പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്

Published on

മാധവ് ഗാഡ്ഗിലിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ മലയോര മലങ്കര കോണ്‍ഗ്രസ് (മാര്‍ക്‌സ് ബാവ വിഭാഗം) ആപ്പീസിലോ പിടിച്ചേല്‍പ്പിക്കേണ്ടതാണ് എന്നാണ് അവസ്ഥ. രണ്ടാം പ്രളയത്തോടെ ഗാഡ്ഗിലും പരിസ്ഥിതി വാദികള്‍ എന്ന ഭീകരന്മാരെയുമാണ് ആക്രമിക്കേണ്ടത് എന്നാണ് പ്രചണ്ഡ പ്രചാരണം. വാസ്തവത്തില്‍ കേരളത്തില്‍ സര്‍ക്കാരോ പൊതുസമൂഹമോ യാതൊരു വിധത്തിലും എന്തെങ്കിലും തരത്തില്‍ നടപ്പിലാക്കാത്ത ഒരു റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് ഗാഡ്ഗിലിന്റേതാണ്. ശേഷം ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരി രംഗനും പിന്നീട് ഏതു തരം റിപ്പോര്‍ട്ടും എഴുതി നല്‍കാന്‍ സന്നദ്ധനായ ഉമ്മന്‍ സി ഉമ്മനും എല്ലാം ഏതാണ്ടൊരു പരുവത്തിലാക്കി നല്‍കിയിട്ടും ഗാഡ്ഗില്‍ ഒരു ഭീകരജീവി എന്ന മട്ടിലാണ് ആക്രമണം. വര്‍ഷാവര്‍ഷം പ്രളയം, അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന കളക്ടര്‍ ബ്രോ, എം എല്‍ എ ബ്രോ, അന്‍വര്‍ ബ്രോ, പ്രളയപയോധിയില്‍ നിന്നും കേരളത്തെ പൊക്കിക്കൊണ്ടുവരുന്ന മഹാരക്ഷകന്‍ എന്നിങ്ങനെ നാനാവിധ വേഷങ്ങളോടെ ആഘോഷിക്കാവുന്ന ഒരു വാര്‍ഷിക, ദ്വൈവാര്‍ഷിക പരിപാടിയാക്കി പ്രളയം മാറ്റിയാല്‍ തൃപ്തിയായി. പ്രളയധ്യാനം, കൃപാസനത്തില്‍ പൊതിഞ്ഞ പ്രളയരക്ഷ, വര്‍ഷദേവനായ ഇന്ദ്രന് യാഗം എന്നിങ്ങനെ നിരവധി സാംസ്‌കാരിക പരിപാടികള്‍ക്കും സാധ്യതയുണ്ട്. മധ്യവര്‍ഗ ധനികോദാരതയുടെ ആത്മരതിയുടെ പൊങ്കാലയും.

കേരളത്തിലെ കാട് വ്യാപിച്ചു വ്യാപിച്ചു ജനമാകെ കഷ്ടത്തിലായി എന്നുവരെ പറഞ്ഞുകളയും. പുലിയും കടുവയുമൊക്കെ നാട്ടിലിറങ്ങുന്നത് കാട് വ്യാപിക്കുന്നതുകൊണ്ടാണ് എന്നതൊക്കെ മലയോര മലങ്കര സൈദ്ധാന്തികരുടെ മൂന്നാം പേജ് വിനോദങ്ങള്‍ മാത്രമാണ്. മറ്റു ഘടാഘടിയന്‍ വാദങ്ങള്‍ നീട്ടിപ്പരത്തി ഉരുള്‍പൊട്ടലായി ഒഴുകുകയാണ്. ശാസ്ത്രീയപഠനം എന്നത് വേണമെങ്കില്‍ പരിസ്ഥിതി വാദികള്‍ നടത്തട്ടെ. മലയോര മലങ്കര ആപ്പീസില്‍ നിന്നും വെല്ലുവിളികള്‍ മാത്രം മതി.

