2,36,000 പേരുടെ സന്നദ്ധ സേന, വിരമിച്ച 1640 ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും സേവനം

2,36,000 പേരുടെ സന്നദ്ധ സേന, വിരമിച്ച 1640 ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും സേവനം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളം ഒറ്റ വായനക്ക്
Published on

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. ആകെ വൈറസ് ബാധിച്ചവര്‍ 138. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നു വീതവും തൃശൂരില്‍ രണ്ടും, ഇടുക്കിയിലും വയനാട്ടിലും ഓരോന്നും. എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളെയും രണ്ട് വിദേശ പൗരന്‍മാാരെയുമാണ് ഇന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി (ഇതാണ് ഇന്നലെ പറഞ്ഞ രോഗം ഭേദമായ ആറുപേര്‍). 1,020,03 ഐളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഒരുലക്ഷത്തി ആയിരത്തി നാനൂറ്റി രണ്ടു പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5342 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പു പദ്ധതിയുടെ വേതനം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ കേരളം ആവശ്യപ്പെട്ടിരുന്നു. നാം ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ കേന്ദ്ര പാക്കേജിനെ ഉപയോഗിക്കാം എന്നാണ് കരുതുന്നത്.

സംസ്ഥാനം കോവിഡ് ഭീഷണി എത്ര കടുത്താലും അതിനെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും. സംസ്ഥാനത്താകെ 879 സ്വകാര്യ ആശുപത്രികളില്‍ 69,434 കിടക്കകളുണ്ട്. 5607 ഐസിയു കിടക്കകളുണ്ട്. 716 ഹോസ്റ്റലുകളില്‍ 15,333 മുറികള്‍ ഉണ്ട്. ഇവയില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാകരുത് എന്ന് വ്യക്തമാക്കിയിരുന്നുവല്ലൊ. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതിന് കഴിഞ്ഞദിവസം തീരുമാനിക്കുകയും ചെയ്തിരുന്നു. അത് ഇന്നുതന്നെ പ്രാവര്‍ത്തികമാവുകയാണ്.

43 തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 941 പഞ്ചായത്തുകളുള്ളതില്‍ 861 പഞ്ചായത്തുകള്‍ കമ്യൂണിറ്റി കിച്ചണുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളില്‍ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആറ് കോര്‍പ്പറേഷനുകളില്‍ ഒമ്പതിടങ്ങളിലായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണവിതരണം ആരംഭിക്കും. ഭക്ഷണവിതരണത്തിനുള്ള പ്രാദേശിക വളണ്ടിയര്‍മാരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നു പൂര്‍ത്തിയാക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിറവേറ്റണം.

715 പഞ്ചായത്തുകള്‍ ഹെല്‍പ്പ്‌ലൈന്‍ സജ്ജീകരിച്ചു. 6,421 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. സംസ്ഥാനത്താകെ 15,433 വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമതലത്തില്‍ 2,007 കെയര്‍ സെന്ററുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി. നഗരപ്രദേശങ്ങളില്‍ 3482 വാര്‍ഡുസമിതികളാണ് പ്രവര്‍ത്തിക്കുന്നത്. നഗരങ്ങളില്‍ 16,785 വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.

റേഷന്‍ കാര്‍ഡ് ഇല്ലാതെ വാടക വീട്ടിലും മറ്റും കഴിയേണ്ടിവരുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് സംവിധാനമുണ്ടോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കുന്നതിന് ഭക്ഷ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവരുടെ ആധാര്‍ നമ്പര്‍ പരിശോധിച്ചശേഷം മറ്റ് റേഷന്‍ കാര്‍ഡുകളില്‍ എവിടെയും ഉള്‍പ്പെടാത്തവര്‍ക്കാണ് ഭക്ഷ്യധാന്യം നല്‍കുന്നത്. സൗജന്യമായിത്തന്നെ ഇവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും. ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനം ഇക്കാര്യത്തില്‍ മികച്ച ഇടപെടലാണ് നടത്തുന്നത്.

