പൂർത്തിയാകാത്ത ഒരു കവിത പോലെ അനിൽ പാതിയിൽ നിന്നു

പൂർത്തിയാകാത്ത ഒരു കവിത പോലെ അനിൽ പാതിയിൽ നിന്നു
Published on

തിരുവന്തപുരം ലോ അക്കാദമി ലോ കോളേജിൽ ചേർന്ന് ആദ്യ വർഷത്തിൽ തന്നെ കവിത എഴുതിയും, കൂട്ടുകാർക്ക് വേണ്ടി ചൊല്ലിയും, കോളേജ് മാഗസിനിൽ എഴുതിയും ഒരു കാമ്പസ് കവിയായി സ്വയം മേനി നടിച്ചു നടക്കുന്ന സമയത്താണ് രണ്ടാം വർഷത്തിൽ, പ്രായം കൊണ്ട് മൂത്തതാണെങ്കിലും എന്റെ ജൂനിയറായി ഞങ്ങളുടെ കോളേജിലേക്ക് ജ്ഞാനത്തിന്റേയും തീർത്ഥാടനത്തിന്റേയും ആലയിയിൽ സ്ഫുടം ചെയ്തെടുക്കപ്പെട്ട ഒരു കവി ഇരുട്ടിൽ നിന്നെന്ന പോലെ അവതരിച്ചത്‌.

കാസറ്റ്‌ കവിതകളിലെ സ്ഥിരം ശബ്ദ സാന്നിധ്യമായ അനിൽ പനച്ചൂരാനെ പരിചയപ്പെടാൻ റെഗുലർ വിദ്യാർത്ഥികളായ ഞങ്ങൾ ക്ലാസ്സും കഴിഞ്ഞ് കാത്തിരുന്നത്‌ ഓർക്കുന്നു. ഖദർധാരികളും അല്ലാതെയുമുള്ള രാഷ്ട്രീയക്കാരും മോഡേൺ വസ്ത്രധാരികളും നിറഞ്ഞ ലോ അക്കാദമി വിദ്യാർത്ഥികൾക്കിടയിൽ താടിയും മുടിയും നീട്ടി വളർത്തി നീളൻ ജുബ്ബയും മുണ്ടുമണിഞ്ഞ് ബീഡിയും വലിച്ച് മുറുക്കിത്തുപ്പി എൽ എൽ ബി സായാഹ്‌ന ബാച്ചിൽ ആരെയും കൂസാത്ത ഭാവത്തോടെയിരിക്കുന്ന അനിൻ പനച്ചൂരാന്റെ വരവ്‌ കവി എ അയ്യപ്പന്റെയൊക്കെ തുടർച്ച പോലെ തോന്നിച്ചു. പരിചയപ്പെട്ട നിമിഷം പിന്നിട്ടതോടെ ഒരുപാട്‌ നാൾ മുമ്പെ പരിചയമുള്ളവരെ പോലെ നമ്മൾക്ക്‌ സംസാരിക്കാൻ കഴിഞ്ഞു. കമ്യൂണിസവും, സന്യാസവും കഴിഞ്ഞ്‌ സ്വന്തം കേസ് വാദിച്ച അനുഭവത്തിൽ കൂടുതലറിയാൻ നിയമം പഠിക്കാൻ എത്തിയതാണെന്ന് അനിൽ മറയില്ലാതെ പറഞ്ഞു. ക്യാമ്പസ്സിൽ അനാഥമായി കിടക്കുന്ന പൈപ്പിൻ കുഴലിനു മുകളിലിരുന്ന് ഞങ്ങൾക്കായി ചൊല്ലിയ അനാഥനിലെ വരികൾ അന്ന് പെയ്തിറങ്ങിയ നിലാവിൽ വല്ലാത്ത മാറ്റൊലികൾ സൃഷ്ടിച്ചു. തീ കൊണ്ട്‌ കോറിയിട്ട കവിതകളും സൗഹൃദവും മായാത്ത ഒരു കലയായി ഹൃദയത്തിൽ പതിഞ്ഞു. തെറിവാക്കുകൾ പറഞ്ഞു നഗരത്തിൽ അലയുന്ന ഭ്രാന്തിയെ കവിതയിലൊളിപ്പിച്ചു ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. ഉപാധികൾക്കധീതമായ വേറിട്ടൊരു സൗഹൃദത്തിന്റെ തുടക്കമാവുകയായിരുന്നു അതെല്ലാം. വിപ്ലവം കൊണ്ട്‌ ചോര തിളക്കുന്ന ഞരമ്പുകളിലേക്ക്‌ അനിലിന്റെ കവിതകൾ ഒരു ലഹരി പോലെ നുരഞ്ഞ്‌ കയറി. അതോടെ റെഗുലർ ബാച്ചിലേക്ക്‌ ഞങ്ങൾ അനിലിനെ ക്ഷണിച്ചു.

