‘സ്ത്രീവിരുദ്ധ ട്രോളുകള്‍ ആഘോഷിക്കുന്നവരോട്, സീരിയല്‍ കില്ലര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ ബഹുഭൂരിപക്ഷവും പുരുഷന്‍മാരായിരിക്കും’
''ഭാര്യയോട് ഇപ്പോള്‍ ഭയങ്കര സ്‌നേഹമാണ്.അവള്‍ ചായയും കൊണ്ടുവന്നാല്‍,റൊമാന്റിക്കായി ഒരു സിപ്പ് അവളെക്കൊണ്ട് കുടിപ്പിക്കാതെ എനിക്ക് ഇറങ്ങില്ല.ചോറുകൊണ്ടു വന്നാല്‍ ഒരുരുള ഉരുട്ടി അവള്‍ക്ക് കൊടുക്കാതെ ഉണ്ണാനും കഴിയുന്നില്ല.നമ്മുടെ ജീവന്‍ നമ്മള്‍ നോക്കണം.ഭാര്യ 'ജോളി'യായാല്‍ എല്ലാം തീരും..... ''
ഇപ്പോള്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന ഒരു മെസേജാണിത്.ജോളി എന്ന സ്ത്രീ നടത്തിയ കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കിക്കൊണ്ട് ഒട്ടേറെ ട്രോളുകളും 'തമാശ'കളും പുറത്തിറങ്ങിയിട്ടുണ്ട്.അവയൊന്നും ഒട്ടും നിഷ്‌കളങ്കമല്ല.പക്ഷേ സമൂഹം അവയെ തമാശയായിത്തന്നെ കണക്കാക്കും.സ്ത്രീവര്‍ഗ്ഗത്തെ ഇടിച്ചുതാഴ്ത്തുന്ന വിലകുറഞ്ഞ വരികള്‍ സ്ത്രീകള്‍ പോലും വാട്‌സ്ആപ്പിലൂടെ ഫോര്‍വേഡ് ചെയ്‌തെന്നിരിക്കും.ഇതിനൊരു മറുവശമുണ്ട്.സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് ഒരു സ്ത്രീ തുറന്നുപറഞ്ഞാല്‍ എന്താണ് സംഭവിക്കാറുള്ളത്? മുഴുവന്‍ പുരുഷന്‍മാരെയും അടച്ചാക്ഷേപിക്കരുത് എന്ന് പറഞ്ഞ് ചിലര്‍ കരഞ്ഞുതുടങ്ങും ! ''ചില പുരുഷന്‍മാര്‍ മാത്രമാണ് പ്രശ്‌നക്കാര്‍'' എന്ന് പ്രത്യേകം എടുത്തുപറഞ്ഞാലും ആ വിലാപം തീരില്ല.''ഈ ഫെമിനിച്ചികള്‍ നാടു മുടിച്ചേ അടങ്ങൂ'' എന്നെല്ലാം പരിതപിക്കും ! അതിനെ പിന്തുണച്ചുകൊണ്ട് ചില കുലസ്ത്രീകളും രംഗത്തെത്തും !
ഇപ്രകാരമാണ് പുരുഷാധിപത്യം പ്രവര്‍ത്തിക്കുന്നത്. ഒറ്റബുദ്ധി ചിന്തകളിലൂടെ പാട്രിയാര്‍ക്കിയുടെ ഭീകരത മനസ്സിലാക്കാനാവില്ല.സ്ത്രീവിരുദ്ധമായ തമാശകളും പ്രസ്താവനകളും ഞാന്‍ പണ്ട് ആസ്വദിച്ചിരുന്നു.ഇപ്പോള്‍ അതിന് കഴിയാറില്ല. സ്ത്രീവിരുദ്ധനായി വളര്‍ന്നുവരുന്നത് നിങ്ങളുടെ കുറ്റമല്ല.പക്ഷേ ജീവിതാവസാനം വരെ സ്ത്രീവിരുദ്ധനായി തുടരുകയാണെങ്കില്‍ അത് നിങ്ങളുടെ മാത്രം കുറ്റമാണ് !
