സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസ സാമൂഹിക അസമത്വത്തിന്റെ രൂക്ഷമായ രൂപം : ബൃന്ദ കാരാട്ട്

ദയാപുരം കോളേജിലെ 'സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം' എന്ന പരിപാടിയില്‍ ബൃന്ദ കാരാട്ട്
ദയാപുരം കോളേജിലെ 'സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം' എന്ന പരിപാടിയില്‍ ബൃന്ദ കാരാട്ട്
Published on

ഏതുസമരവും പ്രത്യേക പശ്ചാത്തലത്തില്‍ മനസ്സിലാക്കാനുള്ള ചരിത്രബോധം നാം ആര്‍ജ്ജിച്ചേ തീരൂവെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെയും ഇറാനിലെ സ്ത്രീകള്‍ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചു നടക്കുന്ന സമരങ്ങളെയും ഒരേസമയം പിന്തുണയ്ക്കുന്നത് കാപട്യമാണെന്ന് ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ സ്ത്രീകളുടെ സ്വന്തം ശരീരത്തെപ്പറ്റിയും വസ്ത്രത്തെപ്പറ്റിയുമുള്ള തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക, അവരുടെ പഠിക്കാനും സമൂഹത്തില്‍ ഇടപെടാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക തുടങ്ങിയ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതില്‍ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ദയാപുരം കോളേജിന്റെ ഇരുപതാം വാര്‍ഷിക സംഭാഷണങ്ങളുടെ ഭാഗമായി നടന്ന 'സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബൃന്ദ കാരാട്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസ സാമൂഹിക അസമത്വത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ്. അതിനെ ദുര്‍ബലപ്പെടുത്താന്‍ കൂട്ടായ പ്രതിഷേധം, വ്യക്തികളുടെ ശബ്ദങ്ങള്‍, സിനിമ,സാഹിത്യം തുടങ്ങി ഏതു രൂപത്തിലൂടെയുമുള്ള സാംസ്‌കാരിക പ്രവര്‍ത്തനം എന്നിവയൊക്കെ ആവശ്യമാണെങ്കിലും നിയമവാഴ്ചയും ഭരണഘടനാപരമായ അവകാശങ്ങളും ഇല്ലാതാകുന്ന അവസ്ഥ സ്ത്രീകളെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ടുപോകും. വ്യക്തിപരമായ അനുഭവവും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധം മനസ്സിലാക്കി കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കണമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

ഇന്നത്തെ വെറുപ്പിന്റെയും ജാതീയതയുടെയും രാഷ്ട്രീയമാണ് ഇന്ത്യയുടെ ഭാവി ആവാന്‍ പോകുന്നതെങ്കില്‍ നമുക്കൊരു ഭാവി ഉണ്ടാവില്ല

ബൃന്ദ കാരാട്ട്

എപ്പോഴും പെണ്‍കുട്ടികളാണ് ഉപദേശം കേള്‍ക്കേണ്ടിവരാറ്, ഇനി നാം ആണ്‍കുട്ടികളെ ഉപദേശിച്ചു നന്നാക്കാനാണ് തുടങ്ങേണ്ടതെന്ന് മോഡറേറ്ററായിരുന്ന കെ.കെ ഷാഹിന പറഞ്ഞു. സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി കുടുംബത്തിലോ ബന്ധങ്ങളിലോ സ്ഥാപനങ്ങളിലോ നിലകൊള്ളുമ്പോള്‍ നിങ്ങള്‍ ഒരു രാഷ്ട്രീയ ജീവി ആയി മാറുകയാണെന്ന് അഡ്വ. ജ്യോതി രാധിക വിജയകുമാര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി ഏതാണെങ്കിലും പ്രാഥമികമായി സ്ത്രീകളാണ് എന്ന സ്വത്വത്തിന്റെ പ്രാധാന്യം രാഷ്ട്രീയരംഗത്തുള്ള ഏതൊരു സ്ത്രീയും അനുഭവിച്ചിരിക്കുമെന്ന് അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു.

ദയാപുരം മരക്കാർ ഹാളില്‍ ചേർന്ന ചടങ്ങില്‍ പേട്രണ്‍ സി.ടി അബ്ദുറഹിം ഉപഹാരം നൽകി. സ്ത്രീവിവേചനത്തിനെതിരെ വിദ്യാർത്ഥിയായ സനിയ്യ പ്രമേയം അവതരിപ്പിച്ചു വിദ്യാർത്ഥിനികളായ യുസൈറ സ്വാഗതവും ഫർഹ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in