കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

 കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി
Published on

കുട്ടികളുടെ വായനോത്സവത്തിന് ഷാർജ എക്സ്പോ സെന്‍ററില്‍ തുടക്കമായി.ഒരിക്കല്‍ ഒരു ഹീറോ എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഷാർജ എക്സ്പോ സെന്‍ററില്‍ മെയ് 12 വരെ നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന്‍റെ 15 മത് പതിപ്പ് നടക്കുന്നത്. വായനോത്സവത്തിന്‍റെ ഭാഗമായുളള ആനിമേഷന്‍ കോണ്‍ഫറന്‍ മെയ് അഞ്ചിന് സമാപിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാ‍ർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർതൃത്തില്‍ അദ്ദേഹത്തിന്‍റെ പത്നിയും ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ചെയർപേഴ്സണുമായ ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെയാണ് ഷാർജ ബുക്ക് അതോറിറ്റി വർഷം തോറും വായനോത്സവം നടത്തുന്നത്.

25 രാജ്യങ്ങളില്‍ നിന്നുളള 265 അതിഥികള്‍ പങ്കെടുക്കുന്ന 1500 ലധികം പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുളളത്. 20 രാജ്യങ്ങളില്‍ നിന്നുളള 186 പ്രസാധകരും വായനോത്സവത്തിന്‍റെ ഭാഗമാകും. പ്രസിദ്ധീകരണ മേഖലയിൽ, പ്രത്യേകിച്ച് ബാലസാഹിത്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച വ്യവസായ പ്രമുഖർക്കൊപ്പമുളള സംവാദ പരിപാടികളുമുണ്ടാകും. വായനാശീലം വളർത്തിയെടുക്കുന്നതിനും പ്രാദേശിക, ആഗോള പുസ്തക വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നതിനുമുള്ള ചർച്ചകളും ഇതോടനുബന്ധമായി നടക്കും.

തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവേശനം. വെളളിയാഴ്ചകളില്‍ വൈകീട്ട് 4 മുതല്‍ രാത്രി 9 മണിവരെയും വാരാന്ത്യത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെയും പ്രവേശനമുണ്ട്. ഷാർജ അനിമേഷന്‍ കോണ്‍ഫറന്‍സ് മെയ് 1 മുതല്‍ 5 വരെയാണ് നടക്കുക. 19 വർക്ക് ഷോപ്പുകളും 28 പാനല്‍ ചർച്ചകളും 5 സംഗീത സദസ്സുകളും ഷാർജ അനിമേഷന്‍ കോണ്‍ഫറന്‍സിലുണ്ടാകും. 11 രാജ്യങ്ങളില്‍ നിന്നുളള 70 പ്രാസംഗികരാണ് കോണ്‍ഫറൻസിലെത്തുക. ദ ലയണ്‍ കിംഗ് 30 ആം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഇതോട് അനുബന്ധിച്ചുളള പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത അനിമേറ്ററും സംവിധായകനുമായ ആന്‍ഡ്രേസ് ദേജയുടെ ഷോർട്ട് ഫിലിം മുഷ്ക കോണ്‍ഫറന്‍സില്‍ പ്രദർശിപ്പിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in