കാമ്പസുകള്‍ ഓണ്‍ ലൈന്‍ ക്ലാസുകളിലേക്ക് മാറുമ്പോള്‍ നഷ്ടമാകുന്നതും നഷ്ടപ്പെടുന്നവരും. ചെമ്പഴന്തി എസ് എന്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരനുമായ മനു രമാകാന്ത് എഴുതിയത്.
ജൂൺ ഒന്നിന് കോളേജ് തുടങ്ങും, പിന്നീട് ഓൺലൈൻ ക്ളാസ്സുകളാണ്.
ആശയക്കുഴപ്പം തീർക്കാനായി കഴിഞ്ഞ ദിവസം സുഹൃത്തായ റെജിയെ വിളിച്ചു. കുട്ടികളുണ്ടാവില്ലല്ലോ കോളേജ് തുറക്കുമ്പോൾ? തുടക്കത്തിലുണ്ടാവില്ല, ഒന്ന് നിറുത്തിയിട്ടദ്ദേഹം തുടർന്നു, ഒരുപക്ഷെ ഇനിയിതാവും അദ്ധ്യാപനത്തിന്റെ രീതി. കാലത്തിനൊത്ത് മാറുക.
കുട്ടികളില്ലാത്ത ക്യാംപസ്!
പണ്ട് വർഷമാദ്യം ക്യാമ്പസ്സിലേക്ക് കുട്ടികളെ വരവേൽക്കുന്നത് റോഡിനിരുവശവും പൂത്തു നിൽക്കുന്ന വാകമരങ്ങളായിരിന്നു. പൂക്കൾ വിരിച്ച ഒരു മഞ്ഞ പരവതാനിയിലൂടെയാവും അവരാർത്തുല്ലസിച്ചു കടന്നു വരിക. അവധിക്കാലത്തെന്നോ പറഞ്ഞു വെച്ചിട്ടുണ്ടാവണം ഇതേ സമയം തന്നെയാണ് ഞാവൽ പഴുക്കുന്നതും. കുട്ടികൾ തല്ലിയിടുന്ന പഴങ്ങൾ കൈമാറി കൈമാറി ഒരു ചെറിയ പങ്കു എന്റടുത്തുമെത്തും. ചവർപ്പ്. പിന്നെ മധുരം.
ലാപ്പ്ടോപ്പ് ഓൺ ചെയ്തു. മെയിൽ ഐഡിയും പാസ്സ്‌വേർഡും കൊടുത്ത് ഗൂഗിൾ ക്ലാസ്‌റൂമിലേക്ക് കയറി. ഇനി 'ക്രിയേറ്റ് എ ക്‌ളാസ്സ്‌റൂം' ബട്ടണിൽ ഞെക്കണം. അങ്ങനെയാണ് യൂടൂബ് പറയുന്നത്. ഏതു ക്ലാസാണ് ആദ്യം വായുവിൽ നിന്നുണ്ടാക്കേണ്ടത്?
സാറേ ഞാനടുത്തയാഴ്ച അവസാനം വരാം. ഇവിടെ 'റോട്ടു'പണിക്ക് ഞങ്ങളെ പൊൻമുടിയിൽ കൊണ്ടിറക്കിയിരിക്കയാ! രണ്ടാഴ്ചത്തെ പണി കഴിഞ്ഞാലേ കൂലി തരത്തൊള്ളൂ. കാശ് കിട്ടിയാ അപ്പം ഞാൻ വരും സാറേ, ഉറപ്പായിട്ടും വരും."
സാധാരണ ആദ്യദിവസം കുട്ടികളുടെ പരാതികളോടുകൂടിയാണ് തുടങ്ങുന്നത്. സാറേ ഞങ്ങളുടെ ക്ലാസിൽ കിടന്ന രണ്ടു ബെഞ്ചുകൾ കാണാനില്ല. അവരെടുത്തുകൊണ്ടു പോയി, മറ്റവരെടുത്തുകൊണ്ട് പോയി. ഇവിടെ പക്ഷെയെല്ലാം ശാന്തമാണ്. അത്തരം പരാതികളൊന്നുമില്ല. എടുത്തു കൊണ്ടുപോകാൻ ബെഞ്ചുകളുമില്ല, ഇഷ്ടിക കൊണ്ടുയർത്തിയ ക്ലാസ്മുറികളുമില്ല.
