'വി മിസ് യൂ ടീച്ചര്‍', കെ.കെ.ശൈലജയുടെ ഫേസ്ബുക്ക് പേജില്‍ സത്യപ്രതിജ്ഞ ലൈവില്‍ വൈകാരിക പ്രതികരണങ്ങള്‍

'വി മിസ് യൂ ടീച്ചര്‍', കെ.കെ.ശൈലജയുടെ ഫേസ്ബുക്ക് പേജില്‍ സത്യപ്രതിജ്ഞ ലൈവില്‍
വൈകാരിക പ്രതികരണങ്ങള്‍
Published on

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ലൈവ് സ്ട്രീമിംഗ് പങ്കുവച്ച മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജില്‍ വൈകാരിക പ്രതികരണങ്ങള്‍. ആരോഗ്യവകുപ്പില്‍ അഞ്ച് വര്‍ഷം നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി പറയുന്നത്, ടീച്ചറെ മിസ് ചെയ്യുമെന്നും അറിയിച്ചാണ് കമന്റുകള്‍. പേജില്‍ തുടര്‍ന്നും സജീവമായി ഉണ്ടാകണമെന്നും അപ്‌ഡേറ്റുകള്‍ തുടരണമെന്നുമാണ് ഒരു കമന്റ്.

ADMIN

ആരോഗ്യമന്ത്രിയായി പുതുതായി ചുമതലയേല്‍ക്കുന്ന വീണ ജോര്‍ജ്ജിന് പിന്തുണയും മാര്‍ഗനിര്‍ദേശവും ഉണ്ടാകണമെന്നും ലൈവ് സ്ട്രീമിംഗില്‍ മൃദുല്‍ മനോഹര്‍ എന്നൊരാള്‍ കുറിക്കുന്നു.

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിന്നുള്ള ലൈവ് സ്ട്രീമിംഗ് ഷെയര്‍ ചെയ്ത കെ.കെ ശൈലജയുടെ ഒഫീഷ്യല്‍ പേജിലെ അഞ്ഞൂറിലേറെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും നന്ദി അറിയിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതുമാണ്.

ADMIN

പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തം വളരെ മികച്ചതും ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ നടപ്പിലാക്കുകയും മന്ത്രി സ്ഥാനം മാറി കൊടുക്കുകയും പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുകയും ചെയ്ത ഷൈലജ ടീച്ചര്‍ക്ക് , ലാല്‍സലാം എന്നാണ് ഒരു കമന്റ്. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ സ്റ്റേഡിയത്തില്‍ കെ.കെ ശൈലജ എത്തിയിരുന്നു. ടീച്ചറിന്റെ അഭാവം ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാലും നിയമസഭയില്‍ ജ്വലിച്ചു നനില്‍ക്കണം. ലാല്‍ സലാം സഖാവെ എന്നാണ് ഒരു കമന്റ്. ലാല്‍ സലാം എന്ന അഭിവാദ്യവാചകവുമായി നിരവധി കമന്റുകളുണ്ട്.

മന്ത്രിമാരായി പൂര്‍ണമായും പുതുനിര വേണമെന്ന പാര്‍ട്ടി തീരുമാനത്തിന് പിന്നിലാണ് രാജ്യാന്തര ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയെ മാറ്റുന്നത്. ഒരാള്‍ക്ക് മാത്രം പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനമെന്നാണ് പിണറായി വിജയന്‍ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ശൈലജ ടീച്ചര്‍ മന്ത്രിസഭയിലുണ്ടാകില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ വലിയ തോതില്‍ പ്രതിഷേധവും കാമ്പയിനും നടന്നിരുന്നു. നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് കെ.കെ ശൈലജ ഇത്തവണ മട്ടന്നൂരില്‍ നിന്ന് നിയമസഭയിലെത്തിയത്.

ADMIN

പിണറായി വിജയന്റെ പ്രതികരണം

പാര്‍ട്ടി തീരുമാനം പുതിയ ആളുകള്‍ വരുക എന്നതായിരുന്നു. നേരത്തെ പ്രവര്‍ത്തിച്ചവര്‍ അവരവരുടെ രംഗത്ത് മികവ് കാണിച്ചവരാണ്. ആ മികവ് കാണിച്ചവരില്‍ പ്രത്യേക ഇളവ് വേണ്ടെന്ന പൊതുതീരുമാനമാണ് ഞങ്ങള്‍ സ്വീകിരിച്ചത്. പാര്‍ട്ടി തീരുമാനം ഇളവ് വേണ്ടെന്നാണ്. ഇളവ് നല്‍കിയാല്‍ എല്ലാവര്‍ക്കുംം കൊടുക്കേണ്ടിവരും. ഇളവിന് പലരും അര്‍ഹരാണ്. മികച്ച പ്രവര്‍ത്തനം നടത്തിയ ഒരുപാട് പേരുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മികച്ച പലരെയുമാണ് ഒഴിവാക്കിയത്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക. അതിന് സിപിഐഎം കഴിയും. അതാണ് സ്വീകരിച്ച് നിലപാട്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ മികവോടെ തന്നെ നടക്കും. എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ല. സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെ എല്ലാം മാനിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അവരെല്ലാം ഭാഗമായിരുന്നു. അഭിപ്രായം പറഞ്ഞവരുടെ ഉദേശശുദ്ധിയെയും മാനിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in