ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത്തവണയെത്തിയത് 10,82,000 പേരെന്ന് കണക്കുകള്‍. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേർ ഇന്ത്യാക്കാരാണ്. യുഎഇ, ഇന്ത്യ, സിറിയ, ഇൗജിപ്ത്, ജോർദാൻ എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ രാജ്യങ്ങളുടെ പട്ടിക. നവംബർ ആറിന് ആരംഭിച്ച പുസ്തകോത്സവത്തിന്‍റെ 43 മത് പതിപ്പ് 17 നാണ് അവസാനിച്ചത്.
35 നും 44 വയസിനും ഇടയിലുളളവരാണ് സന്ദർശകരില്‍ അധികവും. 32.18 ശതമാനം പേർ 25 മുതല്‍ 34 വയസുവരെയുളളവർ 31.67 ശതമാനവും, 18 മുതല്‍ 24 വയസുവരെയുളളവർ 13.7 ശതമാനവുമാണ്. പുരുഷന്മാരാകട്ടെ 53.66 ശതമാനവും വനിതകള്‍ 46.36 ശതമാനവുമാണ്.
യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 135,000 വിദ്യാർഥികളും പുസ്തകോത്സവത്തിലെത്തി. ആയിരത്തോളം എഴുത്തുകാർ വായനക്കാർക്ക് അവരുടെ പുസ്തകങ്ങള്‍ ഒപ്പിട്ടുനല്‍കി. പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്ന എന്ന സന്ദേശം നല്‍കിയാണ് ഇത്തവണ പുസ്തകോത്സവം നടന്നത്. ഇന്ത്യയടക്കം 108 രാജ്യങ്ങളിൽ നിന്നുള്ള 2,500 ലേറെ പ്രസാധകർ പുസ്തകോത്സവത്തിന്‍റെ ഭാഗമായി.
എക്സോ സെന്‍ററില്‍ നിന്ന് പുതിയ ഇടം തേടാന്‍ പുസ്തകോത്സവം
ഷാർജ പുസ്തകോത്സവത്തിനായി സ്ഥിരം വേദിയൊരുങ്ങുന്നു. എമിറേറ്റ്സ് റോഡില്‍ ഷാർജ മോസ്കിന് എതിർവശത്തായി പുസ്തകോത്സവം നടത്താന്‍ വേദിയ്ക്കായി സ്ഥലം ഏറ്റെടുക്കാന്‍ ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിർദ്ദേശിച്ചു. ഷാർജ റേഡിയോ ടെലിവിഷന്‍ പരിപാടിയായ ഡയറക്ട് ലൈനിലൂടെയായിരുന്നു സുല്‍ത്താന്‍റെ നിർദ്ദേശം.