രണ്ടും കല്‍പ്പിച്ച് എല്‍ഡിഎഫിനെ തുടര്‍ഭരണത്തിലേറ്റൂ !, ചാന്‍സ് കളഞ്ഞ് കളിക്കരുതെന്ന് ഷഹബാസ് അമന്‍

രണ്ടും കല്‍പ്പിച്ച് എല്‍ഡിഎഫിനെ തുടര്‍ഭരണത്തിലേറ്റൂ !, 
ചാന്‍സ് കളഞ്ഞ് കളിക്കരുതെന്ന് ഷഹബാസ് അമന്‍
Published on

കേരളത്തെ സംബന്ധിച്ച്‌ സി പി ഐ (എം) മുന്നിൽ നിന്ന് നയിക്കുന്ന LDF നെ സെക്കന്റ്‌ ടേമിലേക്ക് തുടർച്ചയായി‌ പരീക്ഷിക്കാൻ പറ്റിയ ഏറ്റവും മികച്ച രണ്ടാമത്തെ(ഒരുപക്ഷേ ആദ്യത്തേതിനേക്കാൾ കൂടുതൽ നല്ല) അവസരമാണിത്‌! സി പി എം നെ പ്പോലുള്ള ഒരു കേഡർ പ്രസ്ഥാനം (ഏത്‌ തരം കേഡർ‌ പ്രാസ്ഥാനികരായാലും ) തുടർഭരണത്തിലേക്ക്‌ വന്നാലുള്ള ആഘാത പ്രത്യാഘാതങ്ങൾ‌ മുന്നിൽ കണ്ട്കൊണ്ട്തന്നെയാണിതു പറയുന്നത്‌! എന്നാലും ആ ചാൻസ്‌ ഇക്കുറി കളഞ്ഞ്‌ കളിക്കരുതെന്നാണു നല്ലവരായ എല്ലാ സുഹൃത്തുക്കളോടും‌ ആത്മാർത്ഥമായി പറയാനുള്ളത്‌! ചരിത്രത്തിൽ ഇനി ഇങ്ങനെയൊരവസരം കിട്ടാനുള്ള സാധ്യത കാണുന്നില്ല.

കുറേക്കാലമായി cpi(M) നു തുടർ ഭരണം നൽകാൻ അക്ഷരാർത്ഥത്തിൽ പേടിച്ച്‌ മലയാളികൾ മാറി നിൽക്കുന്നു !ആ ഭീരുത്വക്കളിയിൽ ഇനി അർത്ഥമില്ല! രണ്ടും കൽപ്പിച്ച് അവരെ‌ തുടർഭരണത്തിലേറ്റൂ !

പറഞ്ഞല്ലൊ പാർലിമെറ്ററി രാഷ്ട്രീയത്തിന്റെ അനിവാര്യ ഉപദംശങ്ങളായ അക്രമത്തിന്റെയും അനീതിയുടെയും ഭാഗമാകേണ്ടി വരുന്നതിനോടൊപ്പം ശഠപ്രകൃതക്കാർക്കുണ്ടാവുന്ന മൂച്ചിന്റെതായ എല്ലാ തരം തഞ്ചക്കേടും ആവോളമുള്ളപ്പോഴും കേരളത്തിന്റെ പച്ചയായ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പൊതു മണ്ഡലത്തിൽ (കൽപനാ ലോകത്തല്ല) കാലങ്ങളുടെ പ്രവർത്തനപരിചയമുള്ള,എന്ത്‌ ,പ്രശ്നം വന്നാലും അതിന്റെ ഒത്ത നടുക്ക്‌ രണ്ടും കൽപിച്ച്‌ നങ്കൂരമിട്ട്‌‌ നിൽക്കാൻ കെൽപ്പുള്ള, ഭരണഘടന ഉയർത്തിപ്പിടിക്കുവാനും മതനിരപേക്ഷതയിൽ വിശ്വസിക്കുവാനും ബാധ്യസ്ഥരായ; ആധുനികശാസ്ത്രാവബോധത്തെ കൂടെക്കൂട്ടാൻ നിർബന്ധിതരായ മറ്റാരെയാണു ഭരണത്തുടർച്ചയുടെ വക്കത്ത്‌ വന്നെത്തി നിൽക്കുന്ന നിലയിൽ നിങ്ങൾക്കറിയുക;ഇന്ത്യയിൽ? ഒറ്റക്കുട്ടിയില്ല.‌ വെറുതെ കണകുണാന്ന് പറഞ്ഞിട്ടെന്ത്കാര്യം! (പിന്നെ സ്ത്രീ സുരക്ഷയുടെയും പ്രശ്നം ! അതാണു വികസനത്തിന്റെ ശരിയായ മുന്നുപാധി എന്ന് എത്രയായാലും മനസ്സിലാകത്തവരാണു ഇവിടുത്തെ ഏത്‌ രാഷ്ട്രീയപ്പാർട്ടികളും! ആരുടെയും ഒരു പത്രികയിലും അതൊരു നമ്പർ വൺ പരിഗണനയേ അല്ല! രാഷ്ട്രീയക്കാരുടെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവൻ കൂട്ട്‌ ഉത്തരവാദിത്വമാണു അത്‌ എന്നതാണു യഥാർത്ഥ സത്യം.ആരും ഊരണ്ട.സംഗതി വേറെത്തന്നെ ഒരു മാറ്ററാണു. ഇപ്പൊ നമ്മൾ നിൽക്കുന്നത്‌ ആപേക്ഷികമായി മെച്ചപ്പെട്ടവരെ ഭരണച്ചുക്കാൻ ഏൽപ്പിക്കാൻ തെരഞ്ഞെടുക്കുന്ന ഒരു പ്രായോഗിക യന്ത്രത്തിന്റെ തൊട്ട്‌ മുന്നിലാണു.തത്വം പറഞ്ഞ്‌ നിൽക്കാൻ നേരമില്ല.

