‘യെച്ചൂരി നയിക്കുന്ന പാര്‍ട്ടിക്ക് ലജ്ജവിട്ട് ഇനിയെങ്ങനെ തലയുയര്‍ത്താനാവും?’
മാവോയിസ്റ്റ് അനുകൂലികളെന്ന് ആരോപിച്ച് കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഡോ. ആസാദ് എഴുതിയത്
പ്രിയപ്പെട്ട അലന്‍, പ്രിയപ്പെട്ട താഹ,
നിങ്ങള്‍ പറഞ്ഞതുപോലെ ഇതു ഭരണകൂട ഭീകരതയാവണം. രാജ്യത്തെ നിയമവും പൊതുമര്യാദയും ആക്ഷേപിക്കപ്പെടുകയാണ്.
ഏതെങ്കിലുമൊരു പുസ്തകം വായിക്കുന്നതോ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തെ സ്വീകരിക്കുന്നതോ കുറ്റകരമല്ലെന്ന് പരമോന്നത നീതിപീഠം ബിനായക് സെന്‍ കേസില്‍ പറഞ്ഞതാണ്. ശ്യാം ബാലകൃഷ്ണന്‍ കേസില്‍ അതുതന്നെയാണ് കേരള ഹൈക്കോടതി വിധിച്ചതും. ശ്യാമിനെ പിടിച്ചുകൊണ്ടുപോയ പൊലീസ് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി സ്റ്റേ സമ്പാദിച്ചിരിക്കുന്നുവത്രെ പിണറായി സര്‍ക്കാര്‍! ആ ധൈര്യത്തില്‍ പക്ഷെ വേട്ടയ്ക്കിറങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. ബിനായക് സെന്‍ കേസിലെ വിധി ബാക്കി നില്‍ക്കുന്നു.
നീതിയും നിയമവും പക്ഷെ ആരുടെ വിഷയമാണ്? ഭരണകൂടം ജനങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്തു വായിക്കണം, എന്തു കേള്‍ക്കണം, എന്തു പറയണം എന്നെല്ലാം അവരാണ് നിശ്ചയിക്കുക. കോടതിബാഹ്യമായ തീര്‍പ്പുകളും ശിക്ഷാ നടത്തിപ്പുകളും ഒരു പൊലീസ് സ്റ്റേറ്റായി നമ്മുടെ സംസ്ഥാനത്തെ മാറ്റിയിട്ടുണ്ട്. അധികാരപ്പെട്ടവരുടെ ഈ നിയമലംഘനം സമസ്തയിടങ്ങളിലും ഭയം നിറച്ചിരിക്കുന്നു. അടിയന്തരാവസ്ഥയെക്കാള്‍ ഹീനമായ ഒരു മൗനം നമ്മെ വിഴുങ്ങുന്നു. ഭരണകക്ഷിപോലും ഭയംകൊണ്ടു സ്തംഭിച്ചു നില്‍ക്കുന്നു. രമണ്‍ ശ്രീവാസ്തവയും ബെഹറയും ചേര്‍ന്ന് നമ്മുടെ മുഖ്യമന്ത്രിയെ ബന്ദിയാക്കിയിട്ടില്ലെന്ന് നാമെങ്ങനെ വിശ്വസിക്കും?
അലനും താഹയും പറഞ്ഞ ഭരണകൂട ഭീകരതയുടെ ആദ്യയിര മുഖ്യമന്ത്രിതന്നെയാണോ? അദൃശ്യവലകളില്‍ അദ്ദേഹത്തെ കുരുക്കി മറ്റാരോ ഭരണം നടത്തുകയാണോ? ഏറ്റവും കഴിവുകെട്ട ഒരു ഇടതുപക്ഷ ഭരണാധികാരിക്കുപോലും തന്റെ വകുപ്പിനുമേല്‍ അധീശത്വമുണ്ടാവും. പിണറായി ആരെയോ ഭയക്കുന്നുണ്ട്. തീര്‍ച്ച. ആ ഭയം പാര്‍ട്ടി പ്രവര്‍ത്തകരിലേക്കും സംക്രമിച്ചിരിക്കുന്നു. പ്രിയ അലന്‍, താഹമാരേ, കൊലപാതക -ബലാല്‍സംഗ കേസുകളിലെന്നല്ല പെറ്റി കേസുകളില്‍പോലും അറസ്റ്റു ചെയ്യപ്പെട്ട പ്രതികളെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്ന നേതാക്കള്‍ വിദ്യാര്‍ത്ഥികളായ നിങ്ങളെ രക്ഷിക്കാന്‍ എത്തിയില്ലല്ലോ. സ്റ്റേഷനു മുന്നില്‍ ആരും കുത്തിയിരിപ്പു സമരം നടത്തിയില്ല.
പൊലീസ് ഭാഷ്യം അപ്പടി വിഴുങ്ങി നിയമസഭയില്‍ വിളമ്പുന്ന മുഖ്യമന്ത്രി നിങ്ങളെ കയ്യൊഴിയില്ലെന്ന് എന്തുറപ്പുണ്ട്? മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇടപെട്ടിട്ടും യു എ പി എ ചുമത്തുമെന്നു പറഞ്ഞ പൊലീസ് ഇടതുപക്ഷ സര്‍ക്കാറിനും മുകളിലിരുന്ന് നയവും നിയമവും ലംഘിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്ര വിലകെട്ട അവസ്ഥയില്‍ മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി വിജയന് എങ്ങനെ കഴിയുന്നു? യെച്ചൂരി നയിക്കുന്ന പാര്‍ട്ടിക്ക് ലജ്ജവിട്ട് ഇനിയെങ്ങനെ തലയുയര്‍ത്താനാവും?
പ്രിയ അലന്‍, പ്രിയ താഹ, ഭരണകൂട ഭീകരതയ്ക്ക് ഇരയായ പ്രിയ സഖാക്കളേ, നിങ്ങളുടേത് തീര്‍ച്ചയായും ഒറ്റപ്പെട്ട അനുഭവമല്ല. ഇന്ത്യന്‍ ജയിലുകളില്‍ വിചാരണപോലും തുടങ്ങാതെ വര്‍ഷങ്ങള്‍ പിന്നിടുന്ന അനേകരുണ്ട്. വരേണ്യ പദവിയിലുള്ള ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന പ്രിവിലേജ് നിങ്ങളെ ഒരളവുവരെ തുയ്ക്കുന്നുണ്ട്. അറിയപ്പെടാത്ത അനേകരുടെ അടക്കപ്പെട്ട ശബ്ദങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടാവണം. എല്ലാവരും കുറ്റം ചെയ്തവരാവില്ല. നിങ്ങളെപ്പോലുള്ള എത്രയോ പേര്‍. നിങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ എന്തിനെന്നറിയാതെ തടങ്കലില്‍ കഴിയുന്ന അനേകരെയാണ് ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നത്.
പൊലീസ് ഭാഷ്യം അപ്പടി വിഴുങ്ങി നിയമസഭയില്‍ വിളമ്പുന്ന മുഖ്യമന്ത്രി നിങ്ങളെ കയ്യൊഴിയില്ലെന്ന് എന്തുറപ്പുണ്ട്? മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇടപെട്ടിട്ടും യു എ പി എ ചുമത്തുമെന്നു പറഞ്ഞ പൊലീസ് ഇടതുപക്ഷ സര്‍ക്കാറിനും മുകളിലിരുന്ന് നയവും നിയമവും ലംഘിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്ര വിലകെട്ട അവസ്ഥയില്‍ മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി വിജയന് എങ്ങനെ കഴിയുന്നു? യെച്ചൂരി നയിക്കുന്ന പാര്‍ട്ടിക്ക് ലജ്ജവിട്ട് ഇനിയെങ്ങനെ തലയുയര്‍ത്താനാവും?
നമ്മുടെ ഈ സംസ്ഥാനമെങ്കിലും വേറിട്ടു നില്‍ക്കുമെന്ന് നാം പ്രത്യാശിച്ചു. എത്രയോ അഭിപ്രായ ഭേദങ്ങള്‍ നിലനില്‍ക്കെ, ചുവന്ന കൊടിയുടെയും കമ്യൂണിസ്റ്റ് വിലാസത്തിന്റെയും പേരില്‍ പിണറായി സര്‍ക്കാറില്‍ പ്രതീക്ഷ വെച്ചു. മോദി അമിത് ഷാ പ്രഭൃതികളെ വേണ്ട സമയത്തൊന്നും വേണ്ടത്ര കരുത്തോടെ എതിര്‍ക്കുന്നില്ല മുഖ്യമന്ത്രിയെന്ന വിമര്‍ശനം ഉണ്ടായിരുന്നിട്ടും ഫാഷിസത്തിനെതിരായ പ്രതിരോധത്തില്‍ ആ പാര്‍ട്ടിയുമായി ഐക്യപ്പെടാന്‍ വിമര്‍ശകര്‍ തയ്യാറായി. പക്ഷെ, ഒരു കൂട്ടുവഞ്ചനാ (കേന്ദ്ര - സംസ്ഥാന) സംഘത്തിന്റെ കാലൊച്ചകളാണോ കേട്ടുകൊണ്ടിരുന്നതെന്ന് ഭയക്കേണ്ടി വരുന്നു.
അലന്‍ താഹമാരേ, നിങ്ങള്‍ ഒട്ടും ഭയക്കരുത്. അടിമജീവിതങ്ങള്‍ക്കകത്ത് നിങ്ങള്‍ ചെറിയൊരു സ്ഫോടനമുണ്ടാക്കിയിരിക്കുന്നു. കേരളം എവിടെ എത്തി നില്‍ക്കുന്നുവെന്ന് പുകയുന്ന ആ പ്രകാശത്തില്‍ ഞങ്ങള്‍ക്കു കാണാം. നാളെ ഭരണകക്ഷിയുടെ പ്രിവിലേജുകൊണ്ട് നിങ്ങള്‍ പുറത്തിറങ്ങിയെന്നു വരാം. ചിലപ്പോഴാകട്ടെ, വളരെ സ്വാഭാവികമെന്നോണം അവര്‍ ദയാരഹിതമായി കയ്യൊഴിഞ്ഞെന്നും വരാം. പക്ഷെ, ഈ രണ്ടു ദിവസംകൊണ്ട് കേരളത്തിലെ പാവഭരണവും ഭരണകക്ഷിയുള്‍പ്പെടെയുള്ള പാര്‍ട്ടികളും ജനങ്ങളും അഭിമുഖീകരിക്കുന്ന ഭയവും നിസ്സഹായാവസ്ഥയും വെളിവായിരിക്കുന്നു. അത് പര്‍വ്വതരൂപം പ്രാപിക്കുന്നത് നാം നോക്കി നില്‍ക്കുകയാണോ?
അലന്‍, താഹ, അത്ര ബോധപൂര്‍വ്വമല്ലാതെ, വളരെ ചെറുപ്പത്തില്‍ നിങ്ങളൊരു സമരത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. തികച്ചും ജനാധിപത്യ മൂല്യങ്ങളുടെ ഉള്‍ക്കരുത്തുള്ള ഒരു പോരാട്ടമാവട്ടെ അത്. സഖാക്കളേ, അഭിവാദ്യം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം