'ഡോ.രേഖാരാജിനെ ഈ വിധി മുൻനിർത്തി റദ്ദ് ചെയ്തു കളയാം എന്ന് കരുതുന്നവരോട്'

Rekha Raj
Rekha Raj
Published on
Summary

ഈ കേസിലെ അന്തിമവിധി എന്തായാലും സാമൂഹ്യ നീതിയെക്കുറിച്ച് ഉദ്വേഗമുള്ള എല്ലാവരും ഈ സമയത്ത് യൂണിവേഴ്‌സിറ്റിയുടെ കൂടെ നിൽക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഇന്നിപ്പോൾ യൂണിവേഴ്‌സിറ്റി നിയമനങ്ങളിലെ അനീതിയാണ് പരക്കെ ചർച്ച ചെയ്യപ്പെടുന്നത്. അതിനിടയിൽ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. രേഖാരാജിന്റെ നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഒരു വിധി വന്നിരിക്കുന്നു. ഡോ. രേഖാരാജിന്റെ നിയമനം റദ്ദാക്കുകയും രണ്ടാം റാങ്കുകാരിയെ നിയമിക്കണമെന്ന് നിർദേശിക്കുകയും ചെയ്യുന്ന വിധിയാണ് വന്നിട്ടുള്ളത്. ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധിക്കു ശേഷമാണ് ഈ വിധി വന്നിട്ടുള്ളത്. സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും വ്യത്യസ്തവും വിരുദ്ധവുമായ നിഗമനങ്ങളിലാണ് എത്തിയിട്ടുള്ളത്. ഇക്കാര്യം ഇനി സുപ്രീം കോടതിയിൽ പുനർ പരിശോധിക്കപ്പെടുകയും ചെയ്യും. വ്യവസ്ഥാപിതമായ ആ പ്രക്രിയ നടക്കട്ടെ.

നിയമനചർച്ചയിൽ ഈ കേസ് എങ്ങനെ സംഗതമാണ് എന്നതാണ് ഇപ്പോൾ ആലോചിക്കാനുള്ള ഒരു കാര്യം. ഞങ്ങളുടെ പരിശോധനയിൽ മനസ്സിലായ ചില കാര്യങ്ങൾ കുറിക്കാം :

1. ഇവിടെ സെലക്ഷൻ കമ്മിറ്റി എന്തെങ്കിലും പക്ഷപാതിത്വം കാണിച്ചെന്ന് പരാതിക്കാരിയുൾപ്പെടെ ആരും പറയുന്നില്ല.

2. ഈയടുത്തു വിവാദമായ നിയമനങ്ങളെല്ലാം യു. ജി.സിയുടെ 2018 റഗുലേഷൻ പ്രകാരം നടന്നതാണ്. അതനുസരിച്ച് അഭിമുഖത്തിലെ പ്രകടനം മാത്രമാണ് നിയമനത്തിനുള്ള മാനദണ്ഡം. എന്നാൽ ഡോ. രേഖാരാജിന്റെ നിയമനം 2010 റഗുലേഷൻ അനുസരിച്ചാണ്. അതിൽ 20 ശതമാനം അഭിമുഖത്തിലെ മാർക്കും 80 ശതമാനം index ( പബ്ലിഷ്ഡ് വർക്ക്, മറ്റു യോഗ്യതകൾ എന്നിവയ്ക്കുള്ളത് ) മാർക്കുമാണ്.

3. അഭിമുഖത്തതിൽ ഡോ.രേഖാരാജിനും പരാതിക്കാരിക്കും ഒരേ മാർക്കാണ്

4. പരാതി വന്നിട്ടുള്ളതും വിധിയിൽ പരിഗണിച്ചിട്ടുള്ളതും രണ്ടു കാര്യങ്ങളാണ്. a ) NET ഇല്ലാത്തവർക്ക് PhD യോഗ്യതാ മാനദണ്ഡമായതിനാൽ അവർക്ക് PhD ക്ക് വീണ്ടും ഇന്ഡക്സ് മാർക്ക് നൽകില്ല എന്ന നയമാണ് എം.ജി.യൂണിവേഴ്‌സിറ്റി ആ സമയത്ത് കൈക്കൊണ്ടത്. ആ കാലയളവിൽ ചുരുങ്ങിയത് 20 നിയമനങ്ങളെങ്കിലും ഈ രീതിയിൽ അവിടെ നടന്നിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളിലും മറ്റു യുണിവേഴ്സിറ്റികളിലും ഇതേ നയമാണ് സ്വീകരിക്കപ്പെട്ടത്. b ) അപേക്ഷിക്കുമ്പോൾ അവകാശപ്പെടാത്ത പബ്ലിഷ്ഡ് വർക്കുകൾ അഭിമുഖ സമയത്ത് പരിഗണിക്കാം എന്ന നയമാണ് ആ കാലയളവിൽ എം.ജി.യൂണിവേഴ്‌സിറ്റി സ്വീകരിച്ചത്. അത് ഡോ . രേഖാരാജിന് മാത്രമായുള്ള ഒരു പ്രത്യേക പരിഗണനയായിരുന്നില്ല. ഡോ.രേഖാരാജ് അപേക്ഷിക്കുന്ന കൊല്ലത്തിനു മുമ്പുള്ള പബ്ലിഷ്ഡ് വർക്കുകൾ മാത്രമാണ് ആ രീതിയിൽ സമർപ്പിച്ചത്. അത് തന്നെ Economic and Political Weekly പോലുള്ള ജേണലുകളിൽ വന്നതാണ് താനും. അതായത്, ഡോ. രേഖാരാജിന് വേണ്ടി മുൻ തീയതിയിൽ ഒരു വ്യാജ ഇഷ്യൂ ഇറക്കുമെന്ന് ആരും സംശയിക്കാത്ത ജേണലുകൾ

5. അക്കാലയളവിൽ സ്ക്രീനിംഗ് കം സെലക്ഷൻ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. അതായത് സ്ക്രീനിങ് വേറെ ആൾക്കാരല്ല നടത്തിയിരുന്നത്. ഈ ഇന്റർവ്യൂവിലും അങ്ങനെയായിരുന്നു

6. പരാതിക്കാരിക്ക് പബ്ലിഷ്ഡ് വർക്കുകളുടെ കാര്യത്തിൽ പരമാവധി മാർക്ക് ( 12 ) കിട്ടിയിട്ടുണ്ട്. ഡോ. രേഖാരാജിനാവട്ടെ അങ്ങനെ നൽകിയിട്ടില്ല

7. പരാതിക്കാരി ഒറ്റയ്ക്ക് രചിച്ച ഒരു പ്രബന്ധം പോലുമില്ല. എല്ലാത്തിലും ഗൈഡ് ആണ് ഒന്നാം ഓതർ. അവർക്ക് രണ്ടു പോസ്റ്റ് ഡോക്ക് ഉണ്ട്. രണ്ടും ഇതേ ഗെയ്‌ഡിന്റെ കീഴിൽ, അതേ ഡിപ്പാർട്മെന്റിൽ ആണ്. ജോയിന്റ് ആയി രചിച്ച പ്രബന്ധങ്ങളിൽ 60 : 40 എന്ന അനുപാതത്തിൽ വേണം മാർക്ക് നൽകാൻ എന്നാണ് യു. ജി.സി. നിബന്ധന. എന്നാൽ പരാതിക്കാരിക്ക് ഈ അഭിമുഖത്തിൽ മുഴുവൻ മാർക്കും നൽകിയിട്ടുണ്ട്.

8.മേൽ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് സെലക്ഷൻ കമ്മിറ്റി ഡോ. രേഖാരാജിന് വേണ്ടി എന്തെങ്കിലും പക്ഷപാതിത്വം കാണിച്ചിട്ടില്ല എന്നാണ്. യൂണിവേഴ്‌സിറ്റി പബ്ലിഷ്ഡ് വർക്കുകൾ സമർപ്പിക്കുന്നത് സംബന്ധിച്ചും NET ഇല്ലാത്തവർക്ക് ഇന്ഡക്സ് മാർക്ക് കണക്കാക്കുമ്പോൾ PhD കൂട്ടണമോ എന്നത് സംബന്ധിച്ചും കൈക്കൊണ്ട സമീപനം ഈ നിയമനത്തിൽ മാത്രമായുള്ളതായിരുന്നില്ല.

ഡോ. രേഖാരാജിനെ ഈ വിധി മുൻനിർത്തി റദ്ദ് ചെയ്തു കളയാം എന്ന് കരുതുന്നവരോട് ഞങ്ങൾക്ക് സഹതാപമേയുള്ളൂ. ആംനെസ്റ്റി ഇന്റര്നാഷനലിൽ ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി ശമ്പളം കിട്ടിയിരുന്ന സമയത്ത് സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെയടിസ്ഥാനത്തിൽ ജോലി രാജി വെച്ചയാളാണ് അവർ. മൂന്നു കൊല്ലം നീണ്ട ഈ റോളിലും അവർ സ്വന്തം ധർമം നിർവഹിച്ചു.
രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്
രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്

9. എന്നാൽ ഈ നിയമനത്തിൽ ആ പോളിസികൾ ശരിയല്ല എന്ന നിഗമനത്തിൽ കോടതി അതിവേഗം എത്തിച്ചേർന്നു. എന്നു മാത്രമല്ല വിധിന്യായത്തിൽ ജനറൽ പോസ്റ്റാണ് ഇത് എന്ന പരാമർശം തീർത്തും പക്ഷപാതിത്വം നിറഞ്ഞ ടോണിലാണ് വരുന്നത്. ഡോ.രേഖാരാജിന് ഓപ്പൺ പോസ്റ്റിൽ (അഥവാ ജനറൽ പോസ്റ്റിൽ ) നിയമനം ലഭിച്ചത് എന്തോ കുഴപ്പമാണ് എന്ന മട്ടിൽ നിയമനം നടന്ന സമയത്തു തന്നെ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ആ ആഖ്യാനമാണ് ഈ വിധിയുടെയും പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത്. കൊച്ചിൻ യുണിവേഴ്സിറ്റിയിലൊക്കെ ഇതിനു സമാനമായി ജനറൽ പോസ്റ്റിൽ അർഹത നേടിയ ദലിത് ഉദ്യോഗാർത്ഥികളെ അക്കാരണത്താൽ തന്നെ നിയമിക്കാതിരുന്ന അനുഭവങ്ങൾ ഉണ്ട്. ഇവിടെ ജാതി ഒരു പരിഗണനയായി വന്നു എന്നത് പ്രകടവും അനിഷേധ്യവുമായ വാസ്തവമാണ്.

10. വ്യവസ്ഥാപിതവും നിയമപരവുമായ മാർഗ്ഗത്തിൽ ഈ വിഷയം മുന്നോട്ടു പോവട്ടെ. എന്നാൽ യൂണിവേഴ്‌സിറ്റി സ്വീകരിച്ച നയങ്ങളിൽ കോടതി തിരുത്ത് നിർദേശിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം യുണിവേഴ്‌സിറ്റിക്കെതിരായ വിധിയായിട്ടു വേണം കാണേണ്ടത്. അതിനെതിരെ മേൽക്കോടതികളിൽ വാദിക്കാനുള്ള അവസരം യുണിവേഴ്സിറ്റിക്കുണ്ട്. ഒരൊറ്റ നിയമനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇത്. ഉദാഹരണത്തിന് ഈ നിയമനത്തിൽ തന്നെ NET ഇല്ലാത്തവർക്ക് PhD ക്ക് ഇന്ഡക്സ് മാർക്ക് നൽകണമെന്ന നിർദേശം പാലിച്ചാൽ ലിസ്റ്റിൽ താഴെയുള്ള വേറെ ആൾക്കാർ ഈ രണ്ടു പേരേക്കാളും മുകളിൽ വരാനും ഇടയുണ്ട്. പരാതിക്കാരിയെ നിയമിക്കണം എന്ന് കോടതി വിധിക്കുമ്പോൾ സെലക്ഷൻ കമ്മിറ്റിയുടെ റോളാണ് കോടതി ഏറ്റെടുക്കുന്നത്. ഡോ. കുഞ്ഞാമൻ ഒക്കെ ഉൾപ്പെട്ട ഒരു കമ്മിറ്റിയുടെ റോൾ ഏറ്റെടുക്കാൻ പ്രസ്തുത ബഞ്ചിനു എന്ത് യോഗ്യതയാണ് ഉള്ളത് ? അവരുടെ വിധി വായിക്കുമ്പോൾ ഒരു യോഗ്യതയും വ്യക്തമാവുന്നില്ല താനും. സ്വന്തം നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മൊത്തം ലിസ്റ്റിന് പുനർ മാർക്കിടൽ നടത്താൻ പോലും അവർ മിനക്കെട്ടിട്ടില്ല. പരാതിക്കാരിക്ക് ജോലി കൊടുക്കണമെന്ന തീർപ്പിൽ അവർ പെട്ടെന്ന് എന്തിച്ചേരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നോ വീണ്ടും സെലക്ഷൻ പ്രക്രിയ നടത്തണമെന്നോ അല്ല. ഇതിന്റെ പേരുമാണ് ജാതി. ജനറൽ പോസ്റ്റിൽ ഒരു ദളിത് സ്കോളർ തെരഞ്ഞെടുക്കപ്പെടുന്നത്തിലുള്ള അസ്വസ്ഥത മാധ്യമങ്ങൽ പ്രകടിപ്പിച്ചതിനെ തുടർച്ചയാണിതും.

11. ഈ കേസിലെ അന്തിമവിധി എന്തായാലും സാമൂഹ്യ നീതിയെക്കുറിച്ച് ഉദ്വേഗമുള്ള എല്ലാവരും ഈ സമയത്ത് യൂണിവേഴ്‌സിറ്റിയുടെ കൂടെ നിൽക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഒരു ജനറൽ പോസ്റ്റിൽ എന്ത് കൊണ്ടും യോഗ്യതയുള്ള ഒരു സ്ക്രീനിങ് കം സെലക്ഷൻ കമ്മിറ്റി രുപീകരിച്ച് എന്ത് കൊണ്ടും യോഗ്യതയുള്ള ഒരു ദളിത് സ്കോളർക്ക് യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത നയങ്ങൾക്ക് കീഴ്പ്പെട്ട് നൽകിയ ഈ നിയമനം സാങ്കേതികമോ രാഷ്ട്രീയമോ ആയ കാര്യങ്ങൾ പറഞ്ഞ് അട്ടിമറിക്കപ്പെടുന്നത് സാമൂഹ്യനീതിയുടെയും അക്കാദമിക നിലവാരത്തിന്റെയും കാര്യത്തിൽ കേരളം നടത്തുന്ന തിരിച്ചു പോക്കായിരിക്കും എന്ന് ഞങ്ങൾക്കുറപ്പാണ്.

ഡോ. രേഖാരാജിനെ ഈ വിധി മുൻനിർത്തി റദ്ദ് ചെയ്തു കളയാം എന്ന് കരുതുന്നവരോട് ഞങ്ങൾക്ക് സഹതാപമേയുള്ളൂ. ആംനെസ്റ്റി ഇന്റര്നാഷനലിൽ ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി ശമ്പളം കിട്ടിയിരുന്ന സമയത്ത് സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെയടിസ്ഥാനത്തിൽ ജോലി രാജി വെച്ചയാളാണ് അവർ. മൂന്നു കൊല്ലം നീണ്ട ഈ റോളിലും അവർ സ്വന്തം ധർമം നിർവഹിച്ചു. രേഖ എങ്ങനെ ഇനി മുന്നോട്ടു പോവുന്നോ അതിന്റെ കൂടെ സഞ്ചരിക്കാൻ ഞങ്ങൾക്കും ആവേശമുണ്ട്. അത് അക്കാദമിക്സിൽ അല്ലെങ്കിൽ ഈ മണ്ഡലത്തിന്റെ ജനാധിപത്യ വൽക്കരണത്തിൽ പിന്നോട്ട് പോക്കാവുമെന്നു ഞങ്ങൾക്ക് ആശങ്കയുമുണ്ട്.

ആയതിനാൽ അക്കാദമിക്‌സിലും പുറത്തുമുള്ള സാമൂഹ്യ നീതിയിൽ താല്പര്യമുള്ള എല്ലാവരോടും ഈ പ്രതിരോധത്തിൽ മഹാത്മാ ഗാന്ധി യുണിവേഴ്‌സിറ്റിക്കും ഡോ .രേഖാരാജിനുമൊപ്പം നിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in