തൃപ്പുണിത്തുറയില്‍ കെ.ബാബു മണ്ഡലം തിരിച്ചുപിടിച്ചപ്പോള്‍ പരാജയമടഞ്ഞത് സിപിഎമ്മിന്റെ സംസ്ഥാനത്തെ കരുത്തനായ നേതാവ്. എം.സ്വരാജിന്റെ തോല്‍വി വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും വ്യക്തികളും.
നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം
ഈ നാടിനെ രക്ഷിക്കുന്നതില്‍ വഹിച്ചത്
വലിയ പങ്കാണ്
പ്രിയസഖാവേ
സ്‌നേഹാഭിവാദ്യങ്ങള്‍ ! എന്നാണ് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുനില്‍ ഇളയിടം കുറിച്ചത്.
ആര്‍.ജെ.സലിം എഴുതിയത്
സ്വരാജ് സഭയ്ക്ക് പുറത്താണ് എന്നതിൽ കോണ്ഗ്രസുകാരും ബീജെപിക്കാരും സമാധാനിക്കാൻ വരട്ടെ. അഞ്ചു വർഷത്തെ അധികാരമില്ലാ ഇടവേളയിൽ പട്ടായായിൽ പോയി എണ്ണതോണിയിൽ കിടന്നു കൊഴുത്തിട്ടു തിരഞ്ഞെടുപ്പിന്റെ തലേന്ന് വന്നു കടലിൽ ചാടുന്ന പാരമ്പര്യമല്ല ഒരു കമ്യൂണിസ്റ്റുകാരന്റേത്.
സ്വരാജ് പുറത്തുണ്ടാവും, പാർട്ടിക്ക് നട്ടെല്ലായി, നിന്റെയൊക്കെ നാവടപ്പിക്കാൻ, മാധ്യമ അജണ്ടകൾ തുറന്നു കാണിക്കാൻ, സംഘപരിവാര രാഷ്ട്രീയത്തെ തച്ചു തകർക്കാൻ, ജനങ്ങളുടെ ഇടയിൽ പദവിയില്ലാതെ പ്രവർത്തനത്തിന്റെ മാതൃക കാണിക്കാൻ. അതിനു ഒരു അധികാരത്തിന്റെയും പിൻബലം അദ്ദേഹത്തിന് വേണ്ട. ബാബു മറിച്ച പതിനായിരം ബിജെപി വോട്ടിന്റെ ബലമൊന്നും പോരാതെ വരും കേട്ടോ, അതിനെ പ്രതിരോധിക്കാൻ.
ഇത് കേരളത്തിന്റെ ആകെ നഷ്ടമാണ്. ഇതുപോലെയൊരു ഫാഷിസ്റ്റ് വിരുദ്ധ പോരാളി ഇനി ഉണ്ടായി വരണം. ആരായിരുന്നു സ്വരാജ് എന്നു സഭാ രേഖകൾ പറയും. സ്വരാജ് സംസാരിക്കാൻ എഴുന്നേറ്റാൽ മുട്ടു വിറയ്ക്കുന്ന ചെന്നിത്തലയോട് ചോദിച്ചാൽ പറഞ്ഞു തരും സ്വരാജ് എന്തായിരുന്നു എന്ന്.
സഭയ്ക്കുള്ളിൽ സ്വരാജിന് എമ്മെല്ലേയുടെ പരിധിയെങ്കിലുമുണ്ടായിരുന്നു. സഭയ്ക്ക് പുറത്തെ സ്വരാജ് എന്താണെന്ന് നീയൊക്കെ കാണാനിരിക്കുന്നതെയുള്ളൂ.
സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എം.സ്വരാജിനെക്കുറിച്ചോർക്കുമ്പോൾ താങ്ങാനാവാത്ത വേദനയുണ്ട്. ആ മനുഷ്യൻ ഒരിടത്തും പരാജയപ്പെടരുത് എന്നായിരുന്നു ആഗ്രഹം. പക്ഷേ ഈ തോൽവി സ്വരാജിനെ തളർത്തില്ല എന്ന കാര്യം തീർച്ചയാണ്.
വ്യക്തിയല്ല,പ്രസ്ഥാനമാണ് വലുത് എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഒരാളാണ് സ്വരാജ്. അധികാരം സ്വന്തമാക്കുന്നത് മാത്രമല്ല രാഷ്ട്രീയം എന്ന് അദ്ദേഹം നിരന്തരം പറയാറുണ്ട്.