കുറേക്കാലമായി cpi(M) നു തുടർ ഭരണം നൽകാൻ അക്ഷരാർത്ഥത്തിൽ പേടിച്ച്‌ മലയാളികൾ മാറി നിൽക്കുന്നു !ആ ഭീരുത്വക്കളിയിൽ ഇനി അർത്ഥമില്ല! രണ്ടും കൽപ്പിച്ച് അവരെ‌ തുടർഭരണത്തിലേറ്റൂ ! എന്താണു സംഭവിക്കുക എന്ന് നോക്കാമല്ലൊ! അതേ സംബന്ധിച്ച്‌ നിലവിലുള്ള വിവിധ ഊഹങ്ങൾ ശരിയായാലും ശരി തെറ്റായാലും ശരി ഒരു മാറ്റത്തെ അഥവാ വ്യത്യസ്തതയെ ധീരമായി അഭിമുഖീകരിക്കുക എന്നത്‌ ഏതൊരു ജനതയെ സംബന്ധിച്ചും ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിനു നിർബന്ധമായിട്ടുള്ള കാര്യമാണു! എന്നെങ്കിലേ അത്‌ കഴിഞ്ഞുള്ള സ്റ്റേജ്‌ എന്താണെന്നറിയാൻ അടുത്ത തലമുറക്ക്‌‌ കഴിയുകയുള്ളു! ആ ധൈര്യം കാണിക്കാത്തതിന്റെ മുട്ടിത്തിരിച്ചിലാണു കേരളത്തെ കഴിഞ്ഞ 50 കൊല്ലമായി ബാധിച്ചിട്ടുള്ളത്‌! ഒരു സംശയവും വേണ്ട. നിലവിലുള്ള ' പ്രതിപക്ഷത്തെ(?)' തുടർച്ചയായി ആ സ്ഥാനത്ത്‌ തന്നെ പരീക്ഷിക്കാനുള്ള അസാമാന്യവും അത്യപൂർവ്വവുമായ ധൈര്യപ്രകടനത്തിനായിക്കൂടി ഈ ഇലക്ഷനെ നമുക്ക്‌ ഉപയോഗിക്കാം! എന്തായാലും രണ്ടിനും വേണം നല്ല ധൈര്യം! പരിക്ക്‌ പറ്റുകയാണെങ്കിൽത്തന്നെ അത്‌ ഏകപക്ഷീയമായിരിക്കയില്ല എന്ന കാര്യം ഉറപ്പാണു! ജനങ്ങളേക്കാളും(പാവത്തുങ്ങൾക്കിനി വന്നതിലും മേലെ എന്ത്‌ വരാനാണു?) അത്‌ ബാധിക്കുക പാർട്ടിയെ(കളെ)ത്തന്നെ ആയിരിക്കും എന്ന് ആർക്കാണറിയാത്തത്‌? ചളിയിൽ കിടന്നുഴക്കുന്നതും ചാണകത്തിൽ നീന്തുന്നതും രക്തത്തിൽ കുളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌! വരിക ധീര സുഹൃത്തേ...നമുക്ക്‌ ചുവന്ന കരു മുന്നോട്ട്‌ വെച്ച്‌ ഒരു കളി കളിച്ചു നോക്കാം! വലിയ വില കൊടുക്കേണ്ടി വന്നാലും സാരമില്ല! ഈ 5/5 ന്റെ പൊട്ടക്കളിയേക്കാൾ പത്തിരട്ടി സംഭവബഹുലമായിരിക്കും ജീവിതം!ആത്മകഥ ഗംഭീരമാവണം എന്നുണ്ടെങ്കിൽ വാ![

നഷ്ടപ്പെടുവാനില്ലൊന്നും ഈ ചിന്തവിലങ്ങൊന്നല്ലാതെ]

എന്ന്,വോട്ടവകാശം കിട്ടിയ കാലം മുതൽ ഏതു നോൺസെൻസിനെ‌ സ്ഥാനാർത്ഥിയാക്കിയാലും ചുവപ്പിനു മാത്രം വോട്ട്‌ ചെയ്യുന്ന ഒരു വേറെ ടൈപ്‌ മലപ്പുറംകാക്ക! 2007 മുതൽ കോഴിക്കോട്ട്‌ താമസം! വോട്ടിവിടെയാണു! (ഇന്നേക്ക്‌ മൂന്നാം പക്കം ഈ പോസ്റ്റ്‌ ഡിലിറ്റ്‌ ചെയ്യും ട്ടോ) ഓക്കെ തേങ്ക്സ്‌.

എല്ലാവരോടും സ്നേഹം....

ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ എഴുതിയത്

Related Stories

No stories found.
logo
The Cue
www.thecue.in