മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹന്‍

മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹന്‍
Published on

മ‌ഞ്ഞുമല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് മലയാളി യുവാക്കളെ പെറുക്കികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച് വിവാദത്തിലായ എഴുത്തുകാരന്‍ ബി ജയമോഹന്‍ ഷാർജ പുസ്തകോത്സവത്തിലും നിലപാട് ആവർത്തിച്ചു. മലയാളത്തിലെ എഴുത്തുകാരും തമിഴ്നാട്ടിലെ കാടുകളില്‍ മദ്യപിച്ച് ബിയർകുപ്പികള്‍ വലിച്ചെറിയുന്നവരാണ്. വിനോദ സഞ്ചാരത്തിനെത്തി തമിഴ് നാട്ടിലെ കാടുകളിൽ മദ്യക്കുപ്പി വലിച്ചെറിഞ്ഞ് നടത്തുന്ന ആഭാസത്തെ അംഗീകരിക്കാനാവില്ല. 'ആന ഡോക്ടർ' എന്ന നോവലിന്‍റെ കഥാകാരൻ എന്ന നിലയിൽ മദ്യക്കുപ്പികളുടെ ചില്ല് കാലിൽ തറച്ച് പിടയുന്ന ആനകളുടെ വേദന തനിക്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നതെന്നും ജെയമോഹൻ വ്യക്തമാക്കി.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും മദ്യപരെ പ്രകീത്തിക്കുകയും ചെയ്യുന്ന സിനിമകളോട് എന്നും എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു.എഴുത്തുകാരൻ എന്ന നിലയിൽ ഒരംഗീകാരവും ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല, അതുകൊണ്ട് തന്നെ മലയാളികൾ നടത്തുന്ന ആക്ഷേപങ്ങളെ തള്ളിക്കളയുന്നു.

പെറുക്കി' എന്ന വാക്കിന് വ്യവസ്ഥിതിക്ക് പുറത്ത് നിൽക്കുന്നവൻ, നിയമ സംവിധാനത്തിന് വിധേയമാകാതെ പെരുമാറുന്നവൻ എന്ന അർത്ഥമാണ് തമിഴിൽ ഉള്ളത്. മലയാളി വിമർശകർ ഏത് അർത്ഥത്തിലാണ് ഇതിനെ എടുത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യൻ എന്നതൊഴികെ മറ്റെല്ലാ സ്വത്വബോധങ്ങളും ഇന്ന് പ്രബലമാണ്. മലയാളിയെ വിമർശിക്കുന്നുവെന്ന് നിലവിളിക്കുന്നവർ ശരാശരി നിലവാരം പോലും ഇല്ലാത്തവരാണെന്നും ജയമോഹൻ കുറ്റപ്പെടുത്തി.

സിനിമ ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല. തന്‍റെ സുഹൃത്ത് ലോഹിതദാസ് സിനിമയിൽ സജീവമാകണമെന്ന് എപ്പോഴും സ്നേഹപൂർവം ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ ലോഹിതദാസ് പതിനായിരം രൂപ അഡ്വാൻസ് നൽകി. ഇതിന് ശേഷം അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് പറഞ്ഞത് ലോഹിതദാസിന്‍റേത് രാശിയുള്ള കൈകളാണെന്നും 25 വർഷം സിനിമാ രംഗത്ത് സജീവമായി നിൽക്കുമെന്നുമാണ്. ലോഹിതദാസിൽ നിന്ന് ആദ്യ തുക കൈപ്പറ്റിയ ദിലീപ്, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവരുടെ വളർച്ച ചൂണ്ടിക്കാണിച്ചാണ് അസിസ്റ്റന്‍റ് ഇക്കാര്യം പറഞ്ഞത്. എന്നാൽ താൻ ഒരിക്കലും സിനിമയുടെ പുറകെ പോയിട്ടില്ലെന്നും സിനിമ തന്നെ തേടി വരികയായിരുന്നെന്നും ബി ജെയമോഹൻ പറഞ്ഞു. സാനിയോ ഡാൽഫെ മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in