ഓരോരുത്തരോരുത്തരായി ജോയിൻ ചെയ്യുന്നുണ്ട്, ലാപ്റ്റോപ്പിനുള്ളിൽ ഞാനുണ്ടാക്കിയ ഈ പുതിയ ക്ലാസ് റൂമിൽ. അവർക്ക് ലഭിച്ച കോഡുപയോഗിച്ചു. എണ്ണി നോക്കി. അറുപത് കുട്ടികളിൽ പത്ത് പേർ ലോഗ് ഇൻ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ ഇനി വിളിച്ചു പറയണം. നാളെ ക്ലാസ് തുടങ്ങുകയാണെന്നും, കൃത്യം പതിനൊന്ന് മണിക്കൊരു സ്മാർട്ട് ഫോണുമൊപ്പിച്ചു ലോഗ് ഇൻ ചെയ്തു തയ്യാറെടുത്തിരിക്കണമെന്നും പറയണം.
പണ്ടൊരു PTA മീറ്റിംഗ് കഴിഞ്ഞു ദിവസം മൂന്നായിട്ടും ഒരു പെൺകുട്ടിയുടെ രക്ഷാകർത്താവ് മാത്രം വന്നില്ല. അത് ശരിയല്ല. ട്യൂട്ടറുടെ കയ്യിൽ നിന്നും അമ്മയുടെ നമ്പർ വാങ്ങി വിളിച്ചു.
"മോളെയിവിടെക്കൊണ്ടാക്കിയിട്ടു പോയാ മതിയാ! ഇത്തിരി ഉത്തരവാദിത്വബോധം വേണ്ടേ? PTA മീറ്റിംഗ് ആണെന്ന് കുട്ടി വന്നു പറഞ്ഞതല്ലേ, പിന്നെ വരാത്തതെന്ത്!""സാറേ ഞാനടുത്തയാഴ്ച അവസാനം വരാം. ഇവിടെ 'റോട്ടു'പണിക്ക് ഞങ്ങളെ പൊൻമുടിയിൽ കൊണ്ടിറക്കിയിരിക്കയാ! രണ്ടാഴ്ചത്തെ പണി കഴിഞ്ഞാലേ കൂലി തരത്തൊള്ളൂ. കാശ് കിട്ടിയാ അപ്പം ഞാൻ വരും സാറേ, ഉറപ്പായിട്ടും വരും."
പിന്നീടെന്നോ ആ അമ്മ കാണാൻ വന്നപ്പോൾ അവരുടെ ഫോൺ കണ്ടു. കട്ടിയുള്ള രണ്ടു റബർബാൻഡുകളിട്ട് പലയാവർത്തി കെട്ടി ചേർത്ത് വെച്ചിരിക്കുന്ന ഒരു സോപ്പ് ഡപ്പി. അവരൊരു നിധിപോലെയായിരുന്നു ഈറനടിക്കാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കവറിനകത്തൊക്കെയിട്ട് അതിനെ കയ്യിൽ മുറുകെ പിടിച്ചിരുന്നത്. അക്കങ്ങൾ പോലും കഷ്ടിച്ച് തെളിയുന്ന അതിലൂടെയെങ്ങെനയാണ് അവരുടെ മോൾക്ക് നാളെ ഗൂഗിൾ ക്ലാസ്‌റൂമിന്റെ തിരുമുറ്റത്തെത്താനാകുക!
ഒരു മണിക്കൂർ ക്ലാസ്സിൽ നാൽപ്പതു മിനിറ്റ് ടെക്സ്റ്റ് ഓൺലൈനായി പഠിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള സമയമാണ്.
സാങ്കേതികവിദ്യ പെട്ടെന്ന് മനസ്സിലാക്കിയെടുക്കുന്ന ഏറ്റവും മിടുക്കരായ മൂന്നാലു പേര് കാണും ഏതു ക്ലാസ്സിലും. ടെക്സ്റ്റ് ഇഴകീറി അവർ സംശയങ്ങൾ ചോദിക്കും. കുറേപ്പേർ നിശ്ശബ്ദരായിരിക്കും. ബഹുഭൂരിപക്ഷം വരുന്ന ബാക്കിയുള്ളവർ?
അറിയില്ല.
ജനറൽ ക്ലാസ്സിൽ നൂറ്റിരുപതിന് മുകളിലാണ് കുട്ടികളുടെയെണ്ണം. ഇരുപതു മിനിറ്റൊക്കെയാവും അവരിത്രയും പേർക്ക് ചോദ്യങ്ങൾ ചോദിക്കാനും, എനിക്കുത്തരം പറയാനുമൊക്കെയുള്ളത്. അപ്പോഴെങ്ങനെയാണ് കാര്യങ്ങൾ...!
സത്യമായിട്ടും അറിയില്ല.
ഒന്ന് മാത്രമറിയാം, ഒരു വലിയ ഡിജിറ്റൽ ഡിവൈഡിന്റെ വക്കിലെത്തി നിൽക്കയാണ് നമ്മൾ.
ഒരു സ്മാർട്ട് ഫോൺ കിട്ടാതെ പഠിത്തം നടക്കില്ലായെന്നുള്ള മകളുടെ സങ്കടം കേട്ട് സഹികെടുമ്പോൾ ഒരമ്മ ചങ്ക് പൊട്ടി പറയും, എന്റെ കുഞ്ഞേ നമ്മളെപ്പോലുള്ള പാവങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ഈ കോളേജും പള്ളിക്കൂടവുമൊന്നും, നീ നാളെ മുതൽ എന്റെ കൂടെ 'റോട്ടു'പണിക്ക് തന്നെ വാ.
ഒരു കുട്ടി പറഞ്ഞു. സാറേ വിതുരയിൽ നിന്നും പതിനാറ് കിലോമീറ്ററിനപ്പുറമാണ് താമസിക്കുന്നത്. ഇവിടെ സാധാരണ മൊബൈൽ കണക്ഷൻ പോലുമില്ല, ഞാനെന്തു ചെയ്യണം! ഇതും വെച്ച് ഞാനെങ്ങനെയാണ് സാറ് പറയുന്നയീ ഗൂഗിൾ ക്ലാസ്‌റൂമിലൊക്കെ കയറിപ്പറ്റുന്നത്, സാറ് തന്നെ പറഞ്ഞു താ
അങ്ങനെയിനിയെത്രയോ ഇടങ്ങൾ!
റോഡുപണി ചെയ്യുന്നവളുടെ മകൾ റോഡുപണിക്ക് തന്നെ പോട്ടെ, തെങ്ങു കയറുന്ന ശങ്കരന്റെ മകൻ തെങ്ങു തന്നെ കയറട്ടെ, ചെത്താൻ പോകുന്നവന്റെ മകൻ ചെത്താൻ തന്നെ പോട്ടെ. അതാവുമിനി കാലം.
കുട്ടികളെ ക്ലാസ്സിലെത്ര പ്രചോദിപ്പിക്കാൻ ശ്രമിച്ചാലും പലപ്പോഴും പോരാതെ വരും. എത്രയോ നിസ്സഹായമായ നോട്ടങ്ങളെന്നെയിന്നും പിന്തുടരുന്നുണ്ട്.
ആ പറയുന്ന ലോകമൊക്കെ മനോഹരമായിരിക്കാം, കേൾക്കാനും സുഖമൊക്കെയുണ്ട്, പക്ഷെ വിട്ടുകള സാറേ, ഞങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല... എന്ന് പറയുന്ന കണ്ണുകളേറെ, ചുറ്റിലും.
ചിലപ്പോൾ നിസ്സഹായത തന്നെ കണ്ടില്ലെന്നും വരാം.
പണ്ട്. ഒരു കുട്ടിക്ക് അറ്റന്റൻസില്ല.
റോൾ ഔട്ട് ചെയ്യാൻ പോവുകയാണെന്ന കാര്യമറിയിച്ചപ്പോഴും അവന് കൂസലില്ല. അടുത്ത ദിവസം അച്ഛനെ വിളിച്ചുവരുത്തി. അച്ഛനും കൂസലില്ല!
സാറെന്തോ വേണമെങ്കിലും അവന്റെ കാര്യത്തിൽ ചെയ്തോളു, അവന്റച്ഛൻ പറഞ്ഞു. രണ്ടുപേരുടെയും മുഖങ്ങളിൽ നിന്നും ധാർഷ്ട്യം തൊട്ടെടുക്കാം. അവർ തമ്മിൽ സംസാരിക്കുന്നുമില്ല. അതു കണ്ട് എന്തോ പന്തികേട് തോന്നിയിട്ടാണ് ട്യൂട്ടറുമായി വിശദമായി സംസാരിച്ചത്.
അവന്റെ അമ്മ മരിച്ചിട്ടേറെ നാളായില്ല. അവനാണെങ്കിലിപ്പോൾ ആത്മഹത്യയുടെ വക്കിൽ. സംഭവിച്ച ദുരന്തത്തിനും, സംഭവിക്കാൻ പോകുന്ന ദുരന്തത്തിനുമൊക്കെ കാരണം ആ അച്ഛൻ. ഇപ്പോഴാ കുട്ടിയെ ജീവിതത്തിൽ പിടിച്ചു നിറുത്തുന്നത് ക്ലാസ്സിലെ കുറച്ചു കൂട്ടുകാരും പിന്നെയിടക്കിടെ ഫോൺ ചെയ്ത് ആശ്വസിപ്പിക്കുന്ന അധ്യാപികയും. ഇറക്കി വിട്ടാൽ പിന്നെയവന്റെ വഴിയിൽ മറ്റ് തടസങ്ങളൊന്നുമില്ല 'അമ്മ നടന്നുപോയ വഴിയേ തന്നെ നടന്നു മറയാൻ.
ഞങ്ങൾ അവന്റെ അറ്റൻഡൻസ് വീണ്ടും കണക്കുകൂട്ടി. കണക്കുകൂട്ടി കണക്കൂട്ടിയൊടുവിൽ അവൻ പുറത്തുപോകേണ്ടവനല്ലെന്ന് കണ്ടെത്തി, ക്യാമ്പസ്സിൽ നിന്നും, ജീവിതത്തിൽ നിന്നും (ഇതൊക്കെ കേരളത്തിലെ കോളേജുകളിലുടനീളം നടക്കുന്ന കാര്യങ്ങളാണ്, ആരുമെടുത്തെഴുതുന്നില്ലെന്നേയുള്ളു).
അയയിൽ വിരിച്ചിരിക്കുന്ന, ഓർമകളൊന്നുമില്ലാത്ത, തൂവെള്ള നിറമുള്ള തൂവാല പോലെയാണ് ലാപ്ടോപ്പ് സ്‌ക്രീൻ.
അതിൽ മുഖങ്ങൾ തെളിയില്ല. ജീവിതങ്ങളും. നൊമ്പരപ്പാടുകളില്ല, കണ്ണുനീരിന്റെ കറയുമില്ല. സാങ്കേതികതക്ക്, അതിന് ഒരൊറ്റ ഭാഷയേ മനസ്സിലാവൂ. ദ്വന്ദങ്ങളുടെ ഭാഷ.
അബ്സെന്ററ്. പ്രെസെന്റ്. ലോഗ് ഇൻ. ലോഗ് ഔട്ട്.
ലോഗ് ഇൻ ചെയ്യാത്ത കുട്ടികളുടെ എണ്ണം വീണ്ടുമെടുത്തു. മുപ്പത്. വീണ്ടും മുന്നറിയിപ്പ് കൊടുക്കാനുള്ള സമയമായി.
ഒരു കുട്ടി പറഞ്ഞു. സാറേ വിതുരയിൽ നിന്നും പതിനാറ് കിലോമീറ്ററിനപ്പുറമാണ് താമസിക്കുന്നത്. ഇവിടെ സാധാരണ മൊബൈൽ കണക്ഷൻ പോലുമില്ല, ഞാനെന്തു ചെയ്യണം! ഇതും വെച്ച് ഞാനെങ്ങനെയാണ് സാറ് പറയുന്നയീ ഗൂഗിൾ ക്ലാസ്‌റൂമിലൊക്കെ കയറിപ്പറ്റുന്നത്, സാറ് തന്നെ പറഞ്ഞു താ.
"അറിയില്ല," ഞാൻ പറഞ്ഞു, "പക്ഷെ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നത് ജൂൺ ഒന്ന് മുതലാണ്." മൊബൈലിലൊക്കെ കേൾക്കുന്ന റെക്കോർഡഡ് വോയിസ് പോലെ തോന്നി, ഞാനപ്പറഞ്ഞത്. ആത്മനിന്ദ.
വിളിച്ചപ്പോൾ മറ്റുള്ളവരുടെയും പ്രശ്‌നമിതു തന്നെ.
