മാല, മൗലീദ്, മലബാര്‍; തല്ലുമാലപ്പാട്ടിന്റെ ചരിത്രം

മാല, മൗലീദ്, മലബാര്‍; തല്ലുമാലപ്പാട്ടിന്റെ ചരിത്രം
Published on

ആഗസ്റ്റ് പന്ത്രണ്ടിന് റിലീസിനൊരുങ്ങുന്ന തല്ലുമാല സിനിമയുടെ പാട്ടുകളും ട്രെയ്‌ലറും ഓണ്‍ലൈനില്‍ പുറത്തിറങ്ങിയിരുന്നു. ഓളെ മെലഡി എന്ന പാട്ടിന് ശേഷം ഈയിടെ പുറത്തിറങ്ങിയ തല്ലുമാലപ്പാട്ട് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീലുകളിലും മറ്റുമായി ഏറെ ട്രെന്‍ഡിങ്ങ് ആയി മാറിയിരിക്കുകയാണ്.

'ആലം ഉടയോന്റെ അരുളപ്പാടിനാലേ,

ആദം ഹവ്വ കണ്ട് കൂടെകൂടിയ നാള്,

ബര്‍ക്കത്തുള്ള നാള്, ബഴക്കിട്ട് രണ്ടാള്,

അതിനാല്‍ കോര്‍ത്തിടട്ടേ, നല്ല തല്ലുമാല..'

എന്ന് തുടങ്ങുന്ന പാട്ടിന്റെ ഈണം മലയാള സിനിമാഗാനരംഗത്ത് ഏറെ പുതുമയുള്ളതാണെങ്കിലും മലബാറിലെ മുസ്ലീം വീട്ടകങ്ങള്‍ക്ക് നൂറ്റാണ്ടുകളായി ഏറെ പരിചിതമായ ഈണമാണ്.

മലബാറിലെ പാരമ്പര്യ മുസ്ലീംകളുടെ ദൈനംദിന ആത്മീയ ഇടപെടലുകളില്‍ ഏറെ നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്ന ഭക്തികാവ്യരൂപമാണ് മാലകള്‍. ഇതില്‍ ഏറെ പ്രസിദ്ധമായ കാവ്യങ്ങളാണ് മുഹ്‌യുദ്ദീന്‍ മാലയും നഫീസത്ത് മാലയും ബദ്ര് മാലയുമെല്ലാം. അനുഷ്ഠാനസ്വഭാവമുള്ള ഈ മാലകളുടെ പാരായണം മുസ്ലിംവീടുകളില്‍ ഏറെ പുണ്യകരമായ കാര്യമായി ഏറെക്കാലമായി കരുതിപ്പോരുന്ന ഒന്നാണ്.

ഇസ്ലാമിക ചരിത്രത്തിലെ വളരെ ജനകീയനായ ആത്മീയ വ്യക്തിത്വമായ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയെ കുറിച്ചുള്ള കാവ്യാത്മകമായ പ്രകീര്‍ത്തനമാണ് മാലകളില്‍ ഏറെ പ്രശസ്തമായ മുഹ്‌യുദ്ദീന്‍ മാല. പേര്‍ഷ്യയില്‍ ജനിച്ച് ബാഗ്ദാദില്‍ മരണമടഞ്ഞ അബ്ദുല്‍ ഖാദര്‍ ജീലാനി ഈജിപ്ത് മുതല്‍ ഇന്തോനേഷ്യ വരെ പടര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ മുസ്ലീം സാംസ്‌കാരിക ലോകത്തുടനീളം ആത്മീയമായ സ്വാധീനം ചെലുത്തിയ ചരിത്രവ്യക്തിത്വമായിരുന്നു.

1607-ല്‍ രചിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈ പദ്യമാണ് അറബി മലയാളഭാഷയില്‍ രചിക്കപ്പെട്ട ആദ്യത്തെ കൃതിയായി പരിഗണിക്കപ്പെട്ടുപോരുന്നത്. കോഴിക്കോട്ടുകാരനും അന്നത്തെ മുസ്ലീംകളുടെ ആദ്ധ്യാത്മിക നേതാക്കളിലൊരാളുമായ ഖാദി മുഹമ്മദാണ് മുഹ്‌യുദ്ദീന്‍ മാലയുടെ രചയിതാവ്.

കേവലമൊരു ആത്മീയ-മത ഗ്രന്ഥമെന്നതിലുപരിയായി മുഹ്‌യുദ്ധീന്‍ മാല രചിക്കപ്പെടുന്നതിന് ചരിത്രപരവും സാമൂഹ്യപരവും രാഷ്ട്രീയപരവുമായ പശ്ചാത്തലങ്ങളുമുണ്ടായിരുന്നു എന്ന് പല ഗവേഷകരും നിരീക്ഷിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെയും നിരന്തരമായ അക്രമങ്ങളുടെയും സാഹചര്യത്തില്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യാപാരരംഗത്ത് തങ്ങള്‍ക്കുണ്ടായിരുന്ന പ്രാമുഖ്യം നഷ്ടപ്പെടുകയും തുടര്‍ന്ന് തുറമുഖങ്ങളില്‍ നിന്നു മലബാറിലെ നദീതീരങ്ങളിലേക്കും ഉള്‍നാടുകളിലേക്കും പിന്‍വലിയാന്‍ മാപ്പിള സമുദായം നിര്‍ബന്ധിതരായി. ഈയൊരു ചരിത്രപശ്ചാത്തലത്തില്‍, മാപ്പിള സമുദായമകപ്പെട്ട അരക്ഷിതാവസ്ഥയില്‍ നിന്നു സമുദായത്തിന് ധാര്‍മ്മികമായ ഉത്തേജനവും കരുത്തും നല്‍കുക എന്ന ഉദ്ദേശ്യവും ഈ സൃഷ്ടിക്കുണ്ടായിരുന്നു എന്ന് ചരിത്രഗവേഷകനായ പി. കെ. യാസര്‍ അറഫാത്ത് നിരീക്ഷിക്കുന്നുണ്ട്.

സാമൂതിരിയുടെ പടയോടൊപ്പം മുസ്ലീം പടയാളികളും ചേര്‍ന്ന് പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട ഉപരോധിക്കുന്നതിന്റെയും തുടര്‍ന്ന് ചരിത്രപരമായ വിജയം കൈവരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഖാദി മുഹമ്മദ് തന്നെ അറബി ഭാഷയില്‍ രചിച്ച യുദ്ധകാവ്യമാണ് 'ഫത്ഹുല്‍ മുബീന്‍'.

ഒരു വശത്ത് 'ഫത്ഹുല്‍ മുബീന്‍' (വ്യക്തമായ വിജയം എന്ന് മലയാള പരിഭാഷ) രചിച്ച ഖാദി മുഹമ്മദ് തന്നെയാണ് മറുവശത്ത് മുഹ്‌യുദ്ദീന്‍ മാലയും രചിക്കുന്നത് എന്നത് ഈ കൃതിയുടെ സവിശേഷമായ ചരിത്രസാഹചര്യത്തെ വ്യക്തമാക്കുന്നുണ്ട്.

പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധമായ രാഷ്ട്രീയ സമരങ്ങളെ വിപുലീകരിക്കുന്നതിനോടൊപ്പം തന്നെ മാപ്പിള മുസ്ലിംകളുടെ ആത്മീയവും മതപരവുമായ സ്വത്വത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ മുഹ്‌യുദ്ദീന്‍ മാല നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു.

രാഷ്ട്രീയവും ചരിത്രപരവുമായ സവിശേഷതകള്‍ക്കപ്പുറം സാഹിത്യപരമായ അനവധി സവിശേഷതകള്‍ കൂടെ ഉള്‍ക്കൊള്ളുന്ന കൃതികളാണ് പല മാലകളും. അറബി മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന കൃതിയായ മുഹ്‌യുദ്ദീന്‍ മാല രചിക്കപ്പെടുമ്പോള്‍ മലയാളഭാഷ പോലും കൃത്യമായി ഏകീകരിക്കപ്പെട്ടിട്ടില്ലായിരുന്നു എന്ന് വിവിധ ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്.

അര്‍വി (അറബി തമിഴ്) യിലുള്ള മാലൈകള്‍ എന്ന സമാനസ്വഭാവത്തിലുള്ള പദ്യകൃതികളുടെ ഘടനയും വാക്കുകളും മുഹ്‌യുദ്ദീന്‍ മാലയുടെ രചനയില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു എന്ന് കാണാം. ഇത് വ്യത്യസ്ത സംസ്‌കൃതികള്‍ തമ്മിലുള്ള സാഹിത്യപരമായ കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രത്തെ തുറന്ന് വെക്കുന്നുണ്ട്. അറബി ഭാഷയുടെ സാങ്കേതികമായ സാന്നിദ്ധ്യമുള്ളപ്പോള്‍ തന്നെയും ഇത്തരത്തിലുള്ള പ്രാദേശിക ഭാഷകള്‍ക്ക് തനതായ ഭാഷാപ്രയോഗങ്ങളും സാഹിത്യരൂപകങ്ങളും സങ്കലിതമായ സങ്കല്‍പ്പങ്ങളുമെല്ലാമുണ്ടായിരുന്നു.

മലയാളഭാഷയുടെ കേവലമൊരു വകഭേദം അല്ലെങ്കില്‍ ശൈലിയെന്നതിലപ്പുറം ഒരു പരിധി വരെ സ്വതന്ത്രമായ ആവിഷ്‌കാരസ്വഭാവും ആഗോളമായ സാഹിത്യ പരികല്‍പനകളും സ്വന്തമായുണ്ടായിരുന്ന ഒരു ഭാഷയാണ് അറബി മലയാളം എന്നു 'വേണം മനസ്സിലാക്കാന്‍.

പ്രശസ്ത ചരിത്രകാരനായ റിച്ചാര്‍ഡ് ഈറ്റണിന്റെ പേര്‍ഷ്യന്‍ കോസ്‌മോപോളിസ് എന്ന സങ്കല്‍പത്തിലും ചരിത്രകാരിയായ റോണിത് റിഷിയുടെ അറബ് കോസ്‌മോപോളിസ് എന്ന സങ്കല്‍പ്പത്തിലുമെല്ലാം സാഹിത്യഭാവനകളാല്‍ സമ്പന്നമായിരുന്ന കൃതികളും രചയിതാക്കളും അറബി മലയാളത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ഇത് ഈ ഭാഷയുടെ ചരിത്രപരമായ പ്രാധാന്യത്തെ വെളിവാക്കുന്നുണ്ട്.

ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ ചരിത്രം വിവരിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ അതിമാനുഷിക സ്വഭാവത്തെ വ്യക്തമാക്കാന്‍ കവി ഉപയോഗിക്കുന്ന ചില വരികള്‍ നോക്കാം.

'കശമേറും രാവില്‍ നടന്നങ്ങ് പോകുമ്പോള്‍

കൈവിരല്‍ ചൂട്ടാക്കി കാട്ടി നടന്നോവര്‍

കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ

കൂശാതെ കൂക്കി പറപ്പിച്ച് ബിട്ടോവര്‍'

(കൂരിരുട്ടുള്ള രാത്രിയില്‍ നടന്ന് പോകുമ്പോള്‍ കൈവിരലിനെ അദ്ദേഹം ചൂട്ടാക്കി ഉപയോഗിച്ചു, കോഴിയെ പാകം ചെയ്ത് ഭക്ഷിച്ച ശേഷം ബാക്കി വന്ന എല്ലുകളെ കൂട്ടിയിട്ട് അവയോട് കൂകാന്‍ കല്‍പ്പിച്ച് അവയെ കോഴിയാക്കി പറപ്പിച്ചവര്‍)

ഇത്തരത്തില്‍ സാഹിത്യഭാവനകളുടെ സാധ്യതകളെ വളരെ താളാത്മകമായി ഉപയോഗിച്ചിരിക്കുന്ന സൃഷ്ടിയാണ് മുഹ്‌യുദ്ദീന്‍ മാല. മാത്രവുമല്ല, ഇതിലെ പല ചരിത്രസംഭവങ്ങളും രചിക്കാന്‍ ഖാദി മുഹമ്മദ് കടംകൊണ്ട ഗ്രന്ഥങ്ങളില്‍ പലതും പേര്‍ഷ്യയിലും മറ്റും രചിക്കപ്പെട്ട അറബി ഗ്രന്ഥങ്ങളാണെന്ന കാര്യവും നേരത്തെ പറഞ്ഞ ബൃഹത്തായ അറബ്, പേര്‍ഷ്യന്‍ കാവ്യലോകത്തിന്റെ സ്വാധീനവും വെളിപ്പെടുത്തുന്നുണ്ട്.

മലയാളസംസ്‌കാരികലോകത്ത് ഇന്നും സജീവമായി നിലനില്‍ക്കുന്ന ആദ്യത്തെ പാട്ടും ഈ അര്‍ത്ഥത്തില്‍ ഒരു പക്ഷെ ആദ്യത്തെ മെലഡിയും മുഹ്‌യുദ്ദീന്‍ മാലയായിരിക്കാമെന്ന് ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനും പാട്ടുകാരനുമായ ഇഹ്‌സാനുല്‍ ഇഹ്തിസാം നിരീക്ഷിക്കുന്നു.

ഇതിന്റെ സാഹിത്യസവിശേഷതകളോടൊപ്പം തന്നെ എടുത്ത് പറയേണ്ട ഘടകമാണ് ഇതിലെ ശബ്ദപരമായ സവിശേഷതകളും. പ്രായഭേദമന്യേ പാരമ്പര്യ മുസ്‌ളീം വീടകങ്ങളിലും ഒത്തുചേരലുകളിലുമെല്ലാം ഒറ്റക്കും കൂട്ടായും പാരായണം ചെയ്യുന്ന അനുഷ്ഠാനകൃതി (perfomative text) ആയിട്ടാണ് മാലകള്‍ നിലനില്‍ക്കുന്നത്.

'അല്ലാടെ റഹ്‌മത്ത് ഇങ്ങനെ ചൊന്നോര്‍ക്കും

ഇതിനെ പാടുന്നോര്‍ക്കും മേലെ കേക്കുന്നോര്‍ക്കും'

എന്ന മുഹ്യുദ്ദീന്‍ മാലയിലെ വരി ശബ്ദവും കേള്‍വിയും അതുപോലെ തന്നെ പാരായണത്തിന്റെ കൂട്ടായ, സമുദായികമായ സ്വഭാവ (collective/communitarian nature) ത്തിന്റെ പ്രാധാന്യവും എത്രത്തോളമാണെന്ന് തെളിയിക്കുന്നുണ്ട്. കേവലമായ ഗ്രന്ഥസ്വഭാവത്തില്‍ ഈ കൃതിയെ കാണുന്നതിന് പകരം മാപ്പിള മുസ്ലീംകള്‍ ഈ കൃതിയെ തങ്ങളുടെ ആത്മീയശരീരത്തിലേക്കും സ്വഭാവത്തിലേക്കും ആവാഹിച്ചിരുന്നതായി നമുക്ക് കാണാം.

മുസ്ലിംകളുടെ നൈതികസ്വത്വങ്ങളെ രൂപീകരിക്കുന്നതില്‍ ഇത്തരം ശബ്ദങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ചാള്‍സ് ഹിര്‍ഷ്‌കിന്ദ് വിവരിക്കുന്നുണ്ട്. ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍ 1920-21 ലെ മലബാര്‍ കലാപത്തിന്റെ സമയത്തുള്ള ചരിത്രരേഖകളില്‍ നിന്നും പഠനങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്.

മലബാര്‍ കലക്ടര്‍ കനോലി സായ്പിനെ വധിക്കുന്നതിന് മുമ്പുള്ള രാത്രി വെസ്റ്റ് ഹില്ലിലുള്ള മലയ്ക്കല്‍ മമ്മുവിന്റെ വീട്ടില്‍ വെച്ച് മാപ്പിളമാര്‍ മുഹ്‌യുദ്ദീന്‍ മാല കൂട്ടമായി പാരായണം ചെയ്തിരുന്നുവെന്ന് വില്യം ലോഗന്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ മാപ്പിള മുസ്ലിം സമുദായത്തിന്റെ ദൈനം ദിന ജീവിത്തതില്‍ ആത്മീയമായ പ്രചോദനമായും രാഷ്ട്രീയമായ ആവേശമായും പ്രവര്‍ത്തിക്കാന്‍ മാലകള്‍ക്ക് സാധിച്ചിരുന്നുവെന്ന് നമുക്ക് കാണാം.

ഇത് പോലെ നാലകത്ത് കുഞ്ഞിമൊയ്തീന്‍ രചിച്ച നഫീസത്ത് മാല ഈജിപ്തില്‍ ജീവിച്ചിരുന്ന പ്രവാചകന്റെ പരമ്പരയില്‍ പെട്ടവരും ദിവ്യയുമായിരുന്ന സയ്യിദ നഫീസയെ കുറിച്ചുള്ള കാവ്യാത്മക വിവരണങ്ങളാണ്. മാപ്പിള മുസ്ലീം സ്ത്രീകളാണ് ഈ മാല പ്രധാനമായും പാരായണം ചെയ്യാറുള്ളത്.

പ്രസവ സമയത്തെല്ലാം മുസ്ലിം വീടകങ്ങളില്‍ ചൊല്ലാറുണ്ടായിരുന്ന ഈ മാലയില്‍ നഫീസത്ത് ബീവിയുടെ അതിമാനുഷ ശക്തികളെക്കുറിച്ചുള്ള താളാത്മകമായ വിവരണങ്ങള്‍ കാണാം. പ്രസവസമയങ്ങളിലെ വേദനസംഹാരിയായും ധാര്‍മികമായ സന്ദേഹങ്ങളുടെ സമയങ്ങളില്‍ ധാര്‍മിക പ്രചോദനമായും രാഷ്ട്രീയമായ പ്രക്ഷുബ്ധ സാഹചര്യങ്ങളില്‍ പ്രത്യയശാസ്ത്രപരമായ ആവേശമായുമെല്ലാം മാറിയ മാലകള്‍ മാപ്പിള മുസ്ലിംകളുടെ സാംസ്‌കാരിക ജീവിതത്തിലെ നിര്‍ണ്ണായകമായ ഘടകമായിരുന്നു.

എന്നാല്‍ സലഫി പ്രസ്ഥാനങ്ങളുടെ കടന്ന് വരവോടെയും ആധുനികതയുടെ പലമാനങ്ങളിലുള്ള പരിഷ്‌കരാണാഹ്വനങ്ങളോടെയും മാലകളുടെ കൂട്ടായ പാരായണവും അവയിലെ ഉള്ളടക്കവുമെല്ലാം ഇത്തരം കൂട്ടങ്ങളുടെയും സംഘടനകളുടെയും നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയും തുടര്‍ന്ന് ഗണ്യമായ അളവില്‍ ഇവയുടെ പൊതുവായ സംഘാടനങ്ങളില്‍ കുറവ് സംഭവിക്കുകയും ചെയ്യുകയുണ്ടായി.

ശുദ്ധ (puritan) ഇസ്ലാമിന്റെ പേര് പറഞ്ഞുള്ള ഇത്തരം പരിഷ്‌കരണങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ ഒരേസമയം പ്രാദേശികതയിലൂന്നിക്കൊണ്ടും ആഗോള സാഹിത്യസാധ്യതകളെ ഉപയോഗിച്ചുകൊണ്ടും രചിക്കപ്പെട്ട മഹത്തായ സാംസ്‌കാരിക അടയാളങ്ങളോടുള്ള മാപ്പിള മുസ്ലിംകളുടെ ജൈവികമായ ബന്ധമാണ് അനഭിമതമായ ഒന്നായി കണക്കാക്കപ്പെട്ടത്.

ഇത്തരത്തിലുള്ള ജൈവിക പ്രാദേശിക സാഹിത്യ-സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് കേവല പാഠ തലങ്ങള്‍ക്കപ്പുറം അനുഷ്ഠാനത്തിന്റെ മറ്റൊരു തലം കൂടെയുണ്ടായിരുന്നു എന്നതും അത് മാപ്പിള മുസ്ലീംകളുടെ ദൈനംദിനതയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നു എന്നതും ഈ വിമര്‍ശകര്‍ പലപ്പോഴും അവഗണിക്കുകയാണുണ്ടായത്.

എന്നിരുന്നാലും, നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും വീട്ടകങ്ങളിലും മറ്റും ഒറ്റയായും കൂട്ടമായും മുഹ്‌യുദ്ദീന്‍ മാലയും മറ്റു മാലകളും പാരായണം ചെയ്യപ്പെടുന്നുണ്ട് എന്നത് തന്നെ ഈ കാവ്യവിഭാഗത്തിന്റെ അനന്യമായ നേട്ടമായി മനസ്സിലാക്കേണ്ടതുണ്ട്. പുറന്തള്ളലുകള്‍ക്ക് പകരം ഉള്‍ച്ചേര്‍ക്കലുകള്‍ക്ക് മുന്‍ഗണന കൊടുത്ത് കൊണ്ടുള്ള ഈ കാവ്യരൂപത്തിന് ഒട്ടനവധി അനുകരണങ്ങളുണ്ടായിട്ടുണ്ട്. കലാഭവന്‍ മണിയുടേതടക്കമുള്ള ഏറെ ജനകീയമായ പാരഡി മാല കാവ്യസൃഷ്ടികള്‍ ഇത്തരത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

'അരിപ്പൊടി ജീരകം

മഞ്ഞള് കൊത്ത മല്ലി

അമ്മീമേലിട്ടീട്ട് നീട്ടിയരച്ചോള്,

മഞ്ഞള് കൊത്ത മല്ലി

അങ്ങോട്ടുമിങ്ങോട്ടും നീട്ടിയരച്ചോന് '

'കല്യാണത്തിനായി വളയിട്ട കാലത്ത്

കണ്ടോന്റെ കൂട്ടത്തില്‍ കറങ്ങിയടിച്ചോളേ'

ഇങ്ങനെ പോകുന്ന കലാഭവന്‍ മണിയുടെ മാലയുടെ പാരഡിയും ഏറെ ജനകീയമായിരുന്നു. മണിയുടെ പാട്ടില്‍ കൊണ്ടോട്ടിയില്‍ നിന്നും സൈക്കിളെടുത്തിട്ട് വട്ടത്തില്‍ ചവിട്ട്യപ്പം നീളത്തില്‍ പോയോളേ എന്ന് വരിയുള്ളപ്പോള്‍ കോഴിക്കോട് ഭാഗത്ത് ജനകീയമായിരുന്ന പാരഡിയിലേക്കെത്തുമ്പോള്‍ അത് മാനാഞ്ചിറയാകുന്നു, മുച്ചുണ്ടി പള്ളി വരുന്നു:

'ലോലാ ലോലാ ലോലാ

ലോലാ ലോലാ ലോലാ

മാനാഞ്ചിറ നിന്ന് സൈക്കിളെടുത്തിട്ട്

വട്ടത്തില് ചവിട്ട്യപ്പം നീളത്തില് പോയോളേ

മുച്ചുണ്ണിപ്പള്ളീന്റെ മുറ്റത്ത് നിന്നിട്ട്

മേലോട്ട് നോക്ക്യപ്പം ആകാശം കണ്ടോളേ'

ഇത്തരത്തില്‍ ഏറെ എളുപ്പത്തില്‍ അനുകരിക്കാവുന്നതും പ്രാദേശികമായ അടയാളങ്ങളോട് കൂടിയ അനുകരണങ്ങള്‍ വരുമ്പോള്‍ തന്നെ ഇശലില്‍ അതിന്റേതായ വ്യതിരിക്തത നിലനിര്‍ത്താന്‍ സാധിക്കുന്നതുമായ കാവ്യരൂപമാണ് മാലപ്പാട്ട്. ഇങ്ങനെ, അനുകരണ (appropriation) ങ്ങളിലൂടെയുള്ള ജനാധിപത്യവത്കരണവും ഈ കാവ്യരൂപത്തിന്റെ അനന്യതയെ വ്യക്തമാക്കുന്നുണ്ട്.

ഇങ്ങനെയെല്ലാം മഹത്തായ ഒരു പാരമ്പര്യമുള്ള, ഏറെ ജനകീയമായ ഒരു കാവ്യരൂപത്തിന്റെ ചരിത്രപരമായ പിന്തുടര്‍ച്ചയാണ് തല്ലുമാലപ്പാട്ടിന്റെ രചനക്ക് സ്വീകരിച്ചിരിക്കുന്നത് എന്നത് ഏറെ താല്‍പര്യമുണര്‍ത്തുന്ന കാര്യമാണ്. പ്രാദേശികവും ആഗോളവുമായ അനവധി കൊടുക്കല്‍ വാങ്ങലുകളിലൂടെയും പരസ്പര സാഹിത്യബന്ധങ്ങളിലൂടെയും രൂപപ്പെടുകയും പ്രചാരം നേടുകയും ചെയ്ത ഒരു കാവ്യരൂപം നൂറ്റാണ്ടുകള്‍ക്കിപ്പുറവും പുതിയ അവതരണങ്ങളിലൂടെ പുതുക്കപ്പെടുന്നു എന്നത് തന്നെ ഇതിന്റെ സജീവതക്കുള്ള വ്യക്തമായ ഉദാഹരണമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in