എസ്.എസ്.എല്‍.സി പരീക്ഷയിലെ റെക്കോഡ് വിജയ ശതമാനവും, ഫുള്‍ എപ്ലസുകാരുടെ ആഹ്‌ളാദവുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ പരീക്ഷയില്‍ തോറ്റവര്‍ക്ക് വേണ്ടി വമ്പന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് ഹാമോക്ക് ഹോം സ്റ്റേ ഉടമ സുധി.
തോറ്റവരെ കൊടൈക്കനാലിലേക്ക് സൗജന്യ താമസമൊരുക്കി ക്ഷണിച്ചിരിക്കുകയാണ് സുധീഷ് കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം വന്ന് കൊടൈക്കനാലില്‍ താമസിക്കാനാണ് സുധീഷ് സൗകര്യം ചെയ്തിരിക്കുന്നത്.
''ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ പൊരുതി തോറ്റവര്‍ ആണോ നിങ്ങള്‍?, നിങ്ങളെ സ്നേഹപൂര്‍വ്വം കൊടൈക്കനാലിലേക്ക് ക്ഷണിക്കുന്നു എന്ന സുധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 'തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്' എന്ന തലക്കെട്ടോടെയാണ് സുധീഷ് കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഓഫര്‍ ഈ മാസം അവസാനം വരെ മാത്രമാണെന്നും റിസള്‍ട്ടിന്റെ പ്രൂഫ് കൊണ്ടു വന്നെങ്കില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ എന്നും അറിയിപ്പില്‍ പറയുന്നു.
''ഇപ്രാവശ്യം ഒരുപാട് കുട്ടികള്‍ വിജയിച്ചിരുന്നു. വളരെ കുറച്ച് പേരെ പരാജയപ്പെട്ടുള്ളു.അത്തരമൊരു വിഷമഘട്ടത്തില്‍ 2 ദിവസം കൊടൈക്കനാല്‍ വന്ന്, കുട്ടികള്‍ മാനസികസംഘര്‍ഷമൊക്കെ മറികടക്കട്ടെ എന്ന ഉദ്ദേശത്തിലാണ് അത്തരമൊരു പരസ്യം നല്‍കിയത്.ഇവിടെ വന്നുനിന്ന്, മനസ്സൊക്കെ ഒന്ന് തണുത്ത ശേഷം അവര്‍ പഠിക്കട്ടെ.
പരാജയപ്പെട്ട ഒരുപാട് സുഹൃത്തുക്കളെ കണ്ടുവളര്‍ന്നതുകൊണ്ട്, പരീക്ഷയ്ക്ക് പരാജയപ്പെട്ടവരെ ചേര്‍ത്തുപിടിക്കേണ്ടതുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പരാജയപ്പെട്ടവര്‍ത്തന്നെ പിന്നീട് പഠിച്ച് നല്ല നിലയിലെത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ, നമുക്ക് സാധിക്കുന്ന രീതിയില്‍ ആത്മവിശ്വാസം നല്‍കുക എന്നതാണ് ലക്ഷ്യം.
പരസ്യം കണ്ടശേഷം ഒരുപാട് മാതാപിതാക്കളും കുട്ടികളും വിളിക്കുന്നുണ്ട്. ആശംസകള്‍ അറിയിക്കാന്‍ വിളിക്കുന്നവരും, സന്തോഷം പങ്കുവയ്ക്കാന്‍ വിളിക്കുന്നവരും ഒട്ടേറെയാണ്.തന്റെ ഉദ്ദേശം നല്ല രീതിയില്‍ ഏറ്റെടുക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്,'' സുധീഷ് ദ ക്യുവിനോട് പറഞ്ഞു
പതിനഞ്ച് വര്‍ഷമായി കൊടൈക്കനാലിലാണ് സുധീഷ് താമസിക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയാണ് സുധി. ഇന്ന് കുട്ടികള്‍ വലിയ സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നതെന്നും പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കുക എന്നത് കുടുംബത്തിന്റെ അഭിമാന പ്രശ്‌നമായാണ് പലരും കാണുന്നതെന്നും സുധീഷ് പറഞ്ഞു.
അതുകൊണ്ടാണ് ആ സമ്മര്‍ദ്ദത്തില്‍ നിന്ന് കുറച്ച് മാറി നില്‍ക്കുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും സുധീഷ് പറയുന്നു.