മിഖൈല്‍ ഗോര്‍ബച്ചേവ്, മഹത്തായ ഒരു രാഷ്ട്രീയ പരീക്ഷണം ശത്രുക്കളുടെ കയ്യില്‍ ഏല്‍പ്പിച്ചയാള്‍

മിഖൈല്‍ ഗോര്‍ബച്ചേവ്, മഹത്തായ ഒരു രാഷ്ട്രീയ പരീക്ഷണം ശത്രുക്കളുടെ കയ്യില്‍ ഏല്‍പ്പിച്ചയാള്‍
Published on

മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. ഒരേസമയം വില്ലനായും മാലാഖയായും വിലയിരുത്തപ്പെടാനുള്ള ദൗര്‍ഭാഗ്യവും ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. കരുതലില്ലായ്മമൂലം തെറ്റായ രാഷ്ട്രീയത്തിലൂടെ സോവിയറ്റ് യൂണിയന്റെ പതനത്തിനു കാരണമായി എന്ന പേരില്‍ ആയിരിക്കും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ മുന്‍ ജനറല്‍ സെക്രട്ടറി ഓര്‍മ്മിക്കപ്പെടുക. സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേ്‌ഹേം ആരംഭിച്ച ഗ്ലാസനാസ്ത്, പെരസ്‌ട്രോയിക്ക എന്നീ സമീപനങ്ങള്‍ രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും നവീകരിച്ചു ശക്തമാക്കാനാണെന്ന അവകാശവാദത്തോടെ ആയിരുന്നു അവതരിപ്പിച്ചത്. പക്ഷേ രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിലും രാഷ്ട്രീയവും സാമ്പത്തികവുമായ അരാജകത്വത്തിലുമാണ് അത് ചെന്നുകലാശിച്ചത്.

യു.എസ്.എസ് ആറിന്റെ അന്നത്തെ അവസ്ഥയെപ്പറ്റി സൂക്ഷ്മമായ പഠനവും വിലയിരുത്തലും നടത്തി യാഥാര്‍ത്ഥ്യബോധത്തോടെ ശാസ്ത്രീയമായ തിരുത്തല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതില്‍ സംഭവിച്ച കുറവാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യം സൃഷ്ടിച്ചത്. നേട്ടങ്ങള്‍ക്കൊപ്പം സോവിയറ്റ് സോഷ്യലിസ്റ്റ് പരീക്ഷണ പദ്ധതിയില്‍ കടന്നുകൂടിയ വലുതും ചെറുതുമായ പിശകുകള്‍ തിരുത്തേണ്ടതുണ്ടായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ രോഗം ശമിപ്പിക്കുന്നതിനുപകരം മൂര്‍ച്ഛിപ്പിക്കുകയും രോഗിയുടെ അന്ത്യം കുറിക്കുകയും ചെയ്യുന്നിടത്തേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയത്. ബോറിസ് യെല്‍സിന്‍, ഇന്നത്തെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തുടങ്ങിയവരടങ്ങുന്ന വലതുപക്ഷ നേതൃത്വത്തിലേക്ക് അദ്ദേഹം രാഷ്ട്രത്തെ ഫലത്തില്‍ കൈമാറി.

അങ്ങനെ സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ അന്തകനെന്ന വിശേഷണത്തിനാണ് ദൗര്‍ഭാഗ്യവശാല്‍ ഗോര്‍ബച്ചേവ് വിധേയനായത്. അത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എക്കു വേണ്ടി ഗോര്‍ബച്ചോവ് ബോധപൂര്‍വ്വം ചെയ്തതാണെന്ന് പലരും കരുതുന്നു. മറിച്ച് അങ്ങനെ പറയാന്‍ തെളിവുകളില്ലെന്നും ഗോര്‍ബച്ചേവിന്റെ പരിചയക്കുറവിനേയും എടുത്തുചാട്ടത്തേയും ആനിലയിലേ കാണേണ്ടതുള്ളൂ എന്നും ശക്തമായി വാദിക്കുന്നവരുമുണ്ട്.

സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് പരീക്ഷണം, പാരീസ് കമ്മ്യൂണ്‍ ഒഴിവാക്കിയാല്‍, ലോകത്ത് അത്തരത്തില്‍ നടന്ന ആദ്യത്തെ ശ്രമമാണ്. അത് ചരിത്രത്തില്‍ അതിന്റേതായ പരീക്ഷണങ്ങളെയും വെല്ലുവിളികളെയും നേരിട്ടു. അമിതാധികാരപ്രവണതയും വ്യക്തിപൂജയും ചില ഘട്ടങ്ങളില്‍ രൂപപ്പെട്ടു. സോഷ്യലിസ്റ്റ് സാമ്പത്തിക മാനേജ്‌മെന്റ് ശാസ്ത്രീയവും സര്‍ഗ്ഗാത്മകവുമായി ജനപങ്കാളിത്തത്തോടെ കരുപ്പിടിപ്പിച്ചു വളര്‍ത്തുന്നതിലുണ്ടായ കുറവുകളും സോവിയറ്റ് യൂണിയന്റെ സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ചരിത്രംസൃഷ്ടിച്ച മഹത്തായ സേഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ അഭിമാനകരമായ ആദ്യഘട്ടങ്ങള്‍ക്കുശേഷമാണ് മുരടിപ്പും ജീര്‍ണ്ണതയും അതിനുള്ളില്‍ കടന്നുകൂടിയത് എന്നതും മറന്നുകൂടാ. (തൊഴിലില്ലായ്മ തുടച്ചുമാറ്റിയതും ശാസ്ത്രസാങ്കേതികമണ്ഡലങ്ങളിലെ കുതിച്ചുചാട്ടവും സാംസ്‌ക്കാരികമുന്നേറ്റവും ബഹിരാകാശശാസ്ത്രത്തിലെ ആദ്യഘട്ട വിസ്മയങ്ങളും-സ്പുട്‌നിക്ക്; യൂറി ഗഗാറിന്‍; വാലന്റീന തെരഷ്‌ക്കോവാ- തുടങ്ങിയവ ഉദാഹരണം). പക്ഷേ പിന്നീട് ഗുരുതരമായ കുറവുകളും രൂപപ്പെട്ടു. അതിനുള്ള പരിഹാരം അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് ഫലത്തില്‍ വഴങ്ങിക്കൊണ്ടു, രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിലേക്കു നയിക്കുന്നതരത്തിലുള്ള കരുതലില്ലാത്ത പരിഷ്‌ക്കാരങ്ങളായിരുന്നില്ല. നേതൃത്വത്തില്‍ വന്നവര്‍ എല്ലാ അധികാരങ്ങളുടെയും കേന്ദ്രമായി മാറുന്നതിനെയും വ്യക്തിപൂജ ആസ്വദിക്കുന്നതരത്തില്‍ നേതൃത്വം ജീര്‍ണിക്കുന്നതിനെയും കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കണം, പക്ഷേ, അത് പാര്‍ടിയുടെ തന്നെ തകര്‍ച്ചക്ക് വഴിവച്ചു കൊണ്ട് ആവരുത്. ഇത് ശ്രദ്ധിക്കാനാവാതെപോയതായിരുന്നു അവിടെയുണ്ടായ ഏറ്റവും വലിയ ബലഹീനത.

മഹത്തായ ഒരു രാഷ്ട്രീയ പരീക്ഷണത്തെ ശത്രുക്കളുടെ കയ്യില്‍ ഏല്‍പ്പിച്ചു കൊടുത്തയാള്‍ എന്ന നിലയില്‍ക്കൂടി ആയിരിക്കും ചരിത്രം ഗോര്‍ബച്ചേവിനെ ഓര്‍ക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in