നമുക്കെല്ലാവര്‍ക്കും തലച്ചോറുണ്ട്.ചിന്തിക്കാനുള്ള ശേഷിയുമുണ്ട്. അത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയാല്‍ മാത്രം മതി.സ്ത്രീകളുടെ നൊമ്പരങ്ങള്‍ അപ്പോള്‍ തിരിച്ചറിയാനാകും.ഒരു പെണ്‍കുട്ടി ജനിച്ചുവീഴുന്ന നിമിഷം മുതല്‍ക്ക് 'അടുക്കള' എന്ന വാക്ക് അവളെ വലയം ചെയ്തുകൊണ്ടിരിക്കും. ഇളംപ്രായത്തില്‍ത്തന്നെ കിച്ചന്‍ സെറ്റ് വാങ്ങിക്കൊടുത്ത് അവളെ അടുക്കളജോലിയ്ക്ക് പരുവപ്പെടുത്തിയെടുക്കും. ആണ്‍കുട്ടികള്‍ കളിക്കാന്‍ പോവുമ്പോള്‍ അതേ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ പാചകത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കും.
പരീക്ഷ അടുക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.എന്നാല്‍ പല പെണ്‍കുട്ടികള്‍ക്കും അപ്പോഴും വീട്ടുജോലികള്‍ ചെയ്യേണ്ടിവരും. വിവാഹശേഷം മറ്റൊരു വീട്ടില്‍ ചെന്നാല്‍ സ്ഥിതി മെച്ചപ്പെടുമോ?ഒരിക്കലുമില്ല. അടുക്കളപ്പണിയ്ക്കുവേണ്ടി ജോലിയും പഠനവും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുക്കാന്‍ ഏതെങ്കിലും സ്റ്റാറ്റിസ്റ്റീഷ്യന് സാധിക്കുമോ?
വലിയ പദവികളില്‍ ഇരിക്കുന്ന സ്ത്രീകള്‍ പോലും അടുക്കളപ്പണി ചെയ്യുന്നത് കണ്ടിട്ടില്ലേ?പുരുഷന്‍മാര്‍ ഉറങ്ങുന്ന സമയത്ത് പ്രവര്‍ത്തിച്ചുതുടങ്ങുന്ന യന്ത്രങ്ങളെപ്പോലെയല്ലേ മിക്ക സ്ത്രീകളും?അവള്‍ മണിക്കൂറുകള്‍ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം പത്ത് മിനുട്ട് കൊണ്ട് കഴിച്ചിട്ട് നിര്‍ദ്ദയം കുറ്റം പറയാറില്ലേ?
ഇത്രയൊക്കെ ചെയ്തിട്ടും എത്ര സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ട്?ഇതെല്ലാം തങ്ങളുടെ കടമയാണെന്ന മട്ടിലല്ലേ അവര്‍ പെരുമാറാറുള്ളത്?
അടുക്കളജോലി പെണ്ണിന്റെ കടമയാണെന്ന് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നില്ല.അതിന് സ്ത്രീയെ നിര്‍ബന്ധിക്കാനുള്ള അവകാശം ഒരാള്‍ക്കുമില്ലെന്ന് ബഹുമാനപ്പെട്ട പുരുഷപ്രജകള്‍ മനസ്സിലാക്കിക്കൊള്ളുക.
സ്ത്രീകളുടെ കഠിനാദ്ധ്വാനത്തെ മഹത്വവത്കരിക്കുന്നതുപോലും ശരിയല്ല.ആത്യന്തികമായി അതും അവര്‍ക്ക് ദോഷമേ ചെയ്യുന്നുള്ളൂ.
