വൈകാരികാനുഭൂതി വിൽക്കാൻ വെച്ച തെരുവാണ് മലയാളത്തിലെ പല ചലച്ചിത്ര ഗാനങ്ങളും !
അതിൻ്റെ ഒരു ഉടയോനെയും ഇന്ന് മഹാമാരി കൊണ്ടുപോയി. മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ കുടിയേറിയതിൻ്റെ ഒരു പ്രധാന കാരണം അതിലെ പാട്ടുകളായിരുന്നു. പാട്ടുകൾക്ക് ഇന്നില്ലാത്തത്ര പ്രാധാന്യം അന്ന് സിനിമകൾ നൽകിയിരുന്നു എന്നും പറയാം. പ്രണയം മാത്രമല്ല സിനിമയിൽ ജീവിതം ആവിഷ്കരിക്കുമ്പോൾ കഥാപാത്രങ്ങളുടെ വൈകാരികമായ പല വിധ വിചാരാനുഭൂതികളും ആവിഷ്കരിക്കാൻ സിനിമ അന്ന് പാട്ടിനെ അവലംബിക്കുകയും ചലച്ചിത്ര ഗാനശാഖ ഏറ്റവും ജനപ്രിയമായ ഒന്നായി വികസിക്കുകയും ചെയ്തു. പല സിനിമകളും പാട്ടുകളുടെ പേരിൽ മാത്രം തിരിച്ചറിയപ്പെടുകയും പാട്ട് കേൾക്കാൻ വേണ്ടി മാത്രം സിനിമ കാണുന്നവർ തിയറ്ററിൽ കയറുന്ന അവസ്ഥ പോലും ഉണ്ടായി. പടം പൊളിയായാലും ആ പാട്ട് സീൻ കാണാനും കേൾക്കാനും കയറാം എന്ന് സിനിമയെപ്പറ്റി അഭിപ്രായം പറയുന്നവർ വരെ ഉണ്ടായിരുന്നു. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ, അത് വിഷാദമായാലും ആഹ്ളാദമായാലും പ്രണയമായാലും പ്രേമ കാമനകൾ ആയാലും വിരഹമായാലും സിനിമ സിറ്റുവേഷനിൽ നിന്ന് പാട്ടിലേക്ക് തുടർച്ചയിട്ടു. പൂവച്ചൽ ഖാദറിൻ്റെതായി അനുഭൂതിയും പ്രണയ കാമനകളും വിഷാദവും ഉള്ളിലെ മഴക്കാറും വേനലും മഞ്ഞും മഴയും നിറഞ്ഞ പാട്ടുകൾ കുറെയെണ്ണമുണ്ട്. വിചാര ലോകത്തെ ഋതുഭേദങ്ങൾ നിറച്ചാർത്തുകളായി വെള്ളിത്തിരയിൽ നിറസന്ധ്യകളിലും വൈകുന്നേരങ്ങളിലും സമാന്തര ജീവിതം തീർത്ത അപര ജീവിത ലോകങ്ങൾ! തൊണ്ണൂറുകളില കാമുകർ ക്യാമ്പസിൻ്റെയും മറ്റ് ഇടങ്ങളുടെയും നെഞ്ചിലിരുന്ന് പാടിയവയായിരുന്നു അവയിൽ പലതും.
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തിരുന്ന, അനുരാഗിണികളുടെ ചുണ്ടും ചങ്കും മന്ത്രിച്ചവ.
ഈ പാട്ടിലെ നേരിയ മഞ്ഞിൻ്റെ ചുംബനം കൊണ്ടൊരു പൂവിൻ കവിൾ തുടുത്തു .. എന്ന വരികൾ നോക്കു .എന്ത് മനോഹരമാണ് ആ കല്പന ! മഞ്ഞ് പൂവിനെ ഉമ്മ വെച്ച് തുടുപ്പിച്ച പോലെ കാമുകിയുടെ പിൻകഴുത്തിലെ വെള്ളി രോമങ്ങളിൽ പതിയെ ഉമ്മ വെച്ച് തുടുപ്പിക്കാൻ കാമുകൻമാരെ പ്രേമം അഭ്യസിപ്പിച്ചു കാണും ഈ പാട്ട്!
എൻ്റെ ജൻമം നീയെടുത്തു നിൻ്റെ ജൻമം ഞാനെടുത്തു എന്നൊരു പാട്ടുണ്ട് ഖാദർ
ഇതാ ഒരു ധിക്കാരിയിൽ എഴുതിയത്. ആ സിനിമ ആരും ഇപ്പോൾ ഓർമിക്കുന്നുണ്ടാവില്ല. പാട്ട് പക്ഷെ മറക്കുമോ ? പ്രേമിച്ച് പ്രേമിച്ച് കളിയും ചിരിയും നിറച്ച് തൊട്ടിലാടി കളിക്കുകയല്ലേ പാട്ട് ! ഇന്നും !
