പ്രാഥമിക ഓഹരി വിൽപന (ഐപിഒ)യിൽ വലിയ കുതിപ്പുമായി യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിംഗ്സ്. ഐപിഒയ്ക്കുള്ള ആകെ ഡിമാൻഡ് 32 ബില്യൺ ദിർഹത്തിലധികമായിരുന്നുവെന്ന് കമ്പനി അറിയിച്ചു. അതായത 29 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷൻ ആണ് ഉണ്ടായത്. . കമ്പനിയുടെ 11 % മൂലധനത്തിന് ആനുപാതികമായി ആകെ നല്‍കുന്ന ഓഹരികൾ 550,729,221 എണ്ണം ആണ്. 2 ദിർഹമായാണ് അന്തിമ ഓഹരി വില നിശ്ചയിച്ചിട്ടുളളത്. പുതിയ ഓഹരികളിലൂടെ കമ്പനിയിലേക്ക് 1.1 ബില്യൺ ദിർഹത്തിന്‍റെ നിക്ഷേപം എത്തും. അന്തിമ ഓഫർ വിലയെ അടിസ്ഥാനമാക്കി, ഒക്ടോബർ പത്തിന് ലിസ്റ്റ് ചെയ്യുമ്പോൾ ബുർജീലിന്‍റെ പ്രതീക്ഷിത വിപണി മൂല്യം 10.4 ബില്യൺ ദിർഹം ആയിരിക്കും. ഇത് പ്രകാരം ആരോഗ്യ സേവന രംഗത്ത് നിന്ന് എഡിഎക്‌സിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയാണ് ബുർജീൽ ഹോൾഡിംഗ്‌സ്.
പുതിയ ഓഹരി ഉടമകളെ ബുർജീൽ ഹോൾഡിങ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 29 മടങ്ങ് ഓവർസബ്സ്‌ക്രൈബ് ചെയ്യപ്പെട്ടതു തന്നെ ബുർജീൽ മുന്നോട്ട് വയ്ക്കുന്ന ആരോഗ്യരംഗ്യത്തെ മൂല്യങ്ങളെയും നിക്ഷേപ രംഗത്തെ വിശ്വാസ്യതയേയും സൂചിപ്പിക്കുന്നു.ലിസ്റ്റ് ചെയ്യുമ്പോൾ എഡിഎക്സിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത്കെയർ കമ്പനികളിലൊന്നായി ബുർജീൽ ഹോൾഡിങ്‌സ് മാറുമെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് പ്രാദേശിക മൂലധന വിപണികളെ കൂടുതൽ വൈവിധ്യവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഹരികൾക്ക് അർഹരായ അപേക്ഷകർക്ക് എട്ടാം തീയതി മുതൽ എസ്എംഎസ് വഴി സ്ഥിരീകരണം ലഭിക്കും. അല്ലാത്തവർക്ക് റീഫണ്ടും അന്നുമുതൽ ലഭിച്ചു തുടങ്ങും. ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ ഡോ. ഷംഷീറിന്‍റെ വിപിഎസ് ഹെൽത്ത്കെയർ ഹോൾഡിംഗ്സ് കമ്പനിക്ക് ബുർജീൽ ഹോൾഡിംഗ്സില്‍ 70% ഓഹരി പങ്കാളിത്തമാണുണ്ടാവുക. ഐപിഒയ്ക്കായുള്ള സമാഹരണത്തിൽ ദുബായ് ഇസ്ലാമിക് ബാങ്ക് ലീഡ് മാനേജറായും ഫസ്റ്റ് അബുദാബി ബാങ്ക് ലീഡ് റിസീവിംഗ് ബാങ്കായും പ്രവർത്തിച്ചു. ഇന്‍റർനാഷണല്‍ സെക്യൂരിറ്റീസാണ് സാമ്പത്തിക ഉപദേഷ്ടാവ്. ബിഎച്ച്എം ക്യാപിറ്റൽ ഫിനാൻഷ്യലാണ് സർവീസസ് ലിസ്റ്റിംഗ് ഉപദേഷ്ടാവ്. ജെപി മോർഗൻ സെക്യൂരിറ്റീസ് മൂലധന വിപണി ഉപദേഷ്ടാവാണ്.