ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ പി.കെ കുഞ്ഞനന്തന്‍ മരണപ്പെട്ടതിന് പിന്നാലെ സിപിഐഎം നേതാക്കള്‍ നടത്തിയ അനുസ്മരണത്തെയും പ്രകീര്‍ത്തനങ്ങളെയും വിമര്‍ശിച്ച് ഡോ.ആസാദ് ഫേസ്ബുക്കില്‍ എഴുതിയത്.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സി പി ഐ എം എന്ന പാര്‍ട്ടിയാണ് ചെയ്തതെന്ന് അന്നേ ആളുകള്‍ മനസ്സിലാക്കിയതാണ്. കോടതി വിധിയും അത് തുറന്നു കാണിച്ചു. എന്നാല്‍ ഗൂഢാലോചന എത്ര മുകളിലേക്കു നീണ്ടിരുന്നു എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും സന്ദേഹങ്ങളും മാത്രം നിലനിന്നു. മോഹനന്‍ മാസ്റ്റര്‍ക്കും മുകളിലേക്ക് അന്വേഷണം നീണ്ടില്ല. അന്നത്തെ യുഡിഎഫ് ഭരണവും സി പിഐഎം താല്‍പ്പര്യത്തിനു വഴങ്ങുന്നതു കണ്ടു.
അന്നു സ്തംഭിച്ച അന്വേഷണത്തില്‍ തുറക്കാതെപോയ വഴികളും കേന്ദ്രങ്ങളും തുറക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കൊലക്കുറ്റത്തിനു കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തന്റെ മരണത്തെ തുടര്‍ന്ന് ആ കേന്ദ്രങ്ങളില്‍നിന്നെല്ലാം നന്ദിപ്രമേയങ്ങള്‍ വന്നു. മറ്റൊരു ഏരിയാ കമ്മറ്റി അംഗത്തിനും ജില്ലാ കമ്മറ്റി അംഗത്തിനും ലഭിക്കാത്ത പാര്‍ട്ടി ബഹുമതി അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനം ഏതാണെന്നതിന് അടിവരയിട്ടു. സംസ്ഥാന നേതൃത്വത്തിന്റെ അകമഴിഞ്ഞ അഭിവാദ്യത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ നിഗൂഢവഴികളില്‍ ബാക്കിയുള്ളവ തെളിഞ്ഞുവന്നു. അതു പൊതുസമൂഹത്തിന്റെ ശങ്കകള്‍ ദുരീകരിക്കാന്‍ സഹായകമായി.
കൊലയാളികളെ സാമൂഹിക മാധ്യമങ്ങളിലെയും പൊതു മാധ്യമങ്ങളിലെയും വായാടിത്തവീറുകൊണ്ടു വിശുദ്ധപ്പെടുത്താന്‍ ആവില്ല. അതു പാര്‍ട്ടിയെത്തന്നെ കൊലയാളിപ്പാര്‍ട്ടിയെന്നു വിളിക്കാന്‍ ഇട വരുത്തും.
സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സി പി ഐ എം നേതാവാണ് പി കെ കുഞ്ഞനന്തന്‍. മേല്‍ക്കോടതികളൊന്നും ഈ വിധിക്കു സ്റ്റേ നല്‍കിയിട്ടില്ല. മേല്‍ക്കോടതി കുറ്റവിമുക്തരാക്കുംവരെ ശിക്ഷിക്കപ്പെട്ടവര്‍ കൊലയാളികള്‍തന്നെയാണ്. എന്നാല്‍ കോടതിക്കുമേല്‍ സമാന്തര കോടതിയുടെ അധികാരമുണ്ടെന്ന മട്ടില്‍ കുഞ്ഞനന്തന്‍ കുറ്റവാളിയല്ല എന്ന് സി പി ഐ എം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും കീഴ്പ്പെട്ടു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാവൂ. അല്ലാത്തവയെ നിരോധിക്കാന്‍, അഥവാ ഉള്ള രജിസ്ത്രേഷന്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ട്. ടി പി വധക്കേസിലെ കോടതി വിധി തങ്ങള്‍ക്കു ബാധകമല്ലെന്നും ശിക്ഷിക്കപ്പെട്ട ആള്‍ നിരപരാധിയാണെന്നും വിളിച്ചു പറയുന്നത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന കൊലയാളിയെ പാര്‍ട്ടിയുടെ ഏരിയാ കമ്മറ്റിയിലേക്കു തെരഞ്ഞെടുത്തതും മരണശേഷം മഹത്വവല്‍ക്കരിച്ചതും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള യോഗ്യതയാണ് പാര്‍ട്ടി കൈയൊഴിയുന്നത്.
സാമൂഹിക മാധ്യമങ്ങളിലല്ല കോടതിയിലാണ് തെളിവുകള്‍ ഹാജരാക്കി വാദിക്കേണ്ടത്. കോടതി പിരിഞ്ഞ ശേഷം തോന്നുന്ന ന്യായം അടുത്ത കോടതിയിലേക്കു കരുതിവെയ്ക്കാം. അല്ലാതെ കുറ്റവാളിയെ തുണയ്ക്കാന്‍ കോടതിയെ അവഹേളിക്കുന്നത് അത്ര നല്ലതല്ല. അതാണ് സി പി ഐ എം ചെയ്യുന്നത്.
കൊലയാളികളെ സാമൂഹിക മാധ്യമങ്ങളിലെയും പൊതു മാധ്യമങ്ങളിലെയും വായാടിത്തവീറുകൊണ്ടു വിശുദ്ധപ്പെടുത്താന്‍ ആവില്ല. അതു പാര്‍ട്ടിയെത്തന്നെ കൊലയാളിപ്പാര്‍ട്ടിയെന്നു വിളിക്കാന്‍ ഇട വരുത്തും. ടി പി ചന്ദ്രശേഖരന്റെ ഓര്‍മ്മയോടും പൊരുതിത്തോല്‍ക്കുകയാണ് പാര്‍ട്ടി. കോടതി ശിക്ഷിച്ച കുറ്റവാളികളെ മറിച്ചുള്ള വിധി വരുംവരെ അകറ്റി നിര്‍ത്തുക എന്നതാണ് ജനാധിപത്യ സംവിധാനത്തില്‍ അഭികാമ്യം. അങ്ങനെ തീരുമാനിക്കാനുള്ള ജനാധിപത്യ ബോധം സിപിഎമ്മില്‍ ബാക്കിനിന്നില്ല.
അങ്ങനെയൊരു പാര്‍ട്ടി, കോടതിയുടെയും പൊലീസിന്റെയും അധികാരം തങ്ങള്‍ക്കുണ്ടെന്ന് പറയുന്നതില്‍ അത്ഭുതമില്ല. അതോടെ പക്ഷെ ജനാധിപത്യ വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍നിന്നു പാര്‍ട്ടി വേര്‍പെടുകയാണ്. ജനാധിപത്യേതര മാര്‍ഗം തേടുന്ന തീവ്ര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സമാനമായ നിലയാണത്. ഭരണത്തിലിരുന്നും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനം മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തിലുണ്ട്. കൊലക്കുറ്റത്തിനു ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഒരാളെ മഹത്വവല്‍ക്കരിക്കാന്‍ അദ്ദേഹം പദവി ദുരുപയോഗിച്ചു.
പാര്‍ട്ടിയുടെ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ നിലപാടുകളാവണം മുഖ്യമന്ത്രിയെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. അതിനാല്‍ ഒന്നുകില്‍ പാര്‍ട്ടി തെറ്റു തിരുത്തണം. അല്ലെങ്കില്‍ ഇത്തരം പാര്‍ട്ടികളുടെ അംഗീകാരം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുനപ്പരിശോധനക്കു വിധേയമാക്കണം.