ടിവിയും സ്മാര്‍ട്‌ഫോണും വൈ ഫൈയുമില്ലാത്ത കുട്ടികള്‍ കൊഴിഞ്ഞുപോകരുത്

ടിവിയും സ്മാര്‍ട്‌ഫോണും വൈ ഫൈയുമില്ലാത്ത കുട്ടികള്‍ കൊഴിഞ്ഞുപോകരുത്
Published on
സാങ്കേതിക വിദ്യാ വികാസത്തെ നവകേരള നിര്‍മ്മാണത്തിനു സഹായകമാംവിധം എങ്ങനെ പ്രയോജനപ്പെടുത്താമെന്നു അക്കാദമിക സമൂഹം ആലോചിക്കട്ടെ ഡോ.ആസാദ് എഴുതിയത്

ഇന്ന് സ്കൂളുകളും കോളേജുകളും തുറക്കുകയാണ്. കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. യുനെസ്കോയും ഡബ്ളിയു എച്ച് ഒയും പോലെയുള്ള അന്താരാഷ്ട്ര സമിതികള്‍ ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ രാജ്യത്തും നിലനില്‍ക്കുന്ന സാഹചര്യത്തിനനുസരിച്ചേ വിദ്യാഭ്യാസം പുനര്‍ ക്രമീകരിക്കാനാവൂ.

ഓണ്‍ലൈന്‍ അദ്ധ്യയനത്തിന്റെ സാധ്യതകള്‍ തേടുകയാണ് കേരളം. പഠനത്തുടര്‍ച്ച അറ്റുപോകാതെ ക്ലാസ്റൂം ബോധനത്തെ ഡിജിറ്റലാക്കാനാണ് ശ്രമം. നല്ല കാര്യമാണ്. വിക്റ്റേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ ക്രമീകരിച്ചു കുട്ടികളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കും. എന്നാല്‍ ടിവിയും സ്മാര്‍ട്ഫോണും വൈ ഫൈയുമില്ലാത്ത ദരിദ്രരും പുറന്തള്ളപ്പെട്ടവരും തൊഴില്‍രഹിതരുമായ വലിയൊരു വിഭാഗം ജനങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവരിലെ കൊഴിഞ്ഞുപോക്ക് കുറച്ചുകൊണ്ടുവരാനായിരുന്നു നാം ഉത്സാഹിച്ചുപോന്നത്. അതിനി കൂടാനാണ് സാദ്ധ്യത. ആ തടസ്സം എങ്ങനെ നീക്കാനാവുമെന്ന് ചിന്തിക്കണം.

ചിതറിപ്പോകുന്ന കാമ്പസുകള്‍ മതേതര ജനാധിപത്യ ജീവിതത്തിന്റെ ഘടനയെ എങ്ങനെ ബാധിക്കുമെന്നു പഠിക്കേണ്ടതുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച അറ്റുപോകരുത്.

ക്ലാസ് മുറികളും കാമ്പസുകളും സിലബസ് പഠനത്തിന്റെ വേദികള്‍ മാത്രമല്ലല്ലോ. പലരുമായുള്ള,അടുപ്പം, പല സാഹചര്യങ്ങളുമായുള്ള സമ്പര്‍ക്കം, പല സംസ്കാരങ്ങളുമായുള്ള വിനിമയം, ജനാധിപത്യ മൂല്യങ്ങളുടെ സ്വാംശീകരണം, അനുഭവങ്ങളുടെ പങ്കുവെക്കല്‍, മാതൃകകള്‍ കണ്ടെത്തല്‍, ലോകവീക്ഷണത്തിന് അടിത്തറ പാകല്‍ എന്നിങ്ങനെ പലമട്ട് വ്യവഹാരങ്ങള്‍ക്കു വേദിയാണത്. തുറന്ന ഏത് അക്കാദമിക കാമ്പസും രാഷ്ട്രത്തിന്റെ പരിഛേദമാണ്.

ചിതറിപ്പോകുന്ന കാമ്പസുകള്‍ മതേതര ജനാധിപത്യ ജീവിതത്തിന്റെ ഘടനയെ എങ്ങനെ ബാധിക്കുമെന്നു പഠിക്കേണ്ടതുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച അറ്റുപോകരുത്. സര്‍ഗാത്മകമായ ആസൂത്രണത്തിന്റെ ഭാഗമല്ലാത്ത സങ്കേതവത്ക്കരണം തൊഴില്‍നഷ്ടം മാത്രമല്ല മൂല്യനിരാസവും വരുത്തിവെയ്ക്കാം. ഡിജിറ്റല്‍ യുഗത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ അതിന്റെ പ്രശ്നങ്ങളെയും നാം നേരിട്ടു തുടങ്ങുകയാണ്.

അക്കാദമിക സമൂഹമാണ് കോവിഡാനന്തര വിദ്യാഭ്യാസത്തെ എങ്ങനെ നവീകരിക്കാം എന്നു ചിന്തിക്കേണ്ടത്. ഗവണ്‍മെന്റ് പരിമിതമായ സമയവും ലഭ്യമായ വിഭവങ്ങളും മുന്‍നിര്‍ത്തി മുന്നോട്ടുവെയ്ക്കുന്ന ആലോചനകളെ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കണം. യുക്തിപൂര്‍വ്വമായ നിര്‍ദ്ദേശങ്ങളുണ്ടാവണം. ജ്ഞാനോത്പാദനത്തിന്റെയും വിനിമയത്തിന്റെയും കേരളീയ മാതൃകകള്‍ സൃഷ്ടിക്കണം. അല്ലെങ്കില്‍ അദ്ധ്യാപകരും കാമ്പസുകളും അതിജീവിക്കുകയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണം.

അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാറ്റം വരുത്തി കൂടുതല്‍ ക്ലാസുകളാക്കാനും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അദ്ധ്യയനം സുഗമമാക്കാനും സാധിച്ചാല്‍ നല്ലതാണ്. കോവിഡിനെ നേരിടാനുള്ള അനുശീലനം വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാവുകയും വേണം. അതിനുള്ള തയ്യാറെടുപ്പുകാലം ഓണ്‍ലൈന്‍ പഠനത്തിന്റേതാവട്ടെ. പക്ഷെ, ഒരാള്‍പോലും കൊഴിഞ്ഞുപോകാന്‍ ഈ പരീക്ഷണം ഇടവരുത്തില്ലെന്ന നിര്‍ബന്ധം ബന്ധപ്പെട്ട അധികാരികള്‍ക്കു വേണം.

രോഗത്തിന്റെ മറവില്‍ മത്സര മുതലാളിത്തം തക്കം പാര്‍ത്തു നില്‍ക്കുന്നുവെന്ന വാസ്തവം നാം മറക്കരുത്. വിദ്യാഭ്യാസത്തെ ആഗോള മുതലാളിത്ത വ്യാപാരത്തിന്റെ ഭാഗമാക്കാനും അദ്ധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിട്ട് സാമ്പത്തിക പുനര്‍ ക്രമീകരണം നടത്താനും ശ്രമമുണ്ടായി എന്നുവരാം. അതു നമ്മുടെ സാമൂഹിക ഘടനയിലും രാഷ്ട്രീയ ജീവിതത്തിലുമെല്ലാം വലിയ ആഘാതങ്ങളുണ്ടാക്കും. സാങ്കേതിക വിദ്യാ വികാസത്തെ നവകേരള നിര്‍മ്മാണത്തിനു സഹായകമാംവിധം എങ്ങനെ പ്രയോജനപ്പെടുത്താമെന്നു അക്കാദമിക സമൂഹം ആലോചിക്കട്ടെ.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in