ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കം. മത്സരം കാണാനെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങളാണ് ദുബായ് പോലീസ് നല്‍കിയിരിക്കുന്നത്. സെല്‍ഫി സ്റ്റിക്ക്, പവർബാങ്ക്,ഗ്ലാസുകള്‍ എന്നിവ അനുവദിക്കില്ലെന്ന് ദുബായ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന്‍റെ ഫോട്ടോയെടുക്കുകയോ വീഡിയോ ചിത്രീകരിക്കുകയോ അരുത്. സ്റ്റേഡിയത്തിലും പരിസരങ്ങളിലും ദുബായ് പോലീസിന്‍റെ കർശന നിരീക്ഷണമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കൊടി, ബാനർ, ലഹരി വസ്തുക്കള്‍, പടക്കം, ലേസറുകള്‍, പുറത്തുനിന്നുളള ഭക്ഷണവും പാനീയവും, ഇ സ്കൂട്ടർ, മൂർച്ചയേറിയ സാധനങ്ങള്‍ എന്നിവയും അനുവദിക്കില്ല. വളർത്തുമൃഗങ്ങളേയും കൊണ്ട് മത്സരം കാണാനെത്തുന്നതും അനുവദനീയമല്ല.
ദുബായിലും ഷാർജയിലുമായാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ആകെയുളള 13 മത്സരങ്ങളില്‍ 10 എണ്ണവും ദുബായിലാണ് നടക്കുന്നത്.മത്സരത്തിന്‍റെ 3 മണിക്കൂർ മുന്‍പ് സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തുറക്കും. ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് പ്രവേശനം നേടാം. നാല് വയസും അതിന് മുകളിലുളളവർക്കും ടിക്കറ്റ് വേണം. കരിഞ്ചന്തയില്‍ കിട്ടുന്ന ടിക്കറ്റുമായി വന്നാല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാകില്ലെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ന് പ്രാദേശിക സമയം ആറ് മണിക്ക് അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം.