സഭാഭീഷണിയില്‍ ഇടത് സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കുന്നത് അപഹാസ്യം

സഭാഭീഷണിയില്‍ ഇടത് സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കുന്നത് അപഹാസ്യം

Published on
Summary

ഇടയലേഖനങ്ങളുടെ പുറംചട്ടയല്ല ഒരു മതേതര സമൂഹത്തിലെ സർഗാത്മക സ്വാതന്ത്ര്യം. മതപൗരോഹിത്യത്തിന്റെ തീട്ടൂരങ്ങളല്ല അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം

ലൈംഗികപീഡകനായ ബിഷപ്പിന്റെയും അയാളെ സംരക്ഷിക്കുന്ന കത്തോലിക്കാ സഭയുടെയും ആചാരവടിയിൽ ഊരിയ പെൺകോണകമല്ലാതെ മറ്റെന്താണ് തൂക്കേണ്ടത്. കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ കഥാപാത്രമാക്കിയ കാർട്ടൂണിൽ അയാളുടെ സഭാവസ്ത്രവും ആചാരവടിയുമൊക്കെയായി നിൽക്കുന്ന ചിത്രത്തിൽ ആ വടിയിൽ തൂങ്ങിക്കിടക്കുന്ന അടിവസ്ത്രത്തിലാണ് കത്തോലിക്ക സഭയുടെ വികാരം ഉദ്ധരിച്ച് വ്രണപ്പെട്ട് ഒലിക്കുന്നത്.

ഫ്രാങ്കോയെ സംരക്ഷിക്കാൻ ഈ കള്ളപ്പാതിരിക്കൂട്ടം, ആരോപണമുന്നയിച്ച കന്യാസ്ത്രീകളെ വേട്ടയാടുന്നത് കേരളം കണ്ടതാണ്. കാർട്ടൂൺ വരക്കാതെയും വിമര്ശിക്കാതെയും സംസ്ഥാന സർക്കാർ കാവൽ നിന്ന് സംരക്ഷിക്കേണ്ട എന്ത് മഹത്വമാണ് കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും അതിന്റെ ചിഹ്നങ്ങൾക്കുമുള്ളത്. ആ കാർട്ടൂണിനു നൽകിയ പുരസ്കാരം പുനഃപരിശോധിക്കുമെന്ന മന്ത്രി ബാലന്റെ പ്രസ്താവനയും തീരുമാനവും അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം മാത്രമല്ല, വർഗീയ മതവാദികൾക്കു മുന്നിൽ മുട്ടുകുത്തലും കൂടിയാണ്. കത്തോലിക്കാ സഭയുടെ സ്ത്രീവിരുദ്ധ ചട്ടക്കൂട്ടിനെതിരെയും ചൂഷണത്തിനെതിരെയും സധൈര്യം സമരം ചെയ്ത കന്യാസ്ത്രീകളുടെ സമരവീര്യത്തിനെയും അവർക്ക് ശക്തമായ പിന്തുണ നൽകിയ കേരളത്തിലെ വിശ്വാസികളും അവിശ്വാസികളുമടങ്ങിയ ജനാധിപത്യ സമൂഹത്തിനെയും അപമാനിക്കുകയാണ് കേരള സർക്കാർ.

കാർട്ടൂണുകൾക്കെതിരെയുള്ള മത മൗലികവാദികളുടെയും ഫാഷിസ്റ്റ്, സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും ആക്രമണങ്ങളുടെ ശ്രേണിയിൽ ഒരു ഇടതുപക്ഷ സർക്കാർ അണിചേരുന്നത് ഒട്ടും നിസാരമായല്ല നാം നോക്കിക്കാണേണ്ടത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരായ ഹിന്ദുത്വ സംഘപരിവാർ കലാപ കാലത്ത് കേരളത്തിൽ അതിനെതിരെ നടന്ന രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ ഊർജം മുഴുവനും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും മതേതര സമൂഹത്തിന്റെയും അടിസ്ഥാന ആശയങ്ങളിൽ നിന്നും ഉൾക്കൊണ്ടതായിരുന്നു. എത്രത്തോളം മതബദ്ധവും പൗരോഹിത്യ ആശയങ്ങൾക്ക് വളച്ചെടുക്കാൻ കഴിയുന്നതും ജീർണവുമാണ് കേരളത്തിന്റെ പൊതുബോധം എന്നുകൂടി ആ സമരകാലം തെളിയിച്ചു. അവസരവാദപരമായ അധികാരരാഷ്ട്രീയ നേട്ടങ്ങൾക്കായി സകല പുരോഗമന, മതേതര രാഷ്ട്രീയ സമരങ്ങളേയും മൂല്യബോധത്തെയും രാഷ്ട്രീയത്തേയും ഒറ്റുകൊടുത്ത കഴിഞ്ഞ പതിറ്റാണ്ടുകളുടെ പിൻനിലാവായിരുന്നു ആ പിന്തിരിപ്പൻ കലാപത്തിന് വെളിച്ചം വീശിയത്.

സ്ത്രീവിരുദ്ധതയുടെ, മതേതര വിരുദ്ധതയുടെ രാഷ്ട്രീയം വാസ്തവത്തിൽ മതഭേദമില്ലാതെയായിരുന്നു കേരളത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങൾ ഏറ്റെടുത്തത്. ആ യാഥാസ്ഥിതിക മത രാഷ്ട്രീയത്തെ ചെറുക്കാനുള്ള രാഷ്ട്രീയശേഷി ഇല്ലാതെപ്പോയതിലേക്ക് കേരളം നടന്ന വഴിയിലൂടെ വീണ്ടും നടക്കാനാണ് ഈ കാർട്ടൂണിനെതിരായ സർക്കാർ നീക്കം. എന്തുതരം വിശുദ്ധിയാണ് കേരളത്തിലെ ക്രിസ്ത്യൻ സഭ അവകാശപ്പെടുന്നത്? ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിക്കാൻ ഇതേ മാതൃകയിൽ തെരുവിലിറങ്ങിയ തെമ്മാടിക്കൂട്ടത്തിനോട് ഒരിക്കൽ സന്ധി ചെയ്തതിന്റെ തുടർച്ചയാണിപ്പോൾ കാണുന്നത്. ക്രിസ്ത്യൻ പൗരോഹിത്യത്തിന്റെ ആചാരവടിയും ചിഹ്നങ്ങളും ലോക ചരിത്രത്തിൽ പ്രതിനിധീകരിക്കുന്നത് മുഴുവൻ ശാസ്ത്ര വിരുദ്ധതയുടെയും സ്ത്രീ വിരുദ്ധതയുടേയും അടിമക്കച്ചവടത്തിനും ജൂതവംശഹത്യക്കും കൂട്ടുനിന്നതിന്റെയും ഹീനമായ കാലങ്ങളെയാണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചതിന് കർദിനാൾമാരടക്കമുള്ള ക്രിസ്ത്യൻ പുരോഹിതർ ലോകമെങ്ങും പ്രതിക്കൂട്ടിലാണ്. വെറും കച്ചവട മാഫിയ സംഘത്തിന്റെ നിലവാരത്തിലുള്ള കേരളത്തിലെ സഭയിലെ കന്യാസ്ത്രീ കൊലപാതകങ്ങളും, സ്ത്രീ പീഡനങ്ങളുമെല്ലാം ആവർത്തിക്കുന്ന സംഭവങ്ങളാണ്. എന്നിട്ടാണീ കള്ളപ്പാതിരിമാർ വ്രണപ്പെട്ട വികാരവുമായി ബഹളം കൂട്ടുന്നതും സർക്കാരത്തിനു വഴങ്ങിക്കൊടുക്കുന്നതും.

ദേശീയ സ്വാതന്ത്ര്യ സമരകാലത്തു ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളുടെ ചട്ടുകമായും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ സി ഐ എയുടെ പണം കൈപ്പറ്റി വിമോചന സമരകാലത്തും പ്രവർത്തിച്ച കത്തോലിക്കാ സഭയുടെ ഭീഷണിയിൽ ഒരു ഇടതുപക്ഷ സർക്കാർ മുട്ടുവിറച്ചു നിൽക്കുന്നത് അപഹാസ്യമാണ്.


അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഫാഷിസ്റ്റ് ആക്രമണം ഒരു ഭരണകൂട ആക്രമണമായി ഭീതിതമായ രൂപമാർജ്ജിച്ച ഇക്കാലത്ത് അതിനോട് ചേർന്നുനിൽക്കുന്ന വിധത്തിലുള്ള ഈ നടപടിക്കെതിരെ ജനാധിപത്യ, മതേതര ശക്തികളുടെ വലിയ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇടയലേഖനങ്ങളുടെ പുറംചട്ടയല്ല ഒരു മതേതര സമൂഹത്തിലെ സർഗാത്മക സ്വാതന്ത്ര്യം. മതപൗരോഹിത്യത്തിന്റെ തീട്ടൂരങ്ങളല്ല അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം.

logo
The Cue
www.thecue.in