കേരളത്തിന് പുറത്തുള്ള സിനിമാ നിരീക്ഷകർ വിശ്വസിച്ചു പോരുന്നത് പോലെ അല്ല കാര്യങ്ങൾ

All We Imagine as Light
All We Imagine as Light
Published on

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയ പായൽ കപാഡിയയുടെ “ആൾ വി ഇമാജിൻ ആസ് ലൈറ്റ് “ എന്ന ചിത്രത്തിന് മലയാളവുമായി ഏറെ ബന്ധമുണ്ട് . അതിലെ നാല് പ്രധാന കഥാപാത്രങ്ങൾ മലയാളികൾ ആണ് . സിനിമയിൽ ഭൂരിഭാഗവും സംസാര ഭാഷ മലയാളം ആണ് . അതുകൊണ്ടു തന്നെ ആവാം നിർമാതാക്കൾ സിനിമയുടെ റിലീസിനായി ആദ്യം തിരഞ്ഞെടുത്തത് കേരളം ആണ് .

ഓസ്കാറിനുള്ള ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കു ഇന്ത്യയുടെ എൻട്രി ആയി പരിഗണിക്കുന്നതിന് മത്സരിക്കണം എങ്കിൽ ആ വർഷം സെപ്തംബർ 30 നു മുൻപായി തിയറ്ററിൽ ഏഴു ദിവസം സിനിമ റിലീസ് ചെയ്തിരിക്കണം എന്ന ഒരു നിബന്ധന ഉണ്ട് . എങ്കിൽ മാത്രമേ ഇന്ത്യൻ എൻട്രി ആയി പരിഗണിക്കാനുള്ള സിനിമകളുടെ മത്സരത്തിലേക്ക് സിനിമയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ . ഈ ഒരു നിബന്ധന പാലിക്കുവാൻ വേണ്ടിയാണ് സിനിമ ആദ്യം കേരളത്തിൽ റിലീസ് ചെയ്തത് എന്ന് മനസ്സിലാക്കാം . കേരളത്തിൽ ഈ ചിത്രം റിലീസ് ചെയ്യുമ്പോൾ മലയാളി പ്രേക്ഷകരുടെയും സിനിമാ എഴുത്തുകാരുടെയും ഒക്കെ പ്രതികരണം എങ്ങനെ ആവും എന്നതാണ് ഞാൻ നോക്കികണ്ടത് . ആൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമ കേരളത്തിൽ ഒരേ ഒരു തിയറ്ററിൽ മാത്രമാണ് റിലീസ് ചെയ്തത് . എറണാകുളത്തു ഷേണായീസ് തിയറ്ററിൽ . കേരളത്തിൽ ഒരു തിയറ്ററിൽ മാത്രമേ റിലീസ് ചെയ്തുള്ളൂ എങ്കിലും അത് കൊച്ചി ആയതു കൊണ്ട് തിയറ്ററിൽ നല്ല പ്രതികരണം ലഭിക്കും എന്നാണല്ലോ പൊതുവെ കരുതുക . മാത്രവുമല്ല ലോക ചലച്ചിത്ര മേളയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണത്തിൽ പ്രധാന പുരസ്കാരങ്ങളിൽ ഒന്ന് നേടിയ, മലയാള ഭാഷ കൂടുതലായുള്ള , മലയാളത്തിൽ നിന്നും നാല് അഭിനേതാക്കൾ ഉള്ള സിനിമ ആദ്യമായി തിയറ്ററിൽ എത്തുമ്പോൾ ഒരു തിയറ്ററിൽ മാത്രമേ ഉള്ളൂ എങ്കിലും അത് കാണാനുള്ള മലയാളി പ്രേക്ഷകരുടെ താല്പര്യം എങ്ങനെ ആവും എന്നത് നോക്കി കാണുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിൻറെ കേരളത്തിലെ തിയറ്ററിലെ പ്രതികരണം എങ്ങനെ എന്നത് പൊതുവായി ഒന്ന് നിരീക്ഷിച്ചു .

