ക്വിയര്‍ മനുഷ്യരെ രോഗിയാക്കി ആത്മഹത്യയിലേക്ക് തള്ളിവിടരുത്


ക്വിയര്‍ മനുഷ്യരെ രോഗിയാക്കി ആത്മഹത്യയിലേക്ക് തള്ളിവിടരുത്
Published on

ഈ ഇടയായി കുറെയധികം യാഥാസ്ഥിതിക മതവാദികള്‍ LGBT മനുഷ്യര്‍ക്കെതിരെ അശാസ്ത്രീയവും, വാസ്തവവിരുദ്ധവുമായ വിദ്വേഷപ്രചരണങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. മതം സ്വവര്‍ഗാനുരാഗത്തെ തിന്മയായും തെറ്റായും പറയുന്നു എന്നതിനപ്പുറം അവരുടെ വാദത്തെ ഉറപ്പിക്കാന്‍ അശാസ്ത്രീയമായ നുണകള്‍ കൂടി പറയുന്നു എന്നത് ഗൗരവം ഏറിയ തെറ്റാണ്. അത് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുവാന്‍ കാരണം ആകുന്നു. വൃത്തികെട്ട വാക്കുകളും, തെറികളും ആണ് ഈ കൂട്ടര്‍ ഉപയോഗിക്കുന്നത്. മനുഷ്യനെ മനസിലാക്കാന്‍ കഴിയാത്ത ഏത് വിശ്വാസത്തിന്റെ ഭാഗമായാലും അത് ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. യാഥാസ്ഥിതികമായ, ഇടുങ്ങിയ ചിന്താഗതിക്കാരായ ഈ കൂട്ടര്‍

ക്വിയര്‍ അവസ്ഥകളെ ഇന്നും തല്ലി നന്നാക്കാവുന്ന എന്തോ രോഗമായിട്ടാണ് ചിത്രീകരിക്കുന്നത് . മാറ്റിയെടുക്കേണ്ട എന്തോ അസുഖമോ, സൂക്കേടോ ആണെന്ന ഇത്തരക്കാരുടെ പൊതുബോധം ഇന്നും അശാസ്ത്രീയമായ കണ്‍വെര്‍ഷന്‍ തെറാപ്പികള്‍ നടത്തുന്ന ഏജന്‍സികള്‍ക്കും, വ്യക്തികള്‍ക്കും വളമാണ്. കൃത്യമായ LGBTIQ അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഇല്ലാത്തതും, ഇത്തരത്തിലുള്ള അശാസ്ത്രീയ ചികിത്സകളെ ജാഗ്രതാപൂര്‍വം ചെറുക്കാന്‍ അതാത് സംഘടനകള്‍ക്കോ, ഡിപ്പാര്‍ട്‌മെന്റുകള്‍ക്കോ സാധിക്കാത്തതും, LGBTIQ മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കപ്പെടാത്തതും ഗുരുതരമായ ആഘാതങ്ങള്‍ ക്വിയര്‍ വിഭാഗത്തിനുമേല്‍ സൃഷ്ടിക്കുന്നുണ്ട്.

IPC 377 ഇല്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് പറഞ്ഞത്, ഭൂരിപക്ഷത്തിന്‍ന്റെ സദാചാരമല്ല ഭരണഘടന കല്പിക്കുന്ന മൂല്യങ്ങള്‍ ആണ് വലുത് എന്നാണ്. ഭരണഘടനപരമായി സ്വവര്‍ഗ്ഗാനുരാഗം ഇന്ത്യയില്‍ കുറ്റകരമല്ല.

LGBTIQ മനുഷ്യരോട് നിങ്ങള്‍ നൂറ്റാണ്ടുകളായി ചെയ്ത കൊടിയ അനീതിക്ക് സമൂഹം അവരോടു മാപ്പ് ചോദിക്കണം എന്നാണ് ബഹുമാനപെട്ട സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ഇന്നും ക്വിയര്‍ സ്വത്വത്തെ മാനസിക ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന സമൂഹത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കും, സൈക്ക്യാട്രിസ്റ്റുകള്‍ക്കും പ്രസ്തുത വിഷയത്തില്‍ ഉള്ള സ്വാധീനം ചെറുതല്ല. ഓരോ സൈക്കോളജിസ്റ്റിനും, സൈക്ക്യാട്രിസ്റ്റിനും അവരെ സമീപിക്കുന്ന ക്വിയര്‍ ജീവിതങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. അത് അനുകൂലമായും പ്രതികൂലമായും സാധ്യമാണ് എന്നതാണ് വാസ്തവം.