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ
നീയെനിക്കു മോളായി
നീയെനിക്കു മോനായി
നിൻ കവിളിൽ നിൻ ചൊടിയിൽ
ചുംബനങ്ങൾ ഞാൻ നിറയ്ക്കും
നിൻ ചിരിയും നിൻ കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കണ്ടു കൊണ്ട് ഞാനിരിക്കും
സെറീന വഹാബിൻ്റെ പാളങ്ങളിലെ ഉഷയെ ഓർമയുണ്ടോ?
ഏതോ ജൻമ കല്പപടവിൽ എന്നും നീ വന്നു ,,,
ഒരു നിമിഷം വീണ്ടും നമ്മളൊന്നായ് .,, '
എന്ന് ആരെയോ ഓർത്ത് താൻ തീർത്ത സ്വയം തടവിൽ അലയുന്ന ഭരതൻ സിനിമയിലെ ആ പെൺകുട്ടിയെ ? ആ പാട്ടില്ലെങ്കിൽ ഉഷ ഇത്രക്ക് സുന്ദരിയായി തോന്നിപ്പിക്കുമായിരുന്നോ? അവളുടെ ഹൃദയം ഇത്രക്ക് നമ്മുടെ ഹൃദയത്തിൽ കിഴിഞ്ഞിറങ്ങുമായിരുന്നോ? ഉഷയുടെ ഉള്ളിലെ വിഷാദം കത്തുന്ന വേദനയിൽ ഇറങ്ങി നടന്നു. വിഷാദത്തിന് പോലും സങ്കടം വന്നു.
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
നിർത്താതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ
മാനം പോലെയാണ് മാനവ ഹൃദയം അതിൽ ഋതുഭേദങ്ങൾ വന്ന് വീഴുന്ന പോലെ നിഴലും വെളിച്ചവും മാറി മാറി വീഴാം. മുറിയാം ആനന്ദം വരാം.ഉൻമാദത്തിൻ്റെ സന്ധ്യയും പകൽ വെട്ടവും നിറയാം.
ആരാത്രി എന്ന സിനിമയിൽ ഇളയരാജ ഈണമിട്ട പൂവച്ചലിൻ്റെ പാട്ടിൽ ഹൃദയം തെളിഞ് നീലാകാശം നക്ഷത്രങ്ങൾ കൊണ്ട് വിതറുന്നു.
ഈ നീലിമതൻ ചാരുതയിൽ നീന്തി വരൂ
തൂമഞ്ഞുതിരും മേഖലയിൽ പാറി വരൂ
കുളിരോളങ്ങൾ വീശുന്നോരോരങ്ങൾ തീരങ്ങൾ
പൂ കൊണ്ടു മൂടുമ്പോൾ എൻമോഹം പോലേ
മനുഷ്യ ഹൃദയം തെളിഞ്ഞ് വാനം പോലെ പ്രകാശം പരന്നും ഇടക്ക് മഞ്ഞുറഞ്ഞും കാറ് മൂടിയും ഉറവയെടുത്ത പാട്ടുകൾ ..
വരും ജൻമങ്ങളിലും
തമ്മിൽ തമ്മിൽ കണ്ണിണയാൽ
കണ്മഷി തേയ്ക്കും ഇണക്കിളി പോൽ
ആകാശ ചോട്ടിൽ കൂടു വയ്ക്കാൻ
ആശകൾ പോലെ പൂത്തിരിക്കാൻ
വരുമിനി ജന്മങ്ങൾ തോറും നിൻ കൂടെ ഞാൻ
തരും മണം ചൂടുന്ന വർണ്ണങ്ങൾ അന്നുമുണ്ടാവും എന്ന് പ്രണയികൾ പരസ്പരം വാഗ്ദത്ത ഭൂമിയിൽ കൈ കോർത്ത അനുഭൂതി ജീവിതം.!
ആണും പെണ്ണും പ്രേമ പരവശരായി ആദ്യം ഇണചേരുന്നത് പൂവച്ചൽ പാട്ടിലെഴുതുന്നത് കേൾക്കു. ആ സ്വർഗ്ഗീയ സമാനാനുഭൂതി ആവിഷ്കരിക്കുന്നത് കേൾക്കു.
ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍
സാഗരമുമ്മവെയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമസംഗീതമായ് നിന്റെ
മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദനര്‍ത്തനമാടും നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു
കണ്ണടച്ച പ്രേമമല്ലെ ! ശേഷക്രിയകളിൽ സ്വർലോകം സ്വന്തമാക്കുക തന്നെ! മറ്റെന്താണത് ?