മണ്ണിടിച്ചിലുണ്ടായ പുത്തുമല 
മണ്ണിടിച്ചിലുണ്ടായ പുത്തുമല 

പരിസ്ഥിതി എന്നുപറഞ്ഞാല്‍ കാട് മാത്രമാണ് എന്ന് കരുതുന്ന പരിസ്ഥിതിവാദികള്‍ അധികമുണ്ടാകില്ലെങ്കിലും മലയോര മലങ്കര മാര്‍ക്‌സ് ബാവ വിഭാഗത്തിന് അങ്ങനൊരു ധാരണയുണ്ട്. അതുകൊണ്ടാണ് പരിസ്ഥിതി എന്ന് പറഞ്ഞാലുടന്‍ കാടിന്റെ വിസ്തൃതിയും കൊണ്ടിറങ്ങുന്നത്. ഒപ്പം കാട്ടിലെ മാനിറച്ചി മടുത്ത് നാട്ടിലിറങ്ങുന്ന മൂന്നു പുലിയും നാലു കടുവയുമുണ്ട്. ആര് പറഞ്ഞു പെറ്റുപെരുകാന്‍ എന്ന ചോദ്യത്തിന് വന്യമൃഗങ്ങള്‍ ഉത്തരം പറയണം. വനവിസ്തൃതിയിലെ തോട്ടം വിസ്തൃതി വനമായിത്തന്നെ കണക്കാക്കി കുളിരണിയണം എന്നത് വേറെ കാര്യം. കാടെത്ര വേണം എന്നതും മലയോര കോണ്‍ഗ്രസ് പ്രമേയം പുറത്തിറക്കും. അത്ര മതി. പിന്നെ മഴ പെയ്യുമ്പോള്‍ പച്ചപ്പൊക്കെ ഉണ്ടാകുന്നില്ലേ, അതുംകൂടി കൂട്ടിക്കോളണം.

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം

മലയോര മലങ്കര കോണ്‍ഗ്രസ് മാത്രമല്ല പിണറായി വിഭാഗവും വൈരുദ്ധ്യാത്മക ഭൗതികവാദത്തിനെതിരായുള്ള സാമ്രാജ്യത്വത്തിന്റെ ആക്രമണമാണ് പരിസ്ഥിതി വാദം എന്ന മട്ടിലാണ് ഇറങ്ങിയിരിക്കുന്നത്. പൊന്നു ചങ്ങാതികളെ, 21-ആം നൂറ്റാണ്ടിലെ വര്‍ഗസമരം തന്നെ ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടി കോര്‍പ്പറേറ്റ്, മൂലധന കൊള്ളക്കാര്‍ക്കെതിരായി നടത്തേണ്ട പോരാട്ടമാണ് എന്നാണ് വസ്തുത. അപ്പോഴാണ് പാറമടകള്‍ ഈ സംസ്ഥാനത്തിന്റെ ഐശ്വര്യം എന്ന മുദ്രാവാക്യവുമായി ശുക്രനക്ഷത്രങ്ങള്‍.

ഇതുവരെ നിങ്ങള്‍ എങ്ങനെ ജീവിച്ചു എന്നതല്ല, ഇനിയെങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഇന്നലെവരെ ഞങ്ങള്‍ നടത്തിയ സകല ചൂഷണത്തിന്റേയും അതെ മാതൃകയില്‍ ഞങ്ങളിനിയും ജീവിക്കും എന്ന വെല്ലുവിളി ബൂര്‍ഷ്വാസി ഉയര്‍ത്തുന്നതാണ്. ആ ചൂഷണത്തിന്റെ ദീപശിഖ ഞങ്ങള്‍ക്ക് കൈമാറൂ എന്നതല്ല വര്‍ഗസമരത്തിന്റെ മുദ്രാവാക്യം. ആ ചൂഷണം അവസാനിപ്പിക്കൂ എന്നതാണ്. സുസ്ഥിരമായ, ഭൂമിയുടെ നിലനില്‍പ്പിനെ, വിഭവങ്ങളുടെ പുനരുപയോഗത്തെ ഉറപ്പാക്കുന്ന ഒരു ജീവിതമാതൃകയാണ് അത് മുന്നോട്ടുവെക്കുക. പക്ഷെ കോണ്‍ക്രീറ്റ് വീടുകള്‍ വെച്ചവര്‍ എന്ത് ചെയ്യും, അവരിനി മിണ്ടരുത്, പബ്ലിക് ട്രാന്‍സ്പോര്‍ട് ഇല്ലാത്തിടത്തേക്ക് യാത്ര നടത്തരുത് എന്നതൊക്കെ പാലിച്ചില്ലെങ്കില്‍, ആ സോഷ്യല്‍ കോസ്റ്റ് വഹിക്കാന്‍ തയ്യാറില്ലെങ്കില്‍ നിങ്ങള്‍ മിണ്ടരുത് എന്ന മലയോര മലങ്കര കോണ്‍ഗ്രസ് പ്രബോധനം. മാര്‍ക്‌സ് ബ്രിട്ടീഷ് ലൈബ്രറിയിലെ കൊളോണിയല്‍ കൊള്ളയുടെ വിജ്ഞാന ശേഖരം ഉപയോഗിച്ചാണ് മാര്‍ക്‌സിസം എഴുതിയതെന്ന യുക്തിവാദികളുടെ ദൈവത്തിന്റെ പരിഹാസം പോലെയാണിത്. അതായത് പരിസ്ഥിതി സംരക്ഷണമെന്നാല്‍ മുളവീടും മണ്‍വീടും ആണെന്ന കേവലലാളിത്യവാദത്തെ ഒരരികില്‍ പിടിച്ചുകീറിയൊട്ടിച്ച് സ്വകാര്യമൂലധനം നടത്തുന്ന പരിസ്ഥിതി കൊള്ളയെ രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കുന്ന വെറും തട്ടിപ്പ്.

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്
അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  

പശ്ചിമഘട്ടം സംരക്ഷിക്കണം എന്നതൊരു അപഹസിക്കപ്പെടേണ്ട ആവശ്യമല്ല. അതൊരു രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. പുഴകള്‍ സംരക്ഷിക്കണം എന്നതും നെല്‍വയലുകള്‍ സംരക്ഷിക്കണം എന്നതും ഇത്തരത്തില്‍ സ്വകാര്യ മൂലധന ചൂഷണത്തിനെതിരായ, വര്‍ഗസമരത്തിന്റെ, രാഷ്ട്രീയപരിപാടിയുടെ ഭാഗമാണ്. വികസനത്തിനെതിര് നില്‍ക്കുന്നവരെ- പരിസ്ഥിതിവാദികള്‍ എന്ന പശ്ചാത്തലത്തില്‍- ഗുണ്ടാ നിയമം വെച്ച് കൈകാര്യം ചെയ്യും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് ഇതെത്ര പിടികിട്ടും എന്ന് സംശയമാണ്. പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍ ഒരു തൊഴില്‍ പ്രശ്‌നമാക്കുന്നത്, പാറമടകള്‍ പൂട്ടിയാലുള്ള പട്ടിണിയെക്കുറിച്ചുള്ള വിലാപങ്ങള്‍ വരുന്നത് ഇതൊക്കെ നിഷ്‌ക്കളങ്കമല്ലാത്ത മനുഷ്യ സ്‌നേഹം കൊണ്ടല്ല. അതുവഴി നടക്കുന്ന കൊള്ള മുടങ്ങാതിരിക്കാനാണ്. ഇനി ബാക്കിയില്ലാത്തവിധം തിന്നൊടുക്കാനുള്ളതാണ് എല്ലാ പ്രകൃതി വിഭവങ്ങളും എന്നതും ലാഭമുണ്ടാക്കുന്നതിനു ഏതറ്റം വരെയും ചൂഷണം ചെയ്യുക എന്നതും മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരം അതിനെതിരായ സമരമാണ്. കമ്മ്യൂണിസ്റ്റുകാരും മാര്‍ക്‌സിസ്റ്റുകാരും നടത്തേണ്ട സമരമാണ്. വാസ്തവത്തില്‍ അതൊരു പിണറായി വിരുദ്ധ സമരമല്ല എന്നെങ്കിലും ധരിച്ചു ക്ഷമിക്കിന്‍.