സ്മാർട്ട് ഫോണില്ല, സ്മാർട്ട് ഫോണെവിടെനിന്നെങ്കിലുമൊപ്പിച്ചാൽ തന്നെ വീടിനടുത്തെങ്ങും റെയ്ഞ്ചില്ല, ഇനിയവ രണ്ടുമുണ്ടെങ്കിൽ തന്നെ അവർക്കറിയില്ല അതൊക്കെക്കൊണ്ട് എന്ത് ചെയ്യണമെന്ന്. വായിൽ ഐഫോണും ഫോർ ജീയുമായി ജനിച്ച നഗരത്തിലെ വലിയ വീടുകളിലെ കുട്ടികൾ ഒരു ഫുൾ അസൈൻമെന്റൊക്കെ മൊബൈലിൽ ടൈപ്പ് ചെയ്തയക്കുന്ന സ്പീഡും മാജിക്കും പലപ്പോഴുമവരന്തം വിട്ട് കണ്ടു നിൽക്കും.
അവരക്ഷരങ്ങളോരോരോന്നായി പെറുക്കിയീ സ്‌ക്രീനിലിട്ടു തുടങ്ങിയിട്ടേയുള്ളൂ, അതും, എങ്ങനെയെങ്കിലും കാശൊപ്പിച്ചു ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ ഭാഗ്യം സിദ്ധിച്ചവർ.
ഒരാഴ്ചത്തെ ക്ലാസ് കഴിഞ്ഞിട്ട് നോക്കി.
അൻപത് പേരിൽ മുപ്പതുപേര് മാത്രമേ ലോഗ് ഇൻ ചെയ്തിട്ടുള്ളു. വേറൊന്നും ചെയ്യാനില്ല. വരാത്തവർക്ക് ഓട്ടോമാറ്റിക്ക് ആയി സിസ്റ്റം തന്നെ അബ്സെന്റ രേഖപ്പെടുത്തിപ്പോകും. സബ്മിറ്റ് ചെയ്യാത്ത അസൈന്മെന്റിനു മാർക്കിടാൻ വകുപ്പില്ല. എന്ത് പറ്റിയിട്ടുണ്ടാകാം, അപ്പുറത്ത്!
ഒന്നുമറിയേണ്ടുന്ന കാര്യമില്ല. ഞാനല്ല സിസ്റ്റമാണ് തീരുമാനിക്കുന്നത്.
കൃത്യസമയത്ത് അസൈൻമെന്റ് വെക്കാത്തതെന്തെന്ന് ചോദിച്ചു പണ്ട് ചീത്ത വിളിക്കുമ്പോൾ ചില കുട്ടികൾ അടുത്തേക്ക് വരും, മറ്റാരും കേൾക്കാതെയെന്റെ ചെവിയിൽ കാരണം ബോധിപ്പിക്കാൻ. അവരൊന്നും പറയണ്ട. അതിനുമുന്നെയോടിയെത്തും അവരുടെ വിയർപ്പ് ഗന്ധം. തലേന്ന് വൈകുന്നേരം ഓട്ടോ ഓടിക്കാൻ പോയതിന്റെ, രാവിലെയെണീറ്റ് പത്രമിടാൻ സൈക്കിൾ ചവിട്ടിയതിന്റെ, രാത്രി കഴുകിവിരിച്ചിട്ട ഷർട്ടുണങ്ങുന്നതിന് മുന്നേ വീണ്ടും വലിച്ചുകയറ്റിയോടിവരുന്നതിന്റെയൊക്കെ (ബൈപ്പാസിലുള്ള പൂമരം ഹോട്ടലിൽ പോയാൽ ഒരു കുട്ടി ഓടി വരും. അവധിദിവസം ഇവിടെയാണ് സാറേ ജോലി).
എന്തിനാടാ ഇങ്ങനെ കഷ്ടപ്പെടുന്നത്? അറിയാൻ വേണ്ടി ചോദിച്ചു പോകും.
"വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണ് സാറേ. പിന്നെ..." തലയും ചൊറിഞ്ഞുകൊണ്ട് അവൻ നിൽക്കും. "ഒരു സ്മാർട്ട് ഫോൺ വാങ്ങണം.""എന്തിനാടാ?""പബ്‌ജി കളിക്കാൻ! വീട്ടിൽ റേഞ്ച് കിട്ടില്ല സാറേ, പക്ഷെ കോളേജിൽ വരുമ്പോഴെങ്കിലും കളിക്കാമല്ലോ, കൂട്ടുകാരുമൊത്ത്!"
വെറും പത്തൊൻപതു വയസ്സ് മാത്രമുള്ള അവൻ കഷ്ടപ്പെട്ട് സമ്പാദിച്ച ആ പൈസ കൊണ്ട് വീട്ടിലേക്കുള്ള അരിയും സാമാനങ്ങളും വാങ്ങാതെ പബ്‌ജി കളിക്കാനുള്ള ഫോണിന് പിറകെ മോഹിച്ചു നടക്കുന്നത് വായിച്ചു ആർക്കെങ്കിലുമിവിടെ ചിരി പൊട്ടിയോ?
ആ ചിരിയെയാണ് പ്രിവിലേജ്ഡ് ക്ലാസ്സിന്റെ ചിരി എന്ന് പറയുന്നത്. കഷ്ടപ്പെടുന്നവന് പറഞ്ഞിട്ടുള്ളതല്ല വിനോദങ്ങളെന്നുള്ള ചില ബോധത്തിൽ നിന്നുള്ള ചിരി.
ആ ചിരി തന്നെയാണ് കുട്ടികൾക്കെന്താ ഒന്നാം തീയതി മുതൽ മര്യാദക്ക് ചെന്ന് ഓൺലൈൻ ക്ലാസ്സിൽ അറ്റൻഡ് ചെയ്തുകൂടെ എന്ന ചിന്തക്ക് പിന്നിലും.
ഞങ്ങളധ്യാപകർക്ക് കാര്യങ്ങളെളുപ്പമാണ്.
ആ പ്രെസെന്റഷന് സ്ലൈഡുകൾ, മാസ്കുകൾ പോലെ മുഖത്തു വലിച്ചു കെട്ടി അതിന്റെ പുറകിലിരുന്നു പഠിപ്പിച്ചാൽ മതി, കുട്ടികൾക്കിനിയൊരിക്കലുമരികത്തെത്താൻ പറ്റാത്തത്ര ദൂരത്തിരിന്നു.
കണ്ണുനീരിന്റെ കറയും വിയർപ്പിന്റെ ഗന്ധവും, നിസ്സഹായായതയുടെ ചുടുനിശ്വാസവുമൊന്നും ഗൂഗിൾ ക്ലാസ്‌റൂം കടന്നിങ്ങെത്തില്ല ഞങ്ങളെയലസോരപ്പെടുത്താൻ. പറയാം അഭിമാനത്തോടെ, അദ്ധ്യാപകരിപ്പോഴാണ് ശരിക്കും നീതിദേവതകളായത്. എല്ലാ കുട്ടികളുമിപ്പോ ഞങ്ങളുടെ മുന്നിൽ തുല്യരാണ്.
ഈ സ്‌ക്രീനിൽ തെളിയുന്ന ഉത്തരങ്ങൾക്ക് ഞങ്ങൾ മാർക്കിടുന്നു. തെളിയാത്തവയെ ഞങ്ങൾ തോൽപ്പിക്കുന്നു.
ലോഗ് ഇൻ. ലോഗ് ഔട്ട്.
ഒരിക്കൽ മനുഷ്യൻ പറയും.
ഒരിടത്തൊരിടത്തൊരിടത്ത് ഒരു ക്യാംപസ് ഉണ്ടായിരിന്നു. വാകമരങ്ങൾ മഞ്ഞപ്പൂക്കൾ കൊണ്ട് പരവതാനി വിരിച്ച വഴിയിലൂടെ കുട്ടികൾ കൂട്ടം കൂട്ടമായി ചിരിച്ചുല്ലസിച്ചു ആ ക്യാമ്പസിലേക്ക് വരുമ്പോൾ അവരെ വരവേൽക്കാൻ അന്ന് ഞാവൽ മരങ്ങൾ കാത്തു നിൽക്കുമായിരുന്നു, നീല നിറത്തിലുള്ള പഴങ്ങളുമൊരുക്കി. ചവർപ്പ്. പിന്നെ മധുരം.
ആ ക്യാമ്പസിന്റെ രുചിയതായിരിന്നു.