പ്രണയം പഠിപ്പിച്ച മഹാകലാകാരർ മരിക്കില്ല , അവർ മനുഷ്യരാൽ സഹൃദയരാൽ ഓർമിക്കപ്പെടുന്നില്ലെങ്കിൽ മറ്റാര്?
തകര എന്ന സിനിമയിലെ സുഭാഷിണിയെ ഓർമയുണ്ടോ? അവളെ പോലെ കരുത്തേറിയ ഒരു പെണ്ണ് മലയാള സിനിമയിൽ അതിനു മുമ്പും പിമ്പും അധികമുണ്ടായിട്ടില്ല. അവൾ തകരക്ക് നൽകിയ രത്യോൻമാദത്തോളം തീവ്രമായ രതി പെണ്ണുങ്ങൾ അധികം ആണുങ്ങൾക്ക് അധികം നൽകിയിട്ടുമുണ്ടാവില്ല. സുഭാഷിണിയുടെ ഉടലാനന്ദം നഷ്ടപ്പെട്ടപ്പോഴാണ്, അതിനു വേണ്ടിയാണ് തകര മൃത്യു തെരഞ്ഞെടുത്തത് എന്നും പറയാം. സുഭാഷിണിയുടെ ആഴമേറിയ മൗനത്തെ പൂവച്ചൽ ഖാദർ ഇങ്ങിനെ ആവിഷ്കരിച്ചു.
മൌനമേ നിറയും മൌനമേ
ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ
കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും
കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
ഉരുകും വേനലിൽ മോഹദലങ്ങൾ
എരിഞ്ഞടങ്ങുകയായീ
1985 ൽ വന്ന നിറക്കൂട്ട് ഈയിടെ നമ്മെ വിട്ടു പോയ ഡെന്നീസ് ജോസഫിൻ്റെ ആദ്യ സൂപ്പർ ഹിറ്റ് ആയിരുന്നു. അതിൽ പൂവച്ചലിൻ്റെ ഗാനമുണ്ട്. അന്ന് നാട്ടിൻ പുറങ്ങളിലും മറ്റ് മൈക്ക് പ്രോഗ്രാമുകളിലും സിനിമാളുകളിൽ ഷോ തുടങ്ങുന്നതിനു മുമ്പും കേട്ട് നിർവൃതി അടഞ്ഞ ഇന്നും ഭൂതകാലത്തിൻ്റെ തീരത്ത് നിന്ന് എവിടെയോ ഇക്കോ ആയി മുഴങ്ങുന്ന പാട്ട്.
പൂമാനമേ ഒരു രാഗമേഘം താ...
കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
വീണയായ് മണിവീണയായ്...
വീചിയായ് കുളിർവാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
ഒരു പക്ഷെ, പൂവച്ചൽ ഖാദർ എഴുതിയ പാട്ടുകളിൽ പഴയ കാല്പനികരെ ഇപ്പോഴും മൂളിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പാട്ട് ജോൺസൺ മാഷ് കല്യാണി രാഗത്തിൽ ഈണമിട്ട ഒരു കുടക്കീഴിൽ എന്ന സിനിമയിലേതായിരിക്കും. പ്രണയത്തിൻ്റെ രണ്ടാം യാമത്തിലേക്ക് കാമുകിയെ വിളിച്ച് പോവുന്നതിന് മുമ്പ് ഹൃദയന്തിൽ പൊതിഞ്ഞ അനുരാഗം മുഴുവൻ രാഗമാലയായി കാമുകൻ നൽകുന്ന പാട്ട്. കാമുകനാവട്ടെ നിത്യഹരിത വിഷാദ സുന്ദരൻ വേണു നാഗവള്ളിയും .
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ..
കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ!
പൂവച്ചൽ ഖാദർ ൻ്റെ നെഞ്ചിൽ മൂവന്തി കാമുകിയായി ഉറഞ്ഞ് ഗാനമായി ഉയിർത്തത് നോക്കു.
ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു
മകരമാസക്കുളിരില്‍
അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു
വരികില്ലേ നീ.....
അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ
അലര്‍ വിടര്‍ന്ന മടിയില്‍
അവളുടെ അഴിഞ്ഞ വാര്‍മുടി ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍ രാവില്‍ കിളുര്‍ത്തു നില്‍ക്കുന്നു
കേള്‍ക്കില്ലേ നീ.....
കരയുടെ നെഞ്ചില്‍ പടരും തിരയുടെ ഗാനം കേള്‍ക്കില്ലേ..