നാണയങ്ങള്‍ കൊണ്ടൊരു യുഎഇ 'യൂണിയന്‍'

മുഹമ്മദ് ഇഖ്ബാല്‍ പാടൂരും ഫൈസല്‍ പി കെ കേച്ചേരിയും നാണയങ്ങള്‍ക്കൊണ്ടൊരുക്കിയ 'യൂണിയന്‍' ചിത്രത്തിനരികെ
മുഹമ്മദ് ഇഖ്ബാല്‍ പാടൂരും ഫൈസല്‍ പി കെ കേച്ചേരിയും നാണയങ്ങള്‍ക്കൊണ്ടൊരുക്കിയ 'യൂണിയന്‍' ചിത്രത്തിനരികെ
Published on

രണ്ട് സൗഹൃദങ്ങളുടെ സംഭാഷണങ്ങളിലെവിടെയോ കടന്നുവന്നൊരു ആശയം കാന്‍വാസിലേക്കെത്തിയപ്പോള്‍ പിറന്നത് അപൂർവ്വ ചിത്രങ്ങള്‍. നാണയങ്ങള്‍ കൊണ്ട് യുഎഇയുടെ പ്രതീകമായ യൂണിയന്‍ (ഏഴ് എമിറേറ്റിലെയും ഭരണാധികാരികള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം) ഒരുക്കിയിരിക്കുകയാണ് പ്രവാസികളായ മുഹമ്മദ് ഇഖ്ബാല്‍ പാടൂരും ഫൈസല്‍ പികെ കേച്ചേരിയും. യൂറോ സെന്‍റ്സ് ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിട്ടുളളത്. ഏകദേശം 30 കിലോഗ്രാം നാണയങ്ങളാണ് ചിത്രം പൂർത്തിയാക്കാനായി ഉപയോഗപ്പെടുത്തിയത്.

നാണയ-കറന്‍സി ശേഖരണം ഹോബി മാത്രമല്ല മുഹമ്മദ് ഇഖ്ബാലിന്. ലോകത്തെ വത്തിക്കാന്‍ ഒഴികെയുളള മിക്ക രാജ്യങ്ങളുടെയും നിലവിലെ കറന്‍സി-നാണയങ്ങളും, മുന്‍പ് ഉപയോഗിച്ചിരുന്നവയുമെല്ലാം ഇഖ്ബാലിന്‍റെ വലിയ ശേഖരത്തിലുണ്ട്. ഇത് കൂടാതെ ഇന്ത്യയും യുഎഇയും ഉള്‍പ്പടെയുളള രാജ്യങ്ങള്‍ വിശേഷാവസരങ്ങളില്‍ പുറത്തിറക്കിയ നാണയങ്ങളും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങളും ഇന്ത്യയിലെ ഓട്ടക്കാലണയും പത്ത്-അഞ്ച് പൈസയുമെല്ലാം ശേഖരത്തിലുണ്ട്. ബാല്യകാല സുഹൃത്തും ചിത്രകലാ അധ്യാപകനുമായ ഫൈസലുമായുളള സംഭാഷണത്തിലാണ് ഇത്തരത്തിലൊരാശയം കടന്നുവന്നതെന്ന് ഇരുവരും പറയുന്നു.

നാണയങ്ങള്‍ കൊണ്ടൊരുക്കിയ 'യൂണിയന്‍' ചിത്രം
നാണയങ്ങള്‍ കൊണ്ടൊരുക്കിയ 'യൂണിയന്‍' ചിത്രം

യൂണിയന്‍ മാത്രമല്ല, യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ രണ്ട് ചിത്രങ്ങളും മ്യൂസിയം ഓഫ് ഫ്യൂച്ചറും ഫാല്‍ക്കണ്‍ എംബ്ലവും നാണയങ്ങള്‍ കൊണ്ട് ഒരുക്കിയിട്ടുണ്ട്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രം പണിപ്പുരയിലാണ്. ചിത്രങ്ങള്‍ ഒരുക്കുന്നതിനായി ഏകദേശം 50 കിലോഗ്രാം നാണയങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാണ് ഇവരുടെ കണക്ക്.ഒരു സെന്‍റ്, രണ്ട് സെന്‍റ് , അഞ്ച് സെന്‍റ് നാണയങ്ങളാണ് ഉപയോഗിച്ചിട്ടുളളത്.

