‘ഡല്‍ഹി ജനവിധി ‘അപരരെ’ പുറത്താക്കുകയെന്ന അജണ്ടയെ ജനം അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവ്’
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വൻ വിജയം ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് എന്നതിൽ സംശയമില്ല. ഷഹീൻ ബാഗിലെ മുസ്ലീങ്ങൾ ഹിന്ദു സ്ത്രീകളെ വീടുകളിൽ കയറി ബലാത്സംഗം ചെയ്യുമെന്നും ദേശദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്നുമൊക്കെയുള്ള വിഷം തുപ്പുന്ന വർഗീയപ്രചാരണങ്ങൾ നടത്തിയിട്ടും അമിത് ഷായും മോദിയുമടങ്ങുന്ന വൻ നിര ദിവസങ്ങളോളം നാടിളക്കി പ്രചാരണം നടത്തിയിട്ടും നേരിട്ട ഈ തോൽവി ബി ജെ പിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ രാജ്യത്തുയരുന്ന മുന്നേറ്റത്തിന് ആക്കം കൂട്ടുകയും ചെയ്യും.
ആപ് ഒരു വലതുപക്ഷ ചായ്വുള്ള രാഷ്ട്രീയ കക്ഷിയാണ്. അവരുടെ രാഷ്ട്രീയ അജണ്ട good governance എന്നതിനപ്പുറത്തേക്ക് ജനങ്ങളെ രാഷ്ട്രീയവത്കരിക്കുക എന്ന പരിപാടിയിലേക്ക് കടക്കുന്നതല്ല. ഒരു തരത്തിൽ meritocracy-യും technocrat -കളുടെ ഭരണ നിർവ്വഹണവുമൊക്കെയായ പരിമിത അജണ്ടയാണ് അവർക്കുള്ളത്. അടിസ്ഥാനപരമായി മുതലാളിത്തത്തിനു അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകേണ്ട കാര്യമില്ല. കാരണം സർക്കാർ, ഭരണ നിർവ്വഹണ തലത്തിലെ അഴിമതി ഇല്ലാതാക്കുക എന്നത് പലപ്പോഴും മുതലാളിത്തത്തിന്റെ tactical need കൂടിയാണ്. എന്നാൽ ഇതൊന്നും തള്ളിക്കളയേണ്ട കാര്യമല്ല. സ്വാഭാവികമായും ഇത്തരത്തിലുള്ള വൈരുധ്യ സംഘർഷങ്ങൾ ഇതിനുള്ളിൽ ഉണ്ടാകും. അത് സ്വാഗതാർഹവും സാമൂഹ്യമാറ്റത്തിന്റെ ഭാഗവുമാണ്.
ഇതിലേക്ക് തീർത്തും സാധാരണക്കാരായ മനുഷ്യർ ആശ്രയിക്കുന്ന സർക്കാർ സേവനങ്ങളെ കൂടുതൽ മികച്ച സേവനങ്ങളും വിശ്വസിക്കാവുന്നതുമാക്കി മാറ്റി എന്നാണ് ആപ് വരുത്തിയ ഒരു മാറ്റം. ഒരുതരത്തിൽ വളരെ ചെറിയ കാര്യങ്ങളെന്ന് തോന്നാം. വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയെല്ലാം അവയുടെ അടിസ്ഥാനപരമായ ചുമതലകൾ നിർവ്വഹിക്കുന്നു എന്നുറപ്പുവരുത്തുകയാണ് ഉണ്ടായത്. അവഗണനയുടെ പരകോടിയിൽ കിടന്നിരുന്ന ഈ മേഖലകൾക്ക് ഇത്തരത്തിലൊരു മാറ്റം ജനങ്ങളെ സംബന്ധിച്ച് ഒരു പക്ഷെ ആദ്യമായി അവരുടെ നിത്യജീവിതത്തിൽ തൊട്ടറിയാവുന്ന ഒരു ഭരണസംവിധാന ഇടപെടലായിരുന്നു. ഇതുതന്നെയാണ് വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ വിതരണത്തിലും ഉണ്ടായത്.
അതുകൊണ്ട് എന്തിനു ബി ജെ പിക്ക് വോട്ടു ചെയ്യണം എന്ന് ആപിന് വോട്ടു ചെയ്ത ജനങ്ങളെ ബോധ്യപ്പെടുത്താവുന്ന ഒന്നുംതന്നെ ബി ജെ പിയുടെ കയ്യിലുണ്ടായിരുന്നില്ല. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിഷവും വെറുപ്പും നിറഞ്ഞ പ്രചാരണത്തിനും ഷാഹീൻബാഗിലെ സമരമെന്ന ഭീതിയേയുമൊക്കെ പൊക്കിക്കാണിച്ചിട്ടും ജനങ്ങൾ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അതിനെല്ലാമുപരിയായി രാഷ്ട്രീയതുലനത്തിൽ കണക്കിലെടുത്തു എന്നത് ചെറിയ കാര്യമല്ല.
