അടച്ചിട്ട മുറികളില്‍ ജീവനോടെ ഖബറിലെന്ന പോലെ ഓരോ പ്രവാസിയും
ഷെയിന്‍ നിഗം നായകനായ പുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷനായി മാര്‍ച്ചില്‍ ദുബൈയിയില്‍ എത്തിയതാണ് സംവിധായകന്‍ സലാം ബാപ്പു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായപ്പോള്‍ ദുബൈയില്‍ ഏകാന്തവാസത്തിലായി. അപ്രതീക്ഷിത പ്രവാസത്തില്‍ കൊവിഡ് കാലത്തെ ഗള്‍ഫ് കാഴ്ചകളെക്കുറിച്ച് സലാം ബാപ്പു എഴുതുന്നു.
'ഈ സമയത്ത് ഇങ്ങനെ ഒരു യാത്ര വേണ്ടിയിരുന്നില്ല...' ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ പറഞ്ഞു. എന്നാല്‍ അസാധാരണമായ എന്തോ ഒന്ന് ലോകത്തെ വിറപ്പിക്കാന്‍ പോകുകയാണെന്ന ചിന്തയൊന്നും മനസ്സിനെ പിടികൂടിത്തുടങ്ങിയിരുന്നില്ല. ഇങ്ങനെ എന്തൊക്കെ നമ്മള്‍ കണ്ടതാണ്, കേട്ടതാണ് എന്ന മനോഭാവത്തില്‍ തന്നെയായിരുന്നു.
'ലോകം മുഴുവന്‍ ഭീതിയിലാണ്, ചൈനയില്‍ നിന്നു തുടങ്ങിയ കോവിഡ് 19 എന്ന മഹാമാരി ഇപ്പോള്‍ ഇറാനെയും ഇറ്റലിയും വിറപ്പിച്ച് കൊണ്ടിരിക്കുകയാണ്...' അപ്പോഴും അതൊക്കെ വന്ന വഴിയില്‍ പോയിക്കോളും എന്ന് തന്നെ തോന്നി. 'കേരളത്തിലും എത്തിത്തുടങ്ങി കെട്ടോ...' ഇതിലും വലുത് അതിജീവിച്ച കേരളത്തിനു ഇതൊക്കെ എന്ത് എന്ന ചിന്ത മനസ്സിനെ ഭരിച്ചു. ദുബായ് നല്ല സേഫാ, അവിടെ ഇതുവരെ കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലല്ലോ,
കേരളത്തിലാണെങ്കില്‍ ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ്, ദുബൈ ആകുമ്പോള്‍ അത്ര പേടിക്കാനൊന്നുമില്ല... മറ്റൊരു സുഹൃത്ത് സമാധാനിപ്പിച്ചു.
കുറേ ആലോചിച്ചപ്പോള്‍ കുടുംബം ഒപ്പമില്ലാതെ ഒരു വിദേശ യാത്ര ഈ സമയത്ത് വേണ്ട എന്ന് മനസ്സ് പറഞ്ഞ് തുടങ്ങി. എന്നാല്‍ സുഹൃത്ത് ഷഹീര്‍ ഉമ്മറിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ വഴങ്ങേണ്ടിവന്നു. അവന് സിനിമ ചെയ്യാന്‍ ഒരു പ്രൊഡ്യൂസര്‍ ഒത്തു വന്നിട്ടുണ്ട്, ഞാന്‍ തന്നെ തിരക്കഥ എഴുതണം, ഞാന്‍ ഷെയിന്‍ നിഗത്തിനെ വെച്ച് ചെയ്യാനിരിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് അവന്‍ വായിച്ചിരുന്നു, അതവന് ഒരുപാട് ഇഷ്ടമായതാണ്.നാട്ടിലിരുന്ന് എഴുതിയാല്‍ പോരെ അതിനുവേണ്ടി ഞാന്‍ ഇത്രയും ദൂരം ഈ സമയത്ത് യാത്ര ചെയ്യേണ്ടതുണ്ടോ..!ഒഴിഞ്ഞു മാറാന്‍ ഒരവസാന ശ്രമം കൂടി നടത്തി നോക്കി,
പ്രൊഡ്യൂസര്‍ക്ക് ഇക്കാനെ നേരിട്ടൊന്നു കാണണം, ഇതുവരെ ഒന്ന് വരിക... ഒരാഴ്ചത്തെ സമയം... അവരുമായി സംസാരിച്ചു തിരിച്ചു പോകാമല്ലോ... ഇത് എന്റെ അവസാനത്തെ കച്ചിത്തുരുമ്പാണ്...''. ഷഹീറിന്റെ ഹൃദയം തൊടുന്ന നിര്‍ബന്ധം എന്റെ മനസ്സ് മാറ്റി. അതോടൊപ്പം അടുത്ത ഡിസംബറില്‍ ഷെയിന്‍ നിഗത്തിനെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും ദുബായിലാണ് ചിത്രീകരിക്കുന്നത്, ഈ യാത്രയില്‍ ലൊക്കേഷന്‍ നോക്കാം നായികയെ കണ്ടെത്താം എന്നൊക്കെ ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.
ഷഹീറിനെ എനിക്ക് കുറെ വര്‍ഷമായി അറിയാം, കൊച്ചിയില്‍ ആഡ് ഫിലിം മേക്കര്‍ ആയിരുന്നു, ഫാഷന്‍ ഷോകളും ചെയ്യാറുണ്ട്. രണ്ടു പ്രളയവും നിപ്പയും കാരണം പരസ്യ മേഖല തകര്‍ന്നപ്പോള്‍ ഭാഗ്യം അന്വേഷിച്ചു ദുബായിലേക്ക് വന്നതാണ്. ഇവിടെ രണ്ട് ഷോകള്‍ ചെയ്തു നല്ല അഭിപ്രായം ആയതുകൊണ്ട് വലിയ ഒന്ന് രണ്ടെണ്ണം കൂടി ഒത്തുവന്നിട്ടുണ്ട്, ദുരന്തത്തിന്റെ വേദന അനുഭവിച്ച ഒരാളാണു ഷഹീര്‍ ഇപ്പോ രക്ഷപ്പെട്ടു വരികയാണ്. അവനെ എനിക്ക് തോന്നുന്ന ഒരു ആശങ്കയുടെ പേരില്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ല.
എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോഴാണു എന്റെ ആശങ്കകള്‍ക്ക് ബലം നല്‍കിക്കൊണ്ട് എല്ലാ മനുഷ്യരും മുഖാവരണം അണിഞ്ഞ്, ഒരേ മുഖത്തോടെ ഇരിക്കുന്നതായി കാ ണാന്‍ കഴിഞ്ഞത്. ആളുകളെ തിരിച്ചറിയാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി വച്ച ഒരിടത്ത് ആരും പരസ്പരം തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ എനിക്ക് കാണാം. മനസ്സ് തെല്ലൊന്ന് പതറിയെങ്കിലും ഈ ആധുനിക കാലത്ത് ഇതൊക്കെ വളരെ എളുപ്പത്തില്‍ മറി കടക്കാം എന്ന അമിത ആത്മവിശ്വാസം ഞാന്‍ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.ദുബായ് എന്നെത്തേയും പോലെ തിരക്കിലമര്‍ന്ന് നില്‍പ്പുണ്ടാകും എന്ന് വിചാരിക്കുകയും ചെയ്തു. എന്നാല്‍ ഫ്‌ലൈറ്റ് ഇറങ്ങിയ ഞാന്‍ കണ്ടത് മറ്റൊരു കാഴ്ച. ആളുകള്‍ നന്നേ കുറവ്, ലോകത്തെ ഏറ്റവും തിരക്കേറിയ എയര്‍പ്പോര്‍ട്ടുകളില്‍ ഒന്നായ ദുബൈ എയര്‍പ്പോര്‍ട്ട് ഒരു ദുരന്തത്തിന്റെ സൂചന നല്‍കുന്നത് പോലെ. ഇടതടവില്ലാതെ ഫ്‌ലൈറ്റുകള്‍ വന്നുകൊണ്ടിരിക്കുന്ന എയര്‍പ്പോര്‍ട്ടിനു ഇതെന്തു പറ്റി? ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു എന്ന തോന്നല്‍ ശക്തമാവാന്‍ തുടങ്ങി. ഇതൊക്കെ കുറച്ച് ദിവസത്തെ മുന്‍കരുതലാവും എന്ന് സ്വയം മനസ്സിനെ സമാധാനിപ്പിച്ചു.
എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന ഷഹീറിനും ഷമീറിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ എത്തിയ ഉടന്‍ യാത്രാ ക്ഷീണത്തെ കഴുകിക്കളഞ്ഞു. നല്ല സൗകര്യമുള്ള താമസ സ്ഥലം, ഡബിള്‍ റൂം ഹോട്ടല്‍ അപ്പാര്‍മെന്റ്. ഹാളും കിച്ചനും ഒക്കെ ഉണ്ട്. ഷാര്‍ജയില്‍ ഈ സൗകര്യങ്ങളൊക്കെ ഒരുക്കിയ പ്രൊഡ്യൂസര്‍ ആളു കൊള്ളാല്ലോ എന്ന് മനസ്സില്‍ പറഞ്ഞു.
വന്നയുടന്‍ പരിചയമുള്ളവര്‍ക്കെല്ലാം ലോക്കല്‍ നമ്പര്‍ അയച്ചു കൊടുത്തു, പലരും വിളിച്ചു, ചിലര്‍ റിസപ്ഷനില്‍ വന്നു കണ്ടു മടങ്ങി. മുസ്തഫയുടെയും ആര്‍ ജെ വൈശാഖിന്റെയും കൂടെ ഒരു ഡിന്നര്‍, ഷാജിയുടെയും രാജേഷിന്റേയും അക്ബറിന്റേയും കൂടെ ലഞ്ച്, ഫൈസലിന്റെയും രാജ് നന്ദയുടെയും കൂടെ ഓരോ ഈവെനിംഗ്, കഴിഞ്ഞു ഇത്തവണത്തെ കൂട്ടുകാരുമൊത്തുള്ള കൂടിച്ചേരല്‍.
അവസാനമായി ഞാന്‍ വന്നത് കഴിഞ്ഞ ഷാര്‍ജ ബുക്ക് ഫെയറില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു, അന്ന് എല്ലാവര്‍ക്കും എന്ത് ഉത്സാഹമായിരുന്നുവെന്നോ, ഓരോ ദിവസവും ഓരോരുത്തര്‍ ഊഴം വച്ച് ബുക്ക് ചെയ്തു കൊണ്ടിരുന്നു എന്റെ ദിവസങ്ങളെ. ഡെസേര്‍ട് സഫാരി, നൈറ്റ് ക്ലബ്ബുകള്‍, ബുര്‍ജ് ഖലീഫ, അല്‍ഐനിലെ മലനിരകള്‍ അങ്ങനെ എല്ലായിടത്തും കൊണ്ടുപോകാന്‍ അവര്‍ മത്സരിക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണ ആളും ബഹളവും ഉണ്ടാവില്ല എന്ന് അന്തരീക്ഷം പറയാതെ പറയുന്ന പോലെ, ആരും വരാനില്ലാത്തതു കൊണ്ട് ഞാനും ഷഹീറും തൊട്ടടുത്തുള്ള മാളിലേക്ക് ഇറങ്ങി, അവിടെ വലിയ തിരക്കൊന്നുമില്ല. സാധാരണ ഇങ്ങനെ അല്ല അവിടെ.
‘’ഇക്കാക്ക് മരണത്തെ വല്ലാത്ത ഭയം ആണല്ലോ’’. ശരിയാണ്.... വഴിവക്കില്‍ എവിടെയോ മനുഷ്യകുലത്തിന്റെ പുതിയ ശത്രു എന്നെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണോ എന്ന ഭീതി എന്നെ അലട്ടുന്നുണ്ട്. മരണം നമ്മുടെ മടിക്കുത്തില്‍ തന്നെ ആണെന്ന് എന്റെ വെല്ലിമ്മ ഇടക്കിടക്ക് പറയാറുണ്ട്,
എല്ലാ വൈകുന്നേരങ്ങളിലും ഷാര്‍ജ റോളയില്‍ ഉള്ള റഫീഖ് തട്ടുകടയില്‍ ചായ കുടിക്കാന്‍ പോകും. റഫീഖ്ക്കാന്റെ ചായക്ക് നല്ല രുചിയാണ്. എന്നാലിപ്പോള്‍ റഫീഖ്ക്ക ആവലാതിയിലാണ്. 'ഇപ്പൊ ആരും പുറത്തിറങ്ങുന്നില്ല, അതുകൊണ്ടുതന്നെ കച്ചോടം തീരെയില്ല... പടച്ചോനെ ഇനി എന്ത് ചെയ്യും, ഒരു എത്തും പിടിയും കിട്ടുന്നില്ല...'
ഷഹീറിന് രാത്രിയില്‍ തീരെ ഉറക്കമില്ല, ഞാന്‍ പുലര്‍ച്ചെ ഉണരുമ്പോഴാണ് അവന്‍ ഉറങ്ങുക, നിനക്ക് അമേരിക്കന്‍ സമയമാണല്ലോ എന്ന് ഞാനവനെ കളിയാക്കി, ഇക്കാ... ഓരോ ടെന്‍ഷനാ, ഉറങ്ങാന്‍ പറ്റുന്നില്ല, നേരത്തെ തീരുമാനിച്ചിരുന്ന ഫാഷന്‍ ഷോകള്‍ എല്ലാം മുടങ്ങി, അവന്‍ ഉറക്കമില്ലായ്ക്ക് കാരണങ്ങള്‍ നിരത്തി.
