സർവ്വരാജ്യ അധ്യാപകരേ സംഘടിക്കുവിൻ, നിങ്ങൾക്കു നഷ്ടപ്പെടുവാൻ ആത്മാഭിമാനമല്ലാതെ വേറൊന്നുമില്ല.!
പ്രിയപ്പെട്ട അധ്യാപകരേ,
ഒന്നുറങ്ങിയെഴുന്നേൽക്കുമ്പോഴേക്കും ഈ പദവിയെ നിങ്ങളിൽ ചിലർ ഇങ്ങനെ നാണം കെടുത്തിക്കളഞ്ഞല്ലോ.!
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഗവ: ഓർഡർ സ്വന്തം വീട്ടുമുന്നിലിട്ടു കത്തിക്കുക.! ശേഷം അത് ഫോണിലാക്കി അഭിമാനത്തോടെ നാടാകെ പടർത്തുക.!
ഒരു തൊഴിലിന്റെ ആന്തരികോർജത്തിന്റെ ശോഭ ഈ രീതിയിൽ കെടുത്താൻ പാകത്തിൽ ഏത് വിപരീതങ്ങളിലാണ് നിങ്ങളിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. തീർച്ചയായും ഈ ലോക്ക്ഡൗൺ കാലത്ത് നിങ്ങളുടെ വീട്ടു ജാലകങ്ങൾ തുറന്നിട്ടപ്പോൾ ഈ നാട്ടിലെ കുട്ടികളെല്ലാം അത്ഭുതപ്പെട്ടിട്ടുണ്ടാവും. നിങ്ങളുടെ വീടുകളിലെ ചിന്തകളും വികാരങ്ങളും ഈ നാടിനെ മലിനമാക്കിയതിൽ അവർ ജാള്യതയിലാഴ്ന്നിട്ടുണ്ടാവും. നിങ്ങൾ കാരണം അവരിൽ ചിലരിനി നിങ്ങൾ പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് വരില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാവും. ഒരു പക്ഷേ നിങ്ങളുടെ വീടുകൾ പുറത്തുവിട്ട ദുർഗന്ധത്തിൽ നിങ്ങളും നിങ്ങളുടെ സംഘടനകളും രമിച്ചേക്കാം. എന്നാൽ ഇത് അധ്യാപനചരിത്രത്തിന് എക്കാലവും ഓക്കാനമുണ്ടാക്കുന്ന അനുഭവമായിരിക്കും.
ഇക്കാലമത്രയായും എത്രയെത്ര കഥകൾ നിങ്ങൾ കുട്ടികളോട് പറഞ്ഞിട്ടുണ്ടാവും. 'ഒരാൾക്കെത്ര മണ്ണു വേണം' എന്ന ടോൾസ്റ്റോയ് ക്കഥയൊക്കെ കൂട്ടിനിരുത്തിയല്ലേ നിങ്ങൾ കുട്ടികളെ ഒപ്പമിരുത്തുന്നുണ്ടാകുക.! അതുകൊണ്ടുതന്നെ
ആറു ദിവസത്തെ ശമ്പളത്തിന്റെ ആർത്തിയൊക്കെ എന്നെങ്കിലുമൊരിക്കൽ ആറടിമണ്ണിൽത്തീരുമെന്ന് നിങ്ങളേക്കാൾ നന്നായറിയുന്നവർ വേറെയാരാണുണ്ടാവുക.
പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത്. അത്രയേറെ മരണങ്ങളല്ലേ ഇപ്പോൾ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും നിങ്ങൾമാത്രമിങ്ങനെ.!
വേല ചെയ്യുന്നവനാണ് കൂലി. അങ്ങനെ നോക്കിയാൽ ഈ കഴിഞ്ഞ മാസം വേലയില്ലാത്ത കൂലിയാണ് സർക്കാർ നമുക്കു തരുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ അൻപത് ശതമാനവും എഴുപത്തഞ്ച് ശതമാനവും ഈ ‘നോക്കുകൂലി’ വെട്ടിക്കുറച്ചപ്പോഴാണ്
സുഹൃത്തേ,
സമൂഹം ഇപ്പോഴും ഏറ്റവും ആദരവോടെ നോക്കിക്കാണുന്ന തൊഴിലിടത്തിലാണ് നമ്മളുള്ളതെന്ന് മറക്കരുത്. കാരണം മലയാളിക്ക് മാഷ് വെറുമൊരു മാഷല്ല.വഴികാട്ടിയാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നടത്തിയവർ. ആ വെളിച്ചത്തിന്റെ ചരിത്രത്തെയാണ് ഒരൊറ്റ ദിവസം കൊണ്ട് നിങ്ങൾ കെടുത്തിക്കളഞ്ഞത്. നാട്ടിലെ 'ഗുരു' സങ്കൽപ്പത്തിന് ഇപ്പോഴും വലിയ പരുക്കൊന്നുമേറ്റിട്ടില്ല. 'ഗുരു' എന്നാൽ ഇരുട്ടിനെ പുറം തള്ളുന്ന പ്രകാശമെന്നു കൂടിയാണർത്ഥം. നിങ്ങളിൽ നിന്നും ഈ സമൂഹം ആ പ്രകാശം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ ആ പ്രകാശം തെളിക്കേണ്ടത് ഇങ്ങനെയല്ലെന്നു മാത്രം. എല്ലാ തീയും പ്രകാശമല്ലെന്നോർക്കുക.ചില തീകൾ കൊല്ലാൻ വേണ്ടിയേ ഉപകാരപ്പെടൂ.!
