കോവിഡിനെതിരെ പോരാടിയത് 450 ദിവസങ്ങള്‍, ആതുര സേവന രംഗത്തേക്ക് തിരിച്ചെത്തി അരുണ്‍ കുമാർ

കോവിഡിനെതിരെ പോരാടിയത് 450 ദിവസങ്ങള്‍, ആതുര സേവന രംഗത്തേക്ക് തിരിച്ചെത്തി അരുണ്‍ കുമാർ
Published on

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അരുണ്‍ കുമാർ നീണ്ട 450 ദിവസത്തെ ചികിത്സയ്ക്കൊടുവില്‍ ജോലിയിലേക്ക് തിരിച്ചെത്തി. അബുദബി എല്‍ എല്‍ എച്ച് ആശുപത്രിയില്‍ തിരികെ ജോലിയില്‍ പ്രവേശിച്ച അരുണ്‍കുമാറിനെ സഹപ്രവർത്തകർ സ്നേഹത്തോടെ സ്വാഗതം ചെയ്തു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവർത്തിച്ച അരുണ്‍കുമാറിന് കോവിഡ് ബാധിക്കുന്നത്. ശ്വാസകോശത്തെ അസുഖം ഗുരുതരമായി ബാധിച്ചു. അതോടൊപ്പം ഹൃദയസ്തംഭനവുമുണ്ടാതോടെ ആറ് മാസത്തോളം അർദ്ധബോധാവസ്ഥയിലായിരുന്നു അരുണ്‍. എന്നാല്‍ അതിജീവനപോരാട്ടത്തില്‍ കോവിഡിനെ തോല്‍പിച്ച് അരുണ്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ബുർജീല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റർ ടെക്നീഷ്യനായിരുന്ന അരുണ്‍ ജനുവരിയോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടത്. എന്നാല്‍ പൂർണ ആരോഗ്യം വീണ്ടെടുക്കാനായി വീണ്ടും 9 മാസം കൂടി വേണ്ടിവന്നു. ജീവിതത്തിലേക്കും ജോലിയിലേക്കും ആരോഗ്യവാനായി അരുണ്‍കുമാർ തിരികെ വന്നതില്‍ സന്തോഷമുണ്ടെന്ന് ബുർജീല്‍ ഹോള്‍ഡിംഗ്സ് സിഇഒ ജോണ്‍സുനില്‍ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈമുതല്‍ ദീർഘനാളത്തെ എക്സ്ട്രാ കോർപോറിയല്‍ മെംബ്രണ്‍ ഓക്സിജനേഷനിലായിരുന്നു അദ്ദേഹം. ഒന്നിലധികം ഹൃദയസ്തംഭനങ്ങളെയും അതിജീവിച്ചു. ജനുവരിയില്‍ ആശുപത്രിവിടുമ്പോള്‍ പെട്ടെന്ന് തിരികെയെത്താമെന്നുളളതായിരുന്നു പ്രതീക്ഷ. എന്നാല്‍ അതിജീവനത്തിന്‍റേത് ദൈർഘ്യമേറിയ പാതയായിരുന്നുവെന്നുളളതാണ് യാഥാർത്ഥ്യം. ആശുപത്രിക്ക് സമീപമുളള ഫ്ളാറ്റിലാണ് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയത്. ആവശ്യമുളളപ്പോഴെല്ലാം വൈദ്യസഹായം ലഭ്യമാക്കി.

ദൈംനദിന പ്രവർത്തനങ്ങളടക്കം ചെയ്യുന്നത് വെല്ലുവിളിയായിരുന്നു. താങ്ങായും തണലായും നിന്നത് ഭാര്യ ജെന്നിയാണ്. ഓക്‌സിജൻ സപ്പോർട്ട് പൂർണമായും ഒഴിവാക്കി സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ, അരുണ്‍ പറയുന്നു.

അബുദബിയിലെ ബുർജീൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് കാർഡിയാക് സർജറി ഡോ. താരിഗ് അലി എൽഹസ്സനാണ് അരുണിന്‍റെ ചികിത്സ നടത്തിയത്.ആശുപത്രി വാസത്തിനിടെ അരുണിന്‍റെ കഴുത്തിൽ ട്രക്കിയോസ്റ്റമി ചെയ്തിരുന്നു.ഇതിന്‍റെ ദ്വാരം അടയാനും സമയമെടുത്തു.

മാനേജ്മെന്‍റില്‍ നിന്നും ലഭിച്ച പിന്തുണയാണ് മുന്നോട്ടുപോകാന്‍ കരുത്തായതെന്ന് അരുണ്‍ പറയുന്നു. സഹപ്രവർത്തകരും കൂടെ നിന്നു. കഴിഞ്ഞ ജനുവരിയിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോള്‍ സഹപ്രവർത്തകർ ആശുപത്രിയിൽ ഒത്തുകൂടിയിരുന്നു. ബുർജീല്‍ ഹോള്‍ഡിംഗ്സ് മാനേജ്മെന്‍റ് 50,00,000 രൂപ പാരിതോഷികം നല‍്കുകകയും ചെയ്തിരുന്നു. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ചുറ്റുമുള്ളവരിൽ നിന്ന് കുടുംബത്തിന് ലഭിച്ച പിന്തുണക്ക് അദ്ദേഹത്തിന്‍റെ ഭാര്യ ജെന്നി നന്ദി പറഞ്ഞു.നഴ്സായ ജെന്നിയും ജോലിയ്ക്ക് ഇടവേള നല്‍കി അരുണിന്‍റെ ചികിത്സയില്‍ പിന്തുണനല്‍കുകയാണ്. മകനായ അർജുനെ കാണുമ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രചോദനമായെന്ന് അരുണ്‍ പറയുന്നു. വെല്ലുവിളികള്‍ അതിജീവിച്ച് ജീവിതത്തിലേക്ക് ചുവടുവച്ച അരുണിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, എല്ലാ ചുമതലകളും മുന്‍പത്തേക്കാള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്ന്.

Related Stories

No stories found.
logo
The Cue
www.thecue.in