കൊവിഡ് കേരളത്തിലെ വവ്വാലുകളില്‍ നിന്നുണ്ടായതെന്ന പ്രചരണം വ്യാജം

കൊവിഡ് കേരളത്തിലെ വവ്വാലുകളില്‍ നിന്നുണ്ടായതെന്ന പ്രചരണം വ്യാജം

Published on
Summary

കേരളത്തിലെ ഉള്‍പ്പെടെ വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസിന് കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധമില്ല. 2018-19ലെ ഐസിഎംആര്‍ റിപ്പോര്‍ട്ടും അനുബന്ധ പഠനങ്ങളും പറയുന്നത്. ആശിഷ് ജോസ് അമ്പാട്ട് എഴുതുന്നു.

കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം രണ്ടു വര്‍ഷം മുന്‍പ് കണ്ടെത്തിയിരുന്നുവെന്ന പേരില്‍ ഒരു വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നത് ശ്രദ്ധിച്ചു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നല്ല കേരളത്തില്‍ നിന്നുമാണ് കൊറോണ വൈറസ് ബാധ പടര്‍ന്നതെന്നുമുള്ള അനുമാനങ്ങളും ഇതിന് പ്രകാരം പലരും പങ്കുവയ്ക്കുന്നുണ്ടു. സത്യത്തില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമായ സന്ദേശമാണ്.

നൂറുകണക്കിന് വ്യത്യസ്തമായ വൈറസുകളെ ഒന്നിച്ചു വിളിക്കുന്ന പേരാണ് കൊറോണ വൈറസുകള്‍ എന്നത്, അതില്‍ ഒരൊറ്റ സ്പീഷ്യസില്‍ ഉള്ള വൈറസാണ് കോവിഡ് (Coronavirus disease 2019) രോഗം മനുഷ്യരില്‍ ഉണ്ടാക്കുന്നത്, കേരളത്തിലെ വവ്വാലുകളില്‍ നിന്നും ലഭിച്ചത് മനുഷ്യരില്‍ രോഗം ഉണ്ടാക്കുന്ന വൈറസിന് നിന്നും തീര്‍ത്തും വ്യത്യസ്തമായ കൊറോണ വൈറസുകളുടെ സാമ്പിളാണ്. മനുഷ്യരും, സോള്‍ഫിലും സസ്തിനിയാതിനാല്‍ രണ്ടും ഒരു പോലെ ആണെന്ന് പറയുക പോലെയുള്ള തെറ്റായ ചിന്ത മാത്രേ ഇത് രണ്ടും ഒരേ കൊറോണ വൈറസ് ആണെന്ന് പറയുന്നതില്‍ ഉള്ളൂ . ഇപ്പോള്‍ കോവിഡ് രോഗം ഉണ്ടാക്കുന്ന വൈറസ് SARS-CoV2 എന്നതരം വൈറസ് ആണ്, കേരളത്തിലെ വവ്വാലുകളില്‍ കണ്ടെത്തിയത് അതില്‍ നിന്നും വ്യത്യസ്തമായി ചില BtCoV വൈറസുകളാണ്, അതിനാല്‍ ഇപ്പോള്‍ ഉള്ള കോവിഡ് മഹാമാരി കേരളത്തില്‍ നിന്നുമല്ല ഉത്ഭവിച്ചത്, കേരളത്തിലെ വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസുകള്‍ നിലവില്‍ മനുഷ്യരില്‍ രോഗം ഉണ്ടാക്കുന്നതായി തെളിവ് ഉള്ളതുമല്ല! ജാഗ്രത കാണിക്കാമെന്നു മാത്രം.

കൊറോണാവൈറിഡേയ് എന്നതരം വൈറസ് കുടുംബത്തില്‍ ഉള്‍പ്പെടുത്തുന്ന നൂറുകണക്കിന് വരുന്ന വ്യത്യസ്തമായ വൈറസുകളെ ഒന്നിച്ചു വിളിക്കുന്ന പേരാണ് കൊറോണവൈറസ് എന്നത്, ഇതില്‍ ജലദോഷപനി പോലെയുള്ള നിസാരമായ രോഗലക്ഷണങ്ങള്‍ തുടങ്ങി അതിമാരകമായ ശ്വാസകോശരോഗങ്ങള്‍ വരെ ഉണ്ടാക്കാവുന്ന 7 തരം വൈറസുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആര്‍എന്‍എ അടിസ്ഥാനമാക്കിയ ഈ വൈറസുകളുടെ ഇലക്ട്രോണ്‍ മൈക്രോഗ്രാഫ് ചിത്രങ്ങളില്‍ കണ്ടാല്‍ സൂര്യന്റെ 'കീരിട'ഭാഗം പോലെ ഒരു ആവരണം ഉള്ളതായി തോന്നും, കീരിടം എന്നര്‍ത്ഥത്തില്‍ ലത്തീന്‍ ഭാഷയില്‍ നിന്നാണ് കൊറോണ എന്ന പേര് ഇവയ്ക്കു ലഭിക്കുന്നത്. ഇത്രയും പറഞ്ഞത് കൊറോണ വൈറസുകള്‍ എല്ലാം ഒരു തരത്തില്‍ ഉള്ളവയല്ല എന്ന് വിശദീകരിക്കാനാണ്, പല തരമുണ്ട് അവ.

ചൈനയില്‍ കാണുന്ന ലാടവവ്വാലുകളിലാണ് (R. sinicus) കോവിഡ്, സാര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണമായ SARSr-CoV (Severe acute respiratory syndrome-related coronavirus)യുകള്‍ കാണുന്നത്, നിലവില്‍ ഇവയെ ചൈനയുടെ വെളിയില്‍ മനുഷ്യരിലൂടെയുള്ള മഹാമാരിയുടെ ഭാഗമായി അല്ലാതെ കണ്ടെത്തിട്ടില്ല.

നിപ്പ, എബോള, സാര്‍സ്, മെര്‍സ് എന്നീങ്ങനെ ധാരാളം സാംക്രമികവൈറല്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ വവ്വാലുകളില്‍ നിന്നും മനുഷ്യരിലോട് പടരുന്നതിന്റെ വെളിച്ചത്തില്‍ വവ്വാലുകള്‍ ധാരാളം വ്യത്യസ്തമായ വൈറസുകളുടെ റിസോര്‍വോയര്‍ ആയിട്ടു പ്രവര്‍ത്തിക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തിട്ടുണ്ട്, ഇത് അവരുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രത്യേക കൊണ്ടാണ്. ഇന്ത്യയിലെ വ്യത്യസ്തമായ സംസ്ഥാനങ്ങളിലുള്ള വവ്വാലുകളില്‍ കൊറോണ വൈറസുകളുടെ സാന്നിധ്യമുണ്ടോവെന്നു പരിശോധിക്കുന്ന ഒരു പഠനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-ദേശീയ വൈറോളജി കേന്ദ്രത്തിന്റെ ഭാഗമായി 2018-19 കാലയളവില്‍ നടക്കുകയുണ്ടായി. ഈ പഠനത്തിന്റെ ഫലം ഈ തിങ്കളാഴ്ച Indian Journal of Medical Researchയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഇതിന്റെ ഭാഗമായി കേരളം, ഹിമാചല്‍ പ്രദേശ്, പോണ്ടിച്ചേരി, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ള രണ്ടു ഇനം വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കൊറോണ വൈറസിന്റെ സാന്നിധ്യം അറിയാന്‍ അവയുടെ ജനിതക പദാര്‍ത്ഥം ആയ RNAയെ ന്യൂക്ലിക് ആസിഡിനെ പരിശോധിക്കുന്ന rt-PCR പരിശോധനയാണ് നടത്തിയത്. വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. ശേഷം ശേഖരിക്കുന്ന വൈറസിന്റെ ജനിതക കോഡിനെ പ്രത്യേകമായി വേര്‍തിരിച്ചു നടത്തുന്ന സ്വീകന്‍സിംഗ് പഠനവും നടത്തിയിരുന്നു. Pteropus spp, Rousettus spp എന്നീ രണ്ടു വ്യത്യസ്തമായ ജനുസില്‍പ്പെട്ട പഴങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന കടവാവല്‍ ഇനത്തില്‍ ഉള്ള വവ്വാലുകളിലാണ് ഇന്ത്യയില്‍ കൊറോണ വൈറസുകളുടെ സാനിധ്യം കണ്ടെത്തുന്നത്. സമാനമായ രീതിയില്‍ വ്യത്യസ്ത ഇനങ്ങളില്‍ ഉള്ള കൊറോണ വൈറസുകള്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിട്ടുണ്ട്, ഉദാഹരണത്തിന് നോര്‍ത്ത് അമേരിക്കയില്‍ ഗ്രൂപ്പ് 1 കൊറോണ വൈറസുകളെ കണ്ടെത്തുന്ന പഠനം 2007 വന്നിരുന്നു.