മനുഷ്യത്വമോ ജീവിതോർജമോ സഹാനുഭൂതിയോ സ്നേഹത്തിന്റെ നീരൊഴുക്കോ ഇല്ലാത്തവരുടെ 'പ്രകാശം'!
നോക്കൂ; ഇപ്പോൾ നമ്മൾ അതിജീവിക്കുന്നതിനെപ്പോലും സർക്കാറിന്റെ കരുതലായേ എനിക്ക് കാണാൻ കഴിയൂ. ആ കരുതലിന്റെ വാതിലിനു മുന്നിലാണ് നിങ്ങളിപ്പോൾ തീയിട്ടത്.
ആ തീയുയർത്തിയ 'ദുരിത ചിന്ത'യിലേക്ക് സഹപ്രവർത്തകരേയും കൂടി ഉണർത്താനുള്ള നിങ്ങളുടെ ശ്രമം കണ്ടപ്പോൾ പഴയ ഒരു കഥയാണ് എനിക്കോർമ്മവന്നത്.നിങ്ങളിൽച്ചിലർ കേട്ടിട്ടുണ്ടാകുമത്. അതിങ്ങനെയാണ്.
ദുഷ്ടനും പിശുക്കനും പരോപകാരിയുമല്ലാത്ത ഒരാൾ തന്റെ നാട്ടിലെ നല്ലവനായ ഡോക്ടറോട് ഇങ്ങനെ ചോദിച്ചു.
'ഞാൻ ധാരാളം ഉറങ്ങാറുണ്ട്. ദീർഘനേരം ഉറങ്ങുന്നത് സത്യത്തിൽ ദോഷമാണോ.?
അപ്പോൾ ഡോക്ടർ പറഞ്ഞു.
'അല്ല. നിങ്ങളെപ്പോലെയുള്ള ഒരാൾ ഇരുപത്തിനാല് മണിക്കൂറും ഉറങ്ങുന്നത് കുറച്ചുകൂടി നല്ലതാണ്. ചീത്തയായ മനുഷ്യർ എക്കാലത്തേക്കും ഉറങ്ങുന്നതാണ് നല്ലത്. ഉണർന്നിരിക്കേണ്ടത് നൻമയാണ്. നല്ല മനുഷ്യരും'.
സംശയമില്ല.ഈ കഥയിലെ രോഗി ഈ അധ്യാപകർ തന്നെ. അതുകൊണ്ട് നിങ്ങളിനി ഒരിക്കലും ഉണരല്ലേ.പതിവുപോലെ നിങ്ങളുറങ്ങൂ.!
'വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' നിങ്ങളിലൂടെ കേരളം അത് കണ്ടുകഴിഞ്ഞു.!
സുഹൃത്തേ,
വേല ചെയ്യുന്നവനാണ് കൂലി. അങ്ങനെ നോക്കിയാൽ ഈ കഴിഞ്ഞ മാസം വേലയില്ലാത്ത കൂലിയാണ് സർക്കാർ നമുക്കു തരുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ അൻപത് ശതമാനവും എഴുപത്തഞ്ച് ശതമാനവും ഈ 'നോക്കുകൂലി' വെട്ടിക്കുറച്ചപ്പോഴാണ്
അതിൽ നിന്ന് നമ്മുടെ സർക്കാർ വെറും ആറു ദിവസത്തെ വേതനം ചോദിച്ചത്. ഒപ്പമുള്ളവരുടെ വേദനയോട് ചേർന്നു നിൽക്കാൻ. പക്ഷെ അധ്യാപകരിൽ ചിലർമാത്രം ഒപ്പമില്ല.!
ദുരിതകാലമൊന്നും അവസാനിച്ചിട്ടില്ല സുഹൃത്തേ. അതിനിയും എത്രയോ വരാനിരിക്കുന്നു. നിങ്ങളുടേത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമായിരിക്കാം. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമെന്നാൽ ശത്രുപക്ഷത്തിന്റെ രാഷ്ട്രീയമെന്നല്ല അർത്ഥം. ഇപ്പോൾ നിങ്ങൾ മൊത്തം ജനതയുടെ ശത്രുപക്ഷത്താണ് നിൽക്കുന്നത്.
