പിടിയ്ക്കപ്പെടാത്ത സിവിക് ചന്ദ്രന്മാരുടെ നടുവിലാണ് ഞങ്ങളുടെ ജീവിതം

പിടിയ്ക്കപ്പെടാത്ത സിവിക് ചന്ദ്രന്മാരുടെ നടുവിലാണ് ഞങ്ങളുടെ ജീവിതം
Published on
Summary

അന്യായങ്ങള്‍ക്ക് എതിരെയുള്ള ഒരു പോരാട്ടവും ചെറുതല്ല. സിവിക്കിനെതിരെ പരാതി നല്‍കാന്‍ ധൈര്യപ്പെട്ട രണ്ട് അതിജീവിതമാര്‍ക്കും നീതി ലഭ്യമാകും വരെ മാത്രം നിന്നാല്‍ പോര ഈ കൂട്ടായ്മകള്‍. അത് എല്ലാ അതിജീവിതമാര്‍ക്കും നീതി ലഭ്യമാകും വരെ നിലനില്‍ക്കേണ്ട ഒരു നീണ്ട പോരാട്ടമാകണം. ദീദി ദാമോദരന്‍ എഴുതുന്നു.

പൊതുസമൂഹം ഒരു പുല്ലിംഗപദമാണ് എന്നതില്‍ ഒരു ഫെമിനിസ്റ്റിനും സംശയമുണ്ടാകില്ല. ഇവിടെ രാഹുല്‍ ഈശ്വര്‍ ഒരു വ്യക്തിയല്ല, ഒരു പ്രതിനിധിയാണ്. ദിലീപ്, വിജയ്ബാബു അനുകൂലിയായി സകലവിധ ചര്‍ച്ചകളിലും എത്തുന്ന ആ രാഹുല്‍ ഈശ്വര്‍ ഇന്നിപ്പോള്‍ സിവിക്കിനു വേണ്ടിയും വാദിക്കാനിറങ്ങുന്നത് അതുകൊണ്ടാണ്. അതൊരു സ്വാഭാവിക പരിണതി മാത്രം.

രാഹുല്‍ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം. അതില്‍ ഇരട്ടത്താപ്പില്ല. പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയാണ്. അതാണ് സുഹൃത്തായ സിവിക്ചന്ദ്രനിലും പുരോഗമന നാട്ട്യക്കാരിലും ഉള്ളത്. അവരില്‍ മറഞ്ഞിരിയ്ക്കുന്ന രാഹുല്‍ ഈശ്വരന്മാര്‍ ഉണ്ട്.

അത് കൂടുതല്‍ അപകടകാരിയാണ്. പുരോഗമനത്തിന്റെ കെണി അതിലുണ്ട്.

ഫെമിനിസവും പുരോഗമനവുമൊക്കെ 'പെണ്ണുങ്ങളെ വെറുതെ കിട്ടാനായി ' ഉപയോഗിക്കുന്നവരാണവര്‍.

ആണധികാരത്തിന്റെ നിത്യപൂജ എന്താണ് എങ്ങിനെയാണ് , അതിന്റെ ആശങ്കകള്‍ എന്തൊക്കെയാണ് എന്ന് രാഹുല്‍ ഈശ്വര്‍ നിതാന്തമായി പറയുന്നുണ്ട്. Ideology matters.

മാര്‍ക്‌സത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ architectural metaphor വെച്ച് വിഗ്രഹിച്ചാല്‍ Patriarchal ആയ Base ന് മുകളില്‍ ഉണ്ടാക്കപ്പെട്ട Super structure (പോലീസും കോടതിയും മതങ്ങളും മാധ്യമങ്ങളുമൊക്കെ) Patriarchal അല്ലാതാവുന്നതെങ്ങനെ.

പ്രസ്ഥാനങ്ങളും പൊതു സമൂഹവുമൊക്കെ നിക്ഷ്പക്ഷമായിരിക്കും എന്നത് തെറ്റിധാരണ മാത്രമാണെന്ന് ഏത് സ്ത്രീക്കും ജീവിതാനുഭവം കൊണ്ടറിയാം.

സിവിക്കിനെതിരെയുള്ള പരാതിയുടെ എഫ്.ഐ.ആര്‍. മുതല്‍ ജാമ്യ ഹരജികളിലെ വിധി വരെയുള്ള കാര്യങ്ങള്‍ തെളിയ്ക്കുന്നത് എന്താണെന്ന് നോക്കുക.

നമ്മുടെ നവോത്ഥാനം ഒരു പുറംപൂച്ച് മാത്രമാണ്. അതിന്റെ ഉള്ളടക്കം (Base) ഇന്നും ആണത്തമാണ്.

കേസില്‍ സ്ത്രീ പക്ഷത്ത് നിന്നും എഫ്.ഐ.ആര്‍. ഇടാന്‍ കേരള പോലീസില്‍ എത്രയാണ് പെണ്‍ പോലീസിന്റെ ശതമാനം ? സ്വാതന്ത്ര്യത്തിന് 75 വയസ്സായിട്ടും അത് പത്തില്‍ താഴെയല്ലേ ? എത്രയുണ്ട് നമ്മുടെ കോടതികളില്‍ വനിതാ ജഡ്ജിമാര്‍? പോലീസുകാരെക്കാളും താഴെയല്ലേ അത്?

അത് ചികയാന്‍ നമ്മുടെ നിയമ നിര്‍മ്മാണം നടക്കുന്ന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും മാത്രം നോക്കിയാല്‍ മതിയല്ലോ.

അവിടെ എത്രയാണ് ശതമാനക്കണക്ക്? ഒരു കാലത്തും അത് പത്തില്‍ കൂടിയിട്ടില്ലല്ലോ? പിന്നെ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി നടി ആക്രമിക്കപ്പെട്ട കേസില്‍ എ.എം.എം.എ.ക്ക് എതിരെയും അന്യായമായ ആണത്ത കോടതി വിധികള്‍ക്കെതിരെയും ഒന്നും മിണ്ടാത്തവര്‍ പോലും ഇപ്പോള്‍ സിവിക്കിനെതിരെ രംഗത്തു വന്നത് കാണുമ്പോള്‍ വിസ്മയിക്കാതെ തരമില്ല.

കുറച്ച് മുമ്പ് അതിജീവിതക്കൊപ്പം എന്ന പ്രതിഷേധ കൂട്ടായ്മയില്‍ ഒന്ന് മുഖം കാണിയ്ക്കാന്‍ പോലും ഭയന്ന് ഒളിച്ചിരുന്ന എന്റെ സ്ത്രീ സുഹൃത്തുക്കള്‍ സിവിക്കിനെതിരെയുള്ള പോരാട്ട കൂട്ടായ്മയില്‍ അണിനിരന്നു കാണുന്നുണ്ട്. ആശ്വാസം.

അന്യായങ്ങള്‍ക്ക് എതിരെയുള്ള ഒരു പോരാട്ടവും ചെറുതല്ല. സിവിക്കിനെതിരെ പരാതി നല്‍കാന്‍ ധൈര്യപ്പെട്ട രണ്ട് അതിജീവിതമാര്‍ക്കും നീതി ലഭ്യമാകും വരെ മാത്രം നിന്നാല്‍ പോര ഈ കൂട്ടായ്മകള്‍.

അത് എല്ലാ അതിജീവിതമാര്‍ക്കും നീതി ലഭ്യമാകും വരെ നിലനില്‍ക്കേണ്ട ഒരു നീണ്ട പോരാട്ടമാകണം. പോലീസില്‍, കോടതിയില്‍, നിയമസഭയില്‍, പാര്‍ലമെന്റില്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍, തീരുമാനമെടുക്കുന്ന എല്ലാ അധികാര സമിതികളിലും ലിംഗസമത്വം പുലരും വരെ നീണ്ട പോരാട്ടമാകണം.

ആ പോരാട്ടത്തിന്റെ തോല്‍വി നീതിയുടെ തോല്‍വിയാണ്.

അവിടെ സ്ത്രീയുടെ വേഷം ആണത്തങ്ങള്‍ക്ക് പ്രലോപനപരമാകും. അവളുടെ ശബ്ദം പ്രകോപനം ഉണ്ടാക്കും. ആണത്തങ്ങള്‍ ആഗ്രഹിക്കുന്ന വേഷം ധരിച്ച് മിണ്ടാതെ വീടുകളില്‍ അടങ്ങിയൊതുങ്ങി വിധേയപ്പെട്ടു കഴിഞ്ഞാലും ഉററവരാല്‍ ബലാത്സംഗം ചെയ്യപ്പെടും. കുഴിച്ചുമൂടപ്പെടും.

പ്രായ വ്യത്യാസമില്ലാതെ കെട്ടിത്തൂക്കപ്പെടും. കിടപ്പറയില്‍ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊല്ലപ്പെടും.

ഇതേ കുറിച്ച് വിലപിച്ചാല്‍ ഇരവാദമാവും. ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് അന്യായത്തിന്റെ അവസാന വാക്കല്ല സിവിക്ക് ചന്ദ്രന്‍ .

പിടിയ്ക്കപ്പെടാത്ത സിവിക് ചന്ദ്രന്മാരുടെ ഘോഷയാത്രകള്‍ക്ക് നടുവിലാണ് ഞങ്ങളുടെ ജീവിതം. ആര്‍ക്കും അത് കണ്ണു തുറന്നു നോക്കിയാല്‍ കാണാവുന്നതേയുള്ളൂ. തോല്‍പ്പിക്കപ്പെടുന്നുണ്ട്.

എന്നാല്‍ ഞങ്ങള്‍ കീഴടങ്ങില്ല. പോരാട്ടം തുടര്‍ന്നല്ലേ മതിയാവൂ.

#അവള്‍ക്കൊപ്പം

#അതിജീവിതകള്‍ക്കൊപ്പം

Related Stories

No stories found.
logo
The Cue
www.thecue.in