ഷാർജ പുസ്തകോത്സവം: വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നല്‍കി ബുക്ക് അതോറിറ്റി, ഡി സി ബുക്‌സിന് മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം
43 മത് ഷാർജ പുസ്തകോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ മികവ് പുലർത്തിയവർക്ക് പുരസ്കാരം സമ്മാനിച്ച് ഷാർജ പുസ്തക അതോറിറ്റിയുടെ (എസ്‌ബിഎ) ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ആദരിച്ചു. ഷാർജ വിവർത്തന പുരസ്കാരത്തിന്‍റെ (തുർജുമാന്‍) ഏഴാമത് പതിപ്പും ഷാർജ എക്സ്പോ സെന്‍ററില്‍ നടന്നു. മലയാളത്തിന് അഭിമാനമായി മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്സിന് ലഭിച്ചു.
എമിറേറ്റിന്‍റെ സാംസ്കാരിമൂല്യങ്ങല്‍ ഉയർത്തിപ്പിടിച്ച് ഭാവിതലമുറകളെ പ്രചോദിപ്പിക്കുന്ന സംഭാവനകള്‍ നല്‍കിയവരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബന്ധരാണെന്ന് പുരസ്കാരജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.ഓരോ വിജയവും കൂടുതല്‍ മികച്ച ലക്ഷ്യങ്ങളിലേക്കുളളള ചുവടുവയ്പാണ്, ഓരോ പുരസ്കാരവും കൂടുതൽ നേട്ടങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും അവർ പറഞ്ഞു.
സാഹിത്യം, ചിന്ത, കല, ശാസ്ത്രം, വാസ്തുവിദ്യ എന്നിങ്ങളെ എല്ലാ മേഖലകളിലും, ഭാവി തലമുറയ്ക്കായി അവരുടെ ഉള്‍ക്കാഴ്ചകള്‍ പകർത്തുന്നവരാണ് എഴുത്തുകാരെന്ന് എസ് ഐ ബി എഫ് ജനറല്‍ കോർഡിനേറ്റ കൗല അല്‍ മുജൈനി പറഞ്ഞു.രാജ്യങ്ങള്‍ പുരോഗതിനേടുന്നതിന്‍റെ അടിസ്ഥാന തൂണുകളാണ് പ്രസാധകരും എഴുത്തുകാരും. അവരെ ആദരിക്കുകയാണ് എസ്ഐബിഎഫെന്നും അവർ പറഞ്ഞു.
അന്തർദേശീയ പുരസ്കാരം ഡിസി ബുക്സിന്
ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഡി സി ബുക്സിന് ലഭിച്ചു.ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ നിന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി പുരസ്കാരം സ്വീകരിച്ചു. ആഗോള സാഹിത്യരംഗത്ത് ഡി സി ബുക്സ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. മികച്ച അന്തർദേശിയ പ്രസാധകനുള്ള അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ പ്രസാധകരാണ് ഡി സി ബുക്‌സ്. 2013-ലാണ് ഡി സി ബുക്‌സിന് ആദ്യപുരസ്‌കാരം ലഭിച്ചത്.1974 ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി സി ബുക്സ് എന്ന പേരില്‍ പുസ്തക പ്രസാധനശാല ആരംഭിച്ചത്.
തുർജുമാന്‍ പുരസ്കാരം
തുർജുമാന്‍ പുരസ്കാരത്തിന് ഇബ്ൻ ഹസ്ം അൽ-അൻഡലൂസിയുടെ തുർക്കി വിവർത്തനമായ ദ റിംഗ് ഓഫ് ദ ഡോവ് അർഹമായി. ഡോ. മെഹ്മെത് ഹക്കി സുസിൻ വിവർത്തനം ചെയ്ത് ആൽഫ പബ്ലിഷിങാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുളളത്.
മികച്ച എമിറാത്തി നോവല്‍ അഹദ് അല്‍ ജെറായ്ക്ക് അവാദ് ബിന്‍ ഹസും അല്‍ ദമാക്കിയാണ് നേടിയത്. അക്കാദമിക് പുസ്തക വിഭാഗത്തില്‍ അല്‍ അഗ്നാനി അല്‍ എമിറേറ്റയ മാസാരേറ്റേഹ അല്‍ ഔല വ മസാദേർഹ അല്‍ ഖദീമ എന്ന പുസ്തകത്തിന് അലി അല്‍ അബ്ദാന്‍ അർഹനായി.പ്രാദേശിക പ്രസാധകനുളള പുരസ്കാരം ദാർ അഷ്ജാർ പബ്ലിഷിങ് ആന്‍റ് ഡിസ്ട്രിബ്യൂഷന്‍സിനാണ്.