എവിടെയും ദുരിതമുണ്ടാകുമ്പോഴാണ് മനുഷ്യന് മൂർത്തമായ രാഷ്ട്രീയമുണ്ടാകേണ്ടത്. അതെ;കരുണയുടെ രാഷ്ട്രീയം. ജീവിതമെന്നാൽ പരസ്പര സഹകരണം കൂടിയാണെന്ന് ഇനിയെങ്കിലുമോർക്കുക. അതുകൊണ്ടാണ് കൊല്ലത്തുള്ള ദരിദ്രയായ സുബൈദ ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്.അവർ മാത്രമല്ല അവരെപ്പോലെയുള്ള എത്രയോ പേർ. അതിൽ കുട്ടികളുണ്ട്, വയോജനങ്ങളുണ്ട്. ഭിന്നശേഷിക്കാരുണ്ട്. രോഗികളുണ്ട്. കൊടുക്കാൻ അവർക്കൊക്കെ ഒരു കാരണം മാത്രം. കൊടുക്കാതിരിക്കാൻ നിങ്ങൾക്കനേകവും.!
സുഹൃത്തേ,
അവസാനമായി ഒരു കാര്യം കൂടി.' kids don't remember what you try to teach them. They remember what you are'
എന്നു പറഞ്ഞത് പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമെല്ലാമായ ജിം ഹെൻസനാണ്. അത് എക്കാലവും ഓർമ്മയിലുണ്ടാവട്ടെ. പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കലല്ല അധ്യാപനം. ജീവിതം കൂടി പഠിപ്പിക്കലാണ്. അതെന്തായാലും ഈ ജീവിതമല്ല. ഒരധ്യാപകനിൽ നിന്ന് ഈ ലോകം പ്രതീക്ഷിക്കുന്നതും ഇതല്ല. ഇതിന് ചികിത്സ ആവശ്യമുണ്ട്. ആ ചികിത്സയിലൂടെ വിവേകത്തിന്റെ വൈറസ് നിങ്ങളിലേക്കും പടരട്ടെ. അതുണ്ടായില്ലെങ്കിൽ ഭാവിയിൽ മനുഷ്യത്വത്തിന് ഏറ്റവും കൂടുതൽ ആപത്തുണ്ടാകുക അധ്യാപകരിൽ നിന്നായിരിക്കും. സത്യത്തിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മുന്നിൽ അധ്യാപകൻ എന്ന നിലയിലുള്ള നിങ്ങളുടെ സമസ്ത ജീവിതത്തിന്റെയും അന്ത്യം സംഭവിച്ചു കഴിഞ്ഞു.സാരമില്ല.ഈ കോവിഡ് കാലത്ത് ആയിരക്കണക്കിന് മനുഷ്യർ ലോകത്താകെ മരിച്ചുവീണു കൊണ്ടിരിക്കുന്നുണ്ട്. അവരിൽ പലരും തങ്ങളുടെ ജീവിതം പോലും പരിഗണിക്കാതെ മറ്റുള്ളവർക്കു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരുമൊക്കെയാണ്. അവരെയൊന്നും എനിക്ക് പരിചയമില്ല. അവർക്കൊക്കെ സ്നേഹത്തോടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
ഒപ്പം; ജീവിച്ചിരിക്കെ മരിച്ചുപോയ നിങ്ങൾക്കും.!
ഹെർമ്മൻ ഹെസ്സെയുടെ സിദ്ധാർത്ഥയ്ക്കകത്ത് 'മരിച്ചവൻ മരിച്ചിട്ടില്ല' എന്നൊരു വാക്യമുണ്ട്. മരിച്ചവൻ മരിച്ചിട്ടില്ല എന്ന് പൊതുസമുഹവുമൊന്നോർത്തിരിക്കുന്നത് നല്ലതാണ്.
'പ്ലേഗ് താൽക്കാലികമായി ഒളിച്ചിരിക്കുകയാണ്. പ്ലേഗെവിടെയും പോയിട്ടില്ല.ജാഗ്രത്തായിരിക്കണം'എന്നുപറഞ്ഞു കൊണ്ടാണ് അൽബേർ കാമു 'പ്ലേഗ്' അവസാനിപ്പിക്കുന്നതെന്നാണ് ഓർമ.
ഹെർമൻ ഹെസ്സേയെയും അൽബേർ കാമുവിനെയും സ്മരിച്ചു കൊണ്ട് നിർത്തുന്നു. അവർ എവിടെയും പോയിട്ടില്ല. ഏത് നിമിഷവും തിരിച്ചു വന്നേക്കും.
അതുകൊണ്ട് അധ്യാപകരേ നമ്മളെല്ലാം കരുതിയിരിക്കുക. ഇവർ ഇനിയും വന്നേക്കാം. ഇവരെ ഇപ്പോൾത്തന്നെ ഒറ്റപ്പെടുത്തുക. കാരണം നമുക്ക് നഷ്ടപ്പെടാൻ നമ്മുടെ ചരിത്രവും ആത്മാഭിമാനവും മാത്രമേയുള്ളൂ. ജാഗ്രതയോടെ.
ഒരധ്യാപക സുഹൃത്ത്.