ഇടത് നയമല്ല നടപ്പാക്കുന്നതെന്ന് പിണറായിയോട് ആര് പറയും? 

ഇടത് നയമല്ല നടപ്പാക്കുന്നതെന്ന് പിണറായിയോട് ആര് പറയും? 

Published on

പിണറായി വിജയന്‍ എന്ന ഭരണാധികാരിക്ക് എന്ത് പറ്റി എന്നാണ് ഞാന്‍ ആലോചിക്കുന്നത്. അദ്ദേഹത്തിന് കീഴിലുള്ള പോലീസ് ഒരാളെ പിടികൂടി ലോക്കപ്പില്‍ ദിവസങ്ങളോളം മര്‍ദ്ദിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് ഈ സംസ്ഥാനം. അത് അദ്ദേഹം കരുതുന്നതുപോലെ വിധിയുടെ വിളയാട്ടമല്ല; ക്രിമിനലുകളായ പൊലീസുകാരെ നിയന്ത്രിക്കുന്നതുല്‍ അദ്ദേഹത്തിന് വന്ന പിഴവാണ്. അതില്‍ എന്തെങ്കിലുമൊരു നടപടി വരുന്നുണ്ടോയെന്നാണ് മനുഷ്യര്‍ ഉറ്റുനോക്കുന്നത്. അതിലെന്താണ് മുഖ്യമന്ത്രി പറയുന്നത് എന്നാണ് ഇപ്പോള്‍ കാര്യം.

അധികാരത്തിലെത്തിയാല്‍ തങ്ങള്‍ നടപ്പാക്കുമെന്ന് എല്‍ ഡി എഫ് ഈ നാട്ടുകാരോട് പറഞ്ഞിട്ടുള്ള ഒരു നയമുണ്ട്: അതാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. അതില്‍ ഇങ്ങിനെ പറയുന്നുണ്ട്: ‘പോലീസുകാര്‍ നാട്ടുകാരോട് മാന്യമായി പെരുമാറുമെന്നു ഉറപ്പാക്കും. ലോക്കപ്പുകളില്‍ മനുഷ്യാവകാശ ലംഘനം നടക്കില്ല.’

റിപ്പോര്‍ട്ടുകള്‍ പ്രകാരം ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയത്തിനൊപ്പം നിന്നില്ല എന്നാണ് അദ്ദേഹം ഇപ്പോള്‍ പോലീസുകാരോട് പറയുന്നത്. എന്ന് നടന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്? സംഭവം നടന്നു എട്ടു മാസത്തിനു ശേഷം ഇക്കാര്യം അവരെ വിളിച്ചുകൂട്ടി പറയുന്നത് എന്നത് പോലീസ് നടത്തിപ്പില്‍ അദ്ദേഹം കാണിക്കുന്ന ജാഗ്രതയുടെ ലക്ഷണമാണോ?. സര്‍ക്കാര്‍ നയം അനുസരിക്കുന്നില്ല എന്ന് അദ്ദേഹം പോലീസുകാരോട് പറയുന്നു. വേണ്ടതുതന്നെ. അതില്‍ പക്ഷെ കടുത്ത വാക്കുകള്‍കൊണ്ട് എന്ത് കാര്യം? ഓരോ പാസിംഗ് ഔട്ട് പരേഡിലും ഇതേകാര്യം തന്നെയല്ലേ അദ്ദേഹവും പോലീസുകാരോട് പറയുന്നത്? അപ്പോള്‍ പറച്ചില്‍ കൊണ്ട് കാര്യമില്ല എന്ന് മനസിലാക്കാന്‍ അദ്ദേത്തിനു എന്താണ് പറ്റാതിരിക്കുന്നത്?

പൊലീസുകാരെ ഭരണഘടനാ ബാധ്യതയും സര്‍ക്കാര്‍ നയവും ഓര്‍മ്മിപ്പിക്കേണ്ടതും അതില്‍ വീഴ്ചവന്നാല്‍ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പുകൊടുക്കുന്നതും അദ്ദേഹത്തിന്റെ ബാധ്യതയാണ്. അതേപോലെ അദ്ദേഹത്തെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ബാധ്യതയുള്ളവര്‍ ഇവിടെയില്ലേ? അധികാരത്തിലെത്തിയാല്‍ തങ്ങള്‍ നടപ്പാക്കുമെന്ന് എല്‍ ഡി എഫ് ഈ നാട്ടുകാരോട് പറഞ്ഞിട്ടുള്ള ഒരു നയമുണ്ട്: അതാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. അതില്‍ ഇങ്ങിനെ പറയുന്നുണ്ട്: 'പോലീസുകാര്‍ നാട്ടുകാരോട് മാന്യമായി പെരുമാറുമെന്നു ഉറപ്പാക്കും. ലോക്കപ്പുകളില്‍ മനുഷ്യാവകാശ ലംഘനം നടക്കില്ല.'

ഈ നയം നടപ്പാകുന്നില്ല, ഈ നയമല്ല നടപ്പാകുന്നത് എന്ന് ആരെങ്കിലും അദ്ദേഹത്തോട് പറയേണ്ടതില്ലേ? എല്‍ ഡി എഫിലും സി പിഎം സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലുമൊക്കെ ഇരിക്കുന്നവരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകള്‍ തന്നെയല്ലേ? സ്വന്തം പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി അവിടെയൊക്കെ എത്തിപ്പെട്ടവരല്ലേ അവരൊക്കെ, അല്ലാതെ ഓടുപൊളിച്ചു ഇറങ്ങിയവരൊന്നുമല്ലാലോ.

ഭരണത്തിലെ പ്രശ്‌നങ്ങളെപ്പറ്റി പറഞ്ഞാല്‍ മനസിലാക്കാത്ത ആളല്ല പിണറായി വിജയന്‍. മുഖ്യമന്ത്രി ആയതിനുശേഷം അദ്ദേഹവുമായി പല വിഷയങ്ങളില്‍ സംസാരിച്ച പലരെ എനിക്കറിയാം. പറയുന്നത് അസംബന്ധമോ മുഖസ്തുതിയോ അല്ലെങ്കില്‍ മുഴുവന്‍ ഇരുന്നു കേള്‍ക്കുന്ന ആളായാണ് അദ്ദേഹത്തെപ്പറ്റി അവരൊക്കെ പറയുന്നത്. ഈ ക്രിമിനല്‍ പോലീസുകാര്‍ സര്‍വീസില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയാന്‍ സി പി എമ്മിലോ എല്‍ ഡി എഫിലോ ആരുമില്ല എന്ന് വരുന്നത് ഖേദകരമാണ്; ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളുടെ ലംഘനമാണ്. ഇപ്പൊഴാണോ ഇത് പറയേണ്ടത് എന്ന് കമ്യൂണിസ്‌റുകാരായ ചില സുഹൃത്തുക്കള്‍ ചോദിക്കും. ജീവിക്കാനുള്ള അവകാശത്തിനു അവധിയില്ല സഖാക്കളേ.

logo
The Cue
www.thecue.in