ഓഡിയോ പുസ്തകങ്ങള്‍ക്ക് പ്രിയമേറുന്നോ, വായനോത്സവത്തില്‍ സംവാദം

ഓഡിയോ പുസ്തകങ്ങള്‍ക്ക് പ്രിയമേറുന്നോ, വായനോത്സവത്തില്‍ സംവാദം
Published on

പ്രിന്‍ഡ് ചെയ്ത പുസ്തകങ്ങളെ മാറ്റിനിർത്തി ഓഡിയോ ബുക്കുകള്‍ കൂടുതല്‍ പ്രചാരത്തിലാകുമോ. ഓഡിയോ പുസ്തകങ്ങളുടെ ഗുണവും ദോഷവും ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിലെ സംവാദത്തില്‍ വിദഗ്ധർ വിലയിരുത്തി. ഓഡിയോബുക്കുകൾ യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നുണ്ടോ, ഭാവിയിൽ അവ എങ്ങനെ സ്വാധീനിക്കുമെന്നുളള വിഷയത്തിലാണ് ചർച്ച നടന്നത്.

ലിറ്റററി ഏജന്റും ഓഡിയോബുക്ക്/ഇബുക്ക് സ്ട്രീമിംഗ് സർവീസ് സ്റ്റോറിടെലിന്‍റെ മെന പബ്ലിഷിംഗ് ഹെഡുമായ യാസ്മിന ജ്രൈസതി, ബുക്‌സ് ആൻഡ് ഓഡിയോ ഫ്രാങ്ക്ലിൻ കോവി വൈസ് പ്രസിഡന്‍റ് ആനി ഓസ്വാൾഡ്, ഡബ്ബിംഗ് ആർട്സിറ്റും നടനുമായ അഹമ്മദ് അല്‍ തമീമി തുടങ്ങിയവരാണ് ഓഡീയോ പുസ്തകങ്ങളുടെ ഗുണവും ദോഷവും ചർച്ച ചെയ്തത്.

അറബ് മേഖലയില്‍ ഓഡിയോ പുസ്തകങ്ങള്‍ വലിയ പ്രചാരം നേടിയിട്ടില്ല. എന്നാല്‍ സാധ്യതകള്‍ ഏറെയാണെന്ന് ജ്രൈസതി പറഞ്ഞു. വായനക്കാരനെ എങ്ങനെ സ്വാധീനിക്കുന്നവെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഓഡിയോ പുസ്തകങ്ങളുടെ ജനപ്രീതിയെന്ന് അഹമ്മദ് അല്‍ തമീമി വിലയിരുത്തി. മനുഷ്യരാശിയുടെ തുടക്കം മുതൽ വാക്കാലുള്ള കഥപറച്ചിൽ നിലനിന്നിരുന്നുവെന്നും ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള താരതമ്യേന പുതിയ മാർഗമാണ് വായനയെന്നും ഓസ്വാൾഡ് അഭിപ്രായപ്പെട്ടു.

സജ്ഞയ്, ഡിസി ബുക്സ്
സജ്ഞയ്, ഡിസി ബുക്സ്

വായനോത്സവത്തില്‍ പുസ്തകങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നാണ് പബ്ലിഷേഴ്സും സാക്ഷ്യപ്പെടുത്തുന്നത്. പതിവുപോലെ ഇത്തവണയും കുട്ടികളും രക്ഷിതാക്കളും ധാരാളമായി പുസ്തകങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ടെന്ന് ഡിസി ബുക്സിലെ സജ്ഞയ് പറയുന്നു. സ്കൂള്‍ സമയക്രമത്തിലുണ്ടായ മാറ്റം വായനോത്സവത്തിലെ സന്ദർശന സമയത്തിലും പ്രതിഫലിക്കുന്നുണ്ട്. എങ്കിലും പുസ്തകങ്ങള്‍ തേടിയെത്തുന്നവർ കുറവല്ലെന്നും അദ്ദേഹം പറഞ്ഞു.

പതിവുപോലെ ഇത്തവണയും കുട്ടികള്‍ പുസ്തകങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ടെന്ന് ആല്‍ഫ ബുക്സിലെ സുരേന്ദ്രൻ പറഞ്ഞു. കോമിക് പുസ്തകങ്ങളില്‍ വിംപികിഡാണ് കൂടുതല്‍ വിറ്റുപോകുന്നത്. റോള്ഡ് ദാലും സുധാമൂർത്തിയുമൊക്കെ തന്നെയാണ് ആവശ്യക്കാരുടെ പട്ടികയിൽ ആദ്യ സ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്‍, ആല്‍ഫ ബുക്സ്
സുരേന്ദ്രന്‍, ആല്‍ഫ ബുക്സ്

മെയ് 14 വരെ ഷാർജ എക്സ്പോ സെൻ്ററിൽ മെയ് 14 വരെയാണ് കുട്ടികളുടെ വായനോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.വെള്ളി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ വായനോത്സവം കുട്ടികള്‍ക്ക് വിരുന്നൊരുക്കും. വെളളിയാഴ്ച വൈകീട്ട് നാലുമണിക്കാണ് പ്രവേശനം ആരംഭിക്കുക. 9 മണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in