കറുത്തവനായി ജനിക്കുക എന്നുപറഞ്ഞാൽ അതിന്റെ അർത്ഥം അനീതിയുടെ കോടതിയിൽ വിചാരണകളില്ലാതെ ആരാലും കൊല്ലപ്പെടുക എന്നുകൂടിയാണ്.ഷിബു ഗോപാലകൃഷ്ണന്‍ എഴുതിയത്
തൊലിയുടെ നിറം കറുപ്പായിപ്പോയതു കൊണ്ടുമാത്രം കൊല്ലപ്പെട്ട എണ്ണിയാലൊടുങ്ങാത്ത കറുത്തമനുഷ്യരുടെ ചരമപ്പേജിലെ ഏറ്റവും അവസാനത്തെ പേര്- ജോർജ് ഫ്ലോയിഡ്.
അച്ഛനായിരുന്നു, കാമുകനായിരുന്നു, റെസ്റ്റോറന്റിൽ എത്തുന്നവരെയെല്ലാം ആശ്ലേഷിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്ന സെക്യൂരിറ്റി ആയിരുന്നു. ജീവിതത്തെ അത്രമേൽ സ്നേഹിക്കയാൽ അതിനെ മികച്ചതാക്കാൻ ഹൂസ്റ്റണിൽ നിന്നും മിനിയാപൊളിസിലേക്ക് കുടിയേറിയ ഡ്രൈവറായിരുന്നു. സഹോദരനും മകനുമായിരുന്നു, കൂട്ടുകാരനും സഹപ്രവർത്തകനുമായിരുന്നു. നാല്പത്തിയാറു വയസുള്ള ജീവിതത്തെ പ്രകാശപൂർണമാക്കാൻ പരിശ്രമിക്കുകയും സ്വപ്നംകാണുകയും ചെയ്ത ഈ ലോകത്തിന്റെ അവകാശിയായിരുന്നു.
വർണവെറിയുടെ കാൽമുട്ടുകൾക്കു കീഴെ കഴുത്തുപിടഞ്ഞു, ഒരു തെരുവുമുഴുവൻ നോക്കിനിൽക്കെ, ഈ ലോകംമുഴുവൻ നോക്കിനിൽക്കെ, ശ്വാസം നിലയ്ക്കുകയായിരുന്നു. തൊലിയുടെ നിറം മരണശിക്ഷയായി മാറുകയായിരുന്നു. വെറും സംശയത്തിന്റെ പേരിൽ കമിഴ്ത്തിക്കിടത്തി വെളുത്തകാൽമുട്ടുകൾ ശ്വാസമെടുക്കാൻ വിടാതെ പച്ചയ്ക്കു കൊല്ലുകയായിരുന്നു. അഞ്ചുമിനിട്ടു നേരമാണ്, മൂന്നു പോലീസ് ഓഫീസർമാർ വിലങ്ങുവച്ച നിരായുധനായ ഫ്ലോയിഡിനു മുകളിൽ കാൽമുട്ടുകൾ അമർത്തി ആനന്ദമടഞ്ഞത്. കഴുത്തു റോഡിനോടുചേർന്നു ഞെരിയുമ്പോഴും ഒരിറ്റു ശ്വാസത്തിനുവേണ്ടി അയാൾ യാചിച്ചു.
"എനിക്കൊരു സ്വപ്നമുണ്ട്" എന്നു പ്രസംഗിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ശബ്ദം വീണ്ടും മുഴങ്ങുന്നു, പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സ്വപ്നം നീതിയുടെ ആകാശങ്ങളെ പിന്നെയും മുഖരിതമാക്കുന്നു.
പ്ലീസ്, പ്ലീസ്, എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല എന്നയാൾ കേഴുന്നുണ്ടായിരുന്നു. മമ്മാ, മമ്മാ എന്നയാൾ അവസാനശ്വാസത്തിനു മുൻപും നിലവിളിക്കുന്നുണ്ടായിരുന്നു. ഒടുവിൽ അനക്കമില്ലാതെ ആ കറുത്തശരീരം നിലയ്ക്കുമ്പോഴും വെളുത്തകാൽമുട്ടുകൾ അതിനുമുകളിൽ വിശ്രമിക്കുകയായിരുന്നു. കണ്ടുനിന്നവർ അപേക്ഷിച്ചെങ്കിലും അവരുടെ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്തു. അടുത്ത പലചരക്കു കടയിൽ നിന്നും ഇരുപതു ഡോളറിന്റെ കള്ളനോട്ടുമായി ഒരാൾ വന്നിരിക്കുന്നു എന്ന സന്ദേശമാണ് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഫ്ലോയോഡിനെ ജീവിതത്തിൽ നിന്നും വിച്ഛേദിച്ചു കളഞ്ഞത്.
കറുത്തവനായി ജനിക്കുക എന്നുപറഞ്ഞാൽ അതിന്റെ അർത്ഥം അനീതിയുടെ കോടതിയിൽ വിചാരണകളില്ലാതെ ആരാലും കൊല്ലപ്പെടുക എന്നുകൂടിയാണ്.
വംശീയതയുടെ അവസാനിച്ചിട്ടില്ലാത്ത കൊലവെറികൾക്കെതിരെ #ICantBreathe എന്ന നീതിയുടെ ഏറ്റവും പുതിയ മുദ്രാവാക്യം ഉച്ചത്തിൽ പുകയുന്നു. ലോകമെങ്ങും അമർഷവും നിരാശയും നെടുവീർപ്പും നിറയുന്നു. ഞങ്ങളുടെ മക്കളെ എന്തുപറഞ്ഞാണ് വളർത്തേണ്ടതെന്നും, അവർക്കു ഞങ്ങൾ നൽകേണ്ടുന്ന പ്രത്യാശ എന്താണെന്നും, അവരെ ഞങ്ങൾ പഠിപ്പിക്കേണ്ടുന്ന നീതിയുടെ പുസ്തകം ഏതാണെന്നും ചോദിച്ചുകൊണ്ട് അമ്മമാർ എഴുന്നേൽക്കുന്നു. 57 വർഷങ്ങൾക്കു മുമ്പ് വാഷിംഗ്ടൺ ഡിസിയിൽ കറുത്തവർഗക്കാരുടെ വിമോചനത്തിനു നെടുനായകത്വം വഹിച്ച എബ്രഹാം ലിങ്കന്റെ സ്മാരകനിഴൽ വീണുകിടക്കുന്ന പടവുകളിലൊന്നിൽ നിന്നുകൊണ്ട്, നീതിക്കായി ഒത്തുകൂടിയ രണ്ടരലക്ഷം മനുഷ്യരെ സാക്ഷിനിർത്തി "എനിക്കൊരു സ്വപ്നമുണ്ട്" എന്നു പ്രസംഗിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ശബ്ദം വീണ്ടും മുഴങ്ങുന്നു, പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സ്വപ്നം നീതിയുടെ ആകാശങ്ങളെ പിന്നെയും മുഖരിതമാക്കുന്നു.
"എനിക്കൊരു സ്വപ്നമുണ്ട്, എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സത്യത്തിന്റെ ദൃഷ്ടാന്തമായി എന്റെ നാടും ഒരുനാൾ ഉദ്‌ഘോഷിക്കപ്പെടുമെന്ന്, ജോർജിയയിലെ ചുവന്ന കുന്നിൻപുറങ്ങളിൽ പഴയ അടിമകളുടെ മക്കളും അവരുടെ ഉടമകളുടെ മക്കളും സാഹോദര്യത്തിന്റെ മേശയ്ക്കു ചുറ്റും ഒരുമിച്ചിരിക്കുമെന്ന്. എനിക്കൊരു സ്വപ്നമുണ്ട്, അനീതിയുടെയും അടിച്ചമർത്തലിന്റെയും കൊടുംചൂടിൽ വരണ്ടുകിടക്കുന്ന മിസിസിപ്പി നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും കടുംപച്ചയായി മാറുമെന്ന്. എനിക്കൊരു സ്വപ്നമുണ്ട്, എന്റെ നാലുമക്കൾ അവരുടെ തൊലിയുടെ നിറംനോക്കിയല്ല, സ്വഭാവത്തിന്റെ വൈശിഷ്ട്യം നോക്കി വിധിക്കപ്പെടുന്ന ഈ രാജ്യത്തു ഒരുനാൾ ജീവിക്കുമെന്ന്.. താഴ്വാരങ്ങളെല്ലാം ഔന്നത്യത്തിലേക്കു ഉയർത്തപ്പെടുമെന്നും എല്ലാം പർവ്വതങ്ങളും തലകുനിക്കുമെന്നും എനിക്കൊരു സ്വപ്നമുണ്ട്.."