വലിയ തോതിലുള്ള കുടിയേറ്റങ്ങളും പശ്ചിമഘട്ടത്തിലെ ലക്ഷക്കണക്കിനായ ഹെക്ടര്‍ വനഭൂമിയെ മാറ്റിമറിച്ചുകൊണ്ടു നടത്തിയ തോട്ടംവല്‍കരണവും അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് കുടിയേറ്റക്കാരാണ് ശത്രുവായതുകൊണ്ടല്ല. അതങ്ങനെ സംഭവിച്ചതുകൊണ്ടാണ്. അതിനേക്കാളൊക്കെ എത്രയോ ഭീകരമായ പാരിസ്ഥിതിക നശീകരണമാണ് ആയിരക്കണക്കിനുള്ള, മിക്കവയും അനധികൃതമായ പാറമടകള്‍ സൃഷ്ടിക്കുന്നത്. പക്ഷെ മലയോര കോണ്‍ഗ്രസുകാരന്‍ സമ്മതിക്കില്ല. അവര്‍ സാധാരണക്കാര്‍ക്ക് വീട് പണിയാനുള്ള അവകാശം സംരക്ഷിക്കണം. അതായത് പരിസ്ഥിതിവാദം ഒരു വീടുപണിവിരുദ്ധ വാദമാണ് എന്നാണ്.

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്
പുത്തുമല ദുരന്തഭൂമിക്ക് മുകളില്‍ റിസോര്‍ട്ട് സമുച്ചയം; നിര്‍മ്മാണം പാറപൊട്ടിച്ചും പൈലിംഗ് നടത്തിയും 

കേരളത്തിലെ 14 നദികളില്‍ നിന്നും വാരാവുന്നതിന്റെ 40%-ത്തിലേറെ മണലാണ് വാരിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പ്രധാന നദികളുടെ അടിത്തട്ട് 4 മീറ്ററോളം താഴ്ന്നതായി പഠനങ്ങള്‍ കാണിക്കുന്നു. പക്ഷെ മലയോര മലങ്കര മാര്‍ക്‌സ് ബാവ വീടുപണി മിശ്രിതത്തിനെന്ത് പഠനം.

ഒരു ഹെക്ടര്‍ നെല്‍വയലിന്റെ ജലസംഭരണ ശേഷി 2 കോടി ലിറ്ററാണ്. 1980-81-ല്‍ 8.2 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍വയല്‍ 2016-17-ല്‍ 1.73 ലക്ഷം ഹെക്ടറായി. മഴവെള്ളം മലയോര കോണ്‍ഗ്രസുകാരന്റെ വികസന ആപ്പീസിലേക്ക് പോകുമായിരിക്കും. കേരളത്തിലെമ്പാടും 1980-കള്‍ക്ക് ശേഷം യാതൊരു വിധ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും നോക്കാതെ, ഒരു പഠനവും നടത്താതെ നടന്ന നിരവധിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നികത്തലുകളും സ്വാഭാവികമായ ജലസംഭരണ, പാരിസ്ഥിതിക സന്തുലനത്തെ ബാധിച്ചു. പക്ഷെ മനുഷ്യന്‍ പ്രകൃതിയില്‍ മാറ്റം വരുത്താതെ ജീവിക്കണം എന്ന് പറയുന്ന ഒരു കേവല ഹരിത ലാവണ്യബോധമാണ് പരിസ്ഥിതി സംരക്ഷണത്തിനും ചൂഷണത്തിനുമെതിരായുള്ള പോരാട്ടം എന്ന് സ്ഥാപിക്കണം. അങ്ങനെ വന്നാലേ അതൊരു നിലവില്‍ ധനികരുടെ ദരിദ്രവിരുദ്ധ പുച്ഛമായി ഈ വര്‍ഗ്ഗരാഷ്ട്രീയസമരത്തെ തലതിരിച്ചിട്ട് ന്യൂനീകരിക്കാന്‍ പറ്റൂ.

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്
‘ബ്രസീലില്‍ പ്രളയമുണ്ടായത് പശ്ചിമഘട്ടം മൂലമാണോ?’; ഗാഡ്ഗിലിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

വയനാട്ടിലോ ഇടുക്കിയിലോ മറ്റെവിടെയെങ്കിലുമോ ഏതെങ്കിലും ധനികന്‍ വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ പാപ്പരായിപ്പോയതായി നമുക്കറിവില്ല. ലോകത്തെവിടെയും കാലാവസ്ഥാ മാറ്റത്തിന്റെയും പാരിസ്ഥിതിക ചൂഷണത്തിന്റെയും ആദ്യ ഇരകള്‍ ദരിദ്രരും സാധാരണക്കാരുമാണ്. കാലാവസ്ഥ മാറ്റത്തിന്റെ ചെറുക്കാനുള്ള എല്ലാ നീക്കങ്ങളെയും തകര്‍ക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കോര്‍പ്പറേറ്റുകളുമാണ്. എന്നാലും കേരളത്തില്‍ പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടം ഒരു ദരിദ്രവിരുദ്ധ കലാപമാണ് പോലും.

ഏതാണ്ട് 12 ലക്ഷത്തോളം തരിശു വീടുകളാണ് കേരളത്തില്‍ (2011). എന്നിട്ടും കേരളത്തിലേത് സാധാരണക്കാര്‍ക്ക് വീടുവെക്കുന്നതിനെതിരായ പരിസ്ഥിതിവാദികളുടെ ഗൂഢാലോചനയാണ് പോലും. സാമൂഹികമായ ഉടമസ്ഥതയാണ്, ഉത്തരവാദിത്തമാണ് പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരം. നിങ്ങള്‍ താമസിക്കുന്ന ഭൂമി, നിങ്ങളുപയോഗിക്കുന്ന പ്രാഥമിക വിഭവ സ്രോതസുകള്‍ എന്നിവയുടെ ഉപയോഗം നിങ്ങള്‍ക്കാണെങ്കിലും അതിന്റെ ഭൂവിനിയോഗത്തിലെ മാറ്റം, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം മൊത്തം സമൂഹത്തിനും ഇടപെടാനുള്ള അവകാശമുള്ള ഒന്നാണ്. സ്വകാര്യ മൂലധനത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത ഒന്നാണ് ഈ നിലപാട്.

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്
പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷം അനുമതി കൊടുത്തത് 129 ക്വാറികള്‍ക്ക്; കവളപ്പാറ മേഖലയില്‍ 20 പാറമടകള്‍