ഒരു നാൾ പകൽ വെളിച്ചത്തിൽ അനിൽ കോളേജിന്റെ പടികൾ കയറി വന്നു, നേരെ സീനിയേഴ്സായ ഞങ്ങളുടെ കൂട്ടത്തിലങ്ങ് ചേർന്നു. അനിലിന് ക്യാമ്പസിന്റെ സജീവത ഇഷ്ടമായി, സായാഹ്‌ന വിദ്യാർത്ഥിയാണെന്ന കാര്യം വിസ്മരിച്ച്‌ ‌ ഞങ്ങളുടെ കോളേജ് പകലുകൾ അനിൽ സജീവമാക്കി. പ്രണയകാലത്തിന്റെ കവിക്ക് ചുറ്റും കോളേജിലെ പെൺകുട്ടികൾ തടിച്ചു കൂടി, അവർക്കായി അനിൽ പ്രണയത്തിന്റെ തീയും മഞ്ഞും പകർന്നു. തന്റെ വശ്യമായ ശബ്ദത്തിൽ അനിൽ പ്രണയത്തെ കുറിച്ച്‌ പാടി...

"ഒരു കവിത കൂടി ഞാൻ എഴുതി വെയ്ക്കാം

എന്റെ ഹൃദയത്തിൽ നീ എത്തുമ്പോൾ ഓമനിക്കാൻ..."

"പാര്‍വതി... നീ പിറന്നതെന്‍ പ്രാണനില്‍

പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍..." ഭാഷയുടെ ക്രമവും സ്വരച്ചേർച്ചയും കൊണ്ട്‌ അനിൽ അനുവാചകരെ സൃഷ്ടിച്ചു.

ചെന്തീപ്പൂക്കൾ വിരിയുന്ന കാമ്പസിൽ തളിർത്ത് പൂത്ത് ഓരോ പെൺകുട്ടികളും ഹൃദയത്തിൽ ഈ കവിതകളെയും കവിയെയും ചേർത്ത് വെച്ചു.

വളരെ പെട്ടെന്ന് തന്നെ കവിതയിലൂടെ എല്ലാവർക്കും പ്രിയങ്കരനായ അനിലിന് സീനിയർ എന്നോ ജൂനിയർ എന്നോ വ്യത്യാസമില്ലാതെ എല്ലാ ക്ലാസ്സ് മുറികളും സ്വന്തമായിരുന്നു, എവിടെയും എപ്പൊഴും കയറി ചെല്ലാം, ക്ലാസ് മുറികളിലും ക്രിക്കറ്റ് ഗ്രൗണ്ടിലും പൈപ്പിൻ കുഴലിലിരുന്നും അനിൽ ഞങ്ങൾക്കായി കവിതകൾ പാടിക്കൊണ്ടിരുന്നു. അവന്റേ ദൃഢവും ഗംഭീരവുമായ കവിതകൾ ഞങ്ങളെ ആരാധകരാക്കി.

