മരം നടലിൽ തീരേണ്ടതോ പരിസ്ഥിതി ദിനം?

Wikimedia Commons
Wikimedia Commons
Published on
Summary

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ ആഹ്വാനം. നമുക്ക് അതിന് കഴിയുമോ?

ഡോ. അബേഷ് രഘുവരന്‍ എഴുതുന്നു

പരിസ്ഥിതി കാത്തുകാത്തിരിപ്പാണ്, ജൂൺ 5 എത്താൻ. മറ്റൊന്നിനുമല്ല. ഒന്നാർത്തുചിരിക്കാൻ. മനുഷ്യന്റെ കപടമായ മനോഭാവവും, പ്രഹസനങ്ങൾ നിറഞ്ഞ പ്രവർത്തനങ്ങളും കണ്ട് ഊറിച്ചിരിക്കാൻ. പരിസ്ഥിതിയ്ക്ക് മനുഷ്യരിൽ പ്രതീക്ഷയില്ല. മനുഷ്യന് നശിപ്പിക്കാനേ അറിയൂ. അവനവനെയല്ലാതെ മറ്റാരെയും, മറ്റൊന്നിനെയും സംരക്ഷിക്കുവാനും അവനറിയില്ല. നമ്മൾ കെട്ടിപ്പൊക്കിയ സൗധങ്ങളും, പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും തച്ചുതകർക്കാൻ പ്രകൃതിയ്ക്ക് മണിക്കൂറുകൾ മതി. പ്രകൃതിയെ സ്വയം സംരക്ഷിക്കാൻ പ്രകൃതിയ്ക്ക് തനതായ രീതികളുണ്ട്. നിയമങ്ങളുണ്ട്. അതുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് പോകാൻ കഴിയും. എന്നാൽ മനുഷ്യന് അതിലേക്ക് കടന്നുകയറിക്കൊണ്ട് ആധിപത്യം സ്ഥാപിക്കാനാവില്ല. കാരണം പ്രകൃതിയ്ക്ക് നാം മറ്റേതൊരു ജീവിയെപ്പോലെയും ഒരാൾ മാത്രം. കോടാനുകോടി ജീവികളിൽ ഒരാൾ മാത്രം.

Wikimedia Commons
Wikimedia Commons

എന്നിട്ടും നാം സ്വയം പറഞ്ഞുപരത്തുന്നു; നാം പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന്. മനുഷ്യന് മാത്രമേ സംരക്ഷിക്കുവാൻ കഴിയുള്ളൂ എന്ന്. അതുകേട്ടപാതി നമ്മളാവട്ടെ പരിസ്ഥിതിദിനം തിരഞ്ഞെടുത്തു പ്രകൃതിയെ സംരക്ഷിക്കാൻ ആഹ്വാനം നടത്തുന്നു. ബാക്കി മുന്നൂറ്റി അറുപത്തിനാലേകാൽ ദിവസവും അത് കേൾക്കാതെയോ, അറിയില്ലെന്നു നടിച്ചുകൊണ്ടോ നമ്മുടെ ജീവിതം ആസ്വദിക്കുന്നു. കഴിയുന്നതും പ്രകൃതിയെ കുത്തിനോവിച്ചുകൊണ്ട്.

ദിനാചരണങ്ങളിൽ നാം ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പരിസ്ഥിതിദിനം. വർഷത്തിലൊരിക്കൽ പരിസ്ഥിതിയുടെ പ്രാധാന്യം തൊട്ടറിഞ്ഞുകൊണ്ട് നാം ഉയിർത്തെഴുന്നേൽക്കുന്ന ദിവസം. സ്‌കൂളുകളിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ, കോളേജുകളിൽ സെമിനാറുകൾ, സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ, എല്ലായിടത്തും പൊതുവായുള്ളത് ഒന്നുമാത്രമാണ്. മരം നടൽ എന്ന പ്രക്രിയ. നാം ഓരോ പരിസ്ഥിതിദിനത്തിലും നട്ട മരങ്ങൾ എല്ലാം വളർന്നിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്ന് മനുഷ്യന് വീടുവച്ചു താമസിക്കാൻ ഒരടി സ്ഥലംപോലും ഉണ്ടാകുമായിരുന്നില്ല. പക്ഷേ, നമുക്കിപ്പോളും വീടുവെക്കാൻ സ്ഥലങ്ങൾ ധാരാളം ബാക്കി. നാം നട്ട ചെടികൾ ബാല്യം പിന്നിടുന്നതിനുമുമ്പുതന്നെ മുരടിച്ചു പോയിരിക്കാം. കാരണം പരിസ്ഥിതിദിനത്തിനപ്പുറം നാം നട്ട ചെടിയെപ്പോലും പരിപാലിക്കാനുള്ള ആഴവും, ആർദ്രതയും നമ്മുടെ പരിസ്ഥിതിസ്നേഹത്തിന് ഇല്ലാതെപോകുന്നു; അത്രതന്നെ.

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ ആഹ്വാനം. നമുക്ക് അതിന് കഴിയുമോ? വാക്പയറ്റും, ഉപരിപ്ലവമായ ആഹ്വാനങ്ങളും ഒഴിവാക്കാം. നമുക്ക് പ്രായോഗികമായി മാത്രം ചിന്തിക്കാം. ജീവിതത്തിന്റെ സർവ്വമേഖലയിലും സാന്നിധ്യം ഉറപ്പിച്ച പ്ലാസ്റ്റിക് എങ്ങിനെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? നൂറ്റാണ്ടിന്റെ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കുമ്പോളും, നമ്മുടെ ശരീരത്തിലും, ചുറ്റിനുമാകെയും പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് നിറയുമ്പോളും അവയെങ്ങനെയാണ് പ്രകൃതിയ്ക്ക് ദോഷകരമെന്ന് പറയുവാൻ കഴിയുന്നത്?

ഉത്തരം ലളിതമാണ്. പ്ലാസ്റ്റിക് ഒരു പ്രകൃത്യായുള്ള വസ്തുവല്ല, പൂർണ്ണമായും സിന്തറ്റിക് ആണ്. സിന്തറ്റിക് ആയവയുടെ പ്രത്യേകത അവ പ്രകൃതിയോട് ചേരില്ല എന്നതാണ്. അല്ലെങ്കിൽ അതിന് സമയമെടുക്കും. സിന്തറ്റിക് ആയ വസ്തുക്കൾ നാം ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, പ്രകൃതിയുടെ സ്വാഭാവികതയെ ദോഷകരമായി ബാധിക്കാതെ നോക്കേണ്ടതുണ്ട്. നമ്മുടെ ശരീരം ഉൾപ്പെടെ എല്ലാം ഭൂമിയോട് അഴുകി ചേരേണ്ടതുണ്ട്. എന്ത് വസ്തുവിനും അതിന്റേതായ കാലഹരണ ദിനങ്ങൾ (Expiry Date) ഉണ്ട്. അത്തരത്തിൽ ഭൂമിയിലെ ഓരോന്നും ചംക്രമണം ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നാൽ പ്ലാസ്റ്റിക് അങ്ങനെയല്ല. അതിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങളുടെ പ്രത്യേകതമൂലം അവ പ്രകൃതിയുടെ സ്വാഭാവികമായ അഴുകലിന് പാത്രമാകുന്നില്ല. മാത്രമല്ല പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങൾ എല്ലാം തന്നെ ജീവികളിൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.\

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് സമുദ്രത്തെയും, സമുദ്രത്തിലെ ജീവികളെയുമാണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴകളിലൂടെ സമുദ്രത്തിലേക്ക് എത്തുകയും സമുദ്രത്തിലെ ജീവികളെ ബാധിക്കുകയും ചെയ്യുന്നു. കുറച്ചുവർഷങ്ങൾക്കുമുമ്പ് ഫിലിപ്പൈൻസിന് അടുത്തുള്ള ഒരു സമുദ്രത്തിൽ ചത്തടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെടുത്തത് നാല്പതുകിലോ പ്ലാസ്റ്റിക് ആയിരുന്നു. ഇപ്പോൾ ഏകദേശം നൂറുമില്ല്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്തിനേറെ പറയുന്നു, നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ മൈക്രൊപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഉണ്ടെന്ന് പഠനങ്ങൾ ഉണ്ട്.

പ്ലാസ്റ്റിക്കോ, മലിനീകരണമോ, മരം നടുന്നതോ ഒന്നുമല്ല ഈ പരിസ്ഥിതിദിനം ആവശ്യപ്പെടുന്നത്. നാം ജീവിക്കുന്ന, നമ്മുടെ ഭൂമിയെ മനസ്സിലാക്കലാണ്. പ്രകൃതിയോട് നാം ചെയ്യുന്നതിനോടൊക്കെ പ്രകൃതി തിരിച്ചടിക്കുന്നത് വലിയ ദുരന്തങ്ങളിലൂടെയാണ്. അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയിലേക്കുള്ള അനിവാര്യമായ തിരിച്ചുവരവാണ്. അടുത്തകാലത്തുണ്ടായ എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യൻ വരുത്തിവച്ചതുതന്നെയാണ്. കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രകൃതിയെ നാം അർഹിക്കുന്നില്ല എന്നതുപോലെ, വീണ്ടും വീണ്ടും നമ്മൾ അതിനെ നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അത് തുടർന്നാൽ പ്രകൃതിയുടെയല്ല, നമ്മുടെതന്നെ നിലനിൽപ്പാണ്‌ അവതാളത്തിലാവാൻ പോകുന്നത്. കാരണമെന്തെന്നാൽ, പ്രകൃതിയ്ക്ക് നമ്മെപ്പോലെതന്നെയാണ് ഓരോ ജീവികളും. അവയുടെ നിലനിൽപ്പും സംരക്ഷിക്കേണ്ടതുണ്ട്. അടുത്ത മുന്നൂറ്റി അറുപത്തിനാലുദിവസം ആ ചിന്തപോലും വരാതെയിരിക്കുമ്പോളും, ഈ പരിസ്ഥിതിദിനത്തിൽ എങ്കിലും ആ ചിന്ത മനസ്സിലേക്ക് വരട്ടെ. ഒന്നിച്ചു ശ്രമിക്കാം, പ്രകൃതിയോടൊത്തു ജീവിക്കാൻ…

Related Stories

No stories found.
logo
The Cue
www.thecue.in