ആമിനത്താത്ത പാടിയ ട്രംപ് ട്രോളിന് പിന്നില്‍, രണ്ട് ദിവസത്തെ അധ്വാനമെന്ന് അജ്മല്‍ സാബു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈയടുത്ത് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയെന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.അഹമ്മദാബാദില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗവും പലരും കണ്ടിരിക്കും്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേര് പോലും അന്ന് തെറ്റിച്ചുപഞ്ഞ കക്ഷിയാണ് ട്രംപ്. എന്തിനേറെ പറയുന്നു. ഉറ്റസുഹൃത്തെന്ന് എന്ന് ലോകം മുഴുവന്‍ വാഴ്ത്തുന്ന പ്രധാനമന്ത്രിയുടെ പേര് പോലും തെറ്റിച്ചാണ് ട്രംപ് ഉച്ചരിച്ചത്. എന്നാല്‍ ആ ട്രംപ് ആമിനത്താത്തേടെ പൊന്നുമോളെ എന്ന മാപ്പിളപ്പാട്ട് നാക്കൊട്ടും പിഴയ്ക്കാതെ പാടുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനൊക്കുമോ?. എങ്കില്‍ അദ്ദേഹത്തെക്കൊണ്ട് ആ പാട്ട് പാടിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് ഒരു മലയാളിയ്ക്കാണ്.
ട്രോള്‍ ലോകത്തെ മിന്നും താരം അജ്മല്‍ സാബുവാണ് അമേരിക്കയുടെ പ്രസിഡന്റ് ട്രംപിനെക്കൊണ്ട് ഈ മാപ്പിളപ്പാട്ട് പാടിപ്പിച്ച മിടുക്കന്‍. ലോകം മുഴുവന്‍ കൊറോണയെന്ന മഹാമാരിയുടെ പിടിയിലമര്‍ന്ന് ഭീതിയോടെ ജീവിക്കുകയാണ്,നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. മലയാളികളില്‍ ചിലരെയെങ്കിലും ടെന്‍ഷന്‍ ഫ്രീയാക്കിയ വീഡിയോ കൂടെയാവും ഇത്. ചങ്ങനാശേരിക്കാരന്‍ അജ്മല്‍ സാബുവെന്ന ചെറുപ്പക്കാരന്‍ എഡിറ്റ് ചെയ്ത ഒരു മിനിറ്റുള്ള വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്. ഹിറ്റ് പാട്ടിനൊത്ത് ട്രംപിന്റെ പ്രസംഗ വീഡിയോയുടെ ചുണ്ടനക്കം ക്രമീകരിച്ചാണ് ആമിനത്താത്തയുടെ ട്രംപ് വേര്‍ഷന്‍ പുറത്തുവന്നത്. പ്രശസ്തരടക്കമുള്ളവര്‍ ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
രണ്ട് ദിവസത്തെ അധ്വാനം
ഏകദേശം രണ്ട് ദിവസമെടുത്താണ് താനീ വീഡിയോ എഡിറ്റ് ചെയ്തതെന്ന് അജ്മല്‍. സാധാരണ മൂന്നോ നാലോ മണിക്കൂറില്‍ തീരുന്നതാണ്. എന്നാല്‍ ട്രംപിന്റെ ലിപ് സിങ്ക് പാട്ടുമായി ചേര്‍ത്തെടുക്കാന്‍ കുറച്ചുസമയം വേണ്ടിവന്നു. രണ്ട് ദിവസങ്ങളിലായി ഏതാണ്ട് 8 മണിക്കൂറിലധികം ഞാന്‍ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. 30 മിനിട്ടുള്ള പ്രസംഗമായിരുന്നു അത്. പലയിടത്തുനിന്നും വിഷ്വല്‍ കട്ട് ചെയ്തെടുത്താണ് ഈ രൂപത്തിലാക്കിയെടുത്തെന്നും അജ്മല്‍ സാബു. cuts.zzz എന്ന അജ്മലിന്റെ സ്വന്തം പേജില്‍ പബ്ലിഷ് ചെയ്ത ഈ വീഡിയോ ആയിരക്കണക്കിന് പേര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈ വീഡിയോ ചെയ്യാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്നാണ് അജ്മല്‍ പറയുന്നത്. ജോലിയ്ക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കേണ്ട അവസ്ഥയാണല്ലോ ഇപ്പോള്‍.പരിചയക്കാര്‍ പലരും ചോദിക്കാന്‍ തുടങ്ങി പുതിയ ട്രോളൊന്നുമില്ലേയെന്ന്. അങ്ങനെയാണ് ഈ വീഡിയോ പിറവിയെടുക്കുന്നതെന്ന് അജ്മല്‍. ഹണിബീ 2.5 എന്ന സിനിമയ്ക്കു വേണ്ടി റീമിക്സ് ചെയ്ത്, ലാല്‍ ആലപിച്ച 'ആമിന താത്താടെ പൊന്നു മോളാണ്' എന്ന പാട്ടാണ് ട്രംപിനെവച്ച് അജമല്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ട് ഇറങ്ങിയപ്പോള്‍ മുതല്‍ അത് വച്ചൊരു വീഡിയോ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ ഒത്തുവന്നത് ട്രംപിനെയാണെന്ന് മാത്രം. അജ്മല്‍ വ്യക്തമാക്കി.