ഒരു ചായ പോലും തിളപ്പിക്കാനറിയാത്ത പുരുഷന്‍മാരുണ്ട്.ഇനി അഥവാ അറിഞ്ഞാലും അത് ചെയ്യാത്തവരുമുണ്ട്.അവരൊക്കെയാണ് ഭാര്യ കൊണ്ടുവരുന്ന ചായയെ പരിഹസിക്കാന്‍ ഇറങ്ങിയിരിക്കുന്നത് ! ഭാര്യയുടെ കൈവശം ഇരിക്കുന്ന ചായക്കപ്പ് പുരുഷന്റെ അവകാശമല്ല !
തരംകിട്ടിയാല്‍ പെണ്ണിന്റെ ശരീരത്തില്‍ സ്പര്‍ശിച്ച് ആനന്ദം കണ്ടെത്തുന്ന ഞരമ്പുരോഗികളാല്‍ സമ്പന്നമാണ് ഈ നാട്.എന്നുകരുതി സ്ത്രീകള്‍ എല്ലാ പുരുഷന്‍മാരെയും ആ കണ്ണിലൂടെയാണോ കാണാറുള്ളത്?
സ്ത്രീധനത്തര്‍ക്കത്തിന്റെ പേരില്‍ ഭാര്യയെ കൊന്നുകളഞ്ഞ ഭര്‍ത്താക്കന്‍മാരില്ലേ? എന്നിട്ടും പുരുഷന്‍മാര്‍ക്ക് ഭാര്യവീട്ടില്‍ നിന്ന് സ്വര്‍ണ്ണവും സ്വത്തുക്കളും ലഭിക്കാറില്ലേ?
പ്രണയം നിഷേധിച്ചാല്‍ ആസിഡും പെട്രോളും ഉപയോഗിച്ച് മറുപടി പറയുന്ന പുരുഷന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.അതുകൊണ്ട് പെണ്‍കുട്ടികള്‍ പ്രണയിക്കുന്നത് നിര്‍ത്തിയോ?
സീരിയല്‍ കില്ലര്‍മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ ബഹുഭൂരിപക്ഷവും പുരുഷന്‍മാരായിരിക്കും.അതിന്റെ പേരില്‍ ആരും പുരുഷവര്‍ഗ്ഗത്തെ അടച്ചാക്ഷേപിക്കാറില്ല.
പിന്നെ എന്തിനാണ് ഒരു ജോളിയുടെ അറസ്റ്റിനെ ഇത്രമേല്‍ ആഘോഷമാക്കുന്നത്? എന്തിനാണ് സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ പരിഹസിക്കുന്ന മെസേജുകള്‍ ഷെയര്‍ ചെയ്യുന്നത്?
സ്ത്രീകളെ അടിമകളായി കണക്കാക്കുന്ന പുരുഷന്‍മാരോട് എനിക്ക് സഹതാപമാണ്.എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീ സഹയാത്രികയാണ്.അവള്‍ ദൈവമല്ല.ശ്വസിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യജീവി മാത്രം.
അവള്‍ എനിക്കൊപ്പം നടക്കണം.എന്റെ കൈകോര്‍ത്തുപിടിച്ച് നടക്കണം.ഒരു ഗ്ലോറിഫിക്കേഷന്റെയും ബാദ്ധ്യതയില്ലാതെ...
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഷെല്ലി ആന്‍ ഫ്രേസറുടെ ഫോട്ടോയാണ് എഴുത്തിനൊപ്പം ചേര്‍ത്തിട്ടുള്ളത്.ഈയിടെ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം സൃഷ്ടിച്ച ജമൈക്കന്‍ റണ്ണര്‍.രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ഷെല്ലി എന്ന കാര്യം മനസ്സിലാക്കുക.
ഒരു ഷെല്ലിയാവാന്‍ എല്ലാ സ്ത്രീകള്‍ക്കും സാധിക്കില്ലായിരിക്കും.പക്ഷേ സ്ത്രീകള്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചാല്‍,അതൊരു തിരമാലയോളം വരും.അതില്‍ ഒലിച്ചുപോകുന്ന മണ്‍ചിറകള്‍ മാത്രമാണ് എല്ലാ ആണഹങ്കാരങ്ങളും....!