അവിടുന്ന് രണ്ടുദിവസം കഴിയുമ്പോഴേക്കും ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, പിന്നാലെ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു സമാനമായ അവസ്ഥ. ഒരാളും പുറത്തിറങ്ങാന്‍ പാടില്ല. വീട്ടില്‍ വിളിച്ച് കെയര്‍ഫുള്‍ ആവാന്‍ ഞാന്‍ പറഞ്ഞു. ഞാനവരുടെ കൂടെയില്ലാത്ത പരിഭവം അവരെന്നെ അറിയിച്ചു. ഇനി ഒരു മാസം കഴിഞ്ഞേ നാട്ടിലേക്ക് ഫ്‌ലൈറ്റ് ഒള്ളൂ. സമയമുണ്ടല്ലോ നമുക്ക് ഇവിടെ ഇരുന്നു തന്നെ തിരക്കഥ പൂര്‍ത്തിയാക്കാം, പ്രൊഡ്യൂസര്‍ വീണിടം വിദ്യയാക്കി. എന്നെ കൂടുതല്‍ ദിവസം ഇവിടെ കിട്ടുമല്ലോ എന്ന് കരുതി അയാള്‍ സന്തോഷിച്ചു. സന്തോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ എന്നല്ലേ?
എന്റെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ സുഹൃത്ത് രതീഷ് അമ്പാട്ട് വാട്‌സാപ്പില്‍ മെസ്സേജ് ചെയ്തു, നീ എവിടെയാണ്? ഞാന്‍ ദുബായിലാണ്, ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണു, ഞാന്‍ പറഞ്ഞു. മിടുക്കന്‍, ഞങ്ങളിവിടെ പുറത്തിറങ്ങാന്‍ പറ്റാതെ ക്വാറന്റൈനില്‍ ആയപ്പോള്‍ നീ ദുബായില്‍ പോയി സമ്പാദിക്കുകയാണല്ലേ... എന്‍ജോയ് ചെയ്യ്... ഞാന്‍ ചിരിച്ചു. ഉറ്റവരാരുമില്ലാതെ എന്ത് എന്‍ജോയ്‌മെന്റ്... എന്ത് സമ്പാദ്യം..!
ഇന്ന് വെള്ളിയാഴ്ചയാണ് ജുമുഅക്ക് പോണം അവള്‍ എന്നെ ഓര്‍മ്മപ്പെടുത്തി.
അവള്‍ അങ്ങനെയാണ് എല്ലാ വെള്ളിയാഴ്ചയും ഞാന്‍ പുറത്തു പോകുമ്പോള്‍ ജുമുഅയുടെ സമയം എന്നെ വിളിച്ച് ഓര്‍മപ്പെടുത്തും.അവളുടെ ഓര്‍ മപെടുത്തലില്‍ ചെറുപ്പത്തിലേയുള്ള ആ ശീലം തുടരുന്നതില്‍ ഒരു സുഖമുണ്ട്.
ഞാന്‍ അപ്പോള്‍ തന്നെ കുളിച്ചു റെഡി ആയി, ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തില്‍ പള്ളിയുണ്ട്, ഖുത്തുബ കേട്ടാല്‍ അങ്ങോട്ട് പോയാല്‍ മതിയല്ലോ, ഞാന്‍ കാത്തിരുന്നു. ബാങ്ക് വിളിച്ചു എന്നാല്‍ ഖുതുബയുടെ ശബ്ദമൊന്നും കേള്‍ക്കാനില്ല, ബാല്‍ക്കണിയില്‍ നിന്ന് നോക്കിയപ്പോള്‍ പള്ളിയില്‍ ആരുമില്ല, ചില ബംഗാളികളും പാകിസ്ഥാനികളും മുസല്ലയും കയ്യില്‍ പിടിച്ച് പള്ളിയില്‍ കയറാനാവാതെ നിരാശരായി നില്‍ക്കുന്നത് കാണാം.
ഞാന്‍ റിസപ്ഷനില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. ഇല്ല സര്‍, ഇന്ന് ജുമാ ഇല്ല...
അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി, ഈ അറബിനാട്ടില്‍ ജുമഅ ഇല്ലെന്നോ! കാര്യങ്ങള്‍ കൈവിട്ട് പോകുകയാണോ പടച്ചോനെ.... മനസ്സൊന്ന് പിടഞ്ഞു...
ഒന്നു രണ്ട് ദിവസമായി പ്രസാദിനെ കാണാറില്ല, എന്തുപറ്റി എന്ന് അന്വേഷിച്ചപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു അവന്‍ ലീവിലാണ് , പിന്നീട് മലയാളിയായ അഭിലാഷ് രഹസ്യമായി പറഞ്ഞു. ‘’അവനും പോസിറ്റീവാണ്.’’ ഈ വര്‍ഷത്തെ ഏറ്റവും നെഗറ്റീവ് വാക്ക് പോസിറ്റീവ് ആണ്.
ഞാന്‍ രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു, ബാങ്ക് കൊടുക്കുന്നതിന്റെ കൂടെ സുബഹിക്ക് വിളിക്കുന്ന പോലെ അസ്സലാത്തു ഫീഹുന്‍ ആതിക്കൂന്..... എന്ന് ചൊല്ലുന്നു, അതിന്റെ അര്‍ത്ഥം പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ വരേണ്ടതില്ല എന്നാണു എന്ന് സൗദിയിലുള്ള ഒരു സുഹൃത്താണ് പറഞ്ഞു തന്നത്. മക്കയിലും മദീനയിലും ജുമാ നടന്നില്ലത്രേ! കേരളത്തിലെ ചില പള്ളികളില്‍ ജുമഅ ശേഷം ഒരു മണിക്കൂര്‍ സമൂഹ കൂട്ടപ്രാര്‍ത്ഥനയും ഉണ്ടായി എന്ന വാര്‍ത്ത എന്നെ ആശ്ചര്യപ്പെടുത്തി, നമ്മുടെ നാട്ടിലുള്ള ആളുകള്‍ ഈ അവസ്ഥയെക്കുറിച്ച് എത്രമാത്രം അജ്ഞരാണ്. പിന്നീടുള്ള ദിവസങ്ങളില്‍ ലോകത്തിലുള്ള സകല ചര്‍ച്ചുകള്‍ക്കും അമ്പലങ്ങള്‍ക്കും മസ്ജിദുകള്‍ക്കും കൊറോണകാരണം താഴ് വീണു. ലോകം നിശ്ചലം.
വല്ലാതെ ബോറടിച്ചു തുടങ്ങി, പുറത്തിറങ്ങാന്‍ പറ്റുന്നില്ല, എത്രയും പെട്ടെന്ന് ഇതൊന്നു കഴിഞ്ഞാല്‍ മതിയായിരുന്നു. അവള്‍ വിളിച്ചപ്പോള്‍ പരിഭവം പറഞ്ഞു. വീടും നാടും നൊമ്പരമായിത്തോന്നി. ഒരു പ്രവാസിയുടെ നോവ് എന്നിലും പടര്‍ന്ന് തുടങ്ങിയോ..!
