സാമൂഹിക ഉത്തരവാദിത്വമുള്ള സഹജരോട് ഒരഭ്യര്‍ത്ഥന
വിഷയം: എനിക്ക് മാരകമായ രോഗമോ അപകടമോ വന്നാല്‍ എന്ത് ചെയ്യണം
പ്രിയമുള്ളവരേ,
ഇന്ന് എനിക്ക് 68 വയസ്സ് തികയുകയാണ്, എങ്ങനെ ഇത്ര പെട്ടെന്ന് 68 വയസ്സായി എന്ന് അത്ഭുതം കൂറി ഞാനിരിക്കുകയാണ്. ഇല്ല, കൊതി തീര്‍ന്നട്ടില്ല, അത്രയും അഗാധമായി, തീവ്രമായി ഞാന്‍ ഈ ജീവിതത്തെ സ്‌നേഹിക്കുന്നു. ഈ നക്ഷത്രങ്ങളെ, സൂര്യനെ, ചന്ദ്രനെ, ഭൂമിയെ, വനങ്ങളെ, മലകളെ, കടലിനെ, പുഴകളെ, പറവകളെ, പുഴുക്കളെ, പുല്ലുകളെ, പൂമ്പാറ്റകളെ, മൃഗങ്ങളെ, കുട്ടികളെ, കൂട്ടുകാരെ, എന്റ്റിണകളെ എല്ലാം ഞാന്‍ അത്ര കണ്ടു സ്‌നേഹിക്കുന്നു. മരിക്കാന്‍ അല്‍പ്പവും ഇഷ്ടമില്ല. എനിക്കുശേഷം ജീവിച്ചിരിക്കുന്ന എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ്. ഇത്ര സുന്ദരമായ ജീവിതമെന്ന ഈ അനുഭവമല്ലാതെ മറ്റൊരു അനുഭവവും ഈ പ്രപഞ്ചത്തിലില്ല എന്ന എന്റെ അറിവ് എന്റെ നഷ്ടബോധത്തിനും അസൂയയ്ക്കും ആഴമേറ്റുന്നു. എനിക്ക് വയസ്സാകേണ്ട, മരിക്കേണ്ട, എനിക്ക് ജീവിച്ചിരിക്കാന്‍ മാത്രമാണ് ഇഷ്ടം, കൂട്ടുകാരെ...:( ജീവിച്ചിരിക്കാനുള്ള കൊതി എന്റെ കണ്ണുനിറയ്ക്കുന്നു.
മനുഷ്യര്‍ ഇനി എന്തെല്ലാം കണ്ടുപിടിക്കും ഗോളാന്തര യാത്രകള്‍ സാധാരണമാകും കടലിന്നടിയില്‍ മീനുകളെപോലെ ജീവിക്കും സുന്ദരമായ സിനിമകള്‍ എടുക്കും നല്ല നല്ല പാട്ടുകള്‍ ഉണ്ടാക്കും പുത്തന്‍ രുചികളുള്ള കറികള്‍ കണ്ടുപിടിക്കും ജാതിമതലിംഗവര്‍ണ വിവേചനങ്ങള്‍ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങള്‍ ചെയ്യാതെ, ജീവിക്കും. സേനകള്‍ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും വയസ്സന്മാര്‍ക്കുവേണ്ടി അതിര്‍ത്തികളില്‍ ജീവിതം തുലക്കാതെ തേരാപാരാ കളിച്ചുനടക്കും പ്ലാസ്റ്റിക്കിന്റെ കഴിവും എന്നാല്‍ അത്രകണ്ട് അപകടവുമില്ലാത്ത വസ്തുക്കള്‍ കണ്ടുപിടിക്കും ഭൂമിതന്നെ അതിരായ ഭരണസൗകര്യാര്‍ത്ഥമുള്ള രാജ്യങ്ങള്‍മാത്രം ഉണ്ടാക്കും. ജനിതക എന്‍ജിനീയറിങ്ങ്കൊണ്ട് രോഗങ്ങളെ മറികടക്കും പുത്തന്‍ ജീവരൂപങ്ങളെ വിളയിച്ചെടുക്കും നാനോസാങ്കേതികവിദ്യകൊണ്ട് പുതുപുത്തന്‍ ഭൗതികവസ്തുക്കള്‍ നിര്‍മ്മിച്ചെടുക്കും കൃത്രിമ ബുദ്ധികൊണ്ട് വ്യത്യസ്തതരത്തിലുള്ള റോബോട്ടുകളാല്‍ വിരസവും കഠിനവുമായ ജോലികളില്‍ നിന്നും ജനസാമാന്യത്തെ മോചിപ്പിക്കും. ധനം ചുരുക്കം ചില കൈകളില്‍ കുന്നുകൂട്ടാതെ എല്ലാവര്‍ക്കുംവേണ്ടി വിനിയോഗിക്കും ദൈനംദിന കര്‍മ്മങ്ങളില്‍ നിന്നും മോചനം നേടിയ ജനങ്ങള്‍ അവരവര്‍ക്കിഷ്ടമായ സൃഷ്ടിപ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ട് ആഹ്‌ളാദഭരിതരായി ജീവിക്കും. സൃഷ്ടിപരമായ പ്രവര്‍ത്തികളാല്‍ എല്ലാവരും പരസ്പരം സന്തോഷിപ്പിക്കും. മരണം തന്നെ ചിലപ്പോള്‍ ഒഴിവായിപ്പോയി എന്നും വരാം. എന്നാല്‍ ഇതൊക്കെ അനുഭവിക്കാതെ ഞാനാകട്ടെ മരിച്ചുപോകുകതന്നെ ചെയ്യും, നേരത്തെ ജനിച്ചതുകൊണ്ടുമാത്രം മരിച്ചുപോകും. ഇതൊക്കെ ഓര്‍ത്തു ഞാന്‍ എങ്ങനെ മരിക്കും കരയുകയേ നിവര്‍ത്തിയുള്ളു....??