''വലയില്‍ വീണ കിളികളാണ് നാം

ചിറകൊടിഞ്ഞൊരിണകളാണ് നാം

വഴിവിളക്ക്‌ കണ്ണു ചിമ്മുമീ

വഴിയിലെന്ത് നമ്മള്‍ പാടണം..."

വിൽക്കുവാൻ വെച്ച പറവ കളിലൊന്നിനെ വേടൻ വിറ്റിടുമ്പോൾ ആ വേദന നമ്മളിൽ കൂടി പകർന്ന് മനസിനെ വിങ്ങി നോവിപ്പിക്കുന്ന കവിത, ഞങ്ങളതേറ്റുപാടി.

ഞങ്ങളുടെ ഉള്ളിലെ വിപ്ലവ വീര്യത്തെ ഉണർത്താൻ ഒന്നാന്തരം കമ്യൂണസം നിറഞ്ഞ കവിത അനിൽ ചൊല്ലി.

"ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം

ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ

നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ

ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ...''

തിരുവന്തപുരത്തെ വാടക വീട്ടിൽ വന്ന് മൂർച്ചയുള്ള ആ ശബ്ദത്തിൽ അനിൽ ഞങ്ങൾക്കായി പാടി, പല ദിവസങ്ങളിലും അവിടെ തന്നെ അന്തിയുറങ്ങി.

'എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍

ഓണപ്പുടവയ്ക്ക് തീ പിടിച്ചു

വാടക വീടിന്റെ വാതില് വിറ്റു ഞാന്‍

വാടകയെല്ലാം കൊടുത്തുതീര്‍ത്തു...'

പഠന സമയത്ത് താനെഴുതുന്ന കവിതകൾ വശ്യമായ രീതിയിൽ ചൊല്ലുമായിരുന്നത് കൊണ്ട് 'ചൊൽക്കാഴ്ചയുടെ കവി' എന്ന വിശേഷണം ആദ്യമേ കിട്ടി

ഈ കലാകാരന്... പ്രണയത്തെ വളരെ തൃഷ്ണയോടെ എഴുതി ചൊല്ലി ത്രസിപ്പിച്ച അനിൽ പ്രണയത്തിന്റെ കവി കൂടിയായിരുന്നു.

ഈ വലിയ കവിക്ക് മുന്നിൽ നിന്നും എന്റെ കവിതകളെ ഞാൻ മറച്ചു പിടിച്ചു, മറച്ചു പിടിച്ചിരുന്ന എന്റെ കവിതകളെ തേടി പിടിച്ച് അനിൽ നേർവഴിയിലേക്ക് നയിക്കാൻ ശ്രമിച്ചു, ആ വലിയ കവിക്ക് മുന്നിൽ എന്റെ കവിതകളെയും കവിത എഴുതിയിരുന്ന കാര്യവും ഞാൻ തന്നെ മറന്നു. നഗരത്തിലെ മറ്റു കോളേജുകളിൽ ആർട്സ് ക്ലബ് ഉദ്ഘാടകനായും യൂണിയൻ ഉദ്ഘാടകനായും ആയി അനിൽ പോയി, പലപ്പോഴും ഞാനും അനുഗമിച്ചു.