ഇന്നലെ വരെ എങ്ങനെ ജീവിച്ചു എന്നതല്ല, ഇനിയെങ്ങനെ ജീവിക്കും എന്നതിലാണ് ഇന്നലെത്തേതില്‍ നിന്നും നാം പാഠം ഉള്‍ക്കൊള്ളേണ്ടത്. പലവിധ ഭൂപ്രകൃതികളുള്ള കേരളത്തില്‍ നിര്‍മ്മാണത്തിനും ഭൂവിനിയോഗത്തിനും അത്തരത്തിലെ വൈവിധ്യം കണക്കിലെടുത്തുകൊണ്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വേണം. തുടര്‍ച്ചയായ രണ്ടു പ്രളയങ്ങള്‍ വെളിവാക്കിയത് കേരളത്തിന്റെ ഭൂവിനിയോഗത്തിലെ ഭീതിദമായ യാഥാര്‍ത്ഥ്യങ്ങളാണ്. അതിനെ നേരിടേണ്ടത് കേരള സമൂഹമാണ്. പാറമട മുതലാളിമാര്‍ക്കും അന്‍വര്‍ മുതലാളി നൂറുപേര്‍ക്ക് ജോലി കൊടുക്കുന്നതിന്റെ വാഴ്ത്തുപാട്ടുകാര്‍ക്കും, പരിസ്ഥിതി സംരക്ഷണമെന്നാല്‍ എല്ലാ ആധുനിക സാങ്കേതിക സൗകര്യങ്ങളും ഒഴിവാക്കുകയാണ് എന്ന പരിഹാസ പ്രചാരകര്‍ക്കും വിട്ടുകൊടുക്കേണ്ടതോ അവരുടെ അധിക്ഷേപ ഭീഷണികളിലും പരിഹാസോക്തികളിലും പതറിപ്പോകേണ്ട ഒന്നല്ല ആ ചര്‍ച്ച.

ആധുനികസാങ്കേതികവിദ്യകളും ശാസ്ത്രീയ നേട്ടങ്ങളും പരിസ്ഥിതിവിരുദ്ധമാക്കുന്നത് മുതലാളിത്തമാണ്. മറിച്ച് അവയെ പാരിസ്ഥിതിക ചൂഷണത്തെ പരമാവധി കുറയ്ക്കാന്‍ കഴിയുന്നതായേക്കാം എന്നതാണ് വസ്തുത. അതൊക്കെ ചര്‍ച്ച ചെയ്യാന്‍ മലയോര മലങ്കര സ്വയം പ്രഖ്യാപിത മാര്‍ക്‌സ് ബാവ കക്ഷിക്കാര്‍ക്ക് കഴിയില്ല. കാരണം അവരുടെ താത്പര്യങ്ങള്‍ അതിനു വിരുദ്ധമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട് നടപ്പാക്കിയാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും എന്ന് പറഞ്ഞ താമരശ്ശേരി ബിഷപ്പൊക്കെയാണ് കേരളത്തിന്റെ പരിസ്ഥിതി അജണ്ട തീരുമാനിക്കുന്നത് എന്നത് ഒരു ആധുനിക സമൂഹത്തിനും, മോശമല്ലാത്ത രാഷ്ട്രീയ സമരങ്ങള്‍ നടത്തിയ മലയാളി സമൂഹത്തിനും അപമാനമാണ്.

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്

ഒരു ഫാഷിസ്റ്റ് ഭരണക്കാലത്ത് പരിസ്ഥിതിവാദം എന്നത് ദുര്‍ബലരുടെ ജൈവപച്ചക്കറി വാദമായാണ് അവതരിപ്പിക്കപ്പെടുക. ശക്തരും ധീരരും പ്രകൃതിയെ കീഴടക്കുകയാണ് ചെയ്യേണ്ടത് എന്ന തരത്തിലാണ് ദ്വന്തനിര്‍മ്മിതി. ജൈവപച്ചക്കറിയല്ല പരിസ്ഥിതി സംരക്ഷണത്തിനായുള്ള രാഷ്ട്രീയ സമരം. ആ സമരം ഈ ഭൂമിക്കു വേണ്ടിയുള്ള, മൂലധനക്കൊള്ളക്കെതിരായ സമരമാണ്. അതില്‍ ചൂളാന്‍ പാകത്തില്‍ ഒന്നുമില്ല. അതുറക്കെത്തന്നെ പറയും.

പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്
ഗാഡ്ഗിലില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ്; ചര്‍ച്ച ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി; പല ശുപാര്‍ശകളും നടപ്പാക്കേണ്ടതാണെന്ന് മുല്ലപ്പള്ളി
logo
The Cue
www.thecue.in