ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമെന്ന് പറഞ്ഞാല്‍ മറ്റൊരു ജെന്‍ഡറിന്റെ വസ്ത്രം മാറിയുടുക്കുന്നതിന്റെ പേരല്ല. അതിന് ട്രാന്‍സ് വെസ്റ്റിസം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ പിണറായി വിജയനോ എം.കെ മുനീറിനോ സാരിയോ ചുരിദാറോ ധരിക്കേണ്ട കാര്യമില്ല. കാരണം, അവയൊന്നും ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമല്ല എന്നതു തന്നെ.
ലിംഗസമത്വത്തിന്റെ ബാലപാഠങ്ങള്‍ വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രത്തിലെ സമത്വം ലിംഗസമത്വത്തിന്റെ നിരവധി ആസ്പക്റ്റുകളില്‍ ഒന്ന് മാത്രമാണ്. കുട്ടികളായിരിക്കുമ്പോള്‍ സമത്വ സ്വഭാവമുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ വളരെയെളുപ്പവുമാണ്. ഒരാള്‍ ധരിക്കുന്ന വസ്ത്രം ശരീരം മറയ്ക്കുന്നതിനൊപ്പം അവര്‍ക്കേറ്റവും കംഫര്‍ട്ടബിള്‍ ആയതു കൂടിയാണെങ്കില്‍ അതൊരു മികച്ച ചോയിസാണ്. പാന്റും ഷര്‍ട്ടുമൊക്കെ എല്ലാ ജന്‍ഡറിലുള്ളവര്‍ക്കും കംഫര്‍ട്ടബിള്‍ ആണെന്നതില്‍ സംശയവുമില്ല.
സാമാന്യ ബോധമുള്ള ആര്‍ക്കും ഇത്രയും കാര്യങ്ങള്‍ സിമ്പിളായി മനസിലാവും. ആവേണ്ടതാണ്. ഇനി പ്രശ്‌നം വരുന്നത് ഇതിനെ മതവുമായി കൂട്ടിക്കെട്ടുമ്പോഴാണ്. ഈ വിഷയത്തില്‍ മതവാദികളുടെ വലിയ പ്രശ്‌നം വസ്ത്രസ്വാതന്ത്ര്യത്തിലെ കൈകടത്തലാണെന്ന് അവര്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കും. പക്ഷെ അതല്ലാ, ലിംഗസമത്വം എന്ന അടിസ്ഥാന ആശയം തന്നെയാണ് അവരുടെ പ്രധാന ശത്രു.
ലിംഗസമത്വത്തെ അംഗീകരിച്ചാല്‍ പിന്നെ ഒരു മതത്തിനും ഇവിടെ നിലനില്‍പ്പില്ലാതെ വരും. മതങ്ങള്‍ ഉണ്ടായതും നിലനില്‍ക്കുന്നതും തന്നെ ലിംഗപരമായ അസമത്വത്തിന് മുകളിലാണ്. ഒരു ജന്‍ഡറിലുള്ളവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും സമ്പത്തും അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അങ്ങനെ സകലതും നിഷേധിച്ചതിലൂടെയാണ് മതങ്ങള്‍ നിലനിന്നു പോന്നിട്ടുള്ളത്. കാലവും ലോകവും മാറിയപ്പോള്‍ നിവൃത്തികേടു കൊണ്ട് ചില വിട്ടുവീഴ്ചകള്‍ക്കവര്‍ തയ്യാറായെങ്കിലും അടിസ്ഥാനപരമായി മതമെന്നാല്‍ അസമത്വം തന്നെയാണ്.
അതുകൊണ്ട് മതവാദികളോട് വസ്ത്രത്തിലെ സമത്വത്തെ പറ്റി ചര്‍ച്ച ചെയ്തതുകൊണ്ട് യാതൊരു കാര്യവുമില്ല. അവര്‍ മറ്റേതോ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്. അവരുടെ ജല്‍പ്പനങ്ങളെ പുച്ഛത്തോടെ അവഗണിച്ച്, വരുന്ന തലമുറയെ ബോധവത്കരിക്കുകയേ വഴിയുള്ളൂ.