നമ്മുടെ നാടിന്റെ അവസ്ഥ മാത്രമല്ല ലോകം മുഴുവന്‍ ഭീതിയിലാണ്. ടീ വി യിലും സോഷ്യല്‍ മീഡിയയിലും കൊറോണയുടെ വാര്‍ത്തകള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ലോകം മുഴുവന്‍ യുദ്ധസമാനമായ അന്തരീക്ഷം, എല്ലാവര്‍ക്കും ഒരൊറ്റ ശത്രു മാത്രം, കൊറോണ എന്ന ഒരു കീടം, അതിനുമുന്നില്‍ മനുഷ്യകുലം മുഴുവന്‍ നിസ്സാഹായനായി നില്‍ക്കുന്ന അവസ്ഥ, ഇപ്പോള്‍ ആയുധക്കച്ചവടമില്ല, തീവ്രവാദമില്ല, തര്‍ക്കങ്ങളും വീരവാദങ്ങളും ഭീഷണികളും ഇല്ല, ലോകം മുഴുവന്‍ ഒരേ മാനസികാവസ്ഥയില്‍, ഒരേ ഭീതിയില്‍, വന്‍ശക്തികളായ അമേരിക്കയെയും ഇറ്റലിയെയും ഫ്രാന്‍സിനെയും സ്‌പെയിനിനെയും ബ്രിട്ടനെയും കോവിഡ് കീഴടക്കി കഴിഞ്ഞിരിക്കുന്നു.
തൊട്ടടുത്ത മുറിയില്‍ നിന്നും അറബിയില്‍ സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം... അവര്‍ വഴക്ക് കൂടുകയാണോ!
അതോ സ്‌നേഹപ്രകടനമാണോ? റിസപ്ഷനില്‍ ഇരിക്കുന്ന പാകിസ്ഥാനി പയ്യന്‍ പറഞ്ഞു. 'ഫലസ്തീനി, ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ആണ്. അവര്‍ കഴിഞ്ഞ രണ്ട് മാസമായി ഇവിടെ താമസിക്കുന്നവരാണ്.'
ഞാന്‍ ഇവരെ കുറിച്ച് വായിച്ചിട്ടും കേട്ടിട്ടുമുണ്ട്, ലോകത്തിലെ ഏറ്റവും സുന്ദരികളാണ് ഈജിപ്ഷ്യന്‍സും ഫലസ്തീനികളുമെന്ന്. ഈജിപ്ഷ്യന്‍സ് പൊതുവേ അഹങ്കാരികള്‍ ആണെന്നും കേട്ടിട്ടുണ്ട്, മറ്റാര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത പൈതൃകത്തിന്റെ അവകാശികളാണല്ലോ അവര്‍!
ഒരു ദിവസം പുറത്ത് നിന്ന് ശബ്ദം കേട്ടപ്പോള്‍ ഞാന്‍ വാതില്‍ തുറന്നു നോക്കി, ഞാന്‍ കേട്ടതും വായിച്ച് അറിഞ്ഞതും സത്യം തന്നെയാണ്. വല്ലാത്ത സൗന്ദര്യം തന്നെയാണ് അവര്‍ക്ക്. എന്നാല്‍ ആ സൗന്ദര്യത്തിന് ഒട്ടും ചേരുന്നില്ല അവരുടെ ശബ്ദം, അന്യഭാഷാ ചിത്രങ്ങള്‍ ഡബ്ബ് ചെയ്തതു പോലെ ഒരു ചേര്‍ച്ചയില്ലായ്മ.
താജുക്കയും റഫീക്കും ഒരുദിവസം വന്നപ്പോഴാണ് പറഞ്ഞത് അവരുമായി വല്ലാതെ അടുക്കാനൊന്നും നിക്കണ്ട, അവര്‍ യാചിക്കാന്‍ വന്നവരാണ്, ഇവിടെ യാചന അനുവദനീയമല്ല എന്നാലും വരാനിരിക്കുന്ന റംസാന്‍ മാസം ഉന്നം വെച്ച് വന്നവരാണ്, വിസിറ്റിംഗ് വിസയില്‍ ഇവിടെ വന്ന് പൈസ ഉണ്ടാക്കി നാട്ടിലേക്ക് തിരിച്ചുപോകും.
ഏയ് ഇത്ര ഭംഗിയുള്ളവര്‍ യാചിക്കുകയോ!, ഇത്രയും വൃത്തിയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്?, എനിക്കത് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന് ബോധ്യമായി.
ബീഹാറുകാരായ പ്രസാദും ധര്‍മേന്ദ്രയും എല്ലാ ദിവസവും റൂം ക്ലീനിങ്ങിനായി വരും, ഹോട്ടലിലെ ടെക്‌നീഷ്യന്‍ മലയാളിയായ അഭിലാഷ് അവനു ബോറടിക്കുമ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് സൗഹൃദം പുതുക്കി പോകും. പതുക്കെ പതുക്കെ താജുക്കയുടെയും റഫീക്കിന്റെയും വരവുകളും ഇല്ലാതെയായി,
എന്റെ പ്രിയപ്പെട്ടവളുടെ ഫോണ്‍ വിളിമാത്രം ഒരു മുടക്കവുമില്ലാതെ രണ്ട് നേരവും വന്നു കൊണ്ടിരുന്നു. അതും കൂടിയില്ലായിരുന്നെങ്കില്‍ ഞാന്‍ ബോറടിച്ചു ചത്തു പോയേനെ. അവളുടെ വിളികള്‍ എനിക്കെത്രമാത്രം ആശ്വാസമാണെന്ന് ഞാനവളെ അറിയിച്ചില്ല. എഴുത്തിലാണോ... ഞാന്‍ വിളിച്ചത് ബുദ്ധിമുട്ടായോ... എന്റെ മറുപടി കാണാതാകുമ്പോള്‍ അവള്‍ തന്നെ പറയും ബുദ്ധിമുട്ടായാലും ഞാന്‍ വിളിക്കും... അത് പറഞ്ഞ് അവള്‍ തന്നെ ഉച്ചത്തില്‍ ചിരിക്കും. എന്റെ എത്ര യാത്രകളില്‍ ഉറക്കമിളച്ച് കൂട്ടിരുന്നവളാണ് നീ, നിന്റെ സംസാരത്തിനിടയില്‍ ലക്ഷ്യമെത്തും വരെ ട്രെയിനിന്റെ ചൂളം വിളികള്‍ ഒരിക്കല്‍ പോലും ഞാന്‍ കേട്ടിരുന്നില്ല... ഇപ്പോള്‍...
നമുക്ക് കുക്കിംഗ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിച്ചാലോ..? ഒരുദിവസം പ്രൊഡ്യൂസറാണ് ഇങ്ങനെയൊരു സജഷന്‍ മുന്നോട്ട് വെച്ചത്. സത്യത്തില്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ച് ഞാനും വല്ലാതെ മടുത്തിരുന്നു. ഷഹീറും ഈ അഭിപ്രായത്തെ സപ്പോര്‍ട്ട് ചെയ്തു. അവന്‍ നന്നായി പാചകം ചെയ്യും, സമയം പോകാന്‍ ഒരു വഴി ആയല്ലോ എന്ന് ഞാനും സമാധാനിച്ചു. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിച്ചു. അടുത്ത ദിവസം തന്നെ ലോക്ക്ഡൗണ്‍ ദുബായ് പ്രഖ്യാപിച്ചു. ആരും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ വന്‍ തുക ഫൈന്‍ നല്‍കണം. കുക്കിംഗ് തുടങ്ങാം എന്ന അഭിപ്രായം പ്രൊഡ്യൂസറുടെ ജാഗ്രതയും കരുതലുമായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.
പിന്നീട് കുറച്ച് ദിവസങ്ങളില്‍ പാചകം, എക്‌സസൈസ്, എഴുത്ത്, ഫോണ്‍ വിളികള്‍, സിനിമ കാണല്‍... അങ്ങനെ പോയി. പുറം ലോകം കാണാന്‍ വല്ലാത്ത ആശ, ഒരു മാസമായി വാതിലടച്ച് ഒരേ ഇരിപ്പല്ലേ? എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം ഷഹീര്‍ ചോദിച്ചു ''നമുക്കൊന്ന് നടക്കാന്‍ ഇറങ്ങിയാലോ..? ഞങ്ങള്‍ ഒന്ന് പുറത്തിറങ്ങി. ജയില്‍ വാസത്തിനിടയില്‍ പരോള്‍ കിട്ടിയാലുള്ള സന്തോഷമെന്താണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി,
ട്രാഫിക് സിഗ്‌നലില്‍ പെഡസ്ട്രിയല്‍ യാത്രക്കാര്‍ക്കുള്ള ബട്ടണ്‍ അവന്‍ അമര്‍ത്തിയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, ഇവന് എന്തിനാണിത്ര ധൃതി, പോകുന്നതിനിടയില്‍ വഴിയില്‍ കാണുന്ന എല്ലാ തൂണിലും തുരുമ്പിലും ഷഹീറിന്റെ കൈകള്‍ തലോടുന്നത് കണ്ടപ്പോള്‍ ഞാന്‍ അവനെ ശാസിച്ചു. എനിക്ക് അവന്റെ മേലുള്ള നിയന്ത്രണം കൂടി പോകുന്നുണ്ടോ, ഏയ് നല്ല കാര്യം പറഞ്ഞു കൊടുക്കുന്നതല്ലേ.!? ഞാന്‍ സമാധാനിച്ചു.
മണിക്കൂറുകളോളം ബ്ലോക്കില്‍ കിടക്കേണ്ടി വന്നിരുന്ന ഷാര്‍ജയിലെ സിഗ്‌നലുകള്‍ എന്തിനോ വേണ്ടി ചുവപ്പും പച്ചയും കത്തിക്കൊണ്ടിരുന്നു. കിലോമീറ്ററുകളോളം ചുറ്റി വന്നാലും കിട്ടാത്ത പാര്‍ക്കിങ്ങുകള്‍ ഒഴിഞ്ഞുകിടക്കുന്നു, സൂചി കുത്താനിടമില്ലാതിരുന്ന ബീച്ചില്‍ ഇന്ന് പേരിനു പോലും ആരുമില്ല, പരദേശ വാസത്തിന്റെ നോവുകള്‍ ഇറക്കിവെക്കാനുള്ള പ്രവാസികളുടെ അത്താണിയായ ബീച്ചില്‍ ആളനക്കമൊട്ടുമില്ലാതെ...
കണ്ണുനീരിന് ഉപ്പുരസം നുണഞ്ഞ് രസിച്ചിരുന്ന കോര്‍ണിഷിലെ നീല തിരമാലകള്‍ മാത്രം കേറിയും ഇറങ്ങിയും എന്തിനോവേണ്ടി ബഹളം വെച്ചു കൊണ്ടിരുന്നു. ആ വിജനത എന്നെ വല്ലാതെ ഭയപ്പെടുത്തി ഞാന്‍ ഷഹീറിനോട് പറഞ്ഞു. ''നമുക്ക് തിരിച്ചു പോകാം'',
ഇവിടെ ഗള്‍ഫ് രാജ്യങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഒരു സുഹൃത്ത് വിളിച്ചു, അവരുടെ റൂമില്‍ ഒരാള്‍ക്ക് പോസിറ്റീവായിരിക്കുന്നു.
'രോഗിയാണെന്ന് സ്ഥിരീകരിച്ചിട്ടും ഹോസ്പിറ്റലില്‍ നിന്ന് പറഞ്ഞത് റൂമില്‍ തന്നെ തുടരാനാണ്' ഭീതിയോടെ അവന്‍ പിന്നെയും വിളിച്ചു. 'വല്ലാത്ത ഒരു അവസ്ഥയാണിത്, സ്വന്തം കൂട്ടുകാരനെയും അസുഖത്തെയും ഭയപ്പാടോടെ കണ്ട് പരിചരിക്കാന്‍ കഴിയാതെ ഉറക്കം ഒഴിച്ചിരിക്കുന്ന സ്ഥിതി, എങ്ങിനെയെങ്കിലും എന്റെ സുഹൃത്തിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ ആരോടെങ്കിലും ഒന്ന് വിളിച്ചു പറയണം.
ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകരെ പലരെയും വിളിച്ചു ഒരു കേസ് ഉണ്ട് ഒന്ന് ഡീല്‍ ചെയ്യണം എന്ന് പറഞ്ഞു. അവര്‍ പറഞ്ഞു. ''സലാം ഇവിടെ വളരെ മോശം അവസ്ഥയാണ്, നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, പലരെയും ഇവിടെ തന്നെ മറവു ചെയ്തു. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവസാനം ബോഡി ഒന്ന് കാണാന്‍ കഴിയാതെ... ഇതിനു മുന്‍പ് ഇങ്ങനെ ഒന്ന് കണ്ടിട്ടും കേട്ടിട്ടുമില്ല. രോഗികളെ കൊണ്ട് നിറഞ്ഞ് ഇവിടത്തെ ഹോസ്പിറ്റലുകളില്‍ ഒന്നും സ്ഥലം ഇല്ല, അതുകൊണ്ടാണ് അവര്‍ മടക്കി അയച്ചത്, ഞങ്ങള്‍ ഒരു കാര്യം ചെയ്യാം, ഇവിടെ ഞങ്ങള്‍ ഒരു ക്യാമ്പ് തുടങ്ങിയിട്ടുണ്ട് അയാളെ ഇങ്ങോട്ടു മാറ്റിക്കോളാം''.
അടുത്ത ദിവസം തന്നെ രോഗിയെ അങ്ങോട്ട് മാറ്റി എന്ന് എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞു.
പിന്നീട് ഇത്തരത്തില്‍ പല കോളുകളും വന്നു, അതിനു പുതുമ നശിച്ചുകൊണ്ടിരുന്നു, എല്ലവര്‍ക്കും പറയാനുള്ളത് ഒരേ ആവലാതി മാത്രം, റൂമില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു, അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടില്ല, ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല, നൂറു കണക്കിന് പേര് താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ വരെ പോസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചവരുടെ കൂടെ കഴിയുന്ന പ്രവാസികളുടെ ഭീതിയോടെയുള്ള ഫോണ്‍ വിളികള്‍....
തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഫലസ്തീനികളും ഈജിപ്ഷ്യന്‍സും നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്, അവരുടെ രാജ്യം പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. അതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ട്. സ്ഥിരമായി കണ്ടിരുന്നത് കൊണ്ടായിരിക്കും ഞങ്ങളോടും അവര്‍ യാത്ര പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ ആ കലപില ശബ്ദങ്ങള്‍ ഉണ്ടായില്ല, അതു വല്ലാതെ മിസ് ചെയ്യുന്നതായി തിരിച്ചറിഞ്ഞു.
ഒന്നു രണ്ട് ദിവസമായി പ്രസാദിനെ കാണാറില്ല, എന്തുപറ്റി എന്ന് അന്വേഷിച്ചപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു അവന്‍ ലീവിലാണ് , പിന്നീട് മലയാളിയായ അഭിലാഷ് രഹസ്യമായി പറഞ്ഞു. ''അവനും പോസിറ്റീവാണ്.'' ഈ വര്‍ഷത്തെ ഏറ്റവും നെഗറ്റീവ് വാക്ക് പോസിറ്റീവ് ആണ്.
പിറ്റേന്ന് മുറി വൃത്തിയാക്കാന്‍ വന്നപ്പോള്‍ ധര്‍മ്മേന്ദ്രയോട് ഞാന്‍ പറഞ്ഞു. ഇനി ക്ലീനിങ് ചെയ്യാന്‍ വരണ്ട, ഞങ്ങള്‍ ചെയ്‌തോളാം. പിന്നീടുള്ള ദിവസങ്ങളില്‍ റൂം ക്ലീനിങ് കൂടി ഞങ്ങളുടെ ജോലിയായി. എല്ലാവരെയും സഹായിക്കാന്‍ ഓടിനടന്നിരുന്ന യു എ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ നസീം വാടാനപ്പള്ളിക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അന്‍സാര്‍ കൊയിലാണ്ടിയാണ് വിളിച്ചു പറഞ്ഞത്.
തിരക്കഥയുടെ കമ്പിളിപ്പുതപ്പിനുള്ളില്‍ ഒന്നുരണ്ട് ചെറുകഥകള്‍ നുഴഞ്ഞുകയറി ഞാനവയെ എന്റെ കൈകളിലെടുത്ത് താലോലിച്ചു, അതിലൊന്ന് ദേശാഭിമാനി വാരികയില്‍ അച്ചടിച്ചുവന്നു. തല്‍ക്കാലത്തേക്കെങ്കിലും തിരക്കഥാരചന മാറ്റിവെച്ചു, ഇത്ര ധൃതി പിടിച്ച് എഴുതിയിട്ട് എന്തിനാ ? നാളെ ഷൂട്ടിംഗ് ഒന്നും തുടങ്ങാന്‍ പോകുന്നില്ലല്ലോ. കൊറോണ വന്നപ്പോള്‍ ആദ്യം ബാധിച്ചത് സിനിമ മേഖലയിലാണ് ഇനി ഷൂട്ട് ഒക്കെ ആയി വരുമ്പോഴേക്കും മാസങ്ങള്‍ എടുക്കും, തൊഴിലില്ലാതെ ദുരിതത്തിലായ അംഗങ്ങള്‍ക്ക് മാസം വീതം 5000 രൂപ കരുതല്‍ ധനമായി നല്‍കാന്‍ തയ്യാറായ ഫെഫ്കയുടെ തീരുമാനത്തില്‍ ഒരംഗം എന്ന നിലയിലും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ട്രഷറര്‍ എന്ന രീതിയിലും അഭിമാനം തോന്നി.
ഒരു ദിവസം പെട്ടെന്ന് ഇന്റര്‍നെറ്റ് കട്ടായി, പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥ, വല്ലാത്ത മടുപ്പ് തോന്നി അന്ന്. എല്ലാ സങ്കടവും ഞാന്‍ ഷഹീറിന്റെ മേല്‍ വര്‍ഷിച്ചു,
'എല്ലാം നീ ഒരുത്തന്‍ കാരണമാണ്, ഈ സമയത്ത് ഞാന്‍ വരുന്നില്ല എന്ന് നിന്നോട് നൂറുവട്ടം പറഞ്ഞതല്ലേ? എന്നിട്ടും ഈ നശിച്ച നാട്ടിലേക്ക്...' എല്ലാം കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നപോലെ എന്റെ ശകാരങ്ങള്‍ മുഴുവന്‍ അവന്‍ കേട്ടിരുന്നു.
ഒന്നു തണുത്തപ്പോള്‍ ഞാന്‍ തന്നെ ആലോചിച്ചു. അവനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം, ഈ ലോകത്ത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമുക്ക് ഇങ്ങിനെയൊരു അവസ്ഥ വരുമെന്ന്. എന്തിന് ഹുവാനിലെ വിഷ്വലുകള്‍ കാണുമ്പോള്‍ പോലും പ്രതീക്ഷിച്ചിരുന്നോ അത് നമ്മുടെ അടുത്ത് ഇത്രപെട്ടെന്ന് എത്തുമെന്ന്...
മഴവില്‍കാവടി എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ഫിലോമിന
'നരനായിങ്ങിനെ ജനിച്ചു ഭൂമിയില്‍ നരഗവാരിധി നടുവില്‍ ഞാന്‍... ഈ നരകത്തീന്നെന്നെ കരകയറ്റിടണം തിരുവൈക്യം വാഴും ശിവ ശംഭോ' എന്ന പ്രാര്‍ത്ഥന തിരുത്തിയ അവസ്ഥയിലായി ഞാന്‍,
നാല് നേരവും ഭക്ഷണം കിട്ടുന്ന ഈ സ്ഥലത്തെ നശിച്ച നാട് എന്ന് പറഞ്ഞില്ലേ, പട്ടിണി മൂലം മരണമടഞ്ഞ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ജീവിക്കാന്‍ കഴിയാതിരുന്ന ഈ ഭൂമിയില്‍ ഞാനെത്രയോ ഭാഗ്യവാന്‍, നശിച്ച നാട് എന്ന് പറഞ്ഞ ആ നിമിഷത്തെ ഞാന്‍ മനസാ ശപിച്ചു.
ഒരു ദിവസം ഷഹീര്‍ എന്നോട് ചോദിച്ചു ''ഇക്കാക്ക് മരണത്തെ വല്ലാത്ത ഭയം ആണല്ലോ''. ശരിയാണ്.... വഴിവക്കില്‍ എവിടെയോ മനുഷ്യകുലത്തിന്റെ പുതിയ ശത്രു എന്നെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണോ എന്ന ഭീതി എന്നെ അലട്ടുന്നുണ്ട്. മരണം നമ്മുടെ മടിക്കുത്തില്‍ തന്നെ ആണെന്ന് എന്റെ വെല്ലിമ്മ ഇടക്കിടക്ക് പറയാറുണ്ട്, അത് നമ്മോടൊപ്പം കണ്ണാരം പൊത്തി കളിച്ചു കൊണ്ടിരിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ പ്രണയ വശ്യയായ കാമുകിയായി നമ്മളെ അങ്ങ് വല്ലാതെ സ്‌നേഹിച്ചു തന്നിലേക്കടുപ്പിക്കും, എന്നിട്ടവളുടെ ലോകത്തേക്ക് കൊങ്ങുപോകും. ഒരു കാര്യം ഉറപ്പാണ്, അവള്‍ ഒരിക്കലും ചതിക്കാത്ത കാമുകിയാണ്... അവള്‍ എന്തായാലും ഒരു നാള്‍ നമ്മളെ തേടിയെത്തും. എനിക്ക് ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല, പ്രണയിച്ചു കൊതി തീര്‍ന്നിട്ടില്ല, ഒരുപാട് കാര്യങ്ങള്‍ ഇനിയും ഈ ഭൂമിയില്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുണ്ട്.
നീ ശ്രദ്ധിച്ചിട്ടില്ലേ അവള്‍ അയച്ച പാട്ടുകള്‍ ഞാനെത്ര ആവര്‍ത്തി ആണ് കേട്ടുകൊണ്ടിരിക്കുന്നത്. എന്തൊരു മാധുര്യമാണ് അതിന്, ശബ്ദങ്ങള്‍ക്ക് എന്തൊരു വശ്യത, അടുത്ത് ഉണ്ടായിരുന്നപ്പോള്‍ അവളുടെ പാട്ടുകള്‍ ഇത്രയും ശ്രദ്ധിച്ചിട്ടുണ്ടോ, ഇപ്പോള്‍ പലവട്ടം കേട്ടിട്ടും കൊതി തീരുന്നില്ല, ആ പാട്ടുകള്‍ അന്ന് മുഴുവന്‍ മൂളികൊണ്ട് നടന്നു.
ഇന്റര്‍നെറ്റ് ഇല്ലാത്തത് കൊണ്ട് അന്ന് ഷഹീര്‍ എനിക്ക് മുന്‍പേ ഉറങ്ങി.
ഇതിനിടയില്‍ കേരളത്തില്‍നിന്ന് നല്ല പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുകയും ഭേദമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് അവിടെ, അസുഖവിമുക്തരായ വിദേശികള്‍ എന്റെ നാടിന്റെ പുണ്യങ്ങളെ വാഴ്ത്തുന്നത് അഭിമാനത്തോടെ കേട്ടിരുന്നു,
അഭിലാഷങ്ങളുടെ ന്യൂയോര്‍ക്ക്...
ആത്മസാക്ഷാത്കാരത്തിന്റെ പാരിസ്...
സ്വപ്നങ്ങളുടെയും അധികാരത്തിന്റെയും ലണ്ടന്‍... പ്രവാസികളുടെയും പ്രതീക്ഷയുടെയും ദുബായ്..
രുചിയും പൈതൃകവുമായി സഞ്ചാരികളെ വരവേറ്റ മെക്‌സിക്കോ...
ചരിത്രം അഴകായി തുളുമ്പിയ ഏതന്‍സ്...
പരീക്ഷണങ്ങളുടെയും പടയോട്ടങ്ങളുടെയും ദില്ലി.. ജീവിത തീവ്രതയുടെ ഇടമായ കൊല്‍ക്കത്ത....
മോഹകുതിപ്പുകളുടെ മുംബൈ...
എല്ലായിടത്തും ഒരേ അവസ്ഥയില്‍ ഒരൊറ്റ ഭീതിയില്‍...
മറ്റെല്ലാ കാര്യങ്ങളിലും മുന്‍പന്തിയില്‍ എന്നപോലെതന്നെ കൊറോണ മരണത്തിലും അമേരിക്ക തന്നെയാണ് ഒന്നാമത്. ഒരു ട്രംപ് വിരോധി ആയതുകൊണ്ടാവാം അമേരിക്കയുടെ എല്ലാ പരാജയങ്ങളിലും മുന്‍പൊക്കെ ഞാന്‍ മനസ്സുകൊണ്ട് സന്തോഷിക്കാറുണ്ട്, ജീവിതത്തിലാദ്യമായി ലോക ശക്തിയുടെ പതര്‍ച്ചയില്‍ എന്റെ മനസ്സുരുകി. കൊറോണ ചെറുക്കാന്‍ ഞങ്ങളുടെ കയ്യില്‍ സര്‍വ സന്നാഹങ്ങളും ഉണ്ടെന്ന് വീമ്പു പറഞ്ഞ ട്രംപ് മരണത്തിനു മുന്നില്‍ പത്തിമടക്കി ഇരിക്കുന്നു. അധികാരത്തിനും സമ്പത്തിനും പദവിക്കും സൈന്യത്തിനും ആയുധ ബലത്തിനും ഒന്നും ഒരു പ്രസക്തിയും ഇല്ലെന്ന് ബോധ്യമായ നിമിഷങ്ങള്‍
അവള്‍ വിളിച്ച് വല്ലാത്ത സങ്കടത്തോടെ പറഞ്ഞു ''എങ്ങനെയെങ്കിലും ഒന്ന് നാട്ടില്‍ എത്താന്‍ നോക്ക്, ഇവിടെ 28 ദിവസം കോറന്റയിനില്‍ കഴിഞ്ഞാലും കുഴപ്പമില്ല, ലോകത്ത് ഏറ്റവും സേഫ് നമ്മുടെ നാടാണ്, പക്ഷേ ഇവിടുന്നു എങ്ങിനെ വരാന്‍ ഫ്‌ലൈറ്റ് ഇല്ലല്ലോ....
എന്റെ സുഹൃത്തും പ്രവാസി പ്രമുഖനുമായ നെല്ലറ ഷംസു സമാധാനിപ്പിച്ചു ''പേടിക്കേണ്ട, ഞങ്ങള്‍ സുപ്രീംകോടതിലൊരു റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്, രണ്ടുദിവസത്തിനകം അതിന്റെ വിധി വരും. കേന്ദ്ര ഗവണ്‍മെന്റിന്റെ യുക്തി പോലെ കാര്യങ്ങള്‍ ചെയ്യട്ടെ എന്നായിരുന്നു ആ വിധി, ഇതിങ്ങനെ ഒക്കെ ആയിരിക്കുമെന്ന്
ഞാന്‍ നേരത്തെ പ്രതീക്ഷിച്ചതാണ്, ഈയിടെയായി രാജ്യത്തെ പരമോന്നത കോടതി ഭരണാധികാരികളുടെ ഇംഗിതത്തിന് അനുസരിച്ചാണ് വിധികള്‍ പ്രസ്താവിക്കുന്നത്.
അടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ മുഴുവന്‍ സ്വന്തം രാജ്യത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. ഈ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി സുഡാന്‍കാരനെയും മാനേജര്‍മാരായ ഫിലിപ്പൈനികളെയും അവരുടെ നാട് തിരിച്ചു വിളിച്ചിരിക്കുന്നു. റിസപ്ഷനില്‍ ഉള്ള പാകിസ്താനി പയ്യന്‍ പോലും നാട്ടിലേക്ക് പോയി. നമ്മളെ എന്താ നമ്മുടെ നാടിന് വേണ്ടാത്തത് എന്ന് അഭിലാഷ് സങ്കടപ്പെട്ടു, ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മള്‍ ഇവിടെ അപമാനിക്കപ്പെട്ട് തുടങ്ങിയോ?
ലോകത്തിന്റെ നെറുകയില്‍ കൊറോണയെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച രാജ്യം ഇന്ത്യയാണെന്ന ഖ്യാതി ലഭിക്കാന്‍ വേണ്ടി ആകുമോ പ്രവാസികളെ സ്വന്തം രാജ്യത്തിന് വേണ്ട എന്ന് പറയുന്നത് ഷഹീര്‍ സംശയം പ്രകടിപ്പിച്ചു പ്രവാസികള്‍ ചെന്നാല്‍ നാട്ടില്‍ രോഗം പടര്‍ന്നാലോ?,
, ഞങ്ങള്‍ പ്രവാസികളുടെ വിയര്‍പ്പാണല്ലോ രാജ്യത്തെ നില നിര്‍ത്തുന്നത്, ഞങ്ങളുടെ കണ്ണീരു കൊണ്ട് രാജ്യം ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ പരിഭവമൊന്നുമില്ല... ക്രെഡിറ്റ് ആരെടുത്താലും ഞങ്ങളാണല്ലോ ആ അഭിമാനവും കൊണ്ടു വരുന്നത്. അഭിലാഷിന്റെ വാക്കുകളില്‍ സങ്കടമുണ്ടായിരുന്നു.
എന്തൊക്കെ ബഹളം ആയിരുന്നു കഴിഞ്ഞ മാസങ്ങളില്‍, പൗരത്വം, അതിര്‍ത്തി, സമരങ്ങള്‍, പോലീസ് തേര്‍വാഴ്ചകള്‍, അധികാരത്തിന്റെ ഹുങ്ക്, ഒന്നിനും അര്‍ഥമില്ലെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍, സ്വന്തം പൗരന്‍മാരെ വേര്‍തിരിവില്ലാതെ രാജ്യം ഉപേക്ഷിക്കുന്ന അവസ്ഥ കാണേണ്ടി വന്നിരിക്കുന്നു.
സര്‍ ഇവിടെ റംസാന് ഉണ്ടായിട്ടില്ലല്ലോ ഇതുവരെ? അഭിലാഷ് ചോദിച്ചു, ഇവിടെ റംസാനാണ് ഏറ്റവും രസം, നോമ്പ് നാളെ തുടങ്ങുകയല്ലേ? റംസാന് നിനക്ക് എന്ത് കാര്യം എന്ന് അഭിലാഷിനോട് ചോദിച്ചപ്പോള്‍ ഇവിടെ അങ്ങിനെ വേര്‍തിരിവ് ഒന്നുമില്ല, പലയിടത്തുനിന്നായി ഇഷ്ടംപോലെ ഭക്ഷണം വരും, ലോകത്ത് ആരും പട്ടിണി കിടക്കാത്ത ഒരു മാസമാണ് റംസാന്‍. ഇത്തവണ ഈ കൊറോണ കാരണം എങ്ങനെയാണെന്ന് അറിയില്ല അവന്‍ ആശങ്ക പ്രകടിപ്പിച്ചു. വിഷുവും ഈസ്റ്ററും നമ്മള്‍ അറിയാതെ കടന്നു പോയില്ലേ? റംസാനും അങ്ങനെയൊക്കെ തന്നെയാവും. തറാവീഹും പള്ളിയും ഇല്ലാതെ..... നോമ്പ് എടുക്കണം ഞാന്‍ പറഞ്ഞു. ഞാനുമുണ്ടെന്ന് ഷഹീറും...
റംസാന്‍ മാസം പിറന്ന ദിവസം ഏറെ വൈകിയാണ് ഉറങ്ങിയത്, ശ്വാസം കിട്ടാതെ പ്രസാദില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ അകലെ ഏതോ മുറിയില്‍ നിന്നും കേള്‍ക്കുന്നുണ്ടോ, ഞങ്ങള്‍ നിസ്സഹായരാണ്, ഒന്ന് അടുത്തുപോയി ക്ഷേമം അന്വേഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥ.
നൂറ്റാണ്ടുകളായി പരസ്പരം അടുക്കാന്‍ പറഞ്ഞ് കൊണ്ടിരുന്ന ആധുനിക മനുഷ്യന്‍ ഇപ്പോള്‍ പരസ്പരം അകന്നിരിക്കാന്‍ പറയുന്നു. പരസ്പരം ഭയന്ന് മനുഷ്യ ജന്മങ്ങള്‍. മാറ്റി നിര്‍ത്തപ്പെടുന്നവന്റെ വേദന എന്തെന്ന് മനസ്സിലാകണമെങ്കില്‍ ഈ സമയത്ത് പ്രവാസിയാവണം... ഏകാന്തമായി ഇരുന്ന് വേണ്ടപ്പെട്ടവരെ ഒരു നോക്ക് കാണാനാവാതെ മരണത്തെ കാത്തിരിക്കുക എന്നത് ഇപ്പോള്‍ സിനിമയിലോ നോവലിലോ ഒരു കഥാപാത്രം അനുഭവിക്കുന്ന നീറ്റലല്ല; ഓരോ പ്രവാസിയും അതനുഭവിച്ച് കൊണ്ടിരിക്കുന്നു. തന്റെ മയ്യിത്ത് പോലും തനിക്ക് വേണ്ടപ്പെട്ടവര്‍ കാണില്ലല്ലോ എന്ന് പ്രവാസിക്ക് ബോധ്യമായിക്കഴിഞ്ഞു... തനിക്കാരുമില്ലെന്ന തോന്നല്‍ ദുരന്തത്തിനൊപ്പം മറ്റൊരു ദുരന്തമായി പ്രവാസിയെ തീ തീറ്റിക്കുന്നുണ്ട്... അടച്ചിട്ട മുറികളില്‍ ജീവനോടെ ഖബറിലെന്ന പോലെ ഓരോ പ്രവാസിയും കഴിയുകയാണു...
ഈ സാഹചര്യത്തില്‍ നോമ്പിനു എനിക്ക് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല... എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പെരുന്നാളിനെങ്കിലും വരാന്‍ കഴിയുമോ എന്ന് അവള്‍ ചോദിച്ചു. വരാന്‍ പോകുന്ന നാളുകളില്‍ എന്ത് സംഭവിക്കും എന്നറിയാതെ പകച്ച് നില്‍ക്കുകയാണു ലോകമെന്ന് ബോധ്യമുള്ള ഞാന്‍ പെരുന്നാളിനു എന്തായാലും എത്താന്‍ കഴിയുമെന്ന് അവളെ സമാധാനിപ്പിച്ചു. സ്വന്തം വേദനയിലും വേണ്ടപ്പെട്ടവരെ ആശ്വസിപ്പിച്ച് മാത്രം ശീലമുള്ള പ്രവാസിയെ പോലെ ഞാനും...