ആദ്യ ദിനം നാലോ അഞ്ചോ പ്രദർശനങ്ങൾ ഷെഡ്യൂൾ ചെയ്ത സിനിമ തുടർന്നുള്ള ദിവസങ്ങളിൽ രണ്ടു പ്രദർശനങ്ങൾ വീതം ആണ് ഷെഡ്യൂൾ ചെയ്തു കണ്ടത് . റിസർവേഷൻ നോക്കുമ്പോൾ എല്ലാ ഷോകളിലും നാമമാത്രമായ സീറ്റുകൾ മാത്രമാണ് റിസർവ് ചെയ്തതായി കണ്ടത് . ചുരുക്കത്തിൽ തിയറ്ററിൽ തീരെ കാണികൾ ഇല്ലാതെ ആണ് സിനിമ പ്രദർശിപ്പിക്കപ്പെട്ടത് . എറണാകുളം പോലെ ഒരു സ്ഥലത്തു ഒരു തിയറ്ററിൽ മാത്രം ആണെങ്കിലും ഏറെ ലോക ശ്രദ്ധ ആകർഷിച്ച ഒരു സിനിമ കാണാൻ ആളുകൾ എത്തിയില്ല എന്നത് മലയാളിയുടെ സിനിമാ കാഴ്ചയുടെ സങ്കല്പവുമായി ചേർത്തു വെച്ച് വായിച്ചാൽ ഒരു അത്ഭുതം ആയി തോന്നേണ്ടതില്ല . ഒരുപക്ഷെ കേരളത്തിൽ ഇത്തരത്തിൽ ആർട്ടിസ്റ്റിക് ആയ സിനിമകൾക്ക് ഒക്കെ വലിയ സാധ്യത ആണ് അത്തരം സിനിമകൾക്ക് വൻ സ്വീകാര്യത ആണ് കേരളത്തിൽ ലഭിക്കുന്നത് എന്നൊക്കെ ഉള്ള മിഥ്യാ ധാരണ വെച്ച് പുലർത്തുന്ന അന്യ സംസ്ഥാനത്തുള്ള സിനിമാ ക്രിട്ടിക്കുകൾക്കും പ്രേക്ഷകർക്കും ഇത് അത്ഭുതം ആയി തോന്നാം . പക്ഷെ കേരളത്തിലെ സിനിമാ കാഴ്ചയുടെ രീതി അറിയുന്ന ആർക്കും ഇതൊരു അത്ഭുതം ആയി തോന്നില്ല . മുഖ്യ ധാരാ സിനിമകൾക്കും അല്പം മാറിയ രീതിയിലുള്ള പുതു മുഖ്യ ധാര സിനിമകൾക്കും എന്റർടൈൻമെന്റ് എന്ന ഒരേ ഒരു അടിസ്ഥാനത്തിൽ മാത്രം സിനിമാ തിയറ്ററുകളിൽ ആളെത്തുന്ന ഒരു നാടാണ് കേരളം . ഏതെങ്കിലും ഒരു സിനിമയ്ക്ക് അവാർഡ് ലഭിച്ചാൽ അല്ലെങ്കിൽ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചാൽ മലയാളിയുടെ അപ്രോച്ച് മാറും . ആ സിനിമയുടെ നേട്ടത്തെ വാനോളം പുകഴ്ത്തും . പക്ഷെ ആ ചിത്രം തിയറ്ററിൽ വന്നാൽ ഇതേ മലയാളി പ്രേക്ഷകർ പറയുന്ന ഒരു സ്ഥിരം വാചകം ഉണ്ട് . അയ്യോ ഇത് അവാർഡ് പടമല്ലേ , ഇത് നമുക്ക് പറ്റിയതല്ല . അവർ ആ സിനിമ കാണിക്കുന്ന തിയറ്ററിൽ നിന്നും ഒഴിഞ്ഞു മാറി എന്റർടൈൻമെന്റ് മാത്രം ഉള്ള മറ്റു സിനിമകൾ കാണാൻ കയറും . ഇത് വർഷങ്ങളായി മലയാളി തുടർന്ന് വരുന്ന ഒരു ശീലം ആണ് . അതുകൊണ്ടുതന്നെയാണ് മലയാളത്തിൽ നിന്നും അന്താരാഷ്‌ട്ര മേളകളിൽ ശ്രദ്ധേയമാകുന്നു സിനിമകൾക്കും , അവാർഡുകൾ ലഭിക്കുന്ന സിനിമകൾക്കും കേരളത്തിൽ റിലീസ് ചെയ്യാൻ തിയറ്ററുകൾ പോലും ലഭിക്കാത്ത സാഹചര്യം ഉള്ളത് . കഴിഞ്ഞ ഒട്ടേറെ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാകും . ദേശീയ പുരസ്കാരം ലഭിച്ച സിനിമകൾ , അന്താരാഷ്‌ട്ര മേളകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ തുടങ്ങി മലയാളത്തിന്റെ അന്തസ്സ് രാജ്യത്തിനകത്തും പുറത്തും ഉയർത്തിയ എത്രയോ സിനിമകൾ ആണ് കേരളത്തിൽ റിലീസ് ചെയ്യാൻ തിയറ്റർ കിട്ടാതെ പോയിട്ടുള്ളത് . അല്ലെങ്കിൽ ചുരുക്കം തിയറ്ററുകളിൽ റിലീസ് ചെയ്തിട്ട് പോലും പ്രേക്ഷകർ എത്താതിരുന്നത് . ലിസ്റ്റ് എടുത്താൽ അത് വളരെ നീണ്ടതാകും .

അതുകൊണ്ടു കേരളത്തിന് പുറത്തുള്ള സിനിമാ നിരീക്ഷകർ വിശ്വസിച്ചു പോരുന്നത് പോലെ അല്ല കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നത് . സിനിമ ആർട്ട് എന്ന രീതിയിൽ കേരളത്തിൽ ആളുകളും മാധ്യമങ്ങളും ബുദ്ധിജീവികളും നിരൂപകരും ഒക്കെ പാടി പുകഴ്ത്തും എങ്കിലും തിയറ്ററിൽ എത്തിയാൽ ഈ കൂട്ടരൊന്നും തന്നെ ആ പരിസരത്തു കൂടി പോലും പോകില്ല . മാത്രവുമല്ല "അയ്യോ ആർട്ട് സിനിമ" എന്ന അവജ്ഞ കൂടി ലഭിക്കും . എന്റർടൈൻമെന്റ് എന്നതിനപ്പുറത്തേക്കു മലയാള സിനിമയ്ക്ക് തിയറ്ററിലും, മലയാള സിനിമാ പ്രേക്ഷകരിലും വലിയ ഇടമില്ല എന്ന കാഴ്ചാ സംസ്കാരം ആണ് നമുക്കുള്ളത് . അത് മറച്ചു വെച്ചിട്ടു ഒരു കാര്യവും ഇല്ല . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ആൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയുടെ കേരളത്തിലെ ഒരേ ഒരു തിയറ്ററിലെ പ്രദർശനത്തിന് ലഭിക്കുന്ന പ്രതികരണം .

Related Stories

No stories found.
logo
The Cue
www.thecue.in