എങ്കിലും മരണത്തിന്റെ കാലൊച്ച ഞാന്‍ കേട്ടു തുടങ്ങി, അതിന്റെ ആശ്ലേഷത്തിലൊതുങ്ങാന്‍ ഞാന്‍ ഒരുങ്ങട്ടെ. എന്റെ സുഹൃത് ഡോ.സന്തോഷ് കുമാറുമായുള്ള എന്റെ ചര്‍ച്ചകള്‍ ഇത്തരമൊരു കത്തെഴുതേണ്ട സാമൂഹിക ആവശ്യത്തെക്കുറിച്ചു എനിക്ക് ബോധ്യമുണ്ടാക്കിത്തന്നു, അക്കാരണത്താല്‍ ഇതിവിടെ കുറിക്കുന്നു.
ഒരപകടംപറ്റി പെട്ടെന്ന് മരിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗ്യമായ ഏതവയവവും എന്റെ ശരീരത്തില്‍ നിന്നും എടുക്കുവാന്‍ എതു ആശുപത്രിയിലെ ഏതു ഡോക്ടര്‍ക്കും എന്റെ ബന്ധുമിത്രാദികളോട് ചോദിക്കാതെ തന്നെ എടുക്കുവാനുള്ള അവകാശം നല്‍കുന്നു. കാലതാമസമൊഴിവാക്കി അവയവ നഷ്ടമുണ്ടാക്കാതെ ഉപയോഗപ്രദമാകാനാണിത് ഇങ്ങനെ എഴുതുന്നത്.
മാരകമായ രോഗമോ അപകടമോ ഉണ്ടായാല്‍ ഒരുതിരിച്ചുവരവിന് 80% സാധ്യത മാത്രമേയുള്ളൂ എന്ന് മുന്നില്‍ രണ്ട് ഡോക്ടര്‍മാര്‍ സമ്മതിക്കുകയാണെങ്കില്‍ (ഇനി ഇതിന്റെ മുകളില്‍ സൂക്ഷ്മചര്‍ച്ച ചെയ്ത് ശരി തെറ്റുകള്‍ കണ്ടെത്താനുള്ള ഒരു തര്‍ക്കം ആവശ്യമില്ലാ, എന്നെ മരണത്തിന് വിട്ടുകൊടുക്കുക, കൊന്നാലും കുഴപ്പമില്ല, ഞാന്‍ ജീവിച്ചു കഴിഞ്ഞതാണ്, മറക്കണ്ട.) പ്രവേശവൈദ്യചികിത്സാരീതികള്‍ (invasive) ഒട്ടും അവലംബിക്കേണ്ടതില്ല, വെന്റിലേറ്ററില്‍ ഘടിപ്പിച്ചു ജീവന്‍ നിലനിര്‍ത്തേണ്ടതില്ല. പകരം മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായരീതിയില്‍ അവയവങ്ങള്‍ എടുത്ത് മരണത്തിനു വിട്ടുകൊടുക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു.
ഇനി രോഗം വന്നു ആശുപത്രിയില്‍ കിടക്കുകയാണെങ്കില്‍ മയക്കുമരുന്ന് തന്നു വേദന അറിയാതെ കിടത്തുക. നന്നായി രസിച്ചു ജീവിച്ച ഒരുവനാണ് ഞാന്‍ അതിനാല്‍ ഇനി എന്നെക്കാളും ജീവിച്ചിരിക്കാന്‍ മറ്റൊരാള്‍ക്കാണ് കൂടുതല്‍ അവകാശം, അക്കാരണത്താല്‍ അവയവങ്ങള്‍ എടുക്കാന്‍ മടിക്കേണ്ട. ഈ പ്രപഞ്ചത്തിനോട് എന്നും കടപ്പെട്ടവനാണെന്ന എന്റെ അറിവ് മറ്റൊരാള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കുവാന്‍ ഒരു മടിയും തോന്നിപ്പിക്കുന്നില്ല. അയതിനാല്‍ ദയാമരണം വരിക്കുവാന്‍ എന്നെ സഹായിക്കുക.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വളരെ അധികം ചെലവ് ചെയ്തു കുറേ ദിവസം എനിക്കും മറ്റുള്ളവര്‍ക്കും ഒരുപയോഗവുമില്ലാതെ ആശുപത്രിക്കാര്‍ക്ക് മാത്രം ഉപയോഗപ്രദമായി ഞാന്‍ ജീവിച്ചിരിക്കേണ്ട ഒരാവശ്യവുമില്ല. മനുഷ്യകുലത്തിലെ ഒരു വ്യക്തി എന്ന നിലയിലും ആധുനിക സമൂഹത്തിലെ പൗരനെന്ന നിലയിലും എന്റെ പണി പൂര്‍ത്തീകരിച്ചതായി ഞാന്‍ മനസിലാക്കുന്നു. അയതിനാല്‍ എന്ന് വേണമെങ്കിലും എനിക്ക് ഇനി ജീവിതത്തില്‍നിന്നും വിരമിക്കാം.
ഉപയോഗപ്രദമായ അവയവങ്ങള്‍ എടുത്തശേഷം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ കൊടുക്കാവുന്നതാണ്. വെര്‍ച്ച്വല്‍ റീയാലിറ്റിയുടെയും ഓഗ്മെന്റഡ് റീയാലിറ്റിയുടെയും കാലത്തു ഇത് അത്ര വലിയ കാര്യമല്ല എന്നറിയാം. എങ്കിലും പറയുകയാണ്. യഥാര്‍ത്ഥത്തില്‍, ഞാന്‍ തിന്ന മീനുകള്‍ക്ക് പകരം എന്റെ ശരീരം കടലിലെറിയുകയാണ് വേണ്ടത്, പക്ഷേ അതിന് ചിലവേറും ആയതിനാല്‍ പെട്ടിയിലിടാതെ മറ്റു സൂക്ഷ്മജീവികള്‍ക്ക് തിന്നാന്‍ കഴിയുന്ന രീതിയില്‍ കുഴിച്ചിടുക.
പെട്ടികൂട്ടാന്‍ ഒരുമരം മുറിക്കാതിരിക്കട്ടെ. ഒരു മരം നടാവുന്നതാണ്. പക്ഷേ അടയാളപ്പെടുത്തുന്ന രീതിയിലാകരുത്. തനിക്കുപോകാന്‍ സ്വര്‍ഗ്ഗവും ശത്രുക്കളെ ഇടാന്‍ നരകവും തീര്‍ത്തു, മരണത്തെ വല്ലാതെ ഭയപ്പെട്ടിരുന്ന നമ്മുടെ പൂര്‍വികര്‍ ഭൂമിയില്‍ പണിതുകൂട്ടിയ അടയാളക്കൂമ്പാരങ്ങളുടെ നടുവില്‍ അല്പംപോലും അടയാളം അവശേഷിപ്പിക്കാതെ മറ്റുജീവികളെപ്പോലെ ഞാനും മറയട്ടെ, ഒരു തുള്ളി വെള്ളമോ നദിയോ കടലില്‍ ചേരുന്നതുപോലെ.
ഞാനൊരു യശോയാര്‍ത്ഥിയല്ല അക്കാരണത്താല്‍ ഓര്‍മിക്കപ്പെടാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല, അനുസ്മരണകുറിപ്പുകളോ ആസ്ഥാനങ്ങളോ അവാര്‍ഡുകളോ ഒന്നും തന്നെ ഉണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിരന്തരം അംഗീകാരം തേടുന്ന ഒരു സംഘജീവിയോടാണ് ഞാനിത് പറയുന്നതെന്ന് അറിഞ്ഞു കൊണ്ടുതന്നെ പറയുകയാണ്. പറഞ്ഞതോര്‍ത്തു ഞാന്‍ ഒന്ന് ചിരിച്ചോട്ടെ, ഈ പറഞ്ഞത് 'ഒരാഗ്രഹചിന്ത'യാണെന്ന് കൂട്ടിക്കോ...:)
മറ്റു ജീവികളെ തിന്നു ജീവിച്ച എന്റെ ശരീരം നിലവിലുള്ള ജീവികള്‍ക്ക് ആഹാരമാക്കാന്‍ അവകാശപ്പെട്ടതാണെന്നും എനിക്കറിയാം, എങ്കിലും കുറച്ചാഴത്തില്‍ കുഴിച്ചിടുക, മറ്റു മനുഷ്യര്‍ക്ക് ബുദ്ദ്ധിമുട്ടാകാതെ കിടക്കട്ടെ...:) വളരെ അധികം സന്തോഷത്തോടെ, എന്റെ ആഗ്രഹങ്ങള്‍ നിറവേറിത്തരുമെന്ന പ്രതീക്ഷയോടെ...
05-11-2020
സ്‌നേഹപൂര്‍വ്വം
മൈത്രേയന്‍.