ ഗർഭകാലം വളരെയേറെ എൻജോയ് ചെയ്തുവെന്ന് കരീന പറഞ്ഞു. ഒട്ടേറെ വിഷയങ്ങൾ ഈ ഗ്രന്ഥം കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും ഇതിൽ കാണാം. തന്നെ സ്വയം സ്നേഹിച്ചു കൊണ്ടാണ് ശരീരഭാരം കുറച്ചതെന്ന് കരീന മോഡറേറ്ററുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തന്‍റെ പ്രായം, ജീവിതഘട്ടം അതൊക്കെ തിരിച്ചറിഞ്ഞു കൊണ്ടാണ് അങ്ങനെ ചെയ്തത്. സിനിമാ മേഖലയിലുള്ളവർ ചെടികളെപ്പോലെയാണ് എന്നാണ് ഞാൻ സങ്കൽപ്പിക്കുന്നത്. ആവശ്യത്തിന് വെള്ളവും വളവും വെളിച്ചവും സ്നേഹ പരിചരണവും നൽകിയാൽ അവ വളരും. അവർ അഭിനേതാക്കളാവട്ടെ, സംവിധായകരാട്ടെ, ആരുമായിക്കൊള്ളട്ടെ -കരീന അഭിപ്രായപ്പെട്ടു.
തന്‍റെ ആത്മവിശ്വാസത്തിൽ സൗന്ദര്യം അനുഭവിക്കാനാകുന്നുവെന്ന്, എന്താണ് സൗന്ദര്യാനുഭവമെന്നതിന് അവർ മറുപടി പറഞ്ഞു. ബാഹ്യമായി നോക്കിയാൽ, ഒരു വസ്ത്രത്തിൽ നിങ്ങൾ അണിഞ്ഞൊരുങ്ങിയാൽ മനോഹരം എന്ന് പറയാം. എന്നാൽ, ആത്മാർത്ഥമായി ലഭിക്കുന്ന സ്നേഹത്തിൽ നിന്നാണ് യഥാർത്ഥ സൗന്ദര്യമുണ്ടാകുന്നത്. അത് തീർത്തും ആത്മ ബന്ധിതവുമാണ് എന്നവർ പറഞ്ഞു. മറ്റുള്ളവരുമായുള്ള ഇടപഴക്കങ്ങളിൽ സൗന്ദര്യത്തെ കണ്ടെത്താനാകും. അത് എത്ര ചെറുതാണെങ്കിലും എന്നും അവർ കൂട്ടിച്ചേർത്തു. കുടുംബത്തെയും ജോലിയെയും എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നുവെന്നതിന്, അത് ഇന്നത്തെ സ്ത്രീകൾക്ക് നന്നായി അറിയാവുന്ന കാര്യമാണെന്ന് കരീന. സ്ത്രീകൾ പൊതുവെ മൾട്ടി ടാസ്കുള്ളവരാണ്. ഒരേ സമയം ഒന്നിലധികം കാരങ്ങൾ നോക്കി നടത്താൻ അവർക്കാകും.. 9 മാസ ഗർഭ കാലത്തിനിടയിലും എൻജോയ് ചെയ്ത് പല കാര്യങ്ങളും ചെയ്യാൻ സാധിച്ചുവെന്നും കരീന പറഞ്ഞു.
താൻ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നു. അതോടൊപ്പം കുടുംബത്തെയും ശ്രദ്ധിക്കുന്നു. കഥാപാത്രത്തിന് മനസും ശരീരവും കൊടുത്ത് അഭിനയിച്ച് അത് വെള്ളിത്തിരയിലെത്തിയാൽ ഫേവറൈറ്റ് എന്നു തോന്നുന്ന പല സിനിമകളുമുണ്ടാകും. ആ കഥാപാത്ര മികവിനോട് വലിയ ഇഷ്ടവുമുണ്ടാകും. ഓംകാര, ജമീലി, കഭീ ഖുശി കഭീ ഗാം എന്നിങ്ങനെ പല സിനിമകളിലെയും സ്വന്തം അഭിനയത്തെ നന്നായി ഇഷ്ടപ്പെടുന്നു.ഇന്ത്യൻ സിനിമ കരുത്തിൽ നിന്നും കൂടുതൽ കരുത്തിലേക്ക് വളരുകയാണ്. ഫിലിംസ്, ട്രാവൽ, ഫുഡ്സ്, ഡാൻസിംഗ് ഇഷ്ടപ്പെടുന്നു. തന്നെക്കാൾ നന്നായി ഭർത്താവ് കുക്കിംഗ് ചെയ്യുന്നു. കോവിഡിന്‍റെ അടച്ചിരിപ്പിന്‍റെ കാലത്ത് കുക്കിംഗിൽ ജനങ്ങൾ പരീക്ഷണങ്ങൾ നടത്തി മുന്നേറി.പലരും നല്ല ഷെഫുമാരായി പേരെടുത്തു. തന്‍റെ ഭർത്താവും നല്ലൊരു ഷെഫാണ്.താന്‍ സിനിമയെ വളരെയേറെ ഹൃദയത്തോട് ചേർത്തിരിക്കുന്നു. സിനിമയുടെ ലെഗസിയുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ അഛനും മുത്തഛനും സിനിമാ മേഖലയ്ക്ക് അതിമഹത്തായ സംഭാവനകൾ അർപ്പിച്ചവരാണ്. അതിൽ ഒരംഗമായി നിലനിൽക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു. നിരവധി തവണ യുഎഇയിൽ വരാൻ കഴിഞ്ഞു. യുഎഇയെ ഏറെ ഇഷ്ടപ്പെടുന്നു. മക്കൾക്കും വളരെ ഇഷ്ടമാണ്. സ്വന്തം വീട്ടിൽ എത്തുന്നത് പോലെയാണ് ദുബായിലേക്കുള്ള യാത്രകൾ.ഗുഡ് ഫീലിന് വേണ്ടിയാണോ, അതല്ലെ പണത്തിന് വേണ്ടിയാണോ അഭിനയിക്കുന്നത് എന്ന ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് രണ്ടിനും വേണ്ടി എന്ന കരീനയുടെ മറുപടി സദസ്സിൽ ചിരി പടർത്തി. അഞ്ചു വാക്കുകളിൽ സ്വയം വിലയിരുത്താമോ എന്ന മറ്റൊരു കുട്ടിയുടെ ചോദ്യത്തിന്, കോൺഫിഡൻറ്, കൂൾ, ഫൺ,ഇൻഡിപെൻഡൻറ്, ലവിംഗ് എന്നവർ പ്രതികരിച്ചു. പ്രൗഢ സദസ്സാണ് പരിപാടിക്ക് സാക്ഷ്യം വഹിച്ചത്.റാനിയ അലി മോഡറേറ്ററായിരുന്നു. പരിപാടിക്ക് ശേഷം ബുക് സൈനിംഗ് സെഷനുമുണ്ടായിരുന്നു.