ഡൽഹിയിലെ പോലെ വൈവിധ്യമുള്ള ഒരു നഗര ജനസമൂഹം CAA വിരുദ്ധ സമരം രാജ്യത്തെങ്ങും നടക്കേ ഇത്തരത്തിലൊരു രാഷ്ട്രീയതീരുമാനം എടുത്തത് ഒരു ആശയം എന്ന നിലയിൽ 'അപരരെ' പുറത്താക്കുക എന്ന അജണ്ടയെ എങ്കിലും ജനം അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ്. മാത്രവുമല്ല ജനങ്ങളുടെ ദൈനംദിന പ്രശനങ്ങൾ, അവരുടെ സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾക്ക് ഇപ്പോഴും മതവർഗീയ അജണ്ടകൾക്കു മേൽ സ്ഥാനമുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. ഇത് ചെറിയ കാര്യമല്ല. ഫാഷിസത്തിനെതിരായ പോരാട്ടം കേവലമായ സാംസ്കാരിക പ്രസംഗ പരിപാടിയല്ല എന്നും അത് political economy -യിൽ അധിഷ്ഠിതമായ വിശാല ജനകീയ സമരങ്ങളാണെന്നുമുള്ള കൂടുതൽ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് പോകേണ്ടതുണ്ട് എന്നതാണ് ഇതും ആവർത്തിച്ചു കാണിക്കുന്നത്.
ഹനുമാൻ ഭക്തിയും വിജയദിനം ഹനുമാൻ ദിനവുമാക്കുന്ന കേജ്‌രിവാളിന്റെ ഹിന്ദു സ്വത്വം ആവർത്തിച്ചു തെളിയിക്കാനുള്ള പ്രകടനങ്ങൾ ബി ജെ പിയെ എതിരിടാനുള്ള ഒരു അടവ് മാത്രമായി തള്ളേണ്ടതില്ല. അത് വിശാലാർത്ഥത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണായുധങ്ങളെ അതെ കളിനിയമങ്ങളുപയോഗിച്ചുകൊണ്ട് നേരിടുക എന്ന വലിയ അബദ്ധം കൂടിയാണ്. ആപിന്റെ രാഷ്ട്രീയ സ്വഭാവം വെച്ച് നോക്കിയാൽ അതൊരു അബദ്ധമല്ല, അതൊരു സ്വഭാവമാണ്. പക്ഷെ, ഇതിലുള്ള ഒരു വൈരുധ്യം ഹിന്ദു മത വിശ്വാസം എന്നാൽ സംഘപരിവാർ നിർമ്മിക്കുന്ന ഹിംസാത്മക ഹിന്ദുവല്ല എന്നൊരു പുതിയ പ്രശ്നം കൂടി അതിൽ സൃഷ്ടിക്കുന്നുണ്ട്. അത് ഈ ഘട്ടത്തിൽ സംഘ്പരിവാറുമായുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റുമുട്ടലിൽ ഇനിയും ഉരുത്തിരിയാത്ത ഒരു പുതിയ ഘട്ടത്തിലേക്ക് ഈ വൈരുധ്യങ്ങളുടെ സംഘർഷം എത്തിച്ചേക്കും. തീർച്ചയായും ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അടിസ്ഥാന ധാര അതാകാൻ പാടില്ലെങ്കിലും.
തുടർച്ചയായ പരാജയങ്ങൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമല്ല, അടുത്ത ഹിന്ദു ഹൃദയ സാമ്രാട്ടായി സംഘപരിവാർ തയ്യാറാക്കിയ ഹിന്ദുത്വ ഭീകരവാദി അമിത് ഷായെ കൂടിയാണ്. ചാണക്യൻ, വിക്രമാദിത്യൻ തുടങ്ങിയ പ്രച്ഛന്ന വേഷങ്ങൾ എത്ര കെട്ടിയാലും മതവർഗീയതയുടെയും കോർപ്പറേറ്റ് ദല്ലാളിന്റെയും യഥാർത്ഥ മുഖത്തിൽ നിന്നും സംഘപരിവാറിന്റെ മതവർഗീയ ഭീകരവാദികൾക്ക് വിടുതലില്ല.
ഡൽഹിയിലെ ആപ് വോട്ടർമാർ മുഴുവൻ മോദി വിരുദ്ധരാണ് എന്ന് ഇതിനർത്ഥമില്ല. എന്നാൽ സംഘപരിവാറിനെ മറികടക്കുന്ന ജനാധിപത്യ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന ഒരു രാഷ്ട്രീയബോധം അവരിലുണ്ടാകുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയാണ്.
എന്തായാലും ഒന്നുറപ്പാണ്, അരുന്ധതി റോയ് പറഞ്ഞതുപോലെ "മറ്റൊരു ലോകം സാധ്യമാണെന്ന് മാത്രമല്ല, അവൾ വരിക കൂടിയാണ്. ഒരുപക്ഷെ അവളെ സ്വാഗതം ചെയ്യാൻ നമ്മളിൽ ഏറെപ്പേർ ഇവിടെ ഉണ്ടായിരിക്കില്ല, പക്ഷെ ശാന്തമായൊരു ദിനത്തിൽ ഞാൻ ശ്രദ്ധയോടെ കേട്ടാൽ, എനിയ്ക്കവളുടെ നിശ്വാസങ്ങൾ കേൾക്കാം."
നമ്മളൊക്കെ ഇവിടെയുള്ളപ്പോൾ തന്നെ, നമ്മൾ മുഷ്ടി ചുരുട്ടി നീങ്ങുന്ന ഒരു പ്രഭാതത്തിൽ നമ്മളവളെ സ്വാഗതം ചെയ്യും എന്ന് പറയാം. മനുഷ്യനുണരുമ്പോൾ എന്നത് ഒരു പഴയ കഥയല്ല, അത് മനുഷ്യ നാഗരികതയുടെ ചരിത്രത്തെ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നീതിബോധത്തിന്റെ രാഷ്ട്രീയ പ്രക്രിയയാണ്.