ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലെ വ്ലോഗര്‍മാരായ എബിനും ലിബിനും പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ കലക്ട്രേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരെ പരാതി. ഓള്‍ട്ടറേഷന്‍ വരുത്തി വലിയ രീതിയില്‍ രൂപവ്യത്യാസം വരുത്തിയ ഇവരുടെ വാന്‍ കഴിഞ്ഞ ദിവസം ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനും ഇ ബുള്‍ ജെറ്റ് ടീമിനോട് ആവശ്യപ്പെട്ടിരുന്നു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കൊപ്പം യൂട്യൂബ് ചാനലിലെ ഇവരുടെ ആരാധകരും ആര്‍ടിഒ ഓഫീസിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഉദ്യോഗസ്ഥരും വ്ലോഗര്‍മാരും തമ്മിലുള്ള വാഗ്വാദമുണ്ടായി. പിന്നീടാണ് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യാനില്ലെന്നും ഇ ബുള്‍ ജെറ്റ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇ ബുള്‍ ജെറ്റ്
ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ എബിനും ലിബിനും ശ്രദ്ധ നേടുന്നത്. വാന്‍ ലൈഫ് വീഡിയോ സീരീസാണ് ഇവരുടെ വീഡിയോയുടെ ആകര്‍ഷം. രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ വാനില്‍ താമസിച്ച് യാത്ര ചെയ്താണ് വീഡിയോ തയ്യാറാക്കുന്നത്.
വീടിന്റെ ആധാരം പണയം വച്ചാണ് ഇ ബുള്‍ ജെറ്റ് എന്ന പേരില്‍ വാനില്‍ രാജ്യം ചുറ്റാനിറങ്ങിയതെന്ന് ഇവര്‍ മുമ്പ് പറഞ്ഞിരുന്നു. മലയാളികള്‍ക്കിടയില്‍ വാന്‍ ലൈഫ് ട്രെന്‍ഡിംഗ് ആക്കിയതും ഇ ബുള്‍ ജെറ്റാണ്. യൂട്യൂബ് വരുമാനത്തിലൂടെ ഇ ബുള്‍ ജെറ്റ് അടുത്തിടെ കാരവന് സ്വന്തമാക്കിയിരുന്നു. കൊവിഡ് കാലത്ത് നോര്‍ത്ത് ഈസ്റ്റില്‍ ഉള്‍പ്പെടെ ഇവര്‍ യാത്ര നടത്തിയിരുന്നു.
ഇ ബുള്‍ ജെറ്റ് ലിബിനും എബിനും പറയുന്നു
ഓഗസ്റ്റ് എട്ടിന് ആര്‍ടിഒ ഓഫീസര്‍മാര്‍ വീട്ടിലെത്തി കാരവന് കസ്റ്റഡിയിലെടുത്തതായി ലിബിനും എബിനും പറഞ്ഞിരുന്നു. വണ്ടിയുടെ പെര്‍മിറ്റ് തീരാന്‍ ഒന്നരമാസം ബാക്കി നില്‍ക്കെയാണ് നെപ്പോളിയന് എന്ന കാരവന് ആര്‍ടിഒ പിടിച്ചെടുത്തതെന്ന് ലിബിന്. വണ്ടിയുടെ ടാക്സ് അടച്ചതില്‍ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാടി ആര്‍ടിഒ വീണ്ടും കാരവന് കസ്റ്റഡിയില്‍ എടുത്തെന്നും ഇ ബുള്‍ ജെറ്റ്.
ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളോളം എടുക്കും പക്ഷേ ആ സ്വപ്നം ഇല്ലാതാക്കാൻ ഒരു സ്റ്റേ യോ ഒരു പരാതിയോ മതി എന്ന് ഞങ്ങൾക്ക് മനസ്സിലായി മടുത്തു ഇനി ഈ നാട്ടിൽ ഇല്ല E BULL JET എല്ലാം നിർത്തുന്നു Napoleon കയ്യിൽ നിന്ന് പോയപ്പോൾ എന്തോ ഒരു വിഷമം ഇത്രയും നാൾ പിടിച്ച വളയം കയ്യിൽ നിന്ന് പോയപ്പോൾ ഉള്ള വിഷമം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇത്രയും നാൾ ഞാൻ എൻറെ നാടിനു വേണ്ടി സംസാരിച്ചു എല്ലാം നേരിട്ട് അനുഭവിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ ദുഃഖം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത രീതിയിലായി ജീവിതം ഒന്നേയുള്ളൂ അതും കുറച്ചു നിമിഷങ്ങൾ മാത്രം ഒരു പുതിയ യാത്രാ രീതി തുടങ്ങി വിജയിപ്പിച്ചു ഇനി അത് അവസാനിപ്പിച്ചതായി എല്ലാരോടും അറിയിക്കുന്നു ഇനി ഞങ്ങൾ ഉണ്ടാകുന്നതല്ല E BULL JET ഉണ്ടാകുന്നതല്ല