ചൈനയില്‍ കാണുന്ന ലാടവവ്വാലുകളിലാണ് (R. sinicus) കോവിഡ്, സാര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണമായ SARSr-CoV (Severe acute respiratory syndrome-related coronavirus)യുകള്‍ കാണുന്നത്, നിലവില്‍ ഇവയെ ചൈനയുടെ വെളിയില്‍ മനുഷ്യരിലൂടെയുള്ള മഹാമാരിയുടെ ഭാഗമായി അല്ലാതെ കണ്ടെത്തിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിന്നും കണ്ടെത്തിയത് BtRt-BetaCoV/GX2018, BtCoV HKU9-1 എന്നീ ഇനങ്ങളില്‍ ഉള്ള കൊറോണ വൈറസുകളുമായി സാമ്യമുള്ള സാമ്പിളാണ്, SARSr-CoVയുമായി സാമ്യമുള്ള ഒരു സാമ്പിളും കേരളത്തിലെ വവ്വാലുകളില്‍ നിന്നും ലഭിച്ചിട്ടില്ല.

കോവിഡ് രോഗം പടര്‍ന്നത് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നുമാണെന്നും സ്ഥാപിക്കുന്ന കൃത്യമായ എപ്പിഡെമിയോളജിക്കല്‍, മോളികുലര്‍ പഠനങ്ങള്‍ ലഭ്യമായതിനാല്‍ മറ്റു ഊഹാപോഹങ്ങള്‍ക്കു സ്ഥാനമില്ല.

പശ്മിചഘട്ട മലനിരകള്‍ പലതരം വവ്വാലുകളുടെ ആവാസ കേന്ദ്രമായതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പുതിയ തരം സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിന് മുന്‍കരുതല്‍ അത്യാവശ്യമാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. കൊറോണ വൈറസുകള്‍ അപൂര്‍വമായി വവ്വാലുകളില്‍ നിന്നും നേരിട്ടോ ഒരു ഇന്റര്‍മീഡിയറ്റ് ഹോസ്റ്റ് വഴിയോ മനുഷ്യരില്‍ പ്രവേശിപ്പിക്കാന്‍ ചെറിയ സാധ്യത എപ്പോഴുമുണ്ടു അതിനാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമാണ് ഈ പഠനം തരുന്നത്. ഇത് അല്ലാതെ കേരളത്തിലെ വവ്വാലുകളില്‍ കോവിഡ് ഉണ്ടാക്കുന്ന വൈറസ് ഉണ്ടെന്നോ, കോവിഡ് കേരളത്തിലാണ് ഉണ്ടായത് എന്നോ ഉള്ള ഊഹാപോഹങ്ങള്‍ക്കു സ്ഥാനമില്ല, പിണറായി സര്‍ക്കാര്‍ അല്ല വേറെ ആരും വിചാരിച്ചാലും ഈ പഠനം മറച്ചു വയ്ക്കാന്‍ പറ്റില്ല, ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് എന്ന ജേണലില്‍ സുതാര്യമായി പ്രസിദ്ധികരിച്ച പഠന റിപ്പോര്‍ട്ട് ആണിത്, രഹസ്യരേഖയല്ല, ഭയപ്പെട്ടാനായി അടിയന്തിരമായി ഒന്നുമില്ല ഇപ്പോള്‍!

-Ashish Jose Ambat

Reference:

Yadav et.al (2020),Detection of coronaviruses in Pteropus & Rousettus species of bats

from different States of India.

Indian J Med Res

DOI: 10.4103/ijmr.IJMR_795_20

Dominguez et.al (2007)Detection of group 1 coronaviruses in bats in North America. Emerg Infect Dis

DOI: 10.3201/eid1309.070491

കൊവിഡ് കേരളത്തിലെ വവ്വാലുകളില്‍ നിന്നുണ്ടായതെന്ന പ്രചരണം വ്യാജം
ചൈനയോ അമേരിക്കയോ നിര്‍മ്മിച്ച ജൈവായുധമല്ല കൊവിഡ്19
logo
The Cue
www.thecue.in