ഇന്നും ഒരു വിഷമം വന്നാല്‍ ' നീ പേടിക്കെണ്ടടാ ഞാനുണ്ടെടാ കൂടെ ' എന്ന് വിജിയുടെ ഒരു വിളി വരും. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വീണ്ടും കോവിഡാണ് എന്നറിഞ്ഞപ്പോള്‍ ഇപ്പോഴും വന്നു ആ വിളി.
എണ്‍പതുകളുടെ മധ്യത്തില്‍ കോഴിക്കോട്ടെ തെരുവില്‍ ഫെമിനിസത്തിന്റെ വഴിവെട്ടിത്തെളിച്ച് അജിയേച്ചി (അജിത) ഞങ്ങളെ നടത്തിയ കാലത്തെപ്പോഴോ കണ്ടുമുട്ടിയതാണ് ആ ചങ്കിടിപ്പിനെ. മിഠായിത്തെരുവില്‍ വെച്ച് മേല് കൈവക്കാന്‍ പുരുഷപരിവാരം മുതിര്‍ന്നപ്പോള്‍ അവിടെ കുതിച്ചെത്തി ആ കൈകള്‍ക്ക് ചുറ്റും പ്രതിരോധ കവചം പണിത് ചേര്‍ത്തു നടത്തിയ കരുത്ത്. എന്നും എന്റെ സമര സഖാവ് .
മിഠായിത്തെരുവിലെ അസംഘടിതര്‍ക്ക് അവള്‍ സ്വന്തം ജീവിതം കൊണ്ട് രചിച്ച വീരഗാഥയാണ് മൂത്രപ്പുരസമരവും ഇരിയ്ക്കല്‍ സമരവും. അവള്‍ വിളിച്ചപ്പോഴെല്ലാം ഒപ്പം ചെന്നിരുന്നിട്ടുണ്ട്: അവള്‍ക്കൊപ്പം. 2009ല്‍ അസുഖം കഴിഞ്ഞെത്തിയത് മുതല്‍ ഏത് സമരത്തിനിടയിലും എന്നെ വെയിലത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ അവള്‍ പ്രത്യേകം ശ്രദ്ധിക്കും. അടുത്ത് വന്ന് സ്വകാര്യമായി പറയും, 'നീ മുദ്രാവാക്യമൊക്കെ മെല്ലെ വിളിച്ചാ മതി'.
സാമ്പ്രദായിക ട്രേഡ് യൂണിയന്‍ ശക്തികള്‍ക്ക് അവരുടെ കണ്ണിലെ കരടായിരുന്നു അവള്‍. മിഠായിത്തെരുവിലെ വെള്ളിവെളിച്ചങ്ങള്‍ മാത്രം നോക്കി നടക്കുന്നവര്‍ അവളെ കണ്ടില്ലെന്ന് നടിച്ചു. അതിനൊരു തിരുത്താണ് മൂത്രപ്പുര സമരത്തിന്റെയും ഇരിയ്ക്കല്‍ സമരത്തിന്റെയും ചരിത്ര വിജയങ്ങള്‍, അതിന്നും തുടരുന്നു.
മുഖ്യധാരാ സിനിമയില്‍ എന്തുകൊണ്ട് വിജിയെപ്പോലുളളവരുടെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ക്ക് ഇടമുണ്ടാകുന്നില്ലെന്ന് എപ്പോഴും ആലോചിച്ചിട്ടുണ്ട്. പല ചര്‍ച്ചകളിലും അത്തരം വിഷയങ്ങള്‍ എടുത്തിടുമ്പോള്‍ അതിന്റെ 'ചൂട് ' സിനിമക്കാരെ പൊള്ളിയ്ക്കും, അടുക്കില്ല.
അവിടെയാണ് മുഖ്യധാരാ സിനിമയുടെ ഈ അരികുവല്‍ക്കരണത്തെ പൊള്ളലേല്‍പ്പിച്ച കുഞ്ഞില മാസ്സിലാമണിയുടെ 'അസംഘടിതര്‍ ' പ്രസക്തമാകുന്നത്.
കുഞ്ഞിലക്കും സ്വാതന്ത്ര്യ സമരം ഒരുക്കിയ ജിയോ ബേബിക്കും പാട്ട് കൊണ്ട് നിശബ്ദതയെ ലംഘിച്ച പ്രിയ ചങ്ങാതി മൃദുലയടക്കമുള്ള എല്ലാ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും സ്‌നേഹം.
ജിയോ ബേബി ആദ്യ സിനിമയുടെ അടുക്കളയില്‍ നിന്നും വെള്ളിത്തിരയുടെ അരങ്ങില്‍ ഒരു സ്വാതന്ത്ര്യസമരം തന്നെ കൊളുത്തിവയ്ക്കുന്നു. പ്രത്യാശ പരത്തുന്നു. നന്ദി.
അത്രയൊന്നും പ്രകാശഭരിതമല്ലാത്ത ഒരു പഴയ കാല ഓര്‍മ്മ കൂടി പങ്കു വച്ചാലേ ഈ എഴുത്ത് പൂര്‍ണ്ണമാകൂ. മകള്‍ മുക്ത വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠനത്തിന്റെ ഭാഗമായി ചെയ്ത ആദ്യ ഡോക്യുമെന്ററി വിജിയുടെ ഇരിയ്ക്കല്‍ സമരപോരാട്ടം രേഖപ്പെടുത്തിയ 'Rise' എന്ന ഡോക്യുമെന്ററിയായിരുന്നു. വിജിയുടെ സഹായത്തോടെ ഒളിച്ചും പതുങ്ങിയുമാണ് അത് എടുത്തത്. പരസ്യമായി പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് പോലും അതില്‍ പങ്കാളികളായവര്‍ക്ക് ബുദ്ധിമുട്ടും ഭയവുമായിരുന്നു. അത് കൊണ്ട് തന്നെ അത്രയും സ്വകാര്യ സദസ്സുകളില്‍ മാത്രമേ അത് കാട്ടിയിട്ടുള്ളൂ. അതില്‍ മൊഴി കൊടുത്തവരാണ് എന്ന് മുതലാളിമാര്‍ അറിഞ്ഞാല്‍ അപ്പോള്‍ പണി പോകുന്ന അസംഘടിതരുടെ കാലമായിരുന്നു അത്.
'Rise' മുന്നോട്ട് വച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുഹൃത്തുക്കളായ ശ്രീജിത്ത് ദിവാകരനും ഷാഹിനയുമാണ് വിജിയെ അന്വേഷിച്ചെത്തിയ ബി.ബി.സി.യുടെ ശ്രദ്ധയില്‍ അത് പെടുത്തിയത് . ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളിലേക്കുള്ള വിജിയുടെ പോരാട്ട വഴികള്‍ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായിരുന്നു.
ബി.ബി.സി.യുടെ ആ അംഗീകാരം കേരളത്തിലെ മാധ്യമങ്ങളുടെയും കണ്ണു തുറപ്പിച്ചു. നേരത്തെ വിജിയുടെ ഒരു ഇരിയ്ക്കല്‍ സമരത്തെ പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതുകയും വിജിയുടെ ലേഖനം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിന് അന്നതിന്റെ ചുമതലയിലുണ്ടായിരുന്ന പ്രേംചന്ദിനെ മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. എന്നാല്‍ ബി.ബി.സി. യുടെ അംഗീകാരം ലഭിച്ചപ്പോള്‍ അതേ വിജിയെക്കുറിച്ച് പ്രേംചന്ദിന് എഡിറ്റോറിയല്‍ എഴുതാനായി എന്നത് പഴയ താക്കീതിന് കാലം കരുതിവച്ച കാവ്യനീതിയായി. രണ്ട് എഡിറ്റോറിയലുകള്‍ക്കിടയില്‍ ഒഴുകിപ്പോയത് ഒരു വലിയ കാലം തന്നെയായിരുന്നു.
'അസംഘടിതര്‍ ' മലയാള സിനിമക്കും ഒരു തിരുത്താണ് : അസംഘടിതര്‍ സ്വയം നിര്‍മ്മിക്കുന്നു എന്ന സന്ദേശം പകരുന്ന തിരുത്ത് - സിനിമയിലായാലും ജീവിതത്തിലായാലും.