കൊറോണാ കാലത്തെ രാമനവമി മേള മാറ്റിവച്ചില്ലെങ്കില്‍ ഉത്തരേന്ത്യയെ മുഴുവന്‍ ബാധിക്കുന്ന മറ്റൊരു മഹാദുരന്തമാകും
ഇത് എഴുതുന്ന നിമിഷം വരെ അയോധ്യയിലെ രാമനവമി മേള മാറ്റിവെച്ചിട്ടില്ല. മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെയാണ് സുപ്രസിദ്ധമായ രാമനവമി മേള. മാർച്ച് 25 ലെ ശുഭമുഹൂർത്തത്തിൽ തന്നെ രാമവിഗ്രഹം പ്രതിഷ്‌ഠിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് ആദ്യത്തെ ആരതി ഉഴിയുമെന്നും മഹന്ത് പരമഹംസ്
പറഞ്ഞുകഴിഞ്ഞു. രാമൻ സ്വതന്ത്രനായ ശേഷം വരുന്ന ആദ്യത്തെ രാമനവമി ആയതുകൊണ്ട് തന്നെ ഭക്തജനങ്ങൾ ആവേശത്തിലാണ്. ലക്ഷക്കണക്കിന് രാമഭക്തർ അയോദ്ധ്യയിൽ എത്താം. രാംലല്ല അവർക്കു വെറും ദൈവമല്ല, രാഷ്ട്രീയവൽക്കരിക്കപ്പെട്ട വികാരം കൂടിയാണ്. അയോദ്ധ്യ രാമന് സ്വന്തമായി കിട്ടിയ ആദ്യത്തെ രാമനവമി. ആവേശം അണപൊട്ടിയൊഴുകുമെന്നു ഉറപ്പാണ്.
പക്ഷെ, ജില്ലാ മെഡിക്കൽ ഓഫീസറുടെ കടുത്ത എതിർപ്പിനെ മറികടന്നും എടുത്ത ഈ തീരുമാനം മാറ്റിയില്ലെങ്കിൽ അത് വരും നാളുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമാകും. കാരണം, ഇന്ത്യയിലെ ഏറ്റവും മോശമായ പൊതുജനാരോഗ്യസംവിധാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് യുപി. ആദിത്യ നാഥിന്റെ ജില്ലയായ ഗോരഖ്പുരിലെ മെഡിക്കൽ കോളേജിൽ ഓക്സിജൻ സപ്ലൈ മുടങ്ങിയത് മൂലം 70 കുഞ്ഞുങ്ങൾ മരിച്ചത് രണ്ടു വര്ഷം മുൻപാണ്. ടോർച്ചു ലൈറ്റിന്റെ വെളിച്ചത്തിൽ 32 തിമിര ശസ്ത്രക്രിയ നടത്തിയതും ഇതേ യുപിയിലെ നവാബ്ഗഞ്ചിൽ ആണ്. അത്ര ലാഘവത്തോടെയാണ് ആരോഗ്യരംഗത്തെ യുപി സർക്കാർ സമീപിക്കുന്നത്. 19,000 മനുഷ്യർക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിലാണ് യുപിയിലെ പ്രാഥമിക ആരോഗ്യത്തിന്റെ നേർചിത്രം. മിക്കവാറും ആശുപത്രികളിൽ ഡോക്ടർമാരില്ല. ഹെൽത്ത് സെന്ററുകളിൽ മിക്കപ്പോഴും നേഴ്സ് ആണ് ചികിൽസിക്കുന്നത്. പത്തു മുതൽ 12 മണിക്കൂർ വരെ പവർകട്ട് ഉള്ള ഗ്രാമങ്ങൾ. പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കാൻ പോയിട്ട് ഹെൽത്ത് സെന്ററിൽ പോകാൻ വണ്ടികൂലി പോലും കൊടുക്കാൻ ഇല്ലാതെ യുനാനിയിലും, ഹോമിയോയിലും അഭയം തേടുന്ന സാധു മനുഷ്യർ! ഇവർക്കിടയിലേക്കു കൊറോണ പോലെയുള്ള ഒരു മഹാമാരി പടരുന്ന അവസ്ഥ ആലോചിച്ചു നോക്കുക.അതുമതിയാകും ഇന്ത്യയെ എല്ലാ അർത്ഥത്തിലും തകർത്തെറിയാൻ..ഒപ്പം ഗോമൂത്രത്തിലും ചാണകത്തിലും വാക്സിൻ തേടുന്ന മുഖ്യമന്ത്രിയും, നേതാക്കളും! കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങൾ ആണ് യുപിയിലും
രാജസ്ഥാനിലും, ഗുജറാത്തിലും ഉള്ള ആശുപത്രികളിൽ മരണപ്പെട്ടത്. സാധാരണ സാഹചര്യത്തിൽ ഇതാണ് അവസ്ഥയെങ്കിൽ എന്തായിരിക്കും ഒരു അടിയന്തിര സാഹചര്യത്തിന്റെ ബാക്കിപത്രം?
അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാമന്റെ പേരില്‍ നടക്കുന്ന, ഉത്തരേന്ത്യയെ മുഴുവന്‍ ബാധിക്കുന്ന മറ്റൊരു മഹാദുരന്തമാകും അത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, സാമൂഹ്യ ജീവികളും ഒത്തൊരുമിച്ചു നിന്ന് ചെറുക്കേണ്ട നീക്കമാണ് കൊറോണാ കാലത്തെ രാമനവമി മേള.
കേരളം പോലെ സഹജമായ സാമൂഹ്യബോധമുള്ള, ഏറ്റവും മികച്ച ആരോഗ്യസംവിധാനമുള്ള, ആർജ്ജവമുള്ള, മിടുക്കരായ, നേതാക്കൾ ഉള്ള സംസ്ഥാനത്തു പോലും ഈ സാഹചര്യം പരിഭ്രാന്തി പടർത്തുമ്പോൾ യുപിയും, ബീഹാറും രാജസ്ഥാനുമൊക്കെ എങ്ങനെയാണ് സാമൂഹ്യ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് ? തൊഴിലാളികൾ തിങ്ങിപാർക്കുന്ന ചേരികളിൽ ഒരു തരത്തിലുള്ള നിയന്ത്രണവും പ്രായോഗികമല്ല. റേഷനരിയും ഗോതമ്പും പോലും മാസങ്ങളായി കിട്ടാത്ത, ദാരിദ്ര്യം കാരണം മഹാരോഗങ്ങൾക്കു പോലും ചികിത്സ തേടാത്ത, മലിനമല്ലാത്ത കുടിവെള്ളം തേടി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്ന, ജനിച്ച ജാതി കാരണം പൊതു കിണറ്റിൽ നിന്നും വെള്ളം കോരാൻ അവകാശമില്ലാത്ത, മനുഷ്യനോടാണോ നമ്മൾ സാനിറ്റൈസറും മാസ്കും വാങ്ങി ഉപയോഗിക്കാൻ പറയേണ്ടത്? പത്തും, ഇരുപതും പേര് താമസിക്കുന്ന ഒറ്റ മുറി വീടുകളിൽ എന്ത് സാമൂഹ്യനിയന്ത്രണം പ്രായോഗികമാകും? എവിടെയാണ് രോഗബാധിതരെ പാർപ്പിക്കുക?
അതുകൊണ്ട്, അടിയന്തിരമായി കേന്ദ്രസർക്കാർ ഇടപെട്ടില്ലെങ്കിൽ രാമന്റെ പേരിൽ നടക്കുന്ന, ഉത്തരേന്ത്യയെ മുഴുവൻ ബാധിക്കുന്ന മറ്റൊരു മഹാദുരന്തമാകും അത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം എല്ലാ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ ജീവികളും ഒത്തൊരുമിച്ചു നിന്ന് ചെറുക്കേണ്ട നീക്കമാണ് കൊറോണാ കാലത്തെ രാമനവമി മേള.
NB: ഇന്നലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മത ചടങ്ങുകൾ അനുവദനീയമല്ല എന്ന് പറയുന്നുണ്ട്. എങ്കിലും ഇതുവരെ രാമനവമിമേള റദ്ദാക്കിയ അറിയിപ്പ് വന്നിട്ടില്ല.