കേരളത്തിലെ മഴക്കെടുതി,25 കുടുംബങ്ങള്‍ക്ക് സ്വന്തം സ്ഥലത്ത് വീട് വച്ചുനല്‍കാന്‍ പ്രവാസി വ്യവസായിയുടെ കീഴിലുളള ട്രസ്റ്റ്

കേരളത്തിലെ മഴക്കെടുതി,25 കുടുംബങ്ങള്‍ക്ക് സ്വന്തം സ്ഥലത്ത് വീട് വച്ചുനല്‍കാന്‍ പ്രവാസി വ്യവസായിയുടെ കീഴിലുളള ട്രസ്റ്റ്
Published on

കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന 25 കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സിപി സാലിഹിന്‍റെ ഉടമസ്ഥതയില്‍ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസാഗ്രൂപ്പിന്‍റെ കീഴിലുളള സിപി മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റ്. തൃശൂരില്‍ ഒരേക്കറോളം വരുന്ന സ്വന്തം സ്ഥലത്ത് ഈ കുടുംബങ്ങള്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ വീട് വച്ച് നല്‍കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം കണ്ണൂരിലെ ഉരുൾ പൊട്ടലിൽ മരിച്ച നുമ തസ്ലിനെ കുറിച്ചുളള വാർത്ത ശ്രദ്ധയിൽപെട്ടതാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് സി പി സാലിഹ് വാർത്താകുറിപ്പില്‍ അറിയിച്ചു.

ഷെമി ജൗഹർ,അറഫാത്ത് എം അന്‍സാരി, ഇബ്രാഹിം കുട്ടി,ഫാരിസ് അബൂബക്കർ
ഷെമി ജൗഹർ,അറഫാത്ത് എം അന്‍സാരി, ഇബ്രാഹിം കുട്ടി,ഫാരിസ് അബൂബക്കർ

25 കുടുംബങ്ങള്‍ക്ക് വീട് നല്‍കുകമാത്രമല്ല, പ്രാദേശികമായി പരിശീലിച്ചതും വർഷങ്ങളായി തുടർന്നു വരുന്നതുമായ ജോലി സാധ്യതകൾ ഒരുക്കിക്കൊടുക്കുകയെന്നുളളതു കൂടിയാണ് സിപി ട്രസ്റ്റിന്‍റെ ലക്ഷ്യമെന്നും ആസാ ഗ്രൂപ്പ് പ്രതിനിധികള്‍ വാ‍ർത്താസമ്മേളത്തില്‍ വിശദീകരിച്ചു. സ്ഥലം എംഎല്‍എയുടേയും ജില്ലാ കളക്ടറുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അംഗങ്ങള്‍ അടങ്ങുന്ന സമിതിയായിരിക്കും അർഹതയുളളവരുടെ വിവരങ്ങള്‍ ട്രസ്റ്റിന് സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ രാജനുമായി സിപി സാലിഹ് ആശയവിനിമയം നടത്തിയെന്നും ആസാ ഗ്രൂപ്പ് ജനറല്‍ മാനേജർ ഇബ്രാഹിം കുട്ടി വിശദീകരിച്ചു.

ഈ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങള്‍ നല‍്കും. മുതിർന്ന കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. ഇവരുടെ അഭിരുചിയ്ക്ക് അനുസരിച്ച് ആസാ ഗ്രൂപ്പിന് കീഴില്‍ യുഎഇ ഉള്‍പ്പടെ ജോലി നല്‍കാന്‍ മുന്‍കൈയ്യെടുക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

വീട് വച്ചുനല്‍കുകയെന്നുളളതിലുപരി അവ‍ർക്ക് ദീർഘകാലത്തേക്കുളള സഹായമെന്ന രീതിയിലാണ് ജോലിയും പരിശീലനവും നല‍്കാനുളള തീരുമാനമെടുത്തതെന്ന് ഫാരിസ് അബൂബക്കർ പറഞ്ഞു. നമുക്കുളളതിലൊരു പങ്ക് സമൂഹത്തിന് തിരിച്ച് നല്‍കുകയെന്നുളള ചെയർമാന്‍റെ വീക്ഷണത്തിന് അനുസൃതമായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ അറഫാത്ത് എം അന്‍സാരി പറഞ്ഞു.

സിപി ട്രസ്റ്റ് ഇതിനുമുന്‍പും ജീവകാരുണ്യരംഗത്ത് സജീവ ഇടപെടല്‍ നടത്തിയിരുന്നു. കോവിഡ് മഹാമാരി കാലത്ത് വാക്സിൻ ദൗർലഭ്യത നേരിട്ടിരുന്ന അവസരത്തിൽ കേരളത്തിൽ ഉടനീളം കിടപ്പുരോഗികളും ഭിന്നശേഷിക്കാരും അടക്കം അര ലക്ഷത്തിൽ പരം ആളുകൾക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 12 വർഷമായി സൗജന്യ കുടിവെളള പദ്ധതിയും ട്രസ്റ്റ് നടപ്പിലാക്കുന്നുണ്ട്. കമ്പനി സെക്രട്ടറി ഷെമി ജൗഹറും വാ‍ർത്താസമ്മേളത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in