കാന്‍വാസില്‍ സ്കെച്ച് പെന്‍സില്‍ ഉപയോഗിച്ച് ആദ്യം വരച്ച ശേഷമാണ് നാണയങ്ങള്‍ ഹോട്ട് ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കുന്നതെന്ന് ചിത്രകാരനായ ഫൈസല്‍ പറയുന്നു. കണ്ണുകളുടെ ഉള്‍പ്പടെ പൂർണതയ്ക്കായി ചെറിയ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. ഷെയ്ഖ് മുഹമ്മദിന്‍റെ ചിത്രം പൂർത്തിയാക്കാന്‍ രണ്ട് മണിക്കൂറെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഒട്ടിക്കുന്നതിന് മുന്‍പ് നാണയങ്ങള്‍ വച്ച് ശരിയാണോയെന്ന് ഫോട്ടോയെടുത്ത് ഉറപ്പിക്കും. ഒരിക്കല്‍ ഒട്ടിച്ചുകഴിഞ്ഞാല്‍ പിന്നീട് ഇളക്കി മാറ്റി ഒട്ടിച്ചാല്‍ പൂർണത നഷ്ടമാകുമെന്നതിലാണ് ശ്രദ്ധാപൂർവ്വം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സാധ്യമാകുമെങ്കില്‍ ചിത്രങ്ങള്‍ യുഎഇയിലെ ഭരണാധികാരികള്‍ക്ക് കൈമാറണമെന്നതാണ് ആഗ്രഹം. യുഎഇയിലെ പ്രധാന ഇടങ്ങളില്‍ ചിത്രം പ്രദർശിപ്പിക്കാന്‍ കഴിഞ്ഞാലും സന്തോഷമെന്നതാണ് സുഹൃത്തുക്കളുടെ പക്ഷം. യുഎഇ ദിർഹം കൊണ്ട് യുഎഇ ഭരണാധികാരികളുടെയും ഒമാന്‍ റിയാലുകൊണ്ട് ഒമാന്‍ ഭരണാധികാരികളുടെയും സൗദി റിയാലുകൊണ്ട് സൗദി ഭരണാധികാരികളുടെയും ചിത്രമൊരുക്കാനാണ് ഇനി പദ്ധതി.അതിനായി അനുമതിയടക്കമുളള കാര്യങ്ങളിലാണ് ഇരുവരുമിപ്പോള്‍.

യുഎഇ എംബ്ലം, മ്യൂസിയം ഓഫ് ഫ്യൂച്ചർ
യുഎഇ എംബ്ലം, മ്യൂസിയം ഓഫ് ഫ്യൂച്ചർ

ഏഴാം ക്ലാസുമുതല്‍ ഒരുമിച്ച് പഠിച്ചതാണ് ഫൈസലും ഇഖ്ബാലും.തൃശൂർ ഫൈന്‍ ആ‍ർട്സ് കോളേജില്‍ നിന്നാണ് ചിത്രകല പഠിച്ചത്.ഫൈസല്‍ 10 വർഷം മുന്‍പ് പ്രവാസിയായെങ്കിലും ഇടക്കാലത്ത് ബംഗലൂരുവില്‍ കുറച്ചുകാലം ചെലവഴിച്ചു. ഇപ്പോള്‍ അജ്മാന്‍ വുഡ്ലം പാർക്കില്‍ അധ്യാപകനാണ്. നാണയശേഖരണമെന്നത് ജീവിതചര്യയുടെ ഭാഗമാണ് ഇഖ്ബാലിന്.ബാല്യകാലത്ത് തുടങ്ങിയ വിനോദം പിന്നീട് തുടർന്നു. വരും തലമുറയ്ക്ക് ചരിത്രം അറിയാനും അടയാളപ്പെടുത്താനുമുളള മുദ്രകളാണ് നാണയങ്ങള്‍. അതിനൊപ്പം ഫൈസലിന്‍റെ വരകൂടി ചേരുമ്പോള്‍ അപൂർവ്വ ചരിത്ര ചിത്രങ്ങളുണ്ടാകുമെന്നുറപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in