തനിഷ്‌ക ജ്വല്ലറിക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ബഹിഷ്‌കരണ ആഹ്വാനം. ഹിന്ദു യുവതിയെ മുസ്ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ചത് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ കാമ്പെയില്‍ ആരംഭിച്ചത്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്നാണ് തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ ആരോപണം.
മുസ്ലിം യുവാവ് വിവാഹം കഴിച്ച യുവതി ഗര്‍ഭിണിയായപ്പോഴുള്ള ചടങ്ങുകളാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഭര്‍തൃഗൃഹത്തില്‍ നടത്തുന്നു. മുസ്ലിം വീടുകളില്‍ നടത്താറുള്ള ചടങ്ങുകളല്ലല്ലോയെന്ന് മരുമകള്‍ അമ്മായിയമ്മയോട് ചോദിക്കുമ്പോള്‍ ചടങ്ങുകള്‍ പാരമ്പര്യമല്ലെന്നും പെണ്‍കുട്ടി സന്തോഷവതിയായി ഇരിക്കുകയെന്നതാണ് എല്ലാ വീടുകളുടെയും പാരമ്പര്യമെന്ന് അവര്‍ മറുപടി നല്‍കുന്നു.ദീപാവലിക്ക് മുന്നോടിയായി ഇറക്കിയ ഏകത്വം എന്ന് പേരിട്ടിരിക്കുന്ന ആഭരണശേഖരത്തിന്റെ പരസ്യമാണിത്. മതത്തിനും പാരമ്പര്യത്തിനും അപ്പുറമാണ് സ്‌നേഹബന്ധമെന്നാണ് പരസ്യം ചൂണ്ടിക്കാണിക്കുന്നത്.
ഹിന്ദു യുവതികള്‍ മുസ്ലിമിനെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് തനിഷ്‌കിന്റെ പരസ്യമെന്നും ട്വിറ്റര്‍ കാമ്പെയിനില്‍ പറയുന്നു.ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് ഈ വിദ്വേഷ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. ലവ് ജിഹാദില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുമ്പോഴാണ് അതിന്റെ പേരില്‍ ബഹിഷ്‌കരണാഹ്വാനം നല്‍കുന്നത്. ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു.