ഹത്രാസിലേക്കു നടന്നവന്‍ ഇന്ത്യയുടെ ആത്മാവില്‍ തൊട്ടിരിക്കുന്നു

ഹത്രാസിലേക്കു നടന്നവന്‍ ഇന്ത്യയുടെ ആത്മാവില്‍ തൊട്ടിരിക്കുന്നു
Published on

ഹത്രാസിലേക്ക് ഇറങ്ങിത്തിരിച്ച രാഹുല്‍ ഇന്ത്യയുടെ ആത്മാവിനെ സ്പര്‍ശിച്ചിരിക്കുന്നു. യാത്രകളുടെ ചരിത്രം ഇത് അടയാളപ്പെടുത്താതെ പോവില്ല.

ചവിട്ടിമെതിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് ആരു കൂട്ടു നില്‍ക്കും? കശക്കിയെറിയപ്പെട്ട ജീവന്റെ പിടച്ചിലുകള്‍ മാഞ്ഞുപോയിട്ടില്ലാത്ത മണ്ണിലേക്കാണ് രാഹുല്‍ നടന്നുതുടങ്ങിയത്. കൂട്ടബലാല്‍ക്കാരവും നരബലിയും നടത്തിയ അധികാര നിഴലുകള്‍ പലമട്ട് സജീവമാണ്. നിലവിളികള്‍ക്കു കൂട്ടു പോകുന്നവരെ തടയാന്‍ കാക്കിയണിഞ്ഞും അവയെത്തും.

അവളുടെ വിറയ്ക്കുന്ന അവസാനമൊഴി ബലാല്‍ക്കാരം ചെയ്യപ്പട്ടുവെന്നു വിറച്ചതാണ്. അതിനു വേണം ആണ്‍ബീജത്തിന്റെ തെളിവെന്ന് പൊലീസേമാന്മാര്‍ പറയുന്നു. മകളുടെ ജഡം അമ്മയ്ക്കും വീടിനും ഇത്തിരി നേരം നല്‍കാതെ ചിതകൂട്ടിത്തീവെച്ച നിയമ പാലക സംഘമാണ്. ആ സങ്കടങ്ങളിലേക്കു യാത്രതിരിച്ച രാഹുലിനെ വിനോദയാത്രികാ, നില്‍ക്കെന്ന് അട്ടഹസിച്ചവരാണ്. കൊലയും ബലാല്‍ക്കാരവും ആത്മഹത്യയാക്കുന്ന അത്ഭുതവും കണ്ടേക്കും.

യാത്ര തടഞ്ഞവരോട് രാഹുല്‍ ചോദിച്ചത് ഏതവകാശമാണ് നിങ്ങള്‍ നടപ്പാക്കുന്നത് എന്നാണ്. ഏതു നിയമ ലംഘനം എന്നില്‍ ചുമത്തുന്നു എന്നാണ്. കൂട്ടമായി വിടില്ലെങ്കില്‍ എന്നെ തനിച്ചു വിടൂ എന്നു വിനീതമായി അപേക്ഷിച്ചിട്ടും യോഗിയുടെ ധിക്കാരം വഴങ്ങിയില്ല. ഹിംസയുടെ കാളലിന് ശമനമില്ല.

രാഹുല്‍ പുറത്തിറങ്ങുന്നത് ആദ്യമായല്ല. 2008ല്‍ നിയാംഗിരി മലകളിലെ ഗോത്രജന സമരപ്പന്തലില്‍ ചെല്ലുമ്പോള്‍ അധികാരമുള്ള പാര്‍ട്ടിയുടെ മുഖമായിരുന്നു. വേദാന്തയ്ക്ക് എതിരായ സമരത്തെ വിജയിപ്പിക്കാന്‍ ആ യാത്രയും നിമിത്തമായതു നാം അത്ര ഗൗരവത്തില്‍ കണ്ടിരുന്നില്ല. 2011ല്‍ യു പിയിലെ പര്‍സോളില്‍ ഭൂമിപിടിച്ചെടുക്കല്‍ തടഞ്ഞ കര്‍ഷകരെ വെടിവെച്ചു കൊന്നപ്പോള്‍ ഓടിയെത്തിയവരില്‍ രാഹുലും യെച്ചൂരിയും ഉണ്ടായിരുന്നു. രാഹുല്‍ അവിടെ നടത്തിയ പ്രസ്താവത്തിന്റെ ഊര്‍ജ്ജമാണ് 2013ലെ ലാന്റ് അക്വിസിഷന്‍ നിയമമായത്.

രോഹിത് വെമുലയുടെ ഭരണകൂടവധം സൃഷ്ടിച്ച അശാന്തിയിലേക്ക് രാഹുലും എത്തി. വിദ്യാര്‍ത്ഥികളുടെ പ്രതിരോധത്തിന് പിന്തുണ നല്‍കി. പിന്നീട് ജെ എന്‍ യുവിലും ദില്ലിയിലും പുതുതലമുറയുടെ മുന്നേറ്റങ്ങളില്‍ പങ്കാളിയായി. കത്വാ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നതില്‍ പ്രതിഷേധിച്ചുള്ള ദില്ലിയിലെ രാത്രിസമരത്തില്‍ മെഴുകുതിരിയുമായും അദ്ദേഹത്തെ കണ്ടു.

കോണ്‍ഗ്രസ്സിനു സ്വാതന്ത്ര്യാനന്തര കാലത്തു ശീലമില്ലാതിരുന്ന പല മുന്‍കൈയുകളും രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായി. പലയിടത്തും പാഞ്ഞെത്തി. അനേകര്‍ക്കു തുണയായി. അഗതികളുടെ ഭാഷയറിഞ്ഞു. രാജ്യത്തിന്റെ അതിരുകളിടിയുമ്പോള്‍ നിര്‍ഭയം വിളിച്ചു പറഞ്ഞു. രാജ്യം രക്ഷകനായി കണ്ടത് സകലതും ചോര്‍ത്തി വില്‍ക്കുന്ന തസ്കരനെ ആയല്ലോയെന്ന് ജനങ്ങള്‍ക്കൊപ്പം പരിതപിച്ചു. നെഹ്റുവില്‍ മാഞ്ഞത് പതുക്കെ തെളിച്ചെടുത്തു. കോര്‍പറേറ്റ് ദുരയുടെ ചോരക്കൊതിക്ക് ബദലുണ്ടെന്ന് പറഞ്ഞു തുടങ്ങി. അതൊക്കെത്തന്നെ അപ്രതീക്ഷിത അനുഭവങ്ങളാണ് നമുക്ക്. അമ്പരപ്പിക്കുന്ന തിരിച്ചറിവാണല്ലോ എന്ന് സമാധാനം തന്നു.

ഫാഷിസ്റ്റുകളെ ക്ഷണിച്ചു വരുത്തിയ വിവേകമില്ലായ്മക്ക് അതേ പാര്‍ട്ടിയില്‍ പ്രതിക്രിയയുണ്ടാവുമോ? ചുരുങ്ങിയത് ഇന്ത്യ വെന്തു നീറുന്ന നേരത്ത് ആശ്വാസവുമായി ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമോ? ഫാഷിസ്റ്റ് ഭീകര വാഴ്ച്ചയ്ക്കെതിരായ ജനകീയ മുന്നേറ്റത്തിന് എല്ലാവരെയും ഒത്തുനിര്‍ത്തി ഒന്നു ശ്രമിച്ചു നോക്കുമോ? ഹത്രാസിലെ ശമനമില്ലാത്ത വേദന ഇന്ത്യന്‍ ഗ്രാമങ്ങളുടേതാണ്. ചമ്പാരനില്‍ നിന്നു തുടങ്ങുന്ന ഗാന്ധിയെപ്പോലെ ഒരുണര്‍വ്വ് കോണ്‍ഗ്രസ്സുകാരുടെ മാത്രം സ്വപ്നമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in