2000 ൽ നിയമ പഠനവും കഴിഞ്ഞ്‌ ഞാൻ ലാൽ ജോസ് സാറിന്റെ മീശമാധവൻ എന്ന സിനിമയിൽ അസിസ്റ്റന്റും ചാന്തുപൊട്ടിൽ അസ്സോസിയേറ്റും ആയി കഴിഞ്ഞ് 2006 ൽ ക്ലാസ്മേറ്റ്സിന്റെ വിജയാഘോഷങ്ങൾക്കിടയിൽ ലാൽജോസ് സാർ പറഞ്ഞു, നമ്മുടെ അടുത്ത് വരാനിരിക്കുന്ന അറബിക്കഥ എന്ന സിനിമയിൽ അനിൽ പനച്ചൂരാൻ എന്ന കവിയാണ് പാട്ടെഴുതുന്നത്, തിരക്കഥാകൃത്ത് സിന്ധുരാജാണ് അനിലിനെ സാറിനെ പരിചയപ്പെടുത്തി കൊടുത്തത്. ഞാൻ പറഞ്ഞു അനിലിനെ എനിക്കറിയാം, എന്റെ കോളേജ്മേറ്റാണ്, അനിൽ വന്നു പാട്ടുകൾ എഴുതി, കവിതകൾ ഈണത്തിൽ ചൊല്ലി. കോളേജ് സമയത്ത് ഞങ്ങൾക്ക് മുന്നിൽ ചൊല്ലിയ കവിതകൾ ചില തിരുത്തലുകളോടെ ബിജിബാൽ തിട്ടപ്പെടുത്തി.

തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ ഇഴചേർത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു പരിച്ഛേദം തന്നെ വരഞ്ഞു വെയ്ക്കുന്ന “ചോര വീണ മണ്ണില്‍‌നിന്നുയര്‍ന്നുവന്ന പൂമരം..” പാട്ട് കേട്ട് കേരള യുവത ആവേശം കൊണ്ടു, അറബിക്കഥയിലെ ഈ ഗാന രംഗത്ത് അഭിനയിച്ചതും അനിലാണ്‌. ലൊക്കേഷനിൽ വെച്ചും ഞങ്ങളുടെ സൗഹൃദം വീണ്ടും തളിരിട്ടു, ഇടക്ക് വഴക്കിടും, പിണങ്ങും. പിണങ്ങിയിരിക്കുമ്പോൾ അനിൽ പറയും 'എന്നെ നിനക്കറിയില്ലേ, എനിക്ക് നിന്നോട് എന്തും പറയാനുള്ള അവകാശമില്ലേ, നീ എന്നെ അങ്ങിനെയാണോടാ മനസ്സിലാക്കിയിട്ടുള്ളത്' വീണ്ടും ഇണങ്ങും... പിന്നെയും പിണങ്ങും... എല്ലാ കവികളിലുമെന്ന പോലെ ഒരു കുട്ടിയുടെ കലഹം അനിലിലും ഉണ്ടായിരുന്നു...

അറബിക്കഥ'യിലെ തന്നെ

"തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി..'' എന്ന ഗൃഹാതുരത്വമുണർത്തുന്ന പാട്ട് കേട്ട് പത്ത് വർഷം മുൻപ് എത്രയോ പ്രവാസി മലയാളികൾ, ജോലിയും കളഞ്ഞ് നാട്ടിൽ വന്നിട്ടുണ്ട് !!

ആദ്യമായി എഴുതിയ സിനിമയിലെ ഗാനങ്ങളിലൂടെ അനിൽ

അതിപ്രശസ്തനായി തിരക്കുള്ള ഗാന രചയിതാവായിത്തീർന്നു.

അറബിക്കഥ കഴിഞ്ഞതോടെ മഷി പുരളാതിരുന്ന അനിലിന്റെ കവിതകൾ അക്ഷരങ്ങളുടെ അച്ചിൽ നിരത്തപ്പെട്ടു. പ്രസിദ്ധനായ കവിയുടെ കവിതകൾ തേടിപ്പിടിച്ച് എഡിറ്റർമാർ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാൻ മത്സരിച്ചു. ഒരിക്കൽ തിരസ്കരിച്ചിരുന്നവരുടെ മേൽ കവി കാലം കൊണ്ട്‌ പക തീർക്കുകയായിരുന്നോ..!?

തുടർന്ന് “കഥ പറയുമ്പോൾ“ എന്ന ചിത്രത്തിലെ “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ..” എന്ന ഗാനത്തോടെ മലയാള ഗാനശാഖയുടെ നോട്ടപ്പുള്ളിയായി അനിൽ പനച്ചൂരാൻ. 'രോമാശയങ്ങൾ', 'മീശ പ്രകാശൻ' എന്നീ പ്രയോഗങ്ങൾ ഏറെ നിരൂപക പ്രശംസ നേടുകയുമുണ്ടായി.. പിന്നീട് കൈ നിറയെ ചിത്രങ്ങൾ, എല്ലാ പാട്ടുകളും ഹിറ്റ്... തിരക്കിനിടയിലും ഇടക്കൊക്കെ കാണും, വല്ലപ്പോഴും വിളിക്കും.

പൂർത്തിയാകാത്ത ഒരു കവിത പോലെ അനിൽ പാതിയിൽ നിന്നു
വീണ്ടും ഒരു പനച്ചൂരാൻ പാട്ട് ആലോചനയിൽ ഉണ്ടായിരുന്നു

2016 ൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയിൽ നോൺ ഫിക്ഷൻ വിഭാഗത്തിന്റെ ചെയർമാനായി അനിലും ഫിക്ഷൻ വിഭാഗത്തിൽ ഞാനും അംഗമായിരുന്നു. അന്നൊരുപാട് സംസാരിച്ചു. അവാർഡ് വിതരണ രാത്രിയിൽ അനിൽ സിനിമയിൽ എടുത്ത ഇടവേളകളെ പറ്റി സംസാരിച്ചപ്പോൾ വളരെ ഇമോഷണലായി പറഞ്ഞു, 'ഞാൻ സിനിമയിലുണ്ടോടാ, എന്നെയൊക്കെ മലയാള സിനിമ ഓർക്കുമോ?', കൈകൾ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു 'നീ എഴുതി വെച്ചിരിക്കുന്ന വരികൾ മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർക്കും, അതെഴുതിയ നിന്നെയും മലയാള സിനിമ മറക്കില്ല...'

അടുത്ത വർഷം തന്നെ ലാൽ ജോസ് സാറിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയി' ലോക പ്രശസ്തിയിലേക്കുയർന്ന ഈ ഗാനത്തിലൂടെ അനിൽ ഉഗ്രൻ തിരിച്ചു വരവ് നടത്തി. പ്രതിഭ കൊണ്ട്‌ വീണ്ടും വീണ്ടും അവൻ എല്ലാ മതിലുകളും തകർത്ത്‌ കൊണ്ടിരുന്നു...

എന്നിട്ട്‌..! പൂർത്തിയാകാത്ത ഒരു കവിത പോലെ അനിൽ പാതിയിൽ നിന്നു. ആ വേർപാടിന്റെ വേദനയിൽ നിന്ന് മോചനം നേടാൻ ഇനിയും ഒരുപാട് നാളുകൾ എടുത്തേക്കാം... അവസാനമായി ഒരു നോക്ക് കാണാൻ പോലും ഈ കെട്ടകാലം സമ്മതിച്ചില്ലല്ലോ... ഒരു കണക്കിന് നിന്റെ ചേതനയറ്റ ശരീരം കാണാതിരുന്നത് നന്നായി, ഒരു ശബ്ദമായി നീ ഞങ്ങൾക്കിടയിൽ ഉണ്ട് എന്ന് ആശ്വസിക്കാമല്ലോ. തിരികെ നീ വരുമെന്ന വാർത്തക്കായി ഞങ്ങൾക്കെല്ലാം ആശിക്കാനല്ലേ കഴിയൂ. അനശ്വരതയിലേക്ക് പറന്നകന്ന, വലയിൽ വീണ കിളികളുടെ നോവ്‌ പാടിയ കവിക്ക്‌ മുന്നിൽ ഒരു വിശുദ്ധ ദേവാലയത്തിനു മുന്നിലെന്ന പോലെ ഞാൻ നിൽക്കുന്നു...

Related Stories

No stories found.
logo
The Cue
www.thecue.in