ഞാനെന്റെ മകളെ വില്‍ക്കുന്നില്ല: ആ തീരുമാനത്തിന് വലിയ വില കൊടുക്കുന്നുണ്ടെങ്കിലും

ഞാനെന്റെ മകളെ വില്‍ക്കുന്നില്ല: ആ തീരുമാനത്തിന് വലിയ വില കൊടുക്കുന്നുണ്ടെങ്കിലും
Published on
ഉത്രയുടെ മരണത്തെ മുന്‍നിര്‍ത്തി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്ന ചര്‍ച്ചകളെ മുന്‍നിര്‍ത്തി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എഴുതിയ കുറിപ്പ്

ഞാനെന്റെ മകളെ വില്‍ക്കുന്നില്ല:

ആ തീരുമാനത്തിന് വലിയ വില കൊടുക്കുന്നുണ്ടെങ്കിലും.

ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്ന ആ പെണ്‍കുട്ടി

- ഉത്ര - യുടെ അച്ഛനെ ചാനലുകള്‍ വിസ്തരിക്കുന്നത് കണ്ടു . |

സോഷ്യല്‍ മീഡിയയും അപഗ്രഥിക്കുന്നു.

ഉത്തരം പറയാന്‍ ആ അച്ഛന്‍ കഷ്ടപ്പെടുന്നതും കണ്ടു.

അത് ഒരച്ഛന്റെയോ അമ്മയുടെയോ മാത്രം വേദനയല്ല.

പെണ്‍മക്കളെ വിവാഹം എന്ന കമ്പോളത്തിലേക്ക് ഇറക്കിവിടാന്‍ നിര്‍ബന്ധിതരായ എല്ലാ രക്ഷിക്കാക്കളുടെയും വേദനയാണ്.

നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ഒരു പോലെ കുറ്റവാളിയാക്കുന്ന സ്ത്രീധന നിരോധന നിയമം പ്രഹസനം മാത്രമാണ് എന്ന് ഓരോ സ്ത്രീധനവധവും ആവര്‍ത്തിച്ച് വെളിപ്പെടുത്തുന്നു.

പിറന്ന നിമിഷം മുതല്‍ വിവാഹക്കമ്പോളത്തില്‍ ഒരു വിഭവമായി മാറാന്‍ തയ്യാറെടുപ്പിക്കയാണ് നാം നമ്മുടെ പെണ്‍മക്കളെ. കുടുംബം അതിന്റെ പണിപ്പുരയായി നില്‍ക്കുന്നു. വളര്‍ത്തു ശാലകളായി ക്ലാസ്സ് മുറികള്‍ , പാഠ്യപദ്ധതികള്‍, ആഭരണശാലകള്‍ , മാധ്യമങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, നിയമസഭങ്ങള്‍, പാര്‍ലമെന്റ് , പോലീസ്, കോടതി - എല്ലാം ഒരു ശൃംഖലയായി പണിയെടുക്കുന്നു .

ഒരു മാറ്റവുമില്ലാതെ തുടരുന്നു.

ഓരോ തവണ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പീഢനങ്ങള്‍ സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുമ്പോഴും എന്തു വില കൊടുത്തും അവളെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചയക്കലാണ് നമ്മുടെ രീതി.

അതവളുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും അടിമത്തത്തിലേക്ക് തിരിച്ചയ്ക്കലാണ്.

പെണ്ണായതിന്റെ പേരില്‍ ഗര്‍ഭത്തിലേ തന്നെയും പിറന്ന ഉടനെയും നാം ഇരുട്ടും നെല്ലും നിറച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്നവര്‍.

ഉത്ര അതിന്റെ അവസാനത്തെ രക്തസാക്ഷി മാത്രം. പേരില്ലാത്ത അസംഖ്യം സ്ഥലനാമങ്ങളായും നിര്‍ഭയയായും നാം മണ്ണിട്ട് മൂടുന്ന നമ്മുടെ തന്നെ പെണ്‍മക്കള്‍ .

എനിക്കും ഉണ്ട് വിവാഹ പ്രായമെത്തിയ ഒരു പെണ്‍കുട്ടി. ജാതിയും മതവും ജാതകവും സ്ത്രീധനവും നിര്‍ണ്ണയിക്കുന്ന വിവാഹക്കമ്പോളത്തില്‍ ഒരു ചരക്കായി വില്‍ക്കാനില്ലെന്ന് തീരുമാനിച്ചതിന്റെ സമ്മര്‍ദ്ദം ഓരോ ദിവസവും ഞാനും അഭിമുഖീകരിക്കുന്നുണ്ട്. ജാതിയും ജാതകവും ഇല്ലാതെ എന്ത് കല്യാണം എന്ന് ആ കമ്പോളത്തില്‍ നിറഞ്ഞാടുന്ന മാട്രിമോണി സൈറ്റുകളിലേക്കും പത്രങ്ങളിലെ വിവാഹപരസ്യങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. പ്രണയത്തെ പോലും എത്രമാത്രം മതവും ജാതിയും ജാതകവും വിഴുങ്ങിക്കഴിഞ്ഞു എന്ന് നമ്മുടെ കാമ്പസ്സുകളിലെ പ്രണയങ്ങളും നമ്മുടെ സിനിമകളും നമ്മുടെ പൊതു ഇടങ്ങളും തെളിവു നല്‍കും.

നവോത്ഥാനം പണയം വച്ച് ഈ ലോകം വാങ്ങി വച്ചത് കൊറോണയേക്കാള്‍ വലിയ സാംസ്‌കാരിക വൈറസ്സുകളെയായിരുന്നു എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

നാം നമ്മുടെ പരാജയത്തിന്റെ വിലയാണ് കൊയ്യുന്നത്.

ഖേദപൂര്‍വ്വം

ഒരമ്മ

Related Stories

No stories found.
logo
The Cue
www.thecue.in