ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ടിന് ആദരമർപ്പിച്ച്കുട്ടികൾക്കായി ജനുവരിയിൽ പ്രഖ്യാപിച്ച അൻപത് ഹൃദയശസ്ത്രക്രിയകളിൽ ആദ്യ പത്തെണ്ണം പൂർത്തിയായി. സംഘർഷമേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അടിയന്തര ജീവരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കൊപ്പം ഈജിപ്റ്റിലെ കുരുന്നുകളും ആദ്യമാസം സങ്കീർണ വൈദ്യസഹായം ലഭിച്ചവരിൽ ഉൾപ്പെടും. കുട്ടികളുടെ തുടർ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകളാണ് ഉദ്യമത്തിന്റെ ഭാഗമായി പൂർത്തിയാക്കിയത്.
ഹൃദയപൂർവം ജീവിതത്തിലേക്ക്
പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഉദ്യമത്തിലൂടെ ഗുരുതര ഹൃദ്രോഗം നേരിടുന്ന ലിബിയയിലെ പതിനൊന്ന് മാസം പ്രായമായ മൊഹേബിന് ജീവിതം തിരിച്ചുപിടിക്കാനുള്ള നിർണ്ണായക വൈദ്യ സഹായമാണ് ലഭ്യമായത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ യൂസഫലിയുടെ മകൾ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവാണ്.
ലിബിയയിലെ സംഘര്ഷങ്ങളും സാമ്പത്തികമായ പിന്നാക്കാവസ്ഥയും കാരണം അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പ്രതിസന്ധിയിലായ കുടുംബത്തിന് ആശ്വാസമായി ശസ്ത്രക്രിയ. രക്തത്തിലെ ഓക്‌സിജൻ അപര്യാപ്തത മൂലം വിവിധ വെല്ലുവിളികൾ നേരിട്ട കുട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിച്ചു. ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായി മോഹേബിന്‍റെ കുടുംബം ലിബിയയിൽ നിന്ന് ടുണീഷ്യയിലേക്ക് യാത്ര ചെയ്‌തെത്തിയാണ് ചികിത്സ പൂർത്തിയാക്കിയത്. ടുണീഷ്യയിലെ ക്ലിനിക് തൗഫിക്കിൽ അതീവ മുൻഗണയോടെ നടത്തിയ ശസ്ത്രക്രിയയിൽ കുട്ടിയുടെ ആരോഗ്യ വെല്ലുവിളികൾ മെഡിക്കൽ സംഘം മറികടന്നു. സാമ്പത്തിക ചിലവ് കണ്ടെത്താനാകാത്തതിനാൽ മാസങ്ങളായി വൈകിയ ശസ്ത്രക്രിയ ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാനായതായി മൊഹേബിന്‍റെ പിതാവും ലിബിയയിലെ ആരോഗ്യ പ്രവർത്തകനുമായ അബ്ദുൽറസാക്ക് പറഞ്ഞു.
ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി
സാമ്പത്തിക വെല്ലുവിളികൾ കാരണം മുടങ്ങിയ കുഞ്ഞിന്‍റെ ഹൃദയ ചികിത്സ ഗോൾഡൻ ഹാർട്ട് ഉദ്യമത്തിലൂടെ പൂർത്തിയാക്കാനായതിന്‍റെ ആശ്വാസത്തിലാണ് ഈജിപ്തിൽ നിന്നുള്ള അഞ്ചുവയസ്സുകാരി മറിയത്തിന്‍റെ മാതാപിതാക്കളായ മാഡ്‌ലിനും മേധത്തും. സാധാരണ ചികിത്സയിലൂടെ പരിഹരിക്കാൻ ആകാത്ത സങ്കീർണ്ണതകൾക്ക് പരിഹാരം ശസ്ത്രക്രിയമാത്രമായിരുന്നു. കയ്റോയിലെ നൈൽ ബദ്രാവി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സാമ്പത്തിക പരാധീനതകൾ കാരണം വൈകിയ ശസ്ത്രക്രിയ കുട്ടിയുടെ ഭാവിക്ക് തന്നെ കരിനിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ ശസ്ത്രക്രിയാനന്തരം കുട്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയാണുണ്ടായത്. മകൾക്ക് ലഭിച്ച പരിചരണത്തിൽ രക്ഷിതാക്കൾ ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിന് നന്ദി പറഞ്ഞു.
ഒരു മാസത്തിനകം ആശ്വാസമായത് 10 കുട്ടികൾക്ക്
ജനുവരി ആദ്യം പ്രഖ്യാപിച്ച ഉദ്യമത്തിലൂടെ ഇതിനകം ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികൾ 10 മാസം മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവരാണ്. ലിബിയയിൽ നിന്നുള്ള ഏലിയാസ്, അൽ തെറിക്കി, ടുണീഷ്യയിൽ നിന്നുള്ള ചബാനി, ഔസ്‌ലാറ്റി, ഈജിപ്തിൽ നിന്നുള്ള കാരസ്, മാർവി, നൂർ, മുഹമ്മദ് എന്നിവർ ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കാനാകുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. ഇന്ത്യടക്കമുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് പദ്ധതിയിലേക്ക് അപേക്ഷിച്ചവരിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നാട്ടിൽ തന്നെ ചികിത്സയൊരുക്കാനാണ് ശ്രമം.