സ്വരാജ് രാഷ്ട്രീയത്തിൽവന്നത് എം.എൽ.എയോ മന്ത്രിയോ ആകാനല്ല. 2016ൽ മത്സരിക്കാനുള്ള നിർദ്ദേശം വന്നപ്പോൾ അദ്ദേഹം അത് സ്വീകരിച്ചു എന്നുമാത്രമേയുള്ളൂ.
''ഞാൻ തൃപ്പൂണുത്തുറയിൽ ജയിച്ചു'' എന്ന വാചകം സ്വരാജ് എവിടെയും ഉച്ചരിച്ചിട്ടില്ല. ഇടതുപക്ഷം ജയിച്ചു എന്നാണ് എല്ലായിടത്തും പറഞ്ഞുകേട്ടിട്ടുള്ളത്.
ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വരാജ് തൃപ്പൂണിത്തുറയ്ക്ക് നൽകിയ സേവനങ്ങൾ തികച്ചും തൃപ്തികരമായിരുന്നു. സ്വരാജിനെ ഒട്ടും ഇഷ്ടമില്ലാത്ത കേരളത്തിലെ മാദ്ധ്യമങ്ങൾ ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന കാര്യമാണത്.
സ്വരാജിൻ്റെ പ്രചാരണസമയത്ത് 24 ന്യൂസിൽ ഒരു വിഡിയോ കണ്ടിരുന്നു. അസുഖം മൂലം കിടക്കയിൽ കാലം കഴിക്കുന്ന ട്രീസ എന്ന സ്ത്രീ സ്വരാജിനെ സ്നേഹത്തോടെ സ്വീകരിക്കുന്ന കാഴ്ച്ച. വാത്സല്യം കൊണ്ട് അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ''സ്വരാജ് മോൻ'' എന്ന് ട്രീസ നീട്ടിവിളിക്കുന്നുണ്ടായിരുന്നു. അതായിരുന്നു സ്വരാജിൻ്റെ ഏറ്റവും വലിയ വിജയം.
ഇടതുപക്ഷത്തിൻ്റെ സ്വീകാര്യത ഇത്രമേൽ വർദ്ധിച്ചതിൽ സ്വരാജ് വഹിച്ച റോൾ വളരെ വലുതാണ്.
സർക്കാരിനെതിരെ ഉയർന്നുവന്ന നുണപ്രചരണങ്ങളെ ശക്തമായ വാക്കുകളിലൂടെ പൊളിച്ചടുക്കി.ചാനൽ ജഡ്ജിമാരുടെ അജൻഡകളെ ചുരുട്ടിക്കൂട്ടി അറബിക്കടലിൽ തള്ളി.രാഷ്ട്രീയ എതിരാളികളോടുപോലും മാന്യമായി സംവദിച്ചു.തീപ്പൊരി പ്രസംഗങ്ങൾ നടത്തി.മനുഷ്യരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ടു.
ഇത്രയെല്ലാം ചെയ്ത ഒരാൾ തോറ്റുപോയെങ്കിൽ അത് ആരുടെ കുറ്റമാണ്? ഈ തോൽവിയിൽ സ്വരാജ് വിഷമിക്കേണ്ട ആവശ്യമേയില്ല.
''നേരേ വാ നേരേ പോ'' എന്നതാണ് സ്വരാജിൻ്റെ നയം. ഉള്ള കാര്യം മുഖത്തുനോക്കി പറയും. സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി ആരെയും സുഖിപ്പിക്കില്ല. കള്ളത്തരങ്ങളും കുടിലതന്ത്രങ്ങളും ഇല്ല. ഒരുപക്ഷേ അത് മാത്രമാകാം ആ മനുഷ്യൻ്റെ പോരായ്മ!
സ്വരാജ് ഇല്ലാത്തത് നിയമസഭയുടെ നഷ്ടമാണ്. സ്വരാജ് ഇതൊരു നഷ്ടമായി കണക്കാക്കില്ല. നാളെ മുതൽ കൂടുതൽ വീര്യത്തോടെ അദ്ദേഹം നമുക്കുവേണ്ടി പ്രവർത്തിക്കുന്നത് കാണാം