റസ്ലിംഗ് താരം നകുലനായി, വരത്തിനിലെ സത്യന്‍ മാഷ്
അജ്മലിന്റെ ട്രോള്‍ വീഡിയോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നവയാണ്. നേരത്തെ റസ്ലിങ് താരം ബിഗ് ഷോ മണിച്ചിത്രത്താഴിലെ നകുലനായും ജോക്കര്‍ മണവാളനായുമെല്ലാം വന്നത് അജ്മലിന്റെ തലയിലുദിച്ച ഐഡിയയിലൂടെയാണ്. അജ്മലിന്റെ വെബ് പേജില്‍ കയറിനോക്കിയാല്‍ കാണാം അടിപൊളി വീഡിയോകള്‍ വേറെ. പ്രധാനമന്ത്രി മോദിയാണ് മിക്കവാറും അജ്മലിന്റെ ഇരയെന്ന് പറയാം. കേരളത്തിന്റെ പൗര്‍ണമി ഭാഗ്യക്കുറി വില്‍ക്കുന്ന ലോട്ടറിക്കാരനായും, അടിമക്കണ്ണായും, പാര്‍ലമെന്റില്‍ പാര്‍ട്ടി നടത്തുന്നയാളായുമെല്ലാം മോദി നിറഞ്ഞാടുകയാണ് പല വീഡിയോയില്‍. സത്യന്‍ മാഷും ശാരദയും വരത്തനിലെ പാട്ടിന് തകര്‍ത്തഭിനയിക്കുന്നതും അജ്മലിന്റെ ഗംഭീര വര്‍ക്കുകളില്‍ ഒന്നുമാത്രം.
ധ്യാന്‍ ശ്രീനിവാസനൊപ്പം സഹസംവിധായകന്‍
തന്റെ ട്രോള്‍ വീഡിയോ നടന്‍ ലാല്‍ അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണതെന്നും അജ്മല്‍ പറയുന്നു. ലാലിനെക്കൂടാതെ വിനീത് ശ്രീനിവാസന്‍,ധ്യാന്‍ തുടങ്ങി നിരവധി ചലച്ചിത്ര മേഖലകളിലുള്ളവരും ഈ വീഡിയോയ്ക്ക് അഭിനന്ദനമര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. അജ്മല്‍ സാബുവിന് മലയാള സിനിമയുമായും ഒരു ബന്ധമുണ്ട്. ലവ് ആക്ഷന്‍, ഡ്രാമ എന്ന നിവിന്‍ പോളി ചിത്രത്തിന്റേതടക്കം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അജ്മലിന് കൂടുതല്‍ ഇഷ്ടം സിനിമാട്ടോഗ്രഫിയാണ്. നിരവധി ഷോട്ട് ഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും അജ്മല്‍ ക്യാമറ നിര്‍വഹിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ തീരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടല്ലോ, അടുത്ത വീഡിയോ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് വെയ്റ്റ് ആന്റ് സി എന്നാണ് അജ്മല്‍ പറഞ്ഞിരിക്കുന്നത്. നമുക്ക് വെയ്റ്റ് ചെയ്യാം. ട്രംപിനെ വെല്ലുന്ന ട്രോളുമായി അജ്മലിന്റെ അടുത്ത വീഡിയോയ്ക്കായി.