സംസ്ഥാനത്ത് 22-40 പ്രായമുള്ളവരെ ഉള്‍പ്പെടുത്തി രണ്ടുലക്ഷത്തി മുപ്പത്തിയാറായിരം പേര്‍ അടങ്ങുന്ന സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും. 941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500 വീതവും 6 കോര്‍പ്പറേഷനുകളില്‍ 750 വീതവും അംഗങ്ങളാണ് ഈ സേനയില്‍ ഉണ്ടാവുക. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി നടത്തും. 'സന്നദ്ധം' എന്ന സാമൂഹ്യ സന്നദ്ധ സേനയുടെ വെബ് പോര്‍ട്ടല്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കല്‍, മറ്റു സംവിധാനങ്ങളില്‍നിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങള്‍ നല്‍കുക, പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് ഈ യുവജന സന്നദ്ധ സേവകര്‍ നിര്‍വഹിക്കുക. ഇവര്‍ക്കുള്ള തിരിച്ചറിയാല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. അവരുടെ യാത്രാച്ചെലവ് നല്‍കും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും.

ഇതിനുപുറമെ യുവജന കമ്മീഷന്‍ 1465 യുവ വളണ്ടിയര്‍മാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. കൂട്ടിരിപ്പിന് തയ്യാറായി യുവജനങ്ങള്‍ രംഗത്തിറങ്ങണം എന്ന അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനം നടത്തിയത്. നേരത്തേ പറഞ്ഞ സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവര്‍ത്തനമാണ് ഇവരും നടത്തുക. ഇവരെയും 'സന്നദ്ധം' പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യും.

വിലക്കയറ്റത്തിന്റെയും സാധന ദൗര്‍ലഭ്യത്തിന്റെയും വിവരങ്ങള്‍ പരാതികളായി വരുന്നുണ്ട്. ആവര്‍ത്തിച്ച് പറഞ്ഞതാണ് സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നത് അനുവദിക്കാനാവില്ല എന്ന്.

അത്യാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെയുംമറ്റു സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൊത്തകച്ചവടക്കാരുമായി ഇന്ന് ഓഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. റീട്ടെയില്‍ വ്യാപാരികളുടെ സംഘടനാ പ്രതിനിധകളുമായി നേരത്തെ സംസാരിച്ചിരുന്നു.

ഹോള്‍സെയില്‍കാരുടെ സാധനങ്ങള്‍ റീട്ടെയില്‍കാരുടെ കടയില്‍ എത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല. ആദ്യദിവസങ്ങളില്‍ ഉണ്ടായ ആശയകുഴപ്പങ്ങള്‍ പരിഹരിക്കാനാകും. മൂന്ന് നാല് മാസങ്ങളിലേക്ക് വേണ്ട സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാനാകണം. ന്യായമായ വിലയ്ക്ക് തന്നെ സാധനങ്ങള്‍ കൊടുക്കാനാകണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. വലിയ പരാതിയില്ല. എന്നാല്‍, തീരെ ഇല്ലെന്നല്ല.

റീട്ടെയില്‍ വ്യാപാരത്തിന് സംസ്ഥാനത്തിനകത്ത് ഒരു തടസ്സവുമുണ്ടാകില്ല. പുറമെനിന്ന് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നതിന് പ്രയാസം വന്നാല്‍ അത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഉന്നതതല സംഘമായിരിക്കും പ്രവര്‍ത്തിക്കുക. എവിടെനിന്നാണ് സാധനം കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായത്ര വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ആ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹകരണവും തേടും. നമുക്ക് സാധ്യമായ എല്ലാ വഴികളും തേടും.

കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു.

മാര്‍ച്ച് 31ന് രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹന രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

പുതിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ആ തീയതിക്കു മുമ്പ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സമ്പാദിച്ച വാഹനങ്ങള്‍ക്ക് ബാധകമാവില്ല.

അപേക്ഷ നല്‍കുന്നതില്‍ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും.

ജി ഫോറം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി.

അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോര്‍ വാഹന നിയമം 66(3) പ്രകാരം പെര്‍മിറ്റ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കി.

പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്റിറിനറി ആശുപത്രികളെയും ഒഴിവാക്കി. ഇതോടൊപ്പം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിക്കുകയാണ്.

രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ പലരും കോവിഡ് 19 സംബന്ധിച്ച ആശങ്ക അറിയിക്കുന്നുണ്ട്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ല. അവരുടെ എല്ലാ ആവശ്യങ്ങളിലും കൃത്യമായി ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രമിക്കണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മറക്കരുത്. മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്.

നില്‍ക്കുന്നിടത്തു തന്നെ തുടരുക എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിബന്ധന. അതുകൊണ്ടുതന്നെ ഇങ്ങോട്ടുവരാന്‍ പ്രയാസമുണ്ട്. പ്രവാസികള്‍ മാത്രമല്ല, സംസ്ഥാനത്തുനിന്ന് ജോലി ആവശ്യത്തിനും പഠനത്തിനും പോയ ആളുകളും ഇങ്ങോട്ടു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരൊക്കെ അതിനായി ശ്രമം നടത്തുകയാണ്. എന്നാല്‍, തല്‍ക്കാലം യാത്രാസൗകര്യങ്ങള്‍ക്ക് നിവൃത്തിയില്ലാതെ വന്നിരിക്കുന്നു.

1. വാടക കെട്ടിടങ്ങളില്‍നിന്ന് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരെ ഇറക്കിവിടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അനുവദിക്കില്ല. അതിഥി തൊഴിലാളികളെ ഇറക്കിവിടുകയല്ല, അവര്‍ക്ക് ഉചിതമായ താമസ, ഭക്ഷണ, വൈദ്യ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ വേണ്ട പരിഹാരം അടിയന്തരമായി ഉണ്ടാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് ഉറപ്പുവരുത്താന്‍ പ്രത്യേക ചുമതലയും നല്‍കണം.

2. പൊലീസ് നടപടി ഫലപ്രദമാണ്. ജനങ്ങളുടെ അനാവശ്യമായ കറങ്ങിനടത്തം ഒഴിവാക്കുന്നതിന് കര്‍ക്കശമായി തന്നെ പൊലീസ് ഇടപെടുന്നുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ അത് അതിരുവിടുന്നു എന്ന ആക്ഷേപം വന്നിട്ടുണ്ട്. വീടുകളില്‍ ചെല്ലുന്ന ആരോഗ്യ പ്രവര്‍ത്തകരെയടക്കം തടയുന്ന അനുഭവം ഉണ്ടാകരുത്. പൊലീസിന്റെ പെരുമാറ്റരീതി ശ്രദ്ധിക്കണം. കേരളത്തെക്കുറിച്ചുള്ള മതിപ്പിന് കോട്ടം തട്ടുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്തുണ്ടെങ്കില്‍ ഒഴിവാക്കിയേ തീരൂ.

3. നവജാത ശിശുക്കള്‍ക്കുള്ള വസ്ത്രം- ഇപ്പോള്‍ ഗിഫ്റ്റ് പാക്കറ്റുകളാണ് കിട്ടുന്നത്. സാധാരണ തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് നോക്കും.

4. 2012നുശേഷം വിരമിച്ച 1640 ഡോക്ടര്‍മാരുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. അവരുടെ അനുഭവജ്ഞാനവും സന്നദ്ധതയും നാടിന് വലിയ മുതല്‍ക്കൂട്ടാവും.

5. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും സ്വന്തം സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുക തന്നെ വേണം. വീടുകളിലും ജനങ്ങള്‍ക്കിടയിലും നിരന്തരം ഇടപെടുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരൊക്കെ ഇക്കാര്യത്തില്‍ നല്ല ജാഗ്രത കാണിക്കണം.

6. എല്ലാ ജില്ലകളിലും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് അസുഖം വരാതിരിക്കാനും വിഷമമുണ്ടാകാതിരിക്കാനും പ്രത്യേക ശ്രദ്ധ നല്‍കാനാണ് ഇത്.

7. ബാങ്കുകള്‍ നല്‍കുന്ന സ്വര്‍ണവായ്പ 4 ശതമാനം പലിശനിരക്കില്‍ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍നിന്ന് ജൂണ്‍ 30 വരെയായി നീട്ടണമെന്ന് കേന്ദ്ര കൃഷിമന്ത്രാലയത്തോട് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. 2020 ജൂണ്‍ 30 വരെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം റിസര്‍വ്ഗവര്‍ണര്‍ക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ നാം ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്.

8. എടുത്തുപറയേണ്ട ഒരു കാര്യം പെയിന്‍ ആന്റ് പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ സേവനമാണ്. 14,000 പേരാണ് ഈ രംഗത്ത് സംസ്ഥാനത്തുള്ളത്. ഇവരെ ഫലപ്രദമായി വിന്യസിച്ചുവരികയാണ്.

9. അവസാനവര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ വിവരശേഖരം നടത്തിയിട്ടുണ്ട്. അവരുടെ സേവനം യുക്തമായ രീതിയില്‍ ഉപയോഗപ്പെടുത്തും.

10. സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകളുടെ സംഘടന 800ല്‍പരം ഹോട്ടലുകള്‍ ഭക്ഷണം പാചകം ചെയ്യാനായി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ടുലക്ഷം മാസ്‌കുകളും പത്തുലക്ഷം രൂപയുടെ സാനിറ്റൈസറും (ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍നിന്ന്) നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിഷമ ഘട്ടത്തിലും അത്തരമൊരു തീരുമാനമെടുത്തതില്‍ അവരെ അഭിനന്ദിക്കുന്നു.

11. കാറ്ററിങ് സ്ഥാപനങ്ങളുടെ സംഘടനയും അഭിനന്ദനീയമായ ഒരു തീരുമാനമാണ് എടുത്തത്. കമ്യൂണിറ്റി കിച്ചനുകള്‍ക്കായി തങ്ങളുടെ സൗകര്യങ്ങള്‍ വിട്ടുനല്‍കാം എന്നാണ് അവര്‍ വാഗ്ദാനം ചെയ്തിടുള്ളത്.

12. ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാക്കാന്‍ പാടില്ല. അക്കാര്യത്തില്‍ പൊലീസ് ശ്രദ്ധിക്കണം. കോണ്‍വോയ് അടിസ്ഥാനത്തില്‍ വണ്ടിയില്‍ കൊണ്ടുവന്ന് ചരക്കുഗതാഗതം സുഗമമാക്കും. പൊലീസ് സംവിധാനങ്ങള്‍ ഇതിനുപയോഗിക്കും.

13. കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കാനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ പിആര്‍ഡി ഏകോപിത സംവിധാനമുണ്ടാക്കും.

14. ഗര്‍ഭിണികളെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്നും അവശ്യ സര്‍വീസുകളില്‍നിന്നും മാറ്റിനിര്‍ത്തുന്നതാവും നല്ലത്.

15. തുറന്നുപ്രവര്‍ത്തിക്കേണ്ട കച്ചവട സ്ഥാപനങ്ങളില്‍ ബേക്കറികളും ഉള്‍പ്പെടും.

16. മരുന്നുകളുടെ മൊത്തവ്യാപാര കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നതായി ചിലയിടത്തുനിന്ന് വിവരമുണ്ട്. അതു പാടില്ല. അവ തുറക്കേണ്ടത് അനിവാര്യമാണ്.

17. കേരളത്തിലെ കോവിഡ് സംബന്ധിച്ച എല്ലാ വിവരങ്ങളും അന്നന്നു ചെയ്ത കാര്യങ്ങളും കേന്ദ്ര ഗവണ്‍മെന്റ് നിരീക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് വിവരങ്ങള്‍ കൈമാറുന്നുണ്ട്.

18. മദ്യഷാപ്പുകള്‍ പൂട്ടിയത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മദ്യം ഒഴിവാക്കിയപ്പോള്‍ത്തന്നെ വ്യാജവാറ്റ് തുടങ്ങി. കഴിഞ്ഞ ദിവസം ഈ ജില്ലയില്‍ തന്നെ വ്യാജവാറ്റുകാരെ പിടിക്കുന്ന അനുഭവമുണ്ടായി. എക്‌സൈസ് നല്ല ജാഗ്രത പാലിക്കണം.

19. കോറന്റൈനില്‍ കഴിയുന്നവര്‍ക്ക് പുറംലോകവുമായുള്ള ബന്ധം പ്രധാനമാണ്. അല്ലെങ്കില്‍ ഒറ്റപ്പെട്ടതുപോലെ തോന്നും. അവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഉറപ്പാക്കണം.

20. വെയര്‍ഹൗസുകളുടെ പ്രവര്‍ത്തനം ഏഴു മണി മുതല്‍ അഞ്ചു മണിവരെ എന്നത് പ്രായോഗികമല്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കണം. അഞ്ചുമണിക്കുശേഷം വരുന്ന ലോഡ് ഇറക്കാന്‍ കഴിയാതെ വരരുത്.

21. കടകളുടെ പ്രവര്‍ത്തന സമയം 7 മണി മുതല്‍ അഞ്ചു മണിവരെ തന്നെയാണ്. അക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പത്തിന്റെയും കാര്യമില്ല. അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കടകള്‍ ആ സമയത്ത് അടപ്പിക്കാനും പാടില്ല.

ഈ സമയത്ത് നിര്‍ബന്ധമായും ആളുകള്‍ സഞ്ചരിക്കുന്നത് ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസ് ക്രമീകരണങ്ങള്‍ ഒന്നുകൂടി ക്രമപ്പെടുത്തും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അവശ്യ സര്‍വീസുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും.

logo
The Cue
www.thecue.in