1973 കാലഘട്ടത്തില്‍ തന്നെ APA(American Psychiatric Association )മാനസിക രോഗമല്ല എന്ന് പറഞ്ഞ, ICDS, DSM മുതലായ രോഗങ്ങളുടെ പട്ടികയില്‍ ഒന്നും തന്നെ നിലവില്‍ ഇല്ലാത്ത സ്വവര്‍ഗാനുരാഗം എന്ന ഏറ്റവും സ്വാഭാവികമായ അവസ്ഥയെ ഈ മാനദണ്ഡങ്ങള്‍ എല്ലാം അറിവുണ്ടായിട്ടും, വ്യക്തിപരമായ വിദ്വേഷം മൂലം, മതപരവും, യാഥാസ്ഥിതികവുമായ ചിന്തഗതികള്‍ മൂലം വീണ്ടും രോഗമാക്കി ചിത്രീകരിക്കുകയും, ചികിത്സിക്കുകയും, തെറ്റായ കൗണ്‍സിലിംഗ് മുതലായ അശാസ്ത്രീയ ചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയുന്നു.

യാതൊരു എത്തിക്സും പാലിക്കാതെ രോഗമില്ലാത്ത വ്യക്തിയെ രോഗിയാക്കി മാറ്റുകയും അവരെ അനാവശ്യ ചികിത്സകളിലൂടെയും മരുന്നുകളിലൂടെയും വിഷാദത്തിലേക്കും, ആത്മഹത്യയിലേക്കും വരെ തള്ളിവിടുന്നു.

അശാസ്ത്രീയമായ ചികിത്സകള്‍ മനസിനുണ്ടാക്കിയ മുറിവുകള്‍ മൂലം ആത്മഹത്യചെയ്തവരും ഈ രാജ്യത്ത് കുറവല്ല.


ക്വിയര്‍ മനുഷ്യരെ രോഗിയാക്കി ആത്മഹത്യയിലേക്ക് തള്ളിവിടരുത്
'ഗേ ആയി സൃഷ്ടിക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത വളരെ കുറഞ്ഞ മനുഷ്യരില്‍ ഒരാള്‍ ആണ് ഞാന്‍'

ആയുര്‍വേദവും, ഹോമിയോയും, ഒറ്റമൂലികളും, മന്ത്രവാദവും അങ്ങനെ എല്ലാം ഈ വിഷയത്തില്‍ ഒരു ക്വിയര്‍ വ്യക്തി മാറി മാറി ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. മാത്രമല്ല പീഡനങ്ങള്‍ വരെ ചില ഇടങ്ങളില്‍ നടക്കുന്നതായി കേട്ടിട്ടുണ്ട്. ട്രാന്‍സ്മാന്‍, ലെസ്ബിയന്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം പുരുഷന്‍മാരുമായി ലൈംഗികബന്ധത്തില്‍ അതായത് പീഡനത്തിന് വിധേയമാക്കികൊണ്ട് അവരുടെ ലൈംഗികതയും ജെന്‍ഡറും മാറ്റിയെടുക്കാനുള്ള അതിക്രൂരമായ രീതികളും നടന്നുവരുന്നതായാണ് അറിവ്.

ഈ ഒരു പശ്ചാത്തലത്തില്‍ വളരെ വൈകിയാണെങ്കിലും മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുറെയധികം സംഘടനകള്‍, ഏജന്‍സികള്‍ എല്ലാം LGBT സൗഹാര്‍ദ്ദപരമായി, കണ്‍വെര്‍ഷന്‍ തെറാപ്പികള്‍ക്ക് എതിരെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. INDIAN ASSOCIATION OF CLINICAL PSYCHOLOGYSTS, ASSOCIATION OF PSYCHIATRIC SOCIAL WORK PROFESSIONALS, PSYCHOLOGY CIRCLE, KUPSO മുതലായ സംഘടനകള്‍ ആണ് പ്രസ്തുത വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍പോട്ടു വന്നിട്ടുള്ളത്.

2018 ഇല്‍ തന്നെ INDIAN PSYCHIATRIC SOCIETY 377 വിധിയോട് അനുബന്ധമായി നിലപാട് വ്യക്തമാക്കിയിരുന്നു.

INDIAN PSYCHIATRIC SOCIETY യും കണ്‍വെര്‍ഷന്‍ തെറാപ്പികള്‍ക്കെതിരെ അടുത്തിടെ നിലപാട് വ്യക്തമാക്കിയിരുന്നു.

സംഘടനകളുടെ ഈ തീരുമാനം എത്ര പ്രൊഫഷണല്‍സിന്റെ അടുത്തേക്ക് എത്തുന്നു എന്നതും ഉറപ്പാക്കേണ്ട കാര്യമാണ്. എത്ര പ്രൊഫഷണല്‍സ് ഈ തീരുമാനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രാക്ടീസ് നടത്തുന്നു എന്നതും പരിശോധിക്കേണ്ടതാണ്. സദാചാര ബോധത്തിന്റെയും, മതപരവും, യാഥാസ്ഥിതികവുമായ ബോധത്തിന്റെയും സ്വാധീനത്തില്‍ കീഴ്‌പെട്ട് ഈ നിലപാടുകളെ കാറ്റില്‍ പറത്തുന്ന ആളുകളെ നിയമപരമായി തന്നെ നേരിടേണ്ടതുമാണ്.


ക്വിയര്‍ മനുഷ്യരെ രോഗിയാക്കി ആത്മഹത്യയിലേക്ക് തള്ളിവിടരുത്
ലെസ്ബിയന്‍ കപിള്‍സ് സിന്ധ്യയും വിദ്യയും പ്രണയം പറയുന്നു

തന്റെ മുന്‍പില്‍ എത്തുന്ന ക്വിയര്‍ വ്യക്തികളെയും അവരുടെ രക്ഷിതാക്കളെയും ബോധവത്കരിക്കുവാനും, കൃത്യമായ അറിവ് പകര്‍ന്നുകൊടുക്കുവാനും,കണ്‍വെര്‍ഷന്‍ തെറാപ്പിപോലുള്ള ആത്മഹത്യാപരമായ അശാത്രീയ ചികിത്സ രീതികളിലേക്ക് വഴിതിരിച്ചു വിടാതിരിക്കുവാനും ഉത്തരവാദിത്വമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഓരോ മാനസികാരോഗ്യ പ്രവര്‍ത്തകരും മാറ്റത്തിന് വിധേയരാകേണ്ടതാണ്. അല്ലാത്ത പക്ഷം ക്വിയര്‍ സമൂഹത്തിന്റെ നിസ്സഹായത തുടര്‍ന്നുകൊണ്ടിരിക്കും

മതവാദികളോട് പറയാനുള്ളത് മതപരമായി വിശ്വാസപരമായി നിങ്ങള്‍ക്ക് LGBT മനുഷ്യരോട് ഐക്യപ്പെടാന്‍ സാധിക്കുന്നുണ്ടാകില്ല പക്ഷെ അതിന് നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് ശാസ്ത്രത്തെ വളച്ചൊടിച്ചുകൊണ്ട് വിശദീകരിക്കാന്‍ തുനിയരുത്. ശാസ്ത്രം തെളിവുകള്‍ ആണ് അത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കഥകള്‍ അല്ല എന്ന് സാരം.

പിന്നെ ഇന്ന് LGBTIQ സമൂഹം ഉണ്ടാക്കിയെടുത്ത സ്വീകാര്യതയും ദൃശ്യതയും കാലങ്ങള്‍ നീണ്ട പോരാട്ടത്തിന്റെയാണ്. അല്ലാതെ ഒരു മതവും, രാഷ്ട്രീയ പാര്‍ട്ടികളും ഒന്നും ഉണ്ടാക്കി തന്നതല്ല. ആ വഴിയില്‍ ഒരുപാടു പേര്‍ മരണപ്പെട്ടിട്ടുണ്ട്, ഒരുപാട് പേര്‍ ഭരണകൂടത്താല്‍ കൊല്ലപ്പെട്ടിട്ടുണ്ട്, ഒരുപാടുപേര്‍ മതവാദികളാല്‍ കല്ലെറിയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒന്നും തന്നെ ഞങ്ങളെ ഭയപെടുത്തില്ല. പ്രതികരിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ മതം പറഞ്ഞു എതിര്‍ക്കുമ്പോള്‍ ഞങ്ങള്‍ ശാസ്ത്രം പറഞ്ഞുകൊണ്ട് മുന്‍പോട്ടു പോകും. ഞങ്ങളുടെ വരും തലമുറയുടെ സമാധാനപരമായ ജീവിതത്തിനായി. ഞങ്ങളുടെ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് ശാന്തിക്കായി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in