പ്ലാസ്റ്റിക് നിരോധനം, അബുദബിയിലെ ഷോപ്പിംഗ് മാളുകളില്‍ സന്ദർശനം നടത്തി അധികൃതർ

പ്ലാസ്റ്റിക് നിരോധനം, അബുദബിയിലെ ഷോപ്പിംഗ് മാളുകളില്‍ സന്ദർശനം നടത്തി അധികൃതർ
Published on

പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് ഗുണകരമാകുകയെന്നലക്ഷ്യത്തോടെ എമിറേറ്റില്‍ നടപ്പില്‍ വരുത്തിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തെ സ്വാഗതം ചെയ്ത് അബുദബി നിവാസികള്‍. ജൂണ്‍ ഒന്നിന് നിരോധനം പ്രാബല്യത്തിലായതോടെ ബദല്‍ മാർഗങ്ങളുമായാണ് പലരും സാധനങ്ങള്‍ വാങ്ങാനായി എത്തിയത്. സർക്കാർ അധികൃതർ വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ സന്ദർശിച്ച് വിലയിരുത്തല്‍ നടത്തി.

എമിറേറ്റിനെ സംബന്ധിച്ച് ഇതൊരു നിർണായക തീരുമാനമാണ്. ജൂണ്‍ ഒന്ന് ചരിത്രദിവസമായി മാറിയെന്നും അബുദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ ഷെയ്ഖ സാലിം അല്‍ ദാഹിരി പ്രതികരിച്ചു. അബുദബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, സ്പിന്നീസ്, കാഫോർ, തുടങ്ങിയ മാളുകളും അദ്ദേഹം സന്ദർശിച്ചു.

അബുദബി ബിസിനസ് സെന്‍റർ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുനീഫ് അല്‍ മന്‍സൗരി, സാമ്പത്തിക വികസന വിഭാഗം നിരീക്ഷണ പരിശോധന തലവന്‍ അഹമ്മദ് താരിഷ് അല്‍ ഖുബൈസി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

പുനരുപയോഗിക്കാവുന്ന ചണ-പേപ്പർ ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട് ലുലു. സുസ്ഥിര വികസനം മുന്‍നിർത്തി നടപ്പിലാക്കുന്ന സംരംഭത്തെ പിന്തുണയ്ക്കുന്നുവെന്ന് ലുലു സിഇഒ സൈഫി രൂപവാല പറഞ്ഞു. 2050 ഓടെ കാർബണ്‍ ഫുട്പ്രിന്‍റ് പൂജ്യത്തിലേക്കെത്തിക്കുകയെന്നുളള ലക്ഷ്യത്തിന്‍റെ ഭാഗമാകാന്‍ കഴിയുകയെന്നുളളത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ചുളള തീരുമാനത്തിന് എമിറേറ്റിലെ പ്രമുഖ റീടെയ്ലില്‍ വിപണന കേന്ദ്രങ്ങളെല്ലാം നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഇഎഡി ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിക്കുന്നത്.ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകള്‍,പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കത്തി,എന്നിവ ഉള്‍പ്പടെ 16 തരം ഉല്‍പന്നങ്ങള്‍ 2024 ആകുമ്പോഴേക്കും നിരോധിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് നടപടി. ഇതിന്‍റെ ആദ്യഘട്ടമായാണ് പ്ലാസ്റ്റിക് കവറുകള്‍ പൂർണമായും നിരോധിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി ജൂട്ട് ബാഗുകളും ബയോ ഡീഗ്രേഡബിള്‍ ബാഗുകളും ന്യൂസ് പേപ്പർ ബാഗുകളും റീസൈക്ലിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന പേപ്പർ ബാഗുകളും ലഭ്യമാണ്. ഇത് കൂടാതെ പലരും തുണികൊണ്ടുളള ബാഗുകള്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്.രാജ്യത്തുടനീളം പ്ലാസ്റ്റികിന്‍റെ ഉപയോഗം കുറയ്ക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഓരോ എമിറേറ്റിലും